6. വുദു

തലപ്പാവിന്മേൽ തടവുന്നതിന് അത് ത്വഹാറത്തോടു കൂടി ധരിക്കൽ നിബന്ധനയാണോ?

തലപ്പാവിന്മേൽ തടവുന്നത് സാധുവാകാൻ അത് പൂർണ്ണ ശുദ്ധിയിലായിരിക്കുമ്പോൾ (ത്വഹാറത്തിൽ – വുദു ഉള്ളപ്പോള്‍) ധരിച്ചതായിരിക്കണം എന്ന് നിബന്ധനയില്ല. ഇമാം അഹ്മദ് -رَحِمَهُ اللَّهُ- വിൽ നിന്നുള്ള ഒരു നിവേദനം ഇപ്രകാരമാണ്. സലഫുകളില്‍ ചിലരുടെ അഭിപ്രായവും ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ-, ശൈഖ് ഇബ്‌നു ഉഥൈമീൻ -رَحِمَهُ اللَّهُ- എന്നിവരുടെ വീക്ഷണവും ഇപ്രകാരം തന്നെ.

കാരണങ്ങൾ:

  1. തലപ്പാവ് ധരിക്കുന്നതിലെ ഇളവുകൾ വ്യക്തമാക്കുന്ന പ്രമാണങ്ങളിൽ ശുദ്ധി ഉണ്ടായിരിക്കണം എന്നത് ഒരു നിബന്ധനയായി സ്ഥിരപ്പെട്ടിട്ടില്ല.
  2. ഖുഫ്ഫയിന്മേൽ തടവണമെങ്കില്‍ അത് ശുദ്ധിയോടെ ധരിച്ചതായിരിക്കണം എന്ന നിബന്ധന ചിലര്‍ തലപ്പാവിന്റെ വിഷയത്തിലും താരതമ്യം ചെയ്തു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിന് വ്യക്തമായ തെളിവുകളില്ല. ഖുഫ്ഫ ധരിക്കുമ്പോൾ ത്വഹാറത് ഉണ്ടായിരിക്കണമെന്നതിന് പ്രത്യേകം തെളിവുണ്ട്; എന്നാൽ തലപ്പാവിന്റെ കാര്യത്തിൽ അങ്ങനെ ഒരു കൽപ്പന വന്നിട്ടില്ല.

ഇമാം നവവി -رَحِمَهُ اللَّهُ- പറയുന്നു: “ഇബ്‌നുൽ മുൻദിർ -رَحِمَهُ اللَّهُ- പറഞ്ഞു: അബൂബക്ർ അസ്സ്വദ്ദീഖ് -رَضِيَ اللَّهُ عَنْهُ- തലപ്പാവിന്മേൽ തടവിയിട്ടുണ്ട്. ഉമർ, അനസ്, അബൂ ഉമാമഃ -رَضِيَ اللَّهُ عَنْهُمْ- തുടങ്ങിയവരുടെയും അഭിപ്രായം ഇതാണ് … എന്നാൽ അവരാരും തന്നെ തലപ്പാവ് തടവണമെങ്കില്‍ അത് ശുദ്ധിയോടെ ധരിക്കണമെന്ന് നിബന്ധന വെച്ചിട്ടില്ല.” [1]

ശൈഖ് ഇബ്‌നു ഉഥൈമീൻ -رَحِمَهُ اللَّهُ- പറയുന്നു: “തലപ്പാവ് ധരിക്കുമ്പോൾ അത് ത്വഹാറത്തോടു കൂടിയായിരിക്കണമെന്നോ അതിന് നിർണിതമായ സമയപരിധിയുണ്ടെന്നോ നിബന്ധനയില്ല. സോക്സുകളോട് (ഖുഫ്ഫുകളോട്) ഇതിനെ തുലനം ചെയ്യുന്നത് ശരിയല്ല. കാരണം സോക്സ് ധരിക്കുന്നത് കഴുകേണ്ട അവയവത്തിന്മേലാണ് (കാലുകൾക്ക് മീതെ); എന്നാൽ തലപ്പാവ് ധരിക്കുന്നതാകട്ടെ, തടവേണ്ട അവയവമായ തലക്ക് മേലെയാണ്. തലയാകട്ടെ, അതിന്റെ ശുദ്ധീകരണം അടിസ്ഥാനപരമായിത്തന്നെ ലഘൂകരിക്കപ്പെട്ടതുമാണ്.” [2] 

അതായത്; വുദുവിന്റെ മറ്റു അവയങ്ങളില്‍ നിന്ന് വ്യത്യസ്തമായി തല കഴുകണമെന്ന് അല്ലെങ്കില്‍ തന്നെ കല്‍പ്പനയില്ല; വുദുവിന്റെ കാര്യത്തില്‍ പൊതുവേ ലഘൂകരിക്കപ്പെട്ട നിയമമുണ്ടായിരിക്കെ, തലപ്പാവ് തടവുന്നതിന് വുദു ഉണ്ടായിരിക്കണം എന്ന് നിബന്ധന വെക്കുന്നത് ശരിയല്ല എന്നര്‍ത്ഥം.


കുറിപ്പുകൾ:

[1] അൽ-മജ്മൂഅ് ശർഹുൽ മുഹദ്ദബ് (1/407).
[2] ലിഖാഉൽ ബാബിൽ മഫ്തൂഹ് (ലക്കം: 8).

<

p style=”font-size: 12px; color: rgb(100, 116, 139); border-top: 1px solid rgb(226, 232, 240); padding-top: 8px;”>അവലംബം: https://dorar.net/feqhia/281

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: