തല ഒരു തവണ മാത്രമേ തടവേണ്ടതുള്ളൂ. അത് ഒന്നിലധികം തവണ ആവർത്തിക്കുക എന്നത് ആവശ്യമില്ല. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇപ്രകാരമാണ്. [1]
നബി -ﷺ- യുടെ വുദു വിശദീകരിക്കുന്ന അബ്ദുല്ലാഹി ബ്നു സൈദിന്റെ -رَضِيَ اللَّهُ عَنْهُ- ഹദീഥിൽ എല്ലാ അവയവങ്ങളും എത്ര തവണ കഴുകി എന്ന് വിവരിച്ചു കൊണ്ട് വന്നിട്ടുണ്ട്. എന്നാൽ തല തടവുന്ന കാര്യം അതിൽ വന്നത് ഇപ്രകാരമാണ്:
عَنْ عَبْدِ اللَّهِ بْنِ زَيْدٍ قَالَ: «أَتَى رَسُولُ اللَّهِ -ﷺ-، فَأَخْرَجْنَا لَهُ مَاءً فِي تَوْرٍ مِنْ صُفْرٍ فَتَوَضَّأَ، فَغَسَلَ وَجْهَهُ ثَلاَثًا، وَيَدَيْهِ مَرَّتَيْنِ مَرَّتَيْنِ، وَمَسَحَ بِرَأْسِهِ، فَأَقْبَلَ بِهِ وَأَدْبَرَ، وَغَسَلَ رِجْلَيْهِ» وَفِي رِوَايَةٍ: «فَأَقْبَلَ بِهِمَا وَأَدْبَرَ، بَدَأَ بِمُقَدَّمِ رَأْسِهِ حَتَّى ذَهَبَ بِهِمَا إِلَى قَفَاهُ، ثُمَّ رَدَّهُمَا إِلَى المَكَانِ الَّذِي بَدَأَ مِنْهُ، ثُمَّ غَسَلَ رِجْلَيْهِ»
അബ്ദുല്ലാഹി ബ്നു സൈദ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ വുദൂഅ് വിശദീകരിച്ചു കൊണ്ട് പറയുന്നു: ” … ശേഷം അവിടുന്ന് തന്റെ തല തടവുകയും, (തന്റെ കൈ തലയുടെ) മുന്നോട്ടും പിന്നോട്ടും കൊണ്ടുവരികയും ചെയ്തു.” (ബുഖാരി: 197, മുസ്ലിം: 235)
ചില നിവേദനങ്ങളിൽ ഇപ്രകാരമാണുള്ളത്: “ശേഷം നബി -ﷺ- തന്റെ രണ്ട് കൈകളും (തലയുടെ) മുന്നോട്ടും പിന്നോട്ടും കൊണ്ടുവന്നു. അവിടുന്ന് തന്റെ തലയുടെ മുൻഭാഗം മുതൽ ആരംഭിക്കുകയും, ശേഷം തന്റെ പിരടി വരെ രണ്ട് കൈകളും കൊണ്ടു പോവുകയും, പിന്നീട് അവ രണ്ടും ആരംഭിച്ച ഇടത്തേക്ക് തന്നെ തിരിച്ചു കൊണ്ടു വരികയും ചെയ്തു.” (ബുഖാരി: 185, മുസ്ലിം: 235)
ഈ ഹദീഥിൽ തല തടവിയത് പ്രത്യേകം എണ്ണം പറയാതെയാണ് വിവരിച്ചിട്ടുള്ളത്. അതിൽ നിന്ന് തല ഒരു തവണ മാത്രം തടവിയാൽ മതി എന്ന് മനസ്സിലാക്കാം.
അതോടൊപ്പം, പൊതുവെ കഴുകുന്നതിന് പകരം തടവുക എന്ന രീതി നിശ്ചയിക്കപ്പെട്ട ഇടങ്ങളിലെല്ലാം ഒരു തവണയാണ് എണ്ണം നിശ്ചയിക്കപ്പെട്ടു കാണുന്നത്. ഖുഫ്ഫയുടെ മേൽ തടവുന്നതും, തയമ്മുമിന്റെ ഭാഗമായി മുഖവും കയ്യും തടവുന്നതും, മുറിവിന് മേൽ കെട്ടുന്ന പ്ലാസ്റ്റർ പോലുള്ളവയുടെ മേൽ തടവുന്നതുമെല്ലാം ഒരു തവണ മാത്രം മതിയാകും. തല തടവുന്നിടത്തും ഇതിന് സമാനമായ വിധി തന്നെയാകാൻ കൂടുതൽ സാധ്യതയുമുണ്ട്. [2]
വല്ലാഹു അഅ്ലം.
[1] الحنفية: فتح القدير للكمال ابن الهمام (1/33)، البحر الرائق لابن نجيم (1/26).
المالكية: الذخيرة للقرافي (1/262)، حاشية الدسوقي (1/98).
الحنابلة: الإنصاف للمرداوي (1/163)، كشاف القناع للبهوتي (1/101).
[2] مجموع الفتاوى لابن تيمية (21/126).