ഇസ്ലാമിക കർമ്മശാസ്ത്രം ആരംഭിക്കുന്നത് ശുദ്ധീകരണത്തെ കുറിച്ച് ചർച്ച ചെയ്തു കൊണ്ടാണ്. കർമ്മങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ നിസ്കാരം ശരിയാകണമെങ്കിൽ ശരീരവും വസ്ത്രവും നിസ്കാരസ്ഥലവുമെല്ലാം ശുദ്ധിയാകേണ്ടതുണ്ട് എന്ന നിബന്ധന പാലിക്കപ്പെടേണ്ടതുണ്ട്. ഇതു കൊണ്ടാണ് നിസ്കാരത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് ശുദ്ധിയെ കുറിച്ച് ചർച്ച ചെയ്യുന്നത്.
‘ത്വഹാറത്’ (الطَّهَارَةُ) എന്നാണ് ശുദ്ധിക്ക് പറയുക. മാലിന്യങ്ങളിൽ നിന്നും വൃത്തികേടുകളിൽ നിന്നും ശുദ്ധിയാവുക എന്ന അർത്ഥമാണ് ഭാഷയിൽ അതിനുള്ളത്. [1] എന്നാൽ ത്വഹാറത് എന്നത് കൊണ്ട് കർമ്മശാസ്ത്രത്തിൽ ഉദ്ദേശിക്കുന്നത് സാങ്കേതികമായ മറ്റൊരർത്ഥമാണ്. ”ഹദഥ്’ (الحَدَثُ) ഒഴിവാക്കലും, നജസ് (النَّجَسُ) നീക്കം ചെയ്യലുമാണ്’ ത്വഹാറത് എന്നതിന്റെ മതപരമായ അർത്ഥം. [2]
ഇസ്ലാമിന്റെ ഭാഷയിൽ ശുദ്ധി എന്നാൽ രണ്ട് കാര്യങ്ങളാണെന്ന് ഈ നിർവ്വചനത്തിൽ നിന്ന് മനസ്സിലാക്കാം.
ഒന്ന്: ഹദഥ് (അശുദ്ധി) നീക്കം ചെയ്യൽ. നിസ്കാരത്തിൽ നിന്ന് ഒരാളെ തടഞ്ഞു നിർത്തുന്ന അവസ്ഥയാണ് ഹദഥ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ഒരാൾ മലമൂത്ര വിസർജനം നിർവ്വഹിച്ചാൽ പിന്നീട് അവന് നിസ്കരിക്കാൻ അനുവാദമില്ല. കാരണം അവൻ ചെറിയ അശുദ്ധിയിലാണ്. അത് നീക്കം ചെയ്യുന്നതിന് വുദു എടുക്കണം. ഒരാൾ ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അവൻ വലിയ അശുദ്ധിയിലാണ്; അത് നീങ്ങണമെങ്കിൽ കുളിക്കണം. ഇതാണ് ത്വഹാറതിന്റെ ഒന്നാമത്തെ ഭാഗം.
രണ്ട്: നജസ് നീക്കം ചെയ്യൽ. നിസ്കാരത്തിൽ നിന്ന് തടയുന്ന മാലിന്യങ്ങളാണ് ഉദ്ദേശം. ഉദാഹരണത്തിന് മൂത്രം നജസാണ്. അത് ശരീരത്തിലോ വസ്ത്രത്തിലോ ഉണ്ടെങ്കിൽ അതുമായി നിസ്കരിക്കാൻ അനുവാദമില്ല. ആദ്യം നജസ് നീക്കം ചെയ്യുകയും, ശുദ്ധീകരിക്കുകയും ചെയ്ത ശേഷമേ നിസ്കരിക്കാൻ അനുവാദമുള്ളൂ. ഇതു പോലെ വേറെയും നജസുകളുണ്ട്. അവ നീക്കം ചെയ്യുക എന്നത് ശുദ്ധീകരണത്തിൽ ഉൾപ്പെടുന്നതാണ്.
[1] الطَّهارة لُغةً: النَّزاهةُ والنَّظافةُ مِنَ الأدناسِ والأوساخِ. [لسان العرب لابن منظور: 4/506].
[2] الطهارة اصطلاحًا: رفْعُ الحدَثِ، وزوالُ الخَبَث.