വുദൂഇൽ അല്ലാഹു കൽപ്പിച്ച ക്രമപ്രകാരം ഓരോ അവയവങ്ങളും കഴുകലും തടവലും നിർബന്ധമാണ്. അല്ലാഹു നിർദ്ദേശിച്ചതുപോലെ അവയവങ്ങൾ ഒന്നിനു പിറകെ ഒന്നായി ശുദ്ധീകരിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത്, ആദ്യം മുഖം കഴുകുക, പിന്നീട് കൈകൾ മുട്ടുവരെ കഴുകുക, ശേഷം തല തടവുക, ഒടുവിൽ കാൽ ഞെരിയാണിവരെ കഴുകുക എന്നത് ഈ പറയപ്പെട്ട ക്രമത്തില്‍ തന്നെ ചെയ്തിരിക്കണം. [1]
വുദൂഇൽ ക്രമം പാലിക്കൽ അതിന്റെ നിർബന്ധ ഘടകങ്ങളിൽ (ഫർദുകളിൽ) പെട്ടതാണ്. ശാഫിഈ ഹമ്പലീ മദ്ഹബുകളുടെ വീക്ഷണവും, മാലികീ മദ്ഹബിലെ ഒരു പ്രബലമായ അഭിപ്രായവും ഇതാണ്. [2] ഇബ്നു ഹസ്മ് [3], ശൈഖ് ഇബ്നു ബാസ് [4], ശൈഖ് ഇബ്നു ഉഥൈമീൻ [5] തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരും ഇതേ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്.
അല്ലാഹു കൽപ്പിക്കുന്നു:
يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُؤُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ
“സത്യവിശ്വാസികളേ, നിങ്ങൾ നിസ്കാരത്തിന് ഒരുങ്ങിയാൽ നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ ഇരു കൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും, ഞെരിയാണി വരെ ഇരു കാലുകൾ കഴുകുകയും ചെയ്യുക.” (മാഇദഃ: 6)
ഈ ആയത്തിൽ രണ്ട് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക: [6]
- ഒന്നാമതായി: കഴുകേണ്ട രണ്ട് അവയവങ്ങൾക്കിടയിലാണ് (കൈകളും കാലുകളും) തടവേണ്ട അവയവത്തെ (ശിരസ്സ്) അല്ലാഹു പരാമർശിച്ചിട്ടുള്ളത്. അറബി ഭാഷാ ശൈലിയിൽ ഒരേ ഗണത്തിൽപ്പെട്ട കാര്യങ്ങൾ ഒരുമിച്ചു പറഞ്ഞ ശേഷമാണ് മറ്റു കാര്യങ്ങൾ ചേർത്തു പറയാറുള്ളത്. എന്നാൽ ഇവിടെ ഒരേ ഗണത്തിൽപ്പെട്ടവക്കിടയിൽ മറ്റൊന്നിനെ ഉൾപ്പെടുത്തിയത് ക്രമം പാലിക്കൽ നിർബന്ധമാണെന്ന് അറിയിക്കാൻ മാത്രമാണ്.
- രണ്ടാമതായി: നിർബന്ധമായ (ഫർദായ) വുദൂഇന്റെ രൂപം വിശദീകരിക്കാനാണ് ഈ ആയത്ത് വന്നിട്ടുള്ളത്; ഐച്ഛികമായ (സുന്നത്തായ) കാര്യങ്ങളൊന്നും തന്നെ ഈ ആയത്തില്‍ പരാമർശിച്ചിട്ടില്ല. അതിനാൽ ആയത്തില്‍ ക്രമമായി പരാമർശിച്ചവ ക്രമത്തില്‍ തന്നെ ചെയ്യുക എന്നത് നിർബന്ധമാണ്.
നബി -ﷺ- വുദൂഅ് നിർവ്വഹിച്ചപ്പോഴെല്ലാം നിരന്തരമായി ഈ ക്രമം പാലിച്ചിരുന്നു എന്നതും മറ്റൊരു തെളിവാണ്. അവിടുത്തെ വുദൂഇന്റെ രൂപം വിവരിച്ച സ്വഹാബികളെല്ലാം തന്നെ ഈ ക്രമപ്രകാരം തന്നെയാണ് അത് ഉദ്ധരിച്ചിട്ടുള്ളത്. ഖുർആനിലെ കൽപ്പനയുടെ പ്രായോഗിക വിശദീകരണമായിരുന്നു നബി -ﷺ- യുടെ ഈ പ്രവൃത്തി. [7]
പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വ്യത്യസ്ത കർമ്മങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഇബാദത്താണ് വുദൂഅ്. അതിനാൽ നിസ്കാരം, ഹജ്ജ് എന്നിവയിലെ കർമ്മങ്ങൾ ക്രമപ്രകാരം ചെയ്യൽ നിർബന്ധമായതുപോലെ വുദൂഇലും ക്രമം പാലിക്കൽ നിർബന്ധമാണ്. [8]
റഫറൻസുകൾ:
[1] الشرح الممتع لابن عثيمين (1/189)، مجموع فتاوى ورسائل العثيمين (11/141).
[2] المجموع للنووي (1/443)، مغني المحتاج للشربيني (1/54)، الإنصاف للمرداوي (1/138)، كشاف القناع للبهوتي (1/104)، مواهب الجليل للحطاب (1/264).
[3] المحلى لابن حزم (2/66).
[4] مجموع فتاوى ابن باز (3/294).
[5] مجموع فتاوى ورسائل العثيمين (11/142).
[6] المجموع للنووي (1/444)، الموسوعة الفقهية الكويتية (43/356).
[7] الموسوعة الفقهية الكويتية (43/356).
<
p style=”direction: rtl; text-align: right;”>[8] المجموع للنووي (1/441).
