നിസ്കരിക്കുന്ന വ്യക്തി ശുദ്ധിയുള്ളവനാവുകയും, അവന്റെ വസ്ത്രവും നിസ്കാരസ്ഥലവും ശുദ്ധിയുള്ളതാവുകയും ചെയ്താൽ മാത്രമേ നിസ്കാരം പോലുള്ള ചില ഇബാദതുകൾ നിർവ്വഹിക്കാൻ പാടുള്ളൂ.
ഇപ്രകാരം നിർബന്ധമായും ഉണ്ടായിരിക്കേണ്ട ശുദ്ധി രണ്ട് ഇനങ്ങളാണ്.
ഒന്ന്: ‘ഹദഥി’ൽ (الحَدَثُ) നിന്നുള്ള ശുദ്ധി. ഇത് മൂന്ന് രൂപത്തിലുണ്ട്.
1- വലിയ ശുദ്ധി വരുത്തൽ (الطَّهَارَةُ الكُبْرَى). ഉദാഹരണത്തിന് ഒരാൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അയാൾക്ക് വലിയ അശുദ്ധി (الحَدَثُ الأَكْبَرُ) ബാധിച്ചിരിക്കുന്നു. വലിയ അശുദ്ധി നീങ്ങാൻ കുളിക്കുകയാണ് വേണ്ടത്.
2- ചെറിയ ശുദ്ധി വരുത്തൽ (الطَّهَارَةُ الصُّغْرَى). ഉദാഹരണത്തിന് ഒരാൾ മലമൂത്ര വിസർജനം നടത്തിയാൽ അയാൾക്ക് ചെറിയ അശുദ്ധി (الحَدَثُ الأَصْغَرُ) ബാധിച്ചിരിക്കുന്നു. ചെറിയ അശുദ്ധി നീങ്ങാൻ വുദു എടുക്കുകയാണ് വേണ്ടത്.
3- മേൽ പറഞ്ഞ രണ്ടിനും പകരമുള്ള ശുദ്ധീകരണം (طَهَارَةُ بَدَلٍ). ഉദാഹരണത്തിന് ഒരാൾക്ക് വലിയ അശുദ്ധിയോ ചെറിയ അശുദ്ധിയോ ബാധിക്കുകയും, ശുദ്ധീകരിക്കാൻ വെള്ളം ലഭിക്കാതെ വരികയും ചെയ്താൽ അയാൾക്ക് ശുദ്ധമായ ഭൂപ്രതലം കൊണ്ട് ‘തയമ്മും’ ചെയ്യാം. ഇത് മേൽ പറഞ്ഞ രണ്ട് ശുദ്ധീകരണ രൂപങ്ങൾക്കും പകരമായി നിശ്ചയിക്കപ്പെട്ടതാണ്.
രണ്ട്: ‘ഖബഥി’ൽ (الخَبَثُ) നിന്നുള്ള ശുദ്ധി. ശരീരത്തിലോ വസ്ത്രത്തിലോ നിസ്കാരസ്ഥലത്തോ ഉള്ള മാലിന്യം നീക്കം ചെയ്യലാണ് ഉദ്ദേശം. ഇത് മൂന്ന് രൂപത്തിലുണ്ട്.
1- കഴുകി വൃത്തിയാക്കൽ (طَهَارَةُ غَسْلٍ). ഉദാഹരണത്തിന് വസ്ത്രത്തിൽ മൂത്രമായാൽ വെള്ളം കൊണ്ട് അത് കഴുകി വൃത്തിയാക്കുകയാണ് വേണ്ടത്.
2- തുടച്ചു നീക്കൽ (طَهَارَةُ مَسْحٍ). നിസ്കരിക്കുന്ന സ്ഥലത്ത് വിസർജ്യങ്ങളോ മറ്റോ ഉണ്ടായാൽ തുണി കൊണ്ട് തുടച്ചു നീക്കുക എന്നത് ഉദാഹരണം.
3- വെള്ളം തളിക്കൽ (طَهَارَةُ نَضْحٍ). ഭക്ഷണം കഴിച്ചു തുടങ്ങിയില്ലാത്ത, മുലപ്പാൽ കുടിക്കുന്ന തീരെചെറിയ ആൺകുട്ടികളുടെ മൂത്രം വസ്ത്രത്തിലായാൽ വെള്ളം കുടയുകയും, അതിന് മേൽക്കൂടെ ഒഴിക്കുകയും ചെയ്താൽ മതിയാകും. [1]
[1] بداية المجتهد: لابن رشد: 1/7، الفقه الإسلامي وأدلَّته للزحيلي: 1/238.