വുദൂഇന്റെ തുടക്കത്തിൽ ബിസ്മി ചൊല്ലൽ സുന്നത്താണ് (മുസ്തഹബ്ബ്). ഇത് ഹനഫീ, മാലികീ, ശാഫിഈ മദ്ഹബുകൾ ഉൾപ്പെടുന്ന ഭൂരിപക്ഷം ഫുഖഹാക്കളുടെയും അഭിപ്രായമാണ്; ഹമ്പലീ മദ്ഹബിലെ ഒരു നിവേദനവും ഇതാണ്.
ഇതിനുള്ള തെളിവുകൾ താഴെ പറയുന്നവയാണ്:
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം; നബി -ﷺ- പറഞ്ഞു:
((لَوْ أَنَّ أَحَدَكُمْ إِذَا أَتَى أَهْلَهُ، قَالَ: بِاسْمِ اللَّهِ، اللَّهُمَّ جَنِّبْنَا الشَّيْطَانَ، وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا، فَقُضِيَ بَيْنَهُمَا وَلَدٌ، لَمْ يَضُرَّهُ))
“നിങ്ങളിലൊരാൾ തന്റെ ഇണയെ സമീപിക്കുമ്പോൾ ‘ബിസ്മില്ലാഹ്, അല്ലാഹുവേ! ഞങ്ങളിൽ നിന്നും നീ പിശാചിനെ അകറ്റേണമേ, നീ ഞങ്ങൾക്ക് നൽകുന്നതിൽ (സന്തതികളിൽ) നിന്നും പിശാചിനെ അകറ്റേണമേ’ എന്ന് പറയുകയും, അവർക്കിടയിൽ ഒരു കുഞ്ഞ് ജനിക്കാൻ വിധിക്കപ്പെടുകയും ചെയ്താൽ ആ കുഞ്ഞിന് പിശാച് ഉപദ്രവം വരുത്തുകയില്ല.” (ബുഖാരി: 141, മുസ്‌ലിം: 1434)
ഈ ഹദീഥ് ഇമാം ബുഖാരി വുദുവിന്റെ വിഷയങ്ങള്‍ വിവരിക്കുന്നതിനിടയിലാണ് നല്‍കിയിട്ടുള്ളത്. വുദു ചെയ്യുന്നതിന് മുന്‍പ് ബിസ്മി ചൊല്ലുന്നതിന് ഈ ഹദീഥിൽ സൂചനയുണ്ട് എന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം അപ്രകാരം ചെയ്തതെന്ന് ബദ്റുദ്ദീൻ അല്‍ ഐനി രേഖപ്പെടുത്തിയിട്ടുണ്ട്. (ഉംദത്തുൽ ഖാരീ: 2/266)
അല്ലാഹുവിനെ സ്മരിക്കുക എന്നതുമായി വിദൂര ബന്ധം മാത്രമുള്ള ഒരു സന്ദർഭമാണ് ലൈംഗികബന്ധത്തിന്റേത്; അത്തരം ഒരു അവസ്ഥയിൽ പോലും ബിസ്മി ചൊല്ലൽ സുന്നത്താക്കപ്പെട്ടിട്ടുണ്ടെങ്കിൽ, മറ്റു സന്ദർഭങ്ങളിൽ -വിശേഷിച്ചും ത്വഹാറത്, വുദൂ പോലുള്ള ശ്രേഷ്ഠമായ ആരാധനാകർമ്മങ്ങളിൽ- അത് സുന്നത്താവുക എന്നത് കൂടുതൽ അനുയോജ്യമാണ്.
ഇതിനെല്ലാം പുറമേ, ആരാധനയാകട്ടെ അല്ലാത്തതാകട്ടെ, പലവിധ കാര്യങ്ങളുടെയും ആരംഭത്തിൽ ബിസ്മി ചൊല്ലൽ ഇസ്‌ലാമിക ശരീഅത്തിൽ നിർദ്ദേശിക്കപ്പെട്ട നന്മയാണ്. ഭക്ഷണം കഴിക്കുമ്പോഴും, വീട്ടിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും, ഇണയെ സമീപിക്കുമ്പോഴും, കുളിക്കുമ്പോഴുമെല്ലാം ബിസ്മി ചൊല്ലൽ സുന്നത്താണ്. അതിനാൽ തന്നെ മഹത്തായ ഇബാദത്തായ വുദൂഇന്റെ തുടക്കത്തിലും ബിസ്മി ചൊല്ലൽ സുന്നത്താക്കപ്പെട്ട കാര്യങ്ങളിൽ ഉൾപ്പെടുന്നു.
