വുദൂഇന്റെ അവയവങ്ങൾക്കിടയിൽ വലിയ ഇടവേള വരുത്താതെ തുടർച്ചയായി കഴുകൽ (മുവാലാത്) നിർബന്ധമാണ് (ഫർദ്ദ്).
വുദൂഇന്റെ അവയവങ്ങൾ ഓരോന്നായി കഴുകുമ്പോൾ ഒന്നിന് പിറകെ ഒന്നായി തുടർച്ചയായി ചെയ്യുക; അതായത് സാധാരണ ഗതിയിൽ ആദ്യം കഴുകിയ അവയവം ഉണങ്ങുന്നതിന് മുമ്പായി അടുത്ത അവയവം കഴുകിത്തുടങ്ങുക എന്നതിനാണ് ‘മുവാലാത്’ എന്ന് പറയുന്നത്. [1]
വുദൂഇൽ മുവാലാത് പാലിക്കുക എന്നത് നിർബന്ധമായ (ഫർദ്ദ്) കാര്യമാണ്. മാലികീ മദ്ഹബിലെ പ്രബലാഭിപ്രായവും ഹമ്പലീ മദ്ഹബിന്റെ വീക്ഷണവും ഇപ്രകാരമാണ്. ഇമാം ശൗകാനി, ശൈഖ് ഇബ്നു ബാസ്, ശൈഖ് ഇബ്നു ഉഥൈമീൻ തുടങ്ങിയ പണ്ഡിതന്മാരും ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്.[2]
അല്ലാഹു കൽപ്പിക്കുന്നു:
يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُؤُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ
“സത്യവിശ്വാസികളേ, നിങ്ങൾ നിസ്കാരത്തിന് ഒരുങ്ങിയാൽ നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ ഇരു കൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും, നെരിയാണിവരെ ഇരുപാദങ്ങൾ കഴുകുകയും ചെയ്യുക.” (മാഇദഃ: 6)
ഈ ആയത്തിലെ കൽപ്പനാസ്വരം അവയെല്ലാം ഉടനടി ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളാണ് എന്ന് സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല, അവയവങ്ങളെ ‘വാവ്’ (و) എന്ന അക്ഷരം കൊണ്ട് ചേർത്തത് അവയെല്ലാം ഒരൊറ്റ കാര്യത്തിന്റെ ഭാഗമായാണ് പരിഗണിക്കേണ്ടത് എന്നതിലേക്കും സൂചന നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ വുദുവിന്റെ ഓരോ കര്‍മ്മങ്ങളും വലിയ ഇടവേളയില്ലാതെ തുടർച്ചയായി ചെയ്യൽ നിർബന്ധമാണ്.
ഉമർ ബ്നുൽ ഖത്ത്വാബ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
أَنَّ رَجُلًا تَوَضَّأَ فَتَرَكَ مَوْضِعَ ظُفُرٍ عَلَى قَدَمِهِ، فَأَبْصَرَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ: «ارْجِعْ فَأَحْسِنْ وُضُوءَكَ»، فَرَجَعَ، ثُمَّ صَلَّى
|ഒരാൾ വുദൂ ചെയ്യുകയും തന്റെ കാലിൽ ഒരു നഖത്തിന്റെയത്ര സ്ഥലം കഴുകാതെ വിടുകയും ചെയ്തു. അത് നബി -ﷺ- കണ്ടപ്പോൾ അവിടുന്ന് ഇപ്രകാരം പറഞ്ഞു: “നീ മടങ്ങിപ്പോയി നിന്റെ വുദൂ ശരിയാക്കുക.” അങ്ങനെ അയാൾ മടങ്ങിപ്പോയി (വുദൂ ശരിയാക്കി) പിന്നീട് നിസ്കരിച്ചു.» (മുസ്ലിം: 243)
ഇവിടെ നബി -ﷺ- ആ വ്യക്തിയോട് ആ സ്ഥലം മാത്രം കഴുകാനല്ല കൽപ്പിച്ചത്, മറിച്ച് വുദൂ ശരിയായി ഒന്നുകൂടി ചെയ്യാൻ കൽപ്പിക്കുകയാണുണ്ടായത്. ഇത് മുവാലാത് നിർബന്ധമാണ് എന്നതിന് തെളിവാണ്.
നബി -ﷺ- യുടെ സ്വഹാബികളിൽ ചിലര്‍ നിവേദനം:
أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَأَى رَجُلًا يُصَلِّي وَفِي ظَهْرِ قَدَمِهِ لُمْعَةٌ قَدْرَ الدِّرْهَمِ، لَمْ يُصِبْهَا الْمَاءُ، فَأَمَرَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يُعِيدَ الْوُضُوءَ وَالصَّلَاةَ
“നബി -ﷺ- ഒരാൾ നമസ്കരിക്കുന്നത് കണ്ടു; അയാളുടെ കാൽപ്പാദത്തിന്റെ പുറംഭാഗത്ത് ഒരു ദിർഹമിന്റെ അത്രയും ഭാഗത്ത് വെള്ളം തട്ടിയിട്ടുണ്ടായിരുന്നില്ല. അപ്പോൾ നബി -ﷺ- അയാളോട് വുദൂഉം നിസ്കാരവും വീണ്ടും നിർവ്വഹിക്കാൻ കൽപ്പിച്ചു.” (അബൂദാവൂദ്: 175, അഹ്മദ്: 15495)
വുദുവിന്റെ സന്ദര്‍ഭത്തില്‍ വിട്ടുപോയ സ്ഥലം മാത്രം കഴുകാൻ കൽപ്പിക്കാതെ വുദൂഅ് വീണ്ടും നിർവ്വഹിക്കാൻ കൽപ്പിച്ചത് തുടർച്ചയായി കഴുകൽ നിർബന്ധമാണ് എന്നതിന്റെ വ്യക്തമായ തെളിവാണ്.
എന്നാല്‍, വുദൂഇന്റെ അവയവങ്ങൾക്കിടയിൽ വളരെ ചെറിയ ഇടവേളയാണ് വരുന്നത് എങ്കിൽ അത് വുദൂഇന്റെ സാധുതയെ ബാധിക്കുകയില്ല. ഇമാം നവവി -റഹിമഹുല്ലാഹ്- ഇക്കാര്യത്തിൽ പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായം (ഇജ്മാഅ്) ഉദ്ധരിച്ചിട്ടുണ്ട്. [3]
സാധാരണ കാലാവസ്ഥയിലും സാധാരണ അവസ്ഥയിലുമുള്ള ഒരു വ്യക്തി വുദുവിന്റെ ഭാഗമായി കഴുകിയ ഒരു അവയവം ഉണങ്ങുന്നതിന് മുന്‍പ് അടുത്ത അവയവം കഴുകിയിരിക്കുക എന്നതാണ് മുവാലാതിന്റെ പരിധി. നാല് മദ്ഹബുകളിലെയും പണ്ഡിതന്മാർ യോജിച്ച കാര്യമാണിത്. [4] അതായത് കഠിനമായ ചൂടോ അതിശൈത്യമോ ഇല്ലാത്ത സാധാരണ അവസ്ഥയിൽ, കഴുകിയ മുൻ അവയവം ഉണങ്ങിപ്പോകുന്നത്ര വലിയ ഇടവേള വരുത്താൻ പാടില്ല.
[1] ((الموسوعة الفقهية الكويتية)) (43/355)، ((الشرح الممتع)) لابن عثيمين (1/192).
[2] ((مواهب الجليل)) للحطاب (1/264)، ((كشاف القناع)) للبهوتي (1/105)، ((مجموع فتاوى ابن باز)) (10/101).
[3] ((المجموع)) للنووي (1/484).
<
p style=”direction: rtl; text-align: right;”>[4] ((بدائع الصنائع)) للكاساني (1/23)، ((حاشية الدسوقي)) (1/102)، ((مغني المحتاج)) للشربيني (1/61)، ((المغني)) لابن قدامة (1/97).
