വുദൂഇന്റെ അവയവങ്ങൾ മൂന്നു തവണ വീതം കഴുകൽ പൊതുവേ സുന്നത്താകുന്നു.
ഹുംറാൻ -رَحِمَهُ اللَّهُ- വിൽ നിന്ന് നിവേദനം: ഉസ്മാൻ ബിൻ അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ മുൻകൈകളിലേക്ക് മൂന്നു പ്രാവശ്യം വെള്ളമൊഴിച്ച് അവ രണ്ടും കഴുകി. പിന്നീട് തന്റെ വലതുകൈ പാത്രത്തിൽ പ്രവേശിപ്പിച്ചു; ശേഷം വായ കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും ചെയ്തു. പിന്നീട് തന്റെ മുഖം മൂന്നു തവണ കഴുകി. തുടർന്ന് കൈകൾ മുട്ടുവരെ മൂന്നു തവണ കഴുകി. പിന്നീട് തല തടവുകയും, കാലുകൾ ഞെരിയാണിവരെ മൂന്നു തവണ കഴുകുകയും ചെയ്തു. ശേഷം അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ -ﷺ- ഇപ്രകാരം പറഞ്ഞിട്ടുണ്ട്:
«مَنْ تَوَضَّأَ نَحْوَ وُضُوئِي هَذَا، ثُمَّ صَلَّى رَكْعَتَيْنِ لَا يُحَدِّثُ فِيهِمَا نَفْسَهُ، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ»
“ആരെങ്കിലും എന്റെ ഈ വുദൂഅ് പോലെ വുദൂഅ് ചെയ്യുകയും, തുടർന്ന് മനസ്സിനെ അനാവശ്യ ചിന്തകളിൽ വ്യാപൃതമാക്കാതെ രണ്ട് റക്അത്ത് നിസ്കരിക്കുകയും ചെയ്താൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.” (ബുഖാരി: 159, മുസ്‌ലിം: 226)
വുദൂഇന്റെ അവയവങ്ങൾ ഒരു തവണ കഴുകൽ നിർബന്ധവും (വാജിബ്), മൂന്നു തവണ കഴുകൽ സുന്നത്തുമാണെന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായവുമുണ്ട്.
ഇമാം ത്വഹാവി -رَحِمَهُ اللَّهُ- പറഞ്ഞു: “മൂന്നു തവണ കഴുകുക എന്നത് ശ്രേഷ്ഠതയ്ക്കുള്ളതാണ് (ഫദ്ൽ), നിർബന്ധമുള്ളതല്ല (ഫർദ്വ്). ഇക്കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ല.” (ഇഖ്നാ / ഇബ്‌നുല്‍ ഖത്താന്‍: 1/204)
ഇബ്‌നു അബ്ദിൽ ബർറ് -رَحِمَهُ اللَّهُ- പറഞ്ഞു: “വുദൂഇന്റെ എല്ലാ അവയവങ്ങളും മൂന്നു പ്രാവശ്യം കഴുകുക എന്നത് ഏറ്റവും പൂർണ്ണവും ഉത്തമവുമായ രൂപമാണ്. വുദു ചെയ്യുമ്പോള്‍ സംഭവിച്ച എന്തെങ്കിലും പോരായ്മ പരിഹരിക്കാനല്ലാതെ മൂന്നില്‍ അധികരിപ്പിക്കുന്നത് അതിരു കവിച്ചിലാണ്. ഇക്കാര്യത്തിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ല.” (ഇസ്തിദ്കാര്‍: 1/122)
ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞു: “വുദൂഇൽ അവയവങ്ങൾ ഒരു തവണ കഴുകൽ വാജിബാണെന്നതിലും, മൂന്നു തവണ കഴുകൽ സുന്നത്താണെന്നതിലും മുസ്‌ലിംകൾ ഐക്യകണ്ഠേന ഏകോപിച്ചിരിക്കുന്നു.” (ശര്‍ഹു മുസ്‌ലിം: 3/106)
