തലപ്പാവിന് മേൽ തടവണമെങ്കിൽ അത് താടിയുടെ അടിയിലൂടെ ചുറ്റിക്കെട്ടിയതോ പിന്നിലേക്ക് അഗ്രം തൂക്കിയിട്ടതോ ആയിരിക്കണമെന്ന് നിർബന്ധമില്ല. മറിച്ച്, ഇവ രണ്ടും ഇല്ലാത്ത സാധാരണ തലപ്പാവിന്മേലും തടവുന്നത് അനുവദനീയമാണ്. ഹംബലീ മദ്ഹബിലെ ഒരു വീക്ഷണം ഇപ്രകാരമാണ്. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ-, ശൈഖ് ഇബ്നു ഉഥൈമീൻ -رَحِمَهُ اللَّهُ- എന്നിവർ ഈ അഭിപ്രായമാണ് തെരഞ്ഞെടുത്തത്.
കാരണം: തലപ്പാവിന്മേൽ തടവാനുള്ള ഇളവ് നൽകുന്ന തെളിവുകൾ യാതൊരു നിബന്ധനയും വെക്കാതെ -പൊതുവായ രൂപത്തിലാണ്- വന്നിട്ടുള്ളത്. അതിനാൽ ‘തലപ്പാവ്’ എന്ന പേര് അന്വർത്ഥമാകുന്ന എന്തിന്മേലും തടവൽ അനുവദനീയമാണ്.
ശൈഖ് ഇബ്നു ഉഥൈമീൻ -رَحِمَهُ اللَّهُ- പറഞ്ഞു: “തലപ്പാവ് പ്രത്യേക രൂപത്തിലുള്ളതായിരിക്കണമെന്ന് യാതൊരു നിബന്ധനയുമില്ല. തലയിൽ ചുറ്റിക്കെട്ടുന്ന എന്തിനെയും തലപ്പാവ് എന്ന് വിളിക്കാം, അതിന്മേൽ തടവൽ അനുവദനീയവുമാണ്. എന്നാൽ ചില പണ്ഡിതന്മാർ യാതൊരു തെളിവുമില്ലാത്ത ഒരു നിബന്ധന വെച്ചിട്ടുണ്ട്. തലപ്പാവിന്മേൽ തടവണമെങ്കിൽ അതിന് താടിയുടെ അടിയിലൂടെ ഒരു ചുറ്റോ അല്ലെങ്കിൽ അതിന്റെ അഗ്രം പിന്നിലേക്ക് തൂക്കിയിട്ടതോ ആയിരിക്കണമെന്ന നിബന്ധനയുണ്ടെന്നാണ് അവരുടെ വീക്ഷണം. എന്നാൽ അപ്രകാരമൊരു നിബന്ധനയില്ല എന്നതാണ് ശരി. ഒരാളുടെ തലയിൽ തലപ്പാവ് ഉണ്ട് എങ്കിൽ അതിന്മേൽ തടവാവുന്നതാണ്; കാരണം അത് അഴിച്ചുവെച്ച് വീണ്ടും കെട്ടുക എന്നത് പ്രയാസകരമാണ്.” (ലിഖാഉശ്ശഹ്രീ: ലക്കം 23).
