വുദൂഅ് ചെയ്യുമ്പോൾ സ്ത്രീകൾ തട്ടത്തിന് (ഖിമാർ) മീതെ തടവുന്നത് അനുവദനീയമാണോ എന്ന വിഷയത്തിൽ ഇസ്ലാമിക കർമശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ രണ്ട് വീക്ഷണങ്ങളുണ്ട്. ഭൂരിപക്ഷം പണ്ഡിതന്മാരും ഇത് പാടില്ലെന്ന് പറഞ്ഞവരാണ്; എന്നാല്‍ പ്രയാസകരമായ സാഹചര്യങ്ങളിൽ തട്ടത്തിന് മീതെ തടവാമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്.
ഈ വിഷയത്തിലെ പണ്ഡിത വീക്ഷണങ്ങള്‍ താഴെ നൽകുന്നു:
1- അനുവദനീയമല്ല:
വുദൂഇൽ സ്ത്രീകൾ തട്ടത്തിന് മീതെ തടവുന്നത് അനുവദനീയമല്ല. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായമാണിത്; ഹനഫീ, മാലികീ, ശാഫിഈ മദ്ഹബുകളുടെയും, ഹമ്പലീ മദ്ഹബിലെ ഒരു നിവേദനത്തിന്റെയും, പൂർവസൂരികളായ ചില സലഫുകളുടെയും വീക്ഷണം ഇതാണ്. [1]
വുദുവിന്റെ ആയത്തില്‍ അല്ലാഹു പറയുന്നു:
وَامْسَحُوا بِرُؤُوسِكُمْ
“നിങ്ങളുടെ തലകൾ നിങ്ങൾ തടവുകയും ചെയ്യുക…” (മാഇദ: 6).
ഇവിടെ തല തടവാനാണ് അല്ലാഹു കൽപ്പിച്ചിട്ടുള്ളത്. തട്ടത്തിന് മീതെയാണ് തടവുന്നതെങ്കിൽ അവൾ തലയല്ല തടവിയത്; മറിച്ച് തലയെ മൂടിയിരിക്കുന്ന മറയാണ് തടവിയിട്ടുള്ളത്. അതിനാൽ അത് മതിയാവുകയില്ല. അതോടൊപ്പം പുരുഷന്മാർക്ക് തലപ്പാവ് (ഇമാമ) തടവുന്നതിന് അനുവാദം നല്കുന്ന തെളിവുകള്‍ വന്നിട്ടുണ്ടെങ്കിലും, സ്ത്രീകൾക്ക് തട്ടത്തിന് മീതെ തടവാന്‍ അനുവാദമുണ്ട് എന്നറിയിക്കുന്ന തെളിവുകള്‍ വന്നിട്ടില്ല.
2- അനുവദനീയമാണ്:
സ്ത്രീകൾക്ക് തങ്ങളുടെ തട്ടത്തിന് മീതെ തടവുന്നത് അനുവദനീയമാണ്. ഹമ്പലീ മദ്ഹബിന്റെ വീക്ഷണമാണിത്. സലഫുകളിൽ പെട്ട ചില പണ്ഡിതന്മാരും ഈ അഭിപ്രായക്കാരാണ്. ശൈഖ് ഇബ്നു ബാസ് -رَحِمَهُ اللَّهُ-, ശൈഖ് ഇബ്നു ഉസൈമീൻ -رَحِمَهُ اللَّهُ- എന്നിവരും ഈ അഭിപ്രായത്തിനാണ് ബലം നല്‍കിയിട്ടുള്ളത്. [2]
കാരണം, സ്ത്രീകൾ സാധാരണയായി തലയിൽ ധരിക്കുന്നതും അഴിച്ചുമാറ്റാൻ പ്രയാസമുള്ളതുമായ വസ്ത്രമാണ് തട്ടമെന്നത്. അതിനാൽ ഇത് പുരുഷന്മാർ ധരിക്കുന്ന തലപ്പാവിന് തുല്യമാണ്. മാത്രമല്ല, തലപ്പാവിനേക്കാൾ കൂടുതൽ ഇളവിന് അർഹതയുള്ളത് തട്ടത്തിനാണ്; കാരണം സ്ത്രീകളുടെ തട്ടം പുരുഷന്റെ തലപ്പാവിനേക്കാൾ കൂടുതൽ ഭാഗം മറയ്ക്കുന്നുണ്ട്; അത് ഓരോ തവണയും അഴിച്ചുമാറ്റുന്നത് കൂടുതൽ ക്ലേശകരവുമാണ്. അതിനാൽ ഖുഫ്ഫുകൾ തടവാൻ അനുവദിക്കപ്പെട്ടതിനേക്കാൾ സ്ത്രീകള്‍ക്ക് തട്ടം തടവാന്‍ അനുവാദം നല്കപ്പെടാനുള്ള ആവശ്യകതയുണ്ട്.
എന്നാൽ, തട്ടം അഴിച്ചെടുക്കാൻ യാതൊരു പ്രയാസവുമില്ലാത്ത സാധാരണ സാഹചര്യങ്ങളിൽ തല നേരിട്ട് തടവുകയാണ് വേണ്ടത്. അഴിക്കാൻ പ്രയാസമുള്ള വിധത്തിൽ കെട്ടിയതാണെങ്കില്‍ അതിന്റെ മേല്‍ തടവാം; തണുപ്പോ മറ്റ് ബുദ്ധിമുട്ടുകളോ ഉള്ളപ്പോഴും ഈ ഇളവ് പ്രയോജനപ്പെടുത്താം. അതാണ് കൂടുതല്‍ സൂക്ഷ്മം. (ശര്‍ഹുല്‍ മുംതിഅ: 1/239)
[1] ((المبسوط)) للسرخسي (1/95)، ((مواهب الجليل)) للحطاب (1/299)، ((المجموع)) للنووي (1/410)، ((المغني)) لابن قدامة (1/222).
<
p style=”direction: rtl; text-align: right;”>[2] ((كشاف القناع)) للبهوتي (1/112)، ((المحلى)) لابن حزم (2/58)، ((فتاوى نور على الدرب)) لابن باز (5/192)، ((الشرح الممتع)) لابن عثيمين (1/239).
