കുട്ടികളെ പഠിപ്പിക്കേണ്ടതെങ്ങനെ?

ശേഷം ഈ ഗ്രന്ഥത്തിന്റെ -തഅ്ലീമുതൗഹീദിന്റെ- ഘടന പരിചയപ്പെടുത്തി കൊണ്ട് അദ്ദേഹം പറഞ്ഞു:

thaleem

“ചോദ്യോത്തര രീതിയിലാണ് ഞാന്‍ ഈ പുസ്തകം ക്രോഡീകരിച്ചിട്ടുള്ളത്.”

ചോദ്യോത്തര രീതിയില്‍ വിഷയങ്ങള്‍ പഠിപ്പിച്ചു നല്‍കുക എന്നത് നബി-ﷺ-യുടെ സുന്നത്തില്‍ പെട്ടതാണ്. ഇതിന് ഹദീഥുകളില്‍ അനേകം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.

ചോദ്യോത്തരങ്ങളിലൂടെ നബി -ﷺ- തൗഹീദ് പഠിപ്പിച്ചു നല്‍കിയ, മുആദ് -رَضِيَ اللَّهُ عَنْهُ- വിന്റെ ഹദീഥ് പ്രസിദ്ധമാണ്.

muadbinjabal

മുആദു ബ്നു ജബല്‍ പറഞ്ഞു: “ഞാന്‍ നബി-ﷺ-യുടെ പിറകില്‍ ഉഫൈര്‍ എന്ന് പേരുള്ള ഒരു കഴുതപ്പുറത്തിരുന്ന് യാത്ര ചെയ്യുകയായിരുന്നു.

അപ്പോള്‍ അവിടുന്ന് എന്നോട് പറഞ്ഞു: “ഹേ മുആദ്! അല്ലാഹുവിന് അവന്റെ അടിമകളുടെ മേലുള്ള അവകാശം എന്താണെന്നും, അടിമകള്‍ക്ക് അല്ലാഹു (സ്വയം നിശ്ചയിച്ചു നല്‍കിയ) തന്റെ മേലുള്ള അവകാശം എന്താണെന്നും നിനക്ക് അറിയുമോ?”

ഞാന്‍ പറഞ്ഞു: “അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും നന്നായി അറിയുക.”

അവിടുന്ന് പറഞ്ഞു: “അല്ലാഹുവിന് അവന്റെ അടിമകളുടെ മേലുള്ള അവകാശം അവന് മാത്രം അവര്‍ ഇബാദത് ചെയ്യുക എന്നതും, അവനില്‍ ശിര്‍ക്ക് ചെയ്യാതിരിക്കുക എന്നതുമാണ്. അടിമകള്‍ക്ക് അല്ലാഹു (സ്വയം നിശ്ചയിച്ചു നല്‍കിയ) അവകാശമാകട്ടെ, ശിര്‍ക്ക് ചെയ്യാത്തവരെ ശിക്ഷിക്കാതിരിക്കുക എന്നതാണ്.” (ബുഖാരി: 128, മുസ്‌ലിം: 30)

നബി-ﷺ-യുടെ അടുക്കല്‍ ജിബ്രീല്‍ -عَلَيْهِ السَّلَامُ- മനുഷ്യരൂപത്തില്‍ വരികയും, സ്വഹാബികള്‍ സന്നിഹിതരായിരിക്കെ അവിടുത്തോട് ഇസ്‌ലാം, ഈമാന്‍, ഇഹ്സാന്‍ എന്നിവയെ കുറിച്ചും, പരലോകത്തെ കുറിച്ചുമെല്ലാം ചോദിച്ച ഹദീഥ് -ഹദീഥു ജിബ്രീല്‍- പലര്‍ക്കും പരിചയമുള്ളതാണ്. ആ ഹദീഥിന്റെ അവസാനത്തില്‍ ജിബ്രീലിന്റെ ആഗമനത്തെ കുറിച്ച് നബി -ﷺ- പറഞ്ഞത് ഇപ്രകാരമാണ്:

hadeesjibreel

“അത് ജിബ്രീല്‍ ആയിരുന്നു; നിങ്ങളുടെ ദീനിന്റെ കാര്യങ്ങള്‍ നിങ്ങളെ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം വന്നത്.” (അര്‍ബഊനന്നവവി: 2)

ഹദീഥില്‍ ജിബ്രീല്‍ ചോദ്യം ചോദിക്കുകയും, നബി -ﷺ- ഉത്തരം പറയുകയും ചെയ്യുകയാണുണ്ടായത്; അതിനെ നബി -ﷺ- പഠിപ്പിക്കുക -അദ്ധ്യാപനം- എന്നാണ് വിശേഷിപ്പിച്ചത്.

ഇമാം അബൂ ഹനീഫ -رَحِمَهُ اللَّهُ- തന്റെ സദസ്സിലുള്ള വിദ്ധ്യാര്‍ഥികളോട് ധാരാളമായി ചോദ്യം ചോദിക്കാറുണ്ടായിരുന്നു. അദ്ദേഹം -നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍- ക്ലാസെടുക്കുകയോ പ്രസംഗിക്കുകയോ അല്ല ചെയ്യാറുള്ളത്; മറിച്ച് ചോദ്യം ചോദിക്കുകയും, ഉത്തരങ്ങള്‍ കണ്ടെത്താന്‍ പ്രേരിപ്പിക്കുകയുമായിരുന്നു.

ഒരിക്കല്‍ അദ്ദേഹത്തിന്റെ അരികില്‍ ഒരു സ്ത്രീ ഫത്വ ചോദിച്ചു വന്നു. എന്നാല്‍ ആ സമയം അദ്ദേഹം അവിടെ സന്നിഹിതനല്ലായിരുന്നു.

അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ ചിലര്‍ അവരുടെ ചോദ്യത്തിന് ഉത്തരം നല്‍കി. പിന്നീട് അബൂഹനീഫ തിരിച്ചു വന്നപ്പോള്‍ അവര്‍ തങ്ങള്‍ പറഞ്ഞ മറുപടി അദ്ദേഹത്തെ കേള്‍പ്പിച്ചു.

അവരുടെ മറുപടി കേട്ട അദ്ദേഹം ആ മറുപടിയിലുള്ള സംശയങ്ങള്‍ അവരുടെ മുന്നില്‍ ഒന്നൊന്നായി വെക്കാന്‍ തുടങ്ങി. ചോദ്യങ്ങള്‍ അനേകം കേട്ടപ്പോള്‍ ശിഷ്യന്മാര്‍ സമ്മതിച്ചു: ഞങ്ങളുടെ ഉത്തരം തെറ്റായിരുന്നു.

അപ്പോള്‍ അദ്ദേഹം താന്‍ ഇതു വരെ ചോദിച്ച ചോദ്യങ്ങളെ വീണ്ടും ചോദ്യം ചെയ്യാന്‍ തുടങ്ങി. അതെല്ലാം കേട്ടപ്പോള്‍ അവര്‍ക്ക് മനസ്സിലായി: തങ്ങളുടെ ഉത്തരം തന്നെയായിരുന്നു ശരി!

വിഷയത്തിന്റെ ഉള്ളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനും, അത് നന്നായി മനസ്സിലാക്കാനും ചോദ്യോത്തര രീതികള്‍ സഹായിക്കും എന്നതില്‍ സംശയമില്ല.

അല്ലാഹു -تَعَالَى- ഖുര്‍ആനില്‍ എത്രയോ ഇടങ്ങളില്‍ ചോദ്യങ്ങള്‍ കൊണ്ട് തൗഹീദ് സ്ഥാപിക്കുകയും, ശിര്‍ക്കിനെ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

അല്ലാഹു -تَعَالَى- പറഞ്ഞു:

27_60

“അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ!) എന്നിട്ട് അത് (വെള്ളം) മൂലം കൗതുകമുള്ള ചില തോട്ടങ്ങള്‍ നാം മുളപ്പിച്ചുണ്ടാക്കിത്തരികയും ചെയ്തു. അവയിലെ വൃക്ഷങ്ങള്‍ മുളപ്പിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ഇലാഹുമുണ്ടോ? അല്ല, അവര്‍ വ്യതിചലിച്ചു പോകുന്ന ഒരു ജനതയാകുന്നു.” (നംല്: 60)

അല്ലാഹു -تَعَالَى- പറഞ്ഞു:

45_4

“പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ. അതല്ല ആകാശങ്ങളുടെ സൃഷ്ടിയില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ?” (അഹ്ഖാഫ്: 4)

അല്ലാഹു -تَعَالَى- പറഞ്ഞു:

19_65

“ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും റബ്ബത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ഇബാദത്ത് ചെയ്യുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ?” (മര്‍യം: 65)

ഈ ആശയത്തില്‍ ഖുര്‍ആനില്‍ അനേകം ആയതുകള്‍ വേറെയും കാണാം.

കുട്ടികള്‍ക്ക് -അറിവില്ലാത്തവര്‍ക്കും- ചോദ്യോത്തരങ്ങളിലൂടെ ദീന്‍ പഠിപ്പിച്ചു നല്‍കുക എന്നത് വളരെ ഉപകാരപ്രദമാണ്. ആകാശങ്ങളിലേക്കും, ഭൂമിയിലെ അത്ഭുതങ്ങളായ മരങ്ങളിലേക്കും നദികളിലേക്കും സമുദ്രത്തിലേക്കും ശ്രദ്ധ ക്ഷണിച്ച്, അവയെ എല്ലാം സൃഷ്ടിച്ച സര്‍വ്വ ശക്തനായ അല്ലാഹുവിനെ കുറിച്ച് പഠിപ്പിച്ചു നല്‍കുക എന്നത് എന്തു കൊണ്ടും അവരുടെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ്.

അല്ലാഹു -تَعَالَى- യുടെ ചോദ്യങ്ങള്‍ നോക്കൂ:

gashiya

“ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്.” (ഗാശിയ: 17-20)

നമ്മുടെ മക്കള്‍ പലപ്പോഴും അല്ലാഹുവിനെ കുറിച്ച് അിറയുന്നത് ജീവനില്ലാത്ത വാക്കുകളിലൂടെയും, തണുത്തുറഞ്ഞ മദ്രസ പാഠപുസ്തകങ്ങളിലെ അക്ഷരങ്ങളിലൂടെയും മാത്രമാണ്. പരീക്ഷയില്‍ ഉത്തരമെഴുതി ജയിക്കാനാകുന്ന ഒരു ഉത്തരമെന്നതിനപ്പുറത്തേക്ക് ആത്യന്തികമായ പരലോകത്ത് വിജയിക്കാനുള്ള അനിവാര്യമായ തിരിച്ചറിവ് എന്ന തലത്തിലേക്ക് അല്ലാഹുവിനെ കുറിച്ചും, റസൂലിനെ -ﷺ- കുറിച്ചുമുള്ള അറിവുകള്‍ ഉയരുമ്പോള്‍ മാത്രമാണ് നമ്മുടെ ചെറുതലമുറ തൗഹീദിന്റെ ഉറച്ച വക്താക്കളാവൂ.

അപ്പോള്‍ മാത്രമേ -അല്ലാഹു കഴിഞ്ഞാല്‍ പിന്നെ- ഈ തലമുറയില്‍ പ്രതീക്ഷയുള്ളവരാകാന്‍ നമുക്ക് സാധിക്കൂ. അപ്പോള്‍ മാത്രമേ; പരലോകം അവര്‍ക്കും -എല്ലാത്തിനും മുന്‍പ് നമുക്കും- സമാധാനപൂര്‍ണവും ശാന്തിയുള്ളതുമാകൂ.

وَاللَّهُ المُوَفِّقُ لِكُلِّ مَا يُحِبُّهُ وَيَرْضَاهُ، وَهُوَ السَّمِيعُ البَصِيرُ، الرَّحِيمُ الغَفُورُ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

جَمَعَهُ الفَقِيرُ إِلَى عَفْوِ رَبِّهِ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment