മത് ന്‍

وَمِنْهَا الدُّعَاءُ. 

وَقَدْ قَالَ -تَعَالَى-: (( وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا )) 

وَالدَّلِيلُ عَلَى أَنَّ دَعْوَةَ غَيْرِ اللَّهِ كُفْرٌ كَمَا قَالَ -تَعَالَى-: (( وَمَنْ يَدْعُ مَعَ اللَّهِ إِلَهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِنْدَ رَبِّهِ إِنَّهُ لَا يُفْلِحُ الْكَافِرُونَ )) 

وَذَلِكَ أَنَّ الدُّعَاءَ مِنْ أَعْظَمِ أَنْوَاعِ العِبَادَاتِ كَمَا قَالَ -تَعَالَى-: (( وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ )) 

وَفِي السُّنَنِ عَنْ أَنَسٍ مَرْفُوعاً: «الدُّعَاءُ مُخُّ العِبَادَةِ»

അര്‍ഥം:

ഇബാദത് (ഇബാദതുകളില്‍ പെട്ടതാണ്) ദുആഅ് (പ്രാര്‍ഥന).
അല്ലാഹു -تعالى- പറഞ്ഞതു പോലെ:

(( وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا ))

“മസ്ജിദുകള്‍ അല്ലാഹുവിനുള്ളതാകുന്നു; അല്ലാഹുവിനോടൊപ്പം (അവിടെ) നിങ്ങള്‍ മറ്റാരോടും ദുആഅ് ചെയ്യരുത്.”

അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കല്‍ കുഫ്റാണെന്നതിനുള്ള തെളിവ് അല്ലാഹുവിന്റെ ആയതാണ്:

(وَمَنْ يَدْعُ مَعَ اللَّهِ إِلَهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِنْدَ رَبِّهِ إِنَّهُ لَا يُفْلِحُ الْكَافِرُونَ) 

“ആരെങ്കിലും അല്ലാഹുവോടൊപ്പം മറ്റാരോടെങ്കിലും ദുആഅ് ചെയ്താല്‍ അവന് യാതൊരു തെളിവുമില്ല; അവന്റെ വിചാരണ അല്ലാഹുവിങ്കലാണ്. കാഫിറുകള്‍ ഒരിക്കലും വിജയിക്കുകയില്ല തന്നെ.”

കാരണം ദുആഅ് ഇബാദതിന്റെ ഇനങ്ങളില്‍ ഏറ്റവും മഹത്തരമാണ്.

അല്ലാഹു -تعالى- പറഞ്ഞത് പോലെ:

(( وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ ))

“നിങ്ങള്‍ എന്നോട് ദുആഅ് ചെയ്യൂ; ഞാന്‍ (നിങ്ങളുടെ ദുആഇന്) ഉത്തരം നല്‍കാം എന്ന് നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു. എനിക്ക് ഇബാദത് ചെയ്യുന്നതില്‍ നിന്ന് അഹങ്കാരം കാണിക്കുന്നവര്‍ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്.”

«الدُّعَاءُ مُخُّ العِبَادَةِ»

ഹദീഥുകളില്‍ നബി -ﷺ- യില്‍ നിന്ന് അനസ് -رضي الله عنه- ഇപ്രകാരം നിവേദനം ചെയ്തിട്ടുണ്ട്. “ദുആഅ് ഇബാദത്തിന്റെ മജ്ജയാണ്.”

ശര്‍ഹ്

ഇബാദത്തുകളുടെ കൂട്ടത്തില്‍ വളരെ മഹത്തരമായ ഒരു ഇനമാണ് ‘ദുആ’. വ്യത്യസ്ത അര്‍ഥങ്ങളില്‍ ഈ പദം ഖുര്‍ആനിലും ഹദീഥിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. തേട്ടം, ചോദ്യം, പ്രാര്‍ഥന, ഇബാദത്, സഹായതേട്ടം, വിളി, സംസാരം, പേര് വിളിക്കല്‍, പ്രേരണ നല്‍കല്‍ എന്നീ അര്‍ഥങ്ങള്‍ അവയില്‍ ചിലതാണ്.

ദുആ രണ്ട് ഇനങ്ങളാണ്.

ഒന്ന്: ദുആഉ ഇബാദഃ.

നീ ഏതൊരു ഇബാദത് ചെയ്യുമ്പോഴും അതിലെല്ലാം ഒരു പ്രാര്‍ഥന അടങ്ങിയിട്ടുണ്ട്. നിസ്കാരം ആദ്യം മുതല്‍ അവസാനം വരെ പ്രാര്‍ഥനകളിലൂടെയാണ് മുന്നോട്ടു പോകുന്നത്. സകാത് നല്‍കുമ്പോള്‍ ‘അല്ലാഹുവേ! ഇതെന്റെ പക്കല്‍ നിന്ന് നീ സ്വീകരിക്കണമേ’ എന്ന തേട്ടം നിന്റെ മനസ്സില്‍ ഉണ്ടാകാതിരിക്കില്ല. ഇപ്രകാരം തന്നെയാണ് നോമ്പും, ഹജ്ജും, നന്മ കല്‍പ്പിക്കലും തിന്മ വിരോധിക്കലും, ജിഹാദുമെല്ലാം. ഇവയിലെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു നിലക്ക് പ്രാര്‍ഥന അടങ്ങിയിട്ടുണ്ടായിരിക്കും. ഈ ഇബാദതുകളുടെയെല്ലാം സത്തയും മജ്ജയും പ്രാര്‍ഥനയാണ്. അല്ല! പ്രാര്‍ഥനയില്ലെങ്കില്‍ ആ ഇബാദത്തുകള്‍ക്കൊന്നും തന്നെ നിലനില്‍പ്പില്ലെന്ന് പറയാന്‍ പോലും കഴിയും.

ഈ അര്‍ഥം മനസ്സിരുത്തുമ്പോള്‍ അനസ് -رضي الله عنه- വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട -ശൈഖ് മുഹമ്മദ് മേലെ സൂചിപ്പിച്ച- ഹദീഥിന്റെ അര്‍ഥം നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

عَنْ أَنَسٍ مَرْفُوعاً: «الدُّعَاءُ مُخُّ العِبَادَةِ»

ഹദീഥുകളില്‍ നബി -ﷺ- യില്‍ നിന്ന് അനസ് -رضي الله عنه- ഇപ്രകാരം നിവേദനം ചെയ്തിട്ടുണ്ട്. “ദുആഅ് ഇബാദത്തിന്റെ മജ്ജയാണ്.”

ഉപരിസൂചിത ഹദീഥിന്റെ സനദ് -പരമ്പര- ദുര്‍ബലമാണെങ്കിലും, ഇതേ ആശയത്തില്‍ -ഇതിനെക്കാള്‍ വിശാലമായ അര്‍ഥത്തോടെ- ഈ ഹദീഥ് നുഅ്മാനു ബ്നു ബഷീറില്‍ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്.

عَنِ النُّعْمَانِ بْنِ بَشِيرٍ: قَالَ رَسُولُ اللَّهِ -ﷺ-: «الدُّعَاءُ هُوَ العِبَادَةُ»

നുഅ്മാനു ബ്നു ബഷീര്‍ -رضي الله عنه- നിവേദനം: നബി -ﷺ- പറഞ്ഞു: “ദുആഅ്; അത് തന്നെയാണ് ഇബാദത്ത്.” (അഹ്മദ്: 18378, ശൈഖ് അല്‍ബാനി -رحمه الله- ഈ ഹദീഥ് സ്വഹീഹ് ആണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു)

രണ്ട്: ദുആഉ മസ്അലഃ.

‘മസ്അല’ എന്നാല്‍ തേട്ടമെന്നാണ് അര്‍ഥം. അല്ലാഹുവിനോട് നിന്റെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കൊണ്ട് നീ നടത്തുന്ന സഹായതേട്ടങ്ങളാണ് ദുആഉ മസ്അലഃ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ദുആ എന്നാല്‍ പ്രാര്‍ഥനയാണെന്ന് നാം പറയാറുള്ളത് പലപ്പോഴും ഈ അര്‍ഥത്തിലാണ്. ‘അല്ലാഹുവേ! എന്റെ പ്രയാസങ്ങള്‍ നീക്കിത്തരണേ’, ‘എന്റെ രോഗങ്ങള്‍ ശിഫയാക്കണേ’, ‘എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കണേ’ എന്നിങ്ങനെയുള്ള തേട്ടങ്ങളെല്ലാം ദുആഉ മസ്അലയാണ്.

ആയത്തിന്റെ വിശദീകരണം:

ദുആ ഇബാദതാണെന്നതിനുള്ള തെളിവായി അദ്ദേഹം സൂറ. ജിന്നിലെ ആയത്താണ് നല്‍കിയത്. മസ്ജിദുകള്‍ അല്ലാഹുവിനുള്ളതാണെന്നും, അവിടെ നിങ്ങള്‍ അല്ലാഹുവിനോടൊപ്പം മറ്റാരോടും ദുആ ചെയ്യരുതെന്നും അറിയിക്കുന്ന ആയതാണ് ഇത്.

(( وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا ))

“മസ്ജിദുകള്‍ അല്ലാഹുവിനുള്ളതാകുന്നു; അല്ലാഹുവിനോടൊപ്പം (അവിടെ) നിങ്ങള്‍ മറ്റാരോടും ദുആഅ് ചെയ്യരുത്.” (ജിന്ന്: 18)

‘മസാജിദ്’ എന്ന പദം ‘മസ്ജിദി’ന്റെ ബഹുവചനമാണ്. ആയതില്‍ എന്താണ് ‘മസാജിദ്’ എന്നതു കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് എന്നതില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്.

ഒന്ന്: അല്ലാഹുവിന് ഇബാദത് ചെയ്യുന്നതിന് വേണ്ടി മാറ്റിവെക്കപ്പെട്ട സ്ഥലം. ഈ അഭിപ്രായപ്രകാരം അല്ലാഹുവിന് ഇബാദത് ചെയ്യുന്നതിന് മാത്രം പ്രത്യേകമാക്കപ്പെട്ട ആരാധനാലയങ്ങള്‍ അല്ലാഹുവിന്‍റേത് മാത്രമാണ്. അതായത്, അവ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.

രണ്ട്: സുജൂദ് ചെയ്യാനുള്ള അവയവങ്ങള്‍. ഈ അഭിപ്രായപ്രകാരം സുജൂദിന്റെ അവയങ്ങള്‍ -മുഖം, രണ്ടു കൈകള്‍, കാല്‍മുട്ടുകള്‍, കാല്‍പാദങ്ങള്‍- എന്നിവ അല്ലാഹുവിന്റെ മുന്‍പില്‍ മാത്രം കുനിയേണ്ടവയാണ്. അവ മറ്റൊരു സൃഷ്ടികള്‍ക്കുമുള്ളതല്ല. പൂര്‍ണമായും അല്ലാഹുവിന് സ്വന്തത്തെ സമര്‍പ്പിച്ചിരിക്കുന്ന ഓരോ മുസ്‌ലിമിന്റെയും അവയവങ്ങളും അവന് മാത്രം അര്‍പ്പിക്കപ്പെട്ടതാണ്.

രണ്ട് അഭിപ്രായമാണെങ്കിലും -ആരാധനാലയങ്ങളാണെങ്കിലും സുജൂദിന്റെ അവയവങ്ങളാണെങ്കിലും- അല്ലാഹുവിന് മാത്രമുള്ളതാണ്. ആരാധനാലയങ്ങളില്‍ അല്ലാഹുവിന് മാത്രമല്ലാതെ മറ്റാര്‍ക്കും ഇബാദത് ചെയ്യരുത്. ആരാധനയുടെ അവയവങ്ങളാണ് ഉദ്ദേശമെങ്കില്‍ അവ കൊണ്ട് അല്ലാഹുവിനെയല്ലാതെ മറ്റാരെയും വിളിച്ചാരാധിക്കരുത്.

ഇവിടെ അല്ലാഹു -تعالى- ഇബാദത് ചെയ്യരുത് എന്ന പദമല്ല ഉപയോഗിച്ചത്. മറിച്ച്, ‘ഫലാ തദ്ഊ’ -നിങ്ങള്‍ ദുആ ചെയ്യരുത്- എന്നാണ് അവന്‍ പറഞ്ഞത്. ഇത് ദുആ ഇബാദതാണെന്ന് അറിയിക്കുന്നു. കാരണം ഇബാദതുകള്‍ക്ക് വേണ്ടി മാറ്റിവെക്കപ്പെട്ട പ്രദേശങ്ങളിലും, ഇബാദതിനായി നിശ്ചയിക്കപ്പെട്ട അവയവങ്ങളാലും അല്ലാഹുവിനല്ലാതെ ദുആ ചെയ്യരുത് എന്ന് പറഞ്ഞാല്‍ ദുആ ഇബാദതാണെന്നും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. ഇതാണ് ശൈഖ് മുഹമ്മദ് -رَحِمَهُ اللَّهُ- ഈ ആയത്ത് ദുആ ഇബാദത്താണെന്നതിന് തെളിവായി നല്‍കാനുള്ള കാരണം.

വല്ലാഹു അഅ്ലം.

ആയത്തിന്റെ വിശദീകരണം:

അല്ലാഹുവല്ലാത്തവരോടുള്ള ദുആ ഇസ്‌ലാമിന്റെ വലയത്തില്‍ നിന്ന് പുറത്താക്കുന്ന തനിച്ച കുഫ്റാണെന്നതിന് തെളിവായാണ് സൂറ. മുഅ്മിനൂനിലെ ആയത് ശൈഖ് മുഹമ്മദ് നല്‍കിയിരിക്കുന്നത്.

(( وَمَنْ يَدْعُ مَعَ اللَّهِ إِلَهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِنْدَ رَبِّهِ إِنَّهُ لَا يُفْلِحُ الْكَافِرُونَ ))

“ആരെങ്കിലും അല്ലാഹുവോടൊപ്പം മറ്റാരോടെങ്കിലും ദുആഅ് ചെയ്താല്‍ അവന് യാതൊരു തെളിവുമില്ല; അവന്റെ വിചാരണ അല്ലാഹുവിങ്കലാണ്. കാഫിറുകള്‍ ഒരിക്കലും വിജയിക്കുകയില്ല തന്നെ.” (മുഅമിനൂന്‍: 117)

(( وَمَنْ يَدْعُ مَعَ اللَّهِ إِلَهًا آخَرَ ))

“ആരെങ്കിലും അല്ലാഹുവോടൊപ്പം മറ്റാരോടെങ്കിലും ദുആഅ് ചെയ്താല്‍…”

ഇവിടെ ദുആഇന്റെ രണ്ട് ഇനങ്ങളും -ദുആഉ ഇബാദയും, മസ്അലയും- ഉള്‍പ്പെടും. ആരെങ്കിലും അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കുകയോ, അവനല്ലാത്തവര്‍ക്ക് ഇബാദതുകള്‍ സമര്‍പ്പിക്കുകയോ ചെയ്താല്‍ അവന്റെ ആ പ്രവൃത്തി ഒരു തെളിവിന്റെയും അടിസ്ഥാനത്തിലല്ല. ഖുര്‍ആനിലോ സുന്നത്തിലോ ബുദ്ധിയിലോ ശുദ്ധപ്രകൃതിയിലോ അതിന് തെളിവുകളില്ല. കേവലം ന്യായവാദങ്ങളോ, ആശയക്കുഴപ്പങ്ങളോ അല്ലാതെ വ്യക്തമായ ഒരു തെളിവും അവന്റെ പക്കലുണ്ടാകില്ലെന്നതില്‍ യാതൊരു സംശയവും വേണ്ട.

((لَا بُرْهَانَ لَهُ بِهِ ))

“അവന് യാതൊരു തെളിവുമില്ല.”

‘ബുര്‍ഹാന്‍’ എന്ന വാക്കിനാണ് തെളിവ് എന്ന് നാം അര്‍ഥം നല്‍കിയത്. അറബിയില്‍ ‘ദലീല്‍’, ‘ഹുജ്ജത്’ എന്നീ പദങ്ങളും തെളിവ് എന്ന അര്‍ഥത്തില്‍ ഉപയോഗിക്കാറുണ്ട്. ‘ബുര്‍ഹാന്‍’ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ‘അവ്യക്തതകള്‍ ബാക്കി വെക്കാത്ത, സുവ്യക്തവും സുശക്തവുമായ തെളിവുകള്‍’ ആണ്. അത് ദൃഢബോധ്യം നല്‍കുന്നതും, യാതൊരു സംശയവും ബാക്കി വെക്കാത്തതുമായിരിക്കും. എന്നാല്‍ ‘ദലീലും’ ‘ഹുജ്ജതു’മെല്ലാം ചിലപ്പോള്‍ സംശയങ്ങള്‍ ബാക്കി വെക്കുന്നതായിരിക്കാം.

(( فَإِنَّمَا حِسَابُهُ عِنْدَ رَبِّهِ  ))

“അവന്റെ വിചാരണ അല്ലാഹുവിങ്കലാണ്.”

അല്ലാഹുവിനോടൊപ്പം മറ്റുള്ളവരെ വിളിച്ച് പ്രാര്‍ഥിച്ചവന്റെ വിചാരണ പരലോകത്ത് അല്ലാഹുവാണ് നടപ്പാക്കുക. അവന്‍ വിളിച്ച് പ്രാര്‍ഥിച്ചവരിലാരും അവന്റെ സഹായത്തിനുണ്ടാവുകയില്ല. അവന്റെ വിചാരണയുടെ ഫലമെന്തായിരിക്കുമെന്നാണ് അവന്‍ ധരിച്ചു വെച്ചിരിക്കുന്നത്? തൊട്ടടുത്ത വാചകം അതിനുള്ള ഉത്തരമാണ്.

(( إِنَّهُ لَا يُفْلِحُ الْكَافِرُونَ ))

“കാഫിറുകള്‍ ഒരിക്കലും വിജയിക്കുകയില്ല തന്നെ.”

അവന്റെ വിചാരണയില്‍ ഒരിക്കലും അവന് വിജയിക്കാന്‍ കഴിയില്ല. കാരണം അല്ലാഹുവിന് പുറമെയുള്ളവരെ വിളിച്ച് പ്രാര്‍ഥിക്കുക എന്നത് കുഫ്റാണ്. കുഫ്ര്‍ ചെയ്തവന്‍ കാഫിറാണ്. കാഫിര്‍ ഒരിക്കലും തന്റെ വിചാരണയില്‍ വിജയിക്കുകയില്ല.

ഇക്കാര്യമാണ് ശൈഖ് മുഹമ്മദ് -رحمه الله- ഈ ആയത്ത് കൊണ്ട് വ്യക്തമാക്കാന്‍ ഉദ്ദേശിച്ചത്. അതായത്, അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാര്‍ഥിക്കുക എന്നത് കുഫ്റാണ്. കാരണം അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാര്‍ഥിക്കുന്നവനെ പരാമര്‍ശിച്ചു കൊണ്ട് ആരംഭിച്ച ആയത്ത് അല്ലാഹു അവസാനിപ്പിച്ചത് കാഫിറുകള്‍ വിജയിക്കുകയില്ല എന്ന് പറഞ്ഞു കൊണ്ടാണ്. അതില്‍ നിന്ന് അല്ലാഹുവിന് പുറമെയുള്ളവരെ വിളിച്ച് പ്രാര്‍ഥിക്കുന്നവര്‍ കാഫിറുകളാണെന്ന് മനസ്സിലാക്കാന്‍ കഴിയും.

എന്നാല്‍ -സഹോദരങ്ങളേ-! നമ്മുടെ നാടിന്റെ അവസ്ഥ ചിന്തിച്ചു നോക്കൂ. ഇവിടെ പിശാചിന്റെ പ്രബോധകന്മാര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് അല്ലാഹുവിനെ മാത്രം വിളിച്ച് പ്രാര്‍ഥിക്കുക എന്നത് ഇബ്ലീസിന്റെ വാദമാണെന്നാണ്.

അല്ലാഹു സത്യം! അവര്‍ പറഞ്ഞതില്‍ നിന്ന് ഇബ്ലീസ് ഒഴിവാണ്.

അല്ലാഹു -تعالى- അവന്റെ ഖുര്‍ആനിലും നബി -ﷺ- അവിടുത്തെ തിരുസുന്നത്തിലും പഠിപ്പിച്ച ആദര്‍ശത്തിന് കടകവിരുദ്ധമാണിതെന്ന് മേലെ വിശദീകരിക്കപ്പെട്ട ആയത്തും, ഖുര്‍ആനിലെയും സുന്നത്തിലെയും മറ്റനേകം തെളിവുകളും ബോധ്യപ്പെടുത്തുന്നുണ്ട്.

എന്നാല്‍ നീ അല്ലാഹുവല്ലാത്തവരോട് ദുആ ചെയ്യുകയും, അവരില്‍ നിന്ന് സഹായം പ്രതീക്ഷിക്കുകയും ചെയ്യുന്നെങ്കില്‍ നിന്റെ സങ്കേതം ശാശ്വത നരകമല്ലാതെ മറ്റൊന്നുമല്ല എന്ന് നീ മനസ്സിലാക്കുക. ഇസ്‌ലാമിന്റെ പരിപാവനമായ വലയത്തിലല്ല; കുഫ്റിന്റെ ചെളിക്കുണ്ടിലാണ് നിന്റെ സ്ഥാനമെന്നും നീ മനസ്സിലാക്കുക.

അല്ലാഹു നമ്മെ ശിര്‍ക്കില്‍ നിന്നും കുഫ്റില്‍ നിന്നുമെല്ലാം കാത്തു രക്ഷിക്കട്ടെ.

ആയത്തിന്റെ വിശദീകരണം:

ഇബാദത്തിന്റെ ഇനങ്ങളില്‍ ഏറ്റവും മഹത്തരമാണ് ദുആ എന്ന കാര്യം തെളിയിക്കുന്നതിന് വേണ്ടിയാണ് സൂറ. ഗാഫിറിലെ ആയത്ത് അദ്ദേഹം നല്‍കിയിട്ടുള്ളത്.

(( وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ ))

“നിങ്ങള്‍ എന്നോട് ദുആഅ് ചെയ്യൂ; ഞാന്‍ (നിങ്ങളുടെ ദുആഇന്) ഉത്തരം നല്‍കാം എന്ന് നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു. എനിക്ക് ഇബാദത് ചെയ്യുന്നതില്‍ നിന്ന് അഹങ്കാരം കാണിക്കുന്നവര്‍ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്.” (ഗാഫിര്‍: 60)

ദുആഇന്റെ മഹത്വം ബോധ്യപ്പെടുത്തുന്ന, അതില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ ഗൗരവം വ്യക്തമാക്കുന്ന ഖുര്‍ആനിലെ മഹത്തരമായ ആയത്താണിത്.

(( وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ))

“നിങ്ങള്‍ എന്നോട് ദുആഅ് ചെയ്യൂ; ഞാന്‍ (നിങ്ങളുടെ ദുആഇന്) ഉത്തരം നല്‍കാം എന്ന് നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു.” (ഗാഫിര്‍: 60)

മനുഷ്യരോടുള്ള അല്ലാഹുവിന്റെ കല്‍പ്പനയാണ് ഈ ആയത്തിലുള്ളത്. എന്നോട് ചോദിച്ചു കൊള്ളൂ, ഞാന്‍ നിങ്ങള്‍ക്ക് നല്‍കുക തന്നെ ചെയ്യും എന്ന് പറയാന്‍ ലോകങ്ങളുടെ റബ്ബിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?!
തന്റെ അടിമ കൈകളുയര്‍ത്തി വിനയാന്വിതമായ മനസ്സോടെ തന്നെ വിളിച്ചു തേടുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു.

عَنْ أَبِي هُرَيْرَةَ: عَنِ النَّبِيِّ -ﷺ- قَالَ: «لَيْسَ شَيْءٌ أَكْرَمُ عَلَى اللهِ تَعَالَى مِنَ الدُّعَاءِ» 

അബൂ ഹുറൈറ -رضي الله عنه- നിവേദനം: നബി -ﷺ- പറഞ്ഞു: “അല്ലാഹുവിങ്കല്‍ ദുആയെക്കാള്‍ മാന്യമായ മറ്റൊന്നുമില്ല.” (തിര്‍മിദി: 3370, ഇബ്‌നു മാജ: 3829)

തന്നോട് ചോദിക്കുന്നവനെ യാതൊന്നും നല്‍കാതെ തിരിച്ചയക്കുന്നതില്‍ നിന്ന് അല്ലാഹു ലജ്ജിക്കുന്നു എന്നറിയുമ്പോള്‍ ദുആഇന് അല്ലാഹുവിങ്കലുള്ള മഹത്തരമായ സ്ഥാനം ആര്‍ക്കും മനസ്സിലാകും.

عَنْ سَلْمَانَ قَالَ قَالَ رَسُولُ اللَّهِ -ﷺ- «إِنَّ رَبَّكُمْ تَبَارَكَ وَتَعَالَى حَيِىٌّ كَرِيمٌ يَسْتَحْيِى مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا»

സല്‍മാനുല്‍ ഫാരിസി -رضي الله عنه- നിവേദനം: നബി -ﷺ- പറഞ്ഞു: “തീര്‍ച്ചയായും നിങ്ങളുടെ റബ്ബ് ലജ്ജയുള്ളവനും മാന്യനുമാണ്; തന്റെ അടിമ അവനിലേക്ക് ഇരുകരങ്ങളും ഉയര്‍ത്തിയാല്‍ ഒന്നുമില്ലാതെ അത് മടക്കുന്നതില്‍ നിന്ന് അവന്‍ ലജ്ജിക്കുന്നു.” (അബൂദാവൂദ്: 1490)

ഇതു കൊണ്ടെല്ലാമാണ് അല്ലാഹു മനുഷ്യരോടായി കല്‍പ്പിക്കുന്നത്: ‘നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക; ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം.’

ചില പണ്ഡിതന്മാര്‍ പറഞ്ഞതു പോലെ: നീ അല്ലാഹുവിന്റെ കല്‍പ്പനക്ക് ഉത്തരം നല്‍കിയാല്‍, അവന്‍ നിന്റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കും! കാരണം, അല്ലാഹു ഒരിക്കലും അവന്റെ വാഗ്ദാനം ലംഘിക്കുകയില്ല. നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചാല്‍ ഉത്തരം നല്‍കാം എന്നത് അവന്റെ വാഗ്ദാനമാണ്.

അല്ലാഹു ഉത്തരം നല്‍കുമെന്ന ഉറപ്പോടു കൂടെയാണ് അവനെ വിളിച്ചു പ്രാര്‍ഥിക്കേണ്ടതെന്ന നബി -ﷺ- യുടെ വാക്കുകളും ഇതോടൊപ്പം കൂട്ടി വായിക്കുക.

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «ادْعُوا اللَّهَ وَأَنْتُمْ مُوقِنُونَ بِالإِجَابَةِ، وَاعْلَمُوا أَنَّ اللَّهَ لاَ يَسْتَجِيبُ دُعَاءً مِنْ قَلْبٍ غَافِلٍ لاَهٍ»

അബൂ ഹുററ നിവേദനം: നബി -ﷺ- പറഞ്ഞു: “ഉത്തരം കിട്ടുമെന്ന് ഉറപ്പുള്ളവരായി കൊണ്ട് നിങ്ങള്‍ അല്ലാഹുവിനോട് ദുആ ചെയ്യുക. അറിയുക! അല്ലാഹു അലസവും അശ്രദ്ധവുമായ ഹൃദയത്തില്‍ നിന്നുള്ള ദുആക്ക് ഉത്തരം നല്‍കുകയില്ല.” (തിര്‍മിദി: 3373)

ദുആഇന് അനേകം മര്യാദകളുണ്ട്; അവ പാലിക്കപ്പെട്ടാല്‍ അല്ലാഹുവിങ്കല്‍ അത് വേഗം സ്വീകാര്യമാകും. അത് സ്വീകരിക്കപ്പെടുന്നതില്‍ നിന്ന് തടയുന്ന മറ്റു ചില കാര്യങ്ങളുമുണ്ട്; ഇവ പഠിക്കലും മനസ്സിലാക്കലും വളരെ ഉത്തമമായ വിജ്ഞാനങ്ങളില്‍ പെട്ടതാണ്.

(( إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ ))

“എനിക്ക് ഇബാദത് ചെയ്യുന്നതില്‍ നിന്ന് അഹങ്കാരം കാണിക്കുന്നവര്‍ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്.”

ശ്രദ്ധിക്കുക! ആദ്യ വാചകത്തില്‍ ‘എന്നോട് ദുആ ചെയ്യൂ’ എന്നായിരുന്നെങ്കില്‍ രണ്ടാമത്തെ വാചകത്തില്‍ ‘എനിക്കുള്ള ഇബാദത്’ എന്നാണുള്ളത്. ദുആ എന്ന വാക്കിന് പകരമായി ഇവിടെ ഇബാദത് എന്ന വാക്കാണ് അല്ലാഹു -تعالى- പ്രയോഗിച്ചത്.

ഇതില്‍ നിന്ന് ദുആ തന്നെയാണ് ഇബാദതെന്നും, ഇബാദതില്‍ ദുആ നിര്‍ബന്ധമായും അടങ്ങിയിരിക്കും എന്നും മനസ്സിലാക്കാം. മാത്രമല്ല, ദുആഇന് പകരമായി ഇബാദത് എന്ന വാക്കുപയോഗിച്ചതില്‍ നിന്ന് ഇബാദതിന്റെ ഇനങ്ങളില്‍ ഏറ്റവും മഹത്തരമായിട്ടുള്ളത് ദുആ ആണെന്നും മനസ്സിലാക്കാം. ഈ ആയത്തില്‍ നിന്ന് ഇപ്രകാരം മനസ്സിലാക്കാമെന്നതിനുള്ള ഏറ്റവും വലിയ തെളിവ് നബി -ﷺ- യുടെ വാക്ക് തന്നെയാണ്.

‘ദുആ; അതു തന്നെയാണ് ഇബാദത്’ എന്ന് പറഞ്ഞതിന് തൊട്ടു ശേഷം നബി -ﷺ- തന്റെ വാക്കിന് തെളിവായി കൊണ്ട് ഖുര്‍ആനിലെ ഈ ആയത്താണ് പാരായണം ചെയ്തത്. ഇപ്രകാരം ഈ ആയത്തില്‍ നിന്ന് തെളിവ് പിടിച്ചത് നബി -ﷺ- യാണ്. ഇക്കാര്യം സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് ശൈഖ് മുഹമ്മദ് ഖുര്‍ആനിലെ ഈ ആയത്ത് ഇവിടെ നല്‍കിയത്.

അല്ലാഹുവിനോടുള്ള ഇബാദതില്‍ -അതായത് അവനോടുള്ള ദുആഇല്‍- അഹങ്കാരം കാണിക്കുന്നവര്‍ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുമെന്നാണ് ഈ ആയത്തിന്റെ അവസാനത്തില്‍ അല്ലാഹു -تعالى- പറഞ്ഞിരിക്കുന്നത്.

ഈ അര്‍ഥത്തില്‍ തന്നെയുള്ള മറ്റൊരു ആയത്ത് കൂടി ശ്രദ്ധിക്കുക.

(( قُلْ مَا يَعْبَأُ بِكُمْ رَبِّي لَوْلَا دُعَاؤُكُمْ فَقَدْ كَذَّبْتُمْ فَسَوْفَ يَكُونُ لِزَامًا ))

“പറയുക: നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്റെ റബ്ബ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്?” (ഫുര്‍ഖാന്‍: 77)

അല്ലാഹുവിനോട് ചോദിക്കാത്തവരോട് അവന്‍ ദേഷ്യം പിടിക്കുമെന്ന് നബി -ﷺ- യും അറിയിച്ചിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -ﷺ-: «إِنَّهُ مَنْ لَمْ يَسْأَلِ اللَّهَ يَغْضَبُ عَلَيْهِ»

അബൂ ഹുറൈറ നിവേദനം: നബി -ﷺ- പറഞ്ഞു: “അല്ലാഹുവിനോട് ചോദിക്കാത്തവനോട് അവന്‍ ദേഷ്യപ്പെടും.” (തിര്‍മിദി: 3373)

മനുഷ്യര്‍ സാധാരണയായി തങ്ങളോട് ആരെങ്കിലും എന്തെങ്കിലും ചോദിക്കുന്നത് ഇഷ്ടപ്പെടാത്തവരാണ്. ഒന്നിലധികം തവണ ഒരാള്‍ തന്നെ ചോദ്യം ആവര്‍ത്തിച്ചാല്‍ ചിലപ്പോള്‍ അവന് ദേഷ്യം പിടിക്കുക വരെ ചെയ്യും. എന്നാല്‍ ലോകങ്ങളുടെ റബ്ബായ അല്ലാഹുവാകട്ടെ, അവന്‍ ദേഷ്യം പിടിക്കുക തന്നോട് ചോദിക്കാത്തവരോടാണ്. അല്ലാഹുവിന്റെ മഹത്വവും അവന്റെ കാരുണ്യവും ഈ പറഞ്ഞതില്‍ നിന്നെല്ലാം മനസ്സിലാക്കാവുന്നതാണ്.

ചുരുക്കത്തില്‍, ദുആ ഏറ്റവും മഹത്തരമായ ഇബാദതാണ്. അത് അല്ലാഹുവിന് മാത്രമേ നല്‍കാന്‍ പാടുള്ളൂ. അവനല്ലാത്തവരോട് ദുആ ചെയ്യുന്നത് ശിര്‍ക്കും കുഫ്റുമാണ്. ആരെങ്കിലും അപ്രകാരം ചെയ്യുന്നെങ്കില്‍ അവന്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോയിരിക്കുന്നു.

വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

13 Comments

 • വ അലൈക്കസ്സലാം..

  അഫ്വന്‍. അത് വേണ്ടതില്ല. പ്രിന്‍റ് ചെയ്ത് മസ്ജിദുകളിലോ മറ്റൊ പ്രചരിപ്പിക്കാനാണെങ്കില്‍ നല്ല പിഡിഎഫ് അയച്ചു തരാം. ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കാന്‍ ആണെങ്കില്‍ ലിങ്ക് തന്നെ ഷെയര്‍ ചെയ്യുക. മറ്റു വഴികള്‍ ദയവായി ഉപയോഗിക്കാതിരിക്കുക.

  ജസാകുമുല്ലാഹ്…!

 • അസ്സലാമു അലൈക്കും…

  ഇതിലെ ലേഖനങ്ങള്‍ എഡിറ്റ്‌ ചെയ്യാതെ, ഇതേ രൂപത്തില്‍ പിഡിഎഫ് ആയി ഷെയര്‍ ചെയ്യുന്നതില്‍ വിരോധമുണ്ടോ?

  അല്ലാഹു അനുഗ്രഹിക്കട്ടെ!!!

 • وعليكم السلام ورحمة الله وبركاته

  ഇന്‍ഷാ അല്ലാഹ്. ശ്രമിക്കാം.

 • السلام عليكم ورحمة الله
  Dua yude maryaadhakalum dua yude sweekaryadha thadayunnadhum duakk kooduthal sweekaryadhayulla samayangaleyum patti vishadheekarikkumooo.

  جزاكم الله خيرا

 • وأنتم فبارك الله فيكم يا أخي الكريم

 • وأنتم فبارك الله فيكم

 • ജസാകുമുല്ലാഹു ഖൈറന്‍. ബാറകല്ലാഹു ഫീകും.

 • I like it very much and giving more knowledge of Islam.it is like mannaju salafisam. I like salafisam.send for me note note knowledge about Islam.jazakumullah khaira.

Leave a Comment