എല്ലാ മക്കളും ജനിക്കുന്നത് മുസ്‌ലിമായി

പിന്നീട് അദ്ദേഹം പറഞ്ഞു:

thaleem

“ഇസ്‌ലാമിന്റെ ഫിത്വ്റത്തില്‍ ഒരു പരിപൂര്‍ണ മുസ്‌ലിമായും, ഈമാനിന്റെ വഴിയില്‍ ഒരു നല്ല മുവഹ്ഹിദ് ആയും അവര്‍ മാറുന്നതിന് വേണ്ടി(യാണ് ഇത് പഠിപ്പിക്കുന്നത്).”

മേലെയുള്ള മത്നിന്റെ വിവര്‍ത്തനത്തില്‍ ചില പദങ്ങള്‍ക്ക് നാം അര്‍ഥം നല്‍കിയിട്ടില്ല. അവയില്‍ ഇസ്‌ലാം, ഈമാന്‍, മുവഹ്ഹിദ് എന്നീ പദങ്ങളുടെ അര്‍ഥവും വിശദീകരണവും വഴിയെ പറയാം.

‘ഫിത്വ്റത്’ എന്ന പദത്തിന് നല്‍കാവുന്ന അര്‍ഥം ശുദ്ധപ്രകൃതി എന്നാണ്. മനുഷ്യര്‍ ജനിച്ചു വീഴുന്ന, ഓരോ പിഞ്ചുപൈതലിന്റെ മനസ്സിലും ആര്‍ക്കും തിരിച്ചറിയാനുതകും വിധം കാണപ്പെടുന്ന, അല്ലാഹു അവരെ ഈ ഭൂമിയിലേക്ക് അയക്കുമ്പോള്‍ അവരിലുള്ള പ്രകൃതിയാണ് ‘ഫിത്വ്റത്’ വാക്ക് കൊണ്ട് നാം ഉദ്ദേശിക്കുന്നത്. ആ ശുദ്ധപ്രകൃതി -നിഷ്കളങ്കത- അത് അവരിലെ ഇസ്‌ലാമിന്റെ ശുദ്ധിയാണ്. അത് കൊണ്ടാണ് അല്ലാഹു -تَعَالَى- ഇസ്‌ലാമിനെ ശുദ്ധപ്രകൃതിയുടെ മതമായി വിശേഷിപ്പിച്ചത്.

30_30

“ആകയാല്‍ നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ (ഫിത്വ്റത്) സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല.” (റൂം: 30)

മനുഷ്യര്‍ ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നതെന്നും, അവരെ വഴികേടിലാക്കുന്നത് അസത്യത്തിലേക്കുള്ള പ്രബോധകന്മാരാണെന്നും നബി-ﷺ-യുടെ ഹദീഥുകളിലും കാണാം.

abuhuraira

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ശുദ്ധ പ്രകൃതിയില്‍ (ഇസ്‌ലാമില്‍) ആയിക്കൊണ്ടല്ലാതെ ഒരു കുട്ടിയും ജനിക്കുന്നില്ല. അവന്റെ മാതാപിതാക്കളാണ് യഹൂദനോ, നസ്വ്റാനിയോ, മജൂസിയോ (അഗ്നിയാരാധകന്‍) ആക്കി അവനെ മാറ്റുന്നത്.” (മുസ്‌ലിം: 2658)

തൗഹീദിനെ കുറിച്ചുള്ള അറിവും, അല്ലാഹുവിനെ കുറിച്ചുള്ള ബോധവും കുട്ടിക്ക് നല്‍കിയിട്ടില്ലെങ്കില്‍ അവനെ ശ്വൈത്വാന്‍ എളുപ്പത്തില്‍ വഴിതെറ്റിക്കും.

iyadbinhimar

ഇയാദ് ബ്നു ഹിമാര്‍ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഒരു ദിവസം അവിടുത്തെ ഖുതുബയില്‍ (പ്രസംഗത്തില്‍) പറഞ്ഞു: “നിങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങള്‍ പഠിപ്പിച്ചു നല്‍കാന്‍ എന്റെ റബ്ബ് എന്നോട് കല്‍പ്പിച്ചിരിക്കുന്നു. ഇന്ന് അവന്‍ എന്നെ പഠിപ്പിച്ച കാര്യങ്ങളില്‍ പെട്ടതാണ് … തീര്‍ച്ചയായും ഞാന്‍ എന്റെ അടിമകളെ സൃഷ്ടിച്ചിരിക്കുന്നത് ഋജുമാനസ്കരായി (മുസ്‌ലിമായി) കൊണ്ടാണ്. പിന്നീട് ശ്വൈത്വാന്മാര്‍ അവരെ സമീപിക്കുകയും, അവരുടെ ദീനില്‍ നിന്ന് പിടിച്ചു വലിക്കുകയാണുണ്ടായത്. അങ്ങനെ ഞാന്‍ അവര്‍ക്ക് ഹലാല്‍ (അനുവദനീയം) ആക്കിയത് അവര്‍ ഹറാമാക്കി (നിഷിദ്ധം). ഞാനൊരു തെളിവും അവതരിപ്പിച്ചിട്ടില്ലാത്ത കാര്യത്തില്‍ എന്നില്‍ ശിര്‍ക്ക് ചെയ്യാന്‍ അവര്‍ (ശ്വൈത്വാന്മാര്‍) അവരോട് കല്‍പ്പിച്ചു.” (മുസ്‌ലിം: 2865)

മേല്‍ പ്രസ്താവിക്കപ്പെട്ട ആയതുകളിലും ഹദീഥുകളിലും പരാമര്‍ശിക്കപ്പെട്ട ‘ഫിത്വ്റത്’ -ശുദ്ധപ്രകൃതി-; അതു തന്നെയാണ് ശൈഖ് മുഹമ്മദും തന്റെ വാക്കില്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഇസ്‌ലാമിന്റെ ഫിത്വ്റത്തില്‍ -അല്ലാഹു നമ്മുടെ മകനെ എങ്ങനെയാണോ നമ്മുടെ കൈകളില്‍ ഏല്‍പ്പിച്ചത്; അതേ ഫിത്വ്റത്തില്‍- അടിത്തറ ഊന്നിക്കൊണ്ട് അവനെ ഒരു പരിപൂര്‍ണ മുസ്‌ലിമാക്കുന്നതിന് ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്ന വിഷയങ്ങള്‍ അവര്‍ക്ക് പഠിപ്പിച്ചു നല്‍കണമെന്നാണ് ശൈഖ് മുഹമ്മദ് -رَحِمَهُ اللَّهُ- ഉദ്ദേശിക്കുന്നത്.

നീ പൂര്‍ണ മുസ്‌ലിമാവുക!

‘മുസ്‌ലിമുന്‍ കാമില്‍’; പരിപൂര്‍ണ മുസ്‌ലിം. ഓരോ മുസ്‌ലിമും ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പരിശ്രമിക്കുന്നവനാണ്. നമ്മുടെ മക്കളും പരിപൂര്‍ണ മുസ്‌ലിമാകണം; കേവല മുസ്‌ലിമായാല്‍ പോര.

ഇക്കാര്യം അല്ലാഹു -تَعَالَى- തന്നെ നമ്മോട് കല്‍പ്പിച്ചിട്ടുണ്ട്:

2_208

“മുഅ്മിനീങ്ങളേ! ഇസ്‌ലാമിലേക്ക് നിങ്ങള്‍ പരിപൂര്‍ണമായും പ്രവേശിക്കുക. ശ്വൈത്വാനിന്റെ കാല്‍പ്പാടുകള്‍ നിങ്ങള്‍ പിന്തുടരരുത്. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് വ്യക്തമായ ശത്രുവാകുന്നു.” (അല്‍-ബഖറ: 208)

ഇസ്‌ലാമില്‍ പരിപൂര്‍ണമായി എങ്ങനെ പ്രവേശിക്കാം?

ഇസ്‌ലാമിലെ എല്ലാ കല്‍പ്പനകളും -കഴിയും വിധം- പ്രാവര്‍ത്തികമാക്കി, എല്ലാ വിലക്കുകളും വിരോധങ്ങളും -പരിപൂര്‍ണമായി- ഒഴിവാക്കി ജീവിച്ചാല്‍ അതു തന്നെയാണ് ഇസ്‌ലാമില്‍ പരിപൂര്‍ണമായി പ്രവേശിക്കല്‍. ഒരു പരിപൂര്‍ണ മുസ്‌ലിമില്‍ -മുസ്‌ലിമുന്‍ കാമില്‍- എല്ലാ നന്മകളെയും നിനക്ക് കാണാന്‍ കഴിയും; എല്ലാ തിന്മകളില്‍ നിന്നും അവന്‍ അകലം പാലിച്ചവനായിരിക്കും. മുഹമ്മദ് നബി-ﷺ-യുടെ ജീവിക്കുന്ന മാതൃക നിനക്ക് അവനില്‍ ദര്‍ശിക്കാന്‍ സാധിക്കും.

നിന്റെ മക്കള്‍ ഇപ്രകാരമാകാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ?

എങ്കില്‍, ഈ ഗ്രന്ഥത്തില്‍ പഠിപ്പിക്കപ്പെടുന്ന തൗഹീദ് അവന്റെ മനസ്സില്‍ കൊത്തിവെക്കുക. കാരണം ഇതില്‍ പഠിപ്പിക്കപ്പെടുന്നത് അടിത്തറയാണ്; അടിസ്ഥാനങ്ങളാണ്. അവയുടെ മേല്‍ ചവിട്ടി നിന്നു വേണം അവന് എഴുന്നേറ്റു നില്‍ക്കാന്‍.

ഈ അടിത്തറയില്‍ ബലക്ഷയമുണ്ടായാലോ? അവന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാണ്. ഏതൊരു ചെറിയ കാറ്റും അവന്റെ ഈമാനിന്റെ വേരുകളെ പിഴുതെറിഞ്ഞേക്കാം; ചെറിയൊരു കുലുക്കം പോലും അവന്റെ മേല്‍ക്കൂരകളെ തകര്‍ത്തെറിഞ്ഞേക്കാം.

ഇത് കൊണ്ടാണ് ശൈഖ് പറഞ്ഞത്: ‘ഇസ്‌ലാമിന്റെ ഫിത്വ്റത്തില്‍ -അതായത് തൗഹീദില്‍- ഒരു പരിപൂര്‍ണ മുസ്‌ലിമാകുന്നതിന് വേണ്ടി; ഖുര്‍ആന്‍ പഠിപ്പിക്കുന്നതിന് മുന്‍പ് -മറ്റെന്തും പഠിപ്പിക്കുന്നതിന് മുന്‍പ്- നീ ഈ ഗ്രന്ഥത്തില്‍ പറയപ്പെട്ട വിഷയങ്ങള്‍ അവനെ പഠിപ്പിക്കുക.’

പിന്നീട് അദ്ദേഹം പറഞ്ഞു: ‘ഈമാനിന്റെ വഴിയില്‍ ഒരു നല്ല മുവഹ്ഹിദ് ആയിത്തീരുന്നതിന് വേണ്ടിയും (നീ ഇത് പഠിപ്പിക്കുക).’

ഈമാനുമായി ബന്ധപ്പെട്ട അഹ്ലുസ്സുന്നയുടെ നിലപാടും, അതിന്റെ അര്‍ഥവും വിശദീകരണവും വഴിയെ പറയാം. ഇന്‍ഷാ അല്ലാഹ്.

മനസ്സില്‍ വിശ്വസിക്കേണ്ട കാര്യങ്ങളെ സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഇവിടെ ഈമാന്‍ എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. കാരണം ഇസ്‌ലാം, ഈമാന്‍ എന്നീ പദങ്ങള്‍ ഒരുമിച്ച് ഉപയോഗിക്കപ്പെട്ടാല്‍ ഇസ്‌ലാം ബാഹ്യമായ പ്രവര്‍ത്തനങ്ങളെയും -നിസ്കാരം, സകാത്ത്, ഹജ്ജ് പോലുള്ളവ-, ഈമാന്‍ ആന്തരികമായ പ്രവര്‍ത്തനങ്ങളെയും -അല്ലാഹു ഉണ്ടെന്ന വിശ്വാസം, മലക്കുകളിലും അന്ത്യനാളിലുമുള്ള വിശ്വാസം പോലുള്ളവ- അറിയിക്കുന്നു.

തൗഹീദ് പാലിച്ചവനാണ് മുവഹ്ഹിദ് എന്ന് പറയുക. തൗഹീദ് എന്നാല്‍ ഏകനായ അല്ലാഹു മാത്രമാണ് ഇബാദതിന് അര്‍ഹന്‍ എന്ന വിശ്വാസമാണ്. തൗഹീദിനെ കുറിച്ചുള്ള വിശദാംശങ്ങളും വഴിയെ. ഇന്‍ഷാ അല്ലാഹ്.

ചുരുക്കത്തില്‍; ഇസ്‌ലാമും ഈമാനുമുള്ള; ഉള്ളും പുറവും നന്നായ; ഉറച്ച വിശ്വാസവും അതിന് അനുസരിച്ച പ്രവര്‍ത്തനങ്ങളും ഉള്ള; ഒരു നല്ല മുസ്‌ലിമായി, മുഅ്മിനായി നിന്റെ മകന്‍ വളരണമെങ്കില്‍ അവനെ ആദ്യം പഠിപ്പിക്കേണ്ട കാര്യങ്ങളാണ് ഇനി ഈ ഗ്രന്ഥത്തില്‍ പറയുന്നത് എന്നാണ് ശൈഖ് മത്നിലെ വാക്കുകള്‍ കൊണ്ട് ഉദ്ദേശിച്ചത്.

തുടര്‍ന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment