ഇന്ന് സമൂഹത്തെ ശിര്‍കില്‍ വീഴ്ത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്ന ഒന്നാണ് ഖബറുകള്‍. മഹാന്മാരുടെയും സച്ചരിതരുടെയും ഖബറുകള്‍ കെട്ടി പൊക്കിയും ജാറങ്ങളും മഖ്ബറകളുമാക്കി പരിഷ്കരിച്ചും ജനങ്ങളെ ഉറൂസുകളെന്ന പേരിലും നേര്‍ച്ചകളെന്ന വിശേഷണങ്ങള്‍ നല്‍കിയും അങ്ങോട്ടെത്തിക്കുകയും അവിടങ്ങളില്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുന്ന ശിര്‍കും ബിദ്അതുകളും ചെയ്യിപ്പിക്കുന്ന വലിയൊരു വിഭാഗം നമ്മുടെ നാട്ടില്‍ നിലകൊള്ളുന്നുണ്ട്. ഖബറുകളില്‍ കിടക്കുന്നവരോടുള്ള ആദരവിന്റെ പേരില്‍ ആരംഭിക്കുന്ന പല ആചാരങ്ങളും പിന്നീട് അതിരു കവിയുകയും തനിച്ച ശിര്‍കിലേക്ക് എത്തിക്കുകയും ചെയ്യുന്ന കാഴ്ച നമ്മുടെ നാടുകളില്‍ സര്‍വ്വ സാധാരണമാണ്.

ശിര്‍ക് മനുഷ്യ സമൂഹത്തിലേക്ക് ആദ്യമായി കടന്നു വന്നത് തന്നെ ഖബറുകളുടെ കാര്യത്തില്‍ അതിരു കവിഞ്ഞതിലൂടെ ആയിരുന്നു. ആദം -عَلَيْهِ السَّلَامُ- അദ്ദേഹത്തിന്റെ സന്താനങ്ങളെയും, അവര്‍ അവരുടെ സന്താനങ്ങളെയും പഠിപ്പിച്ചതും പരിശീലിപ്പിച്ചതും ശുദ്ധമായ തൗഹീദ് ആയിരുന്നു. അവരുടെ കൂട്ടത്തില്‍ അല്ലാഹുവിനെ ഇബാദത് ചെയ്യുന്ന സച്ചരിതരായ ധാരാളം പേര്‍ ഉണ്ടായിരുന്നു. ഈ ഔലിയാക്കള്‍ മരണപ്പെട്ടപ്പോള്‍ ശ്വൈത്വാന്‍ മനുഷ്യരുടെ അടുക്കല്‍ വരികയും, ഈ മഹാന്മാരെ ആദരിക്കുന്നതിനു വേണ്ടി അവരുടെ ഖബറുകളുടെ സ്ഥാനങ്ങളില്‍ ചില അടയാളങ്ങള്‍ പ്രതിഷ്ടിക്കാനും ബോധനം നല്‍കി. ഇത്തരം ചിഹ്നങ്ങള്‍ കാണുമ്പോള്‍ തങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന മഹാന്മാരെ ഓര്‍ക്കാനും, അങ്ങനെ അല്ലാഹുവിന് ഇബാദത് ചെയ്യാനും കഴിയുമല്ലോ എന്ന സദുദ്ധേശത്തിന്റെ മറവില്‍ പിശാച് ഈ പ്രവൃത്തി അവര്‍ക്ക് അലങ്കരിച്ചു കാണിച്ചു.

എന്നാല്‍ കാലക്രമേണ എന്തിനു വേണ്ടിയായിരുന്നു ഈ അടയാളങ്ങള്‍ മഹാന്മാരുടെ ഖബറുകള്‍ക്ക് മേല്‍ വെച്ചതെന്ന കാര്യം തന്നെ ജനങ്ങള്‍ മറന്നു പോയി. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോള്‍ ഈ പ്രതിഷ്ഠകളുടെ അടുക്കല്‍ വരികയും, അവയെ വിളിച്ച് ആരാധിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ഉടലെടുത്തു. പില്‍ക്കാലത്ത് ആ സമൂഹത്തില്‍ ഒരിക്കലും എതിര്‍ക്കപ്പെടാന്‍ കഴിയാത്ത വിശ്വാസമായി മഹാന്മാരോടുള്ള പ്രാര്‍ത്ഥനയും സഹായതേട്ടവും മാറി. 950 വര്‍ഷം നൂഹ് നബി -عَلَيْهِ السَّلَامُ- അവരുടെ പിതാക്കന്മാര്‍ നിലകൊണ്ട ശരിയായ തൌഹീദിലേക്ക് ആ ജനതയെ ക്ഷണിച്ചിട്ടും വളരെ തുച്ഛം പേര്‍ മാത്രമാണ് അദ്ദേഹത്തിന്റെ പ്രബോധനം സ്വീകരിച്ചത്!

നോക്കൂ! മനുഷ്യ ചരിത്രത്തില്‍ ആദ്യമായി ശിര്‍ക് വന്ന രൂപമായിരുന്നു ഇത്. മഹാന്മാരുടെ ഖബറുകളുമായി ചേര്‍ത്തു കൊണ്ടാണ് ഇത്തരം ചിന്താഗതികള്‍ എക്കാലഘട്ടത്തിലും ഉടലെടുത്തത്. പിന്നീട് പതിയെ പതിയെ  ശിര്‍കിന്റെ ഓരോ വഴികള്‍ അവരിലേക്ക് അരിച്ചു കയറുകയും, അത് ഒരിക്കലും നീക്കം ചെയ്യാന്‍ കഴിയാത്ത വണ്ണം സമൂഹത്തിന്റെ മനസ്സില്‍ വേരുറപ്പിക്കുകയും ചെയ്തു. ഇതു കൊണ്ടൊക്കെ തന്നെ ഖബറുകളുമായി ബന്ധപ്പെട്ട അനാചാരങ്ങളെ ശക്തമായി ഇസ്‌ലാം എതിര്‍ത്തിട്ടുണ്ട്.

ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കുന്നതിനെ പിഴച്ചു പോയ യഹൂദ നസ്വാറാക്കള്‍ ചെയ്തിരുന്ന ശാപാര്‍ഹാമായ പ്രവര്‍ത്തനമായാണ് നബി -ﷺ- വിശേഷിപ്പിച്ചത്. ചരിത്രത്തില്‍ എല്ലാ കാലത്തും സമൂഹത്തെ ശിര്‍കിലേക്ക് എത്തിക്കുന്നതില്‍ ഖബറുകളുമായി ബന്ധപ്പെട്ട അനാചാരങ്ങള്‍ക്ക് സ്വാധീനമുണ്ടായിരുന്നു എന്ന് നബി -ﷺ- യുടെ ഈ അറിയിപ്പില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.

عَنْ أَبِي هُرَيْرَةَ: أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «قَاتَلَ اللَّهُ اليَهُودَ، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ»

അബൂ ഹുറൈറ -ِرَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “അല്ലാഹു യഹൂദരെ ശപിക്കട്ടെ! അവര്‍ അവരുടെ നബിമാരുടെ ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കി.” (ബുഖാരി: 437, മുസ്‌ലിം: 530)

നബിമാരുടെ ഖബറുകളെ ആരാധനാലയങ്ങള്‍ ആക്കുക എന്നത് റസൂല്‍ -ﷺ- യുടെ ശാപം കിട്ടുന്ന കാര്യമാണെന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം. എങ്ങനെയാണ് അല്ലാഹുവിന്റെ റസൂലിന്റെ വാക്കിന് വില കല്‍പ്പിക്കുന്നവര്‍ക്ക് അവിടുത്തെ ശാപം ഏറ്റു വാങ്ങാന്‍ കഴിയുക?! നമ്മുടെ റസൂല്‍ -ﷺ- അവിടുത്തെ മരണത്തിന് മുന്‍പ് ശക്തമായി താക്കീത് ചെയ്ത തിന്മയാണ് ഖബറുകളുമായി ബന്ധപ്പെട്ട അനാചാരങ്ങള്‍.

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ رَسُولُ اللَّهِ -ﷺ- فِي مَرَضِهِ الَّذِي لَمْ يَقُمْ مِنْهُ: «لَعَنَ اللَّهُ اليَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ»، لَوْلاَ ذَلِكَ أُبْرِزَ قَبْرُهُ غَيْرَ أَنَّهُ خَشِيَ – أَوْ خُشِيَ – أَنَّ يُتَّخَذَ مَسْجِدًا.

ആഇശ -ِرَضِيَ اللَّهُ عَنْهَا- പറഞ്ഞു: നബി -ﷺ- വഫാതായ രോഗത്തില്‍ അവിടുന്നു പറഞ്ഞു: “യഹൂദ-നസ്വാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ തങ്ങളുടെ നബിമാരുടെ ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കി.” ആഇശ -ِرَضِيَ اللَّهُ عَنْهَا- പറഞ്ഞു: “അതല്ലായിരുന്നെങ്കില്‍ നബി -ﷺ- യുടെ ഖബര്‍ (ജനങ്ങള്‍ക്ക്) കാണപ്പെടാവുന്ന രൂപത്തില്‍ പുറത്താകുമായിരുന്നു. എന്നാല്‍ അവിടുത്തെ ഖബര്‍ മസ്ജിദാക്കുമോ എന്ന് ഭയക്കപ്പെട്ടു. (ബുഖാരി: 1390, മുസ്‌ലിം: 529)

عَنْ عَائِشَةَ، وَعَبْدِ اللَّهِ بْنِ عَبَّاسٍ، قَالاَ: لَمَّا نَزَلَ بِرَسُولِ اللَّهِ -ﷺ- طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ، فَإِذَا اغْتَمَّ بِهَا كَشَفَهَا عَنْ وَجْهِهِ، فَقَالَ وَهُوَ كَذَلِكَ: «لَعْنَةُ اللَّهِ عَلَى اليَهُودِ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ» يُحَذِّرُ مَا صَنَعُوا.

ആഇഷ -ِرَضِيَ اللَّهُ عَنْهَا- യും ഇബ്‌നു അബ്ബാസ് -ِرَضِيَ اللَّهُ عَنْهُمَا- യും നിവേദനം ചെയ്ത ഹദീസില്‍ ഇപ്രകാരമുണ്ട്. അവര്‍ പറഞ്ഞു: “നബി -ﷺ- ക്ക് മരണം ആസന്നമായപ്പോള്‍ അവിടുന്ന് ഒരു വസ്ത്രം എടുത്ത് തന്റെ മുഖത്ത് ഇട്ടുകൊണ്ടിരുന്നു. ബോധം നഷ്ടപ്പെട്ടാല്‍ അത് അവിടുത്തെ മുഖത്ത് നിന്നെടുത്ത് നീക്കും. ആ അവസ്ഥയിലായിരിക്കെ നബി -ﷺ- പറഞ്ഞു: “അല്ലാഹുവിന്റെ ശാപം യഹൂദ-നസ്വാറാക്കളുടെ മേല്‍ ഉണ്ടാകട്ടെ. അവര്‍ അവരുടെ നബിമാരുടെ ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കി.” നബി -ﷺ- അവര്‍ ചെയ്തതില്‍ നിന്ന് തന്റെ സമൂഹത്തെ താക്കീത് ചെയ്യുകയായിരുന്നു. (ബുഖാരി: 435, മുസ്‌ലിം: 531)

عَنْ جُنْدَبٍ قَالَ: سَمِعْتُ النَّبِيَّ -ﷺ- قَبْلَ أَنْ يَمُوتَ بِخَمْسٍ، وَهُوَ يَقُولُ: «… أَلَا وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ، أَلَا فَلَا تَتَّخِذُوا الْقُبُورَ مَسَاجِدَ، إِنِّي أَنْهَاكُمْ عَنْ ذَلِكَ»

ജുന്‍ദുബ് -ِرَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നബി -ﷺ- വഫാതാകുന്നതിന് അഞ്ചു ദിവസം മുന്‍പ് ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു: “അറിയുക! നിങ്ങള്‍ക്ക് മുന്‍പുള്ളവര്‍ തങ്ങളിലെ നബിമാരുടെയും സ്വാലിഹീങ്ങളുടെയും ഖബറുകളെ ആരാധനാ കേന്ദ്രങ്ങള്‍ ആക്കാറുണ്ടായിരുന്നു. അറിയുക! നിങ്ങള്‍ ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കരുത്. ഞാന്‍ നിങ്ങളോട് അത് തടയുന്നു.” (മുസ്‌ലിം: 532)

عَنْ عَائِشَةَ أُمِّ المُؤْمِنِينَ، أَنَّ أُمَّ حَبِيبَةَ، وَأُمَّ سَلَمَةَ ذَكَرَتَا كَنِيسَةً رَأَيْنَهَا بِالحَبَشَةِ فِيهَا تَصَاوِيرُ، فَذَكَرَتَا لِلنَّبِيِّ -ﷺ- فَقَالَ: «إِنَّ أُولَئِكَ إِذَا كَانَ فِيهِمُ الرَّجُلُ الصَّالِحُ فَمَاتَ، بَنَوْا عَلَى قَبْرِهِ مَسْجِدًا، وَصَوَّرُوا فِيهِ تِلْكَ الصُّوَرَ، فَأُولَئِكَ شِرَارُ الخَلْقِ عِنْدَ اللَّهِ يَوْمَ القِيَامَةِ»

ആഇഷ -ِرَضِيَ اللَّهُ عَنْهَا- യുടെ മറ്റൊരു ഹദീസില്‍ അവര്‍ പറഞ്ഞു: അബ്സീനിയയില്‍ തങ്ങള്‍ കണ്ട ചില കനീസകളെ (നസ്വാറാക്കളുടെ ആരാധനാലയങ്ങള്‍) കുറിച്ചും അവിടെയുള്ള ചിത്രപ്പണികളെ കുറിച്ചും ഉമ്മു ഹബീബയും ഉമ്മു സലമയും -ِرَضِيَ اللَّهُ عَنْهُمَا- നബി -ﷺ- യുടെ സന്നിധിയില്‍ വെച്ച് സംസാരിച്ചു. അപ്പോള്‍ നബി -ﷺ- പറഞ്ഞു: “അക്കൂട്ടര്‍ അവരുടെ കൂട്ടത്തില്‍ ഏതെങ്കിലും സച്ചരിതനായ ഒരു വ്യക്തി മരണപ്പെട്ടാല്‍ അയാളുടെ ഖബ്റിന് മീതെ മസ്ജിദ് പടുത്തുയര്‍ത്തുകയും, അവിടെ അത്തരം ചിത്രപ്പണികള്‍ ചെയ്തു വെക്കുകയും ചെയ്യും. ഖിയാമത് നാളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മോശക്കാരായ കൂട്ടരാണ് അവര്‍!” (ബുഖാരി: 427, മുസ്‌ലിം: 528)

നബി -ﷺ- അവിടുത്തെ വഫാതിന്റെ തൊട്ടു മുന്‍പ് ഖബറുകളുടെ വിഷയത്തില്‍ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തലുകളും താക്കീതുകളും നല്‍കിയിട്ടുണ്ട് ഈ ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം. അവിടുത്തെ -ﷺ- ഈ നിര്‍ദേശങ്ങള്‍ ഒരു ചെറിയ വ്യത്യാസം പോലുമില്ലാതെ നാം നിറവേറ്റേണ്ടതുണ്ട്. കാരണം നമ്മുടെ റസൂല്‍ മരണവേളയില്‍ ചെയ്ത വസ്വിയ്യത് ആണിത്. നബി -ﷺ- നമുക്ക് നമ്മെക്കാള്‍ വേണ്ടപ്പെട്ടവരാണ്. അവിടുത്തെ വാക്കുകള്‍ നമുക്ക് ദുനിയാവിലെ എന്തിനേക്കാളും വിലപ്പെട്ടതാണ്. അവിടുത്തേക്ക് വെറുപ്പുണ്ടാക്കുന്ന ഒന്നും ഒരു മുസ്‌ലിം ചെയ്തു കൂടാ. അപ്പോള്‍ എങ്ങനെ നബി -ﷺ- അവിടുത്തെ മരണത്തിന് തൊട്ടു മുന്‍പ് പറഞ്ഞ ഈ പ്രധാന ഉപദേശങ്ങള്‍ അവന് അവഗണിക്കാന്‍ കഴിയും?!

ഖബറുകളെ മസ്ജിദുകള്‍ ആക്കുക എന്നതിന്റെ ഉദ്ദേശം രണ്ട് കാര്യങ്ങളാണ്.

ഒന്ന്: ഖബറുകള്‍ക്ക് മീതെ മസ്ജിദുകള്‍ പണിയുക. ഒരാള്‍ മരിച്ചാല്‍ അയാളുടെ ഖബര്‍ എവിടെയെങ്കിലും നിശ്ചയിക്കുകയും, അതേ ഖബറിന് മുകളില്‍ മസ്ജിദ് പണിയുകയും ചെയ്യുക എന്നതാണ് ഈ പറഞ്ഞതിന്റെ ഉദ്ദേശം.

രണ്ട്: ഖബറുകളെ ആരാധനക്ക് വേണ്ടിയുള്ള സ്ഥലമാക്കി മാറ്റുക. മസ്ജിദുകള്‍ അല്ലാഹുവിന് ഇബാദത് ചെയ്യുന്നതിന് വേണ്ടിയാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. അതേ കാര്യം ഖബറുകള്‍ക്ക് ചുറ്റും ചെയ്‌താല്‍ അത് ഖബറുകളെ മസ്ജിദുകള്‍ ആക്കലാണ്.

മേല്‍ പറഞ്ഞ രണ്ട് രൂപങ്ങളും നമ്മുടെ നാട്ടില്‍ വ്യാപകമായി കാണപ്പെടുന്നുണ്ട് എന്നതില്‍ സംശയമില്ല. നബി -ﷺ- എത്ര ശക്തമായി വിലക്കിയ കാര്യമാണ് നമ്മുടെ സമൂഹം ചെയ്തു കൊണ്ടിരിക്കുന്നത്?! ഖബറുകളുമായി ബന്ധപ്പെട്ട ശിര്‍കില്‍ നിന്ന് സമൂഹത്തെ താക്കീത് ചെയ്യുന്നവരെ റസൂലിനോട് സ്നേഹമില്ലാത്തവരും അവിടുത്തെ ബഹുമാനിക്കാത്തവരുമായി മുദ്ര കുത്തുന്നവര്‍ ഈ ഹദീസുകള്‍ എങ്ങനെയാണ് പ്രാവര്‍ത്തികമാക്കേണ്ടത് എന്ന് സമൂഹത്തെ പഠിപ്പിക്കട്ടെ.

ഖബറുകളുമായി ബന്ധപ്പെട്ട അനാചാരങ്ങള്‍ ആരംഭിക്കാന്‍ കാരണമാകുന്ന മറ്റൊരു തിന്മയാണ് ഖബറുകള്‍ കെട്ടിപ്പൊക്കുക എന്നതും, മറ്റു ഖബറുകളില്‍ നിന്ന് പ്രത്യേകമായി അറിയപ്പെടുന്ന രൂപത്തില്‍ ഏതെങ്കിലും ഒരു ഖബറിന് സ്ഥാനം നല്‍കലും. ഇത് കൊണ്ട് തന്നെ ഖബറുകള്‍ കെട്ടിപ്പൊക്കുന്നത് നബി -ﷺ- ശക്തമായി വിലക്കി. അല്ല! കെട്ടിപ്പൊക്കിയ ഖബറുകള്‍ -ഇസ്‌ലാമിക ഭരണവും സ്വാധീനവും ഉള്ളയിടങ്ങളില്‍- നിരപ്പാക്കണമെന്നാണ് നബി -ﷺ- യുടെ കല്‍പ്പന.

عَنْ أَبِي الْهَيَّاجِ الْأَسَدِيِّ، قَالَ: قَالَ لِي عَلِيُّ بْنُ أَبِي طَالِبٍ: أَلَا أَبْعَثُكَ عَلَى مَا بَعَثَنِي عَلَيْهِ رَسُولُ اللَّهِ -ﷺ-؟ أَنْ لَا تَدَعَ تِمْثَالًا إِلَّا طَمَسْتَهُ وَلَا قَبْرًا مُشْرِفًا إِلَّا سَوَّيْتَهُ.

അലി -ِرَضِيَ اللَّهُ عَنْهُ- അബുല്‍ ഹയ്യാജ് അല്‍-അസദിയോട് ഇപ്രകാരം പറഞ്ഞതായി കാണാം: “നബി -ﷺ- എന്നെ നിയോഗിച്ച അതേ കാര്യം കൊണ്ട് നിന്നെയും ഞാന്‍ നിയോഗിക്കട്ടെയോ?! ഉയര്‍ന്നു നില്‍ക്കുന്ന ഒരു ഖബറും നിരപ്പാക്കാതെയും, ഒരു വിഗ്രഹവും തകര്‍ക്കാത്തെയും നീ വിട്ടേക്കരുത്.” (മുസ്‌ലിം: 969)

അല്ലാഹുവിന്റെ റസൂല്‍ -ﷺ- അവിടുത്തെ ഏറ്റവും അടുത്ത അനുചരന്മാരില്‍ ഒരാളായ അലി -ِرَضِيَ اللَّهُ عَنْهُ- വിനോട്‌ ഉപദേശിച്ചത് കെട്ടിപ്പൊക്കിയ ഖബറുകള്‍ നിരപ്പാക്കനാണെങ്കില്‍, നമ്മുടെ നാട്ടില്‍ നിരപ്പായ ഖബറുകള്‍ കെട്ടിപ്പൊക്കുന്നവര്‍ നബി -ﷺ- യില്‍ നിന്നും അവിടുത്തെ മാര്‍ഗനിര്‍ദേശങ്ങളില്‍ നിന്നും എത്ര മാത്രം അകലെയായിരിക്കും. ഈ ഹദീസില്‍ കെട്ടിപ്പൊക്കിയ ഖബറുകളെ വിഗ്രഹങ്ങളോടൊപ്പമാണ് നബി -ﷺ- എണ്ണിയത് എന്നതില്‍ നിന്ന് രണ്ടും ഒരു നിലക്ക് ഒരേ അവസ്ഥയില്‍ തന്നെയാണെന്നും മനസ്സിലാക്കാം. 

ഖബറുകളുമായി ബന്ധപ്പെട്ട നബി -ﷺ- യുടെ ചില ഉപദേശങ്ങള്‍ വേറെയുമുണ്ട്. അവയില്‍ ചിലത് കൂടി താഴെ നല്‍കാം.

عَنْ جَابِرٍ، قَالَ: «نَهَى رَسُولُ اللَّهِ -ﷺ- أَنْ يُجَصَّصَ الْقَبْرُ، وَأَنْ يُقْعَدَ عَلَيْهِ، وَأَنْ يُبْنَى عَلَيْهِ»

ജാബിര്‍ -ِرَضِيَ اللَّهُ عَنْهُ- പറഞ്ഞു: “ഖബറുകള്‍ കുമ്മായം തേക്കപ്പെടുക, അവയ്ക്ക് മേല്‍ ഇരിക്കുക, അവയുടെ മേല്‍ കെട്ടിപ്പൊക്കുക എന്നീ കാര്യങ്ങള്‍ നബി -ﷺ- വിലക്കിയിരിക്കുന്നു.” (മുസ്‌ലിം: 970)

عَنْ أَبِي مَرْثَدٍ الغَنَوِيِّ عَنِ النَّبِيِّ -ﷺ- قَالَ: «لَا تَجْلِسُوا عَلَى القُبُورِ، وَلَا تُصَلُّوا إِلَيْهَا»

അബൂ മര്‍ഥദ് അല്‍-ഗനവി -ِرَضِيَ اللَّهُ عَنْهُ- പറഞ്ഞു: നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ ഖബറുകള്‍ക്ക് മേല്‍ ഇരിക്കരുത്. അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയും ചെയ്യരുത്.” (മുസ്‌ലിം: 972)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو أَنَّ رَسُولَ اللَّهِ -ﷺ- نَهَى عَنِ الصَّلَاةِ فِي المَقْبَرَةِ.

അബ്ദുല്ലാഹി ബ്നു അംര്‍ -ِرَضِيَ اللَّهُ عَنْهُ- പറഞ്ഞു: നബി -ﷺ- മഖ്ബറകളില്‍ നിസ്കരിക്കുന്നത് നിരോധിച്ചിട്ടുണ്ട്.” (ഇബ്‌നു ഹിബ്ബാന്‍: 4/33)

ഈ ഹദീസുകളില്‍ നിന്നെല്ലാം ഇസ്‌ലാം എത്ര മാത്രം ഖബറുകളുടെ വിഷയത്തിലുള്ള അതിരു കവിച്ചിലിലൂടെ ശിര്‍ക് ഈ സമൂഹത്തില്‍ കടന്നു വരാതിരിക്കാന്‍ ശ്രദ്ധ കല്‍പ്പിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും. മേല്‍ പറഞ്ഞ ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ട വിഷയങ്ങള്‍ വലിയ മഖ്ബറകള്‍ക്കും ഒരൊറ്റ ഖബറിനും ഒരേ പോലെ ബാധകമാണ്.

ഇതെല്ലാം കേട്ടാലും വായിച്ചാലും തങ്ങളുടെ പിഴച്ച ചിന്താഗതികള്‍ ഒഴിവാക്കാതെ മുറുകെ പിടിക്കുന്ന ചിലരെ കാണാന്‍ കഴിയും. എങ്ങനെയാണ് ഇത്രയധികം ഹദീസുകളെയും അവയുടെ വിശദീകരണത്തില്‍ പണ്ഡിതന്മാര്‍ വിശദീകരിച്ച കാര്യങ്ങളെയും ഇത്ര നിസ്സാരമായി അവര്‍ക്ക് അവഗണിക്കാന്‍ കഴിയുന്നത്?! നാളെ പരലോകത്ത് എന്തു മറുപടിയാണ് അല്ലാഹുവിനോട് പറയാനായി അവര്‍ ബാക്കി വെച്ചിട്ടുള്ളത്‌?!

നബി -ﷺ- യില്‍ നിന്ന് ദീന്‍ പഠിച്ച സ്വഹാബികളുടെ കാലത്ത് ഏതെങ്കിലും ഒരു ഖബറെങ്കിലും ഇന്ന് നമ്മുടെ നാട്ടില്‍ ആദരിക്കപ്പെടുന്ന പോലെ ആദരിക്കപ്പെട്ടതായി കാണാന്‍ കഴിയില്ല. ഒന്നാലോചിച്ചാല്‍ അവരില്‍ ബദ്രീങ്ങളും ഉഹ്ദീങ്ങളും മറ്റനേകം സ്വാലിഹീങ്ങളും ശുഹദാക്കളും ഉണ്ടായിരുന്നു. അല്ല! അവരുടെയെല്ലാം നേതാവായ നബി -ﷺ- യുടെ ഖബര്‍ ഉണ്ടായിരുന്നു. എന്നിട്ട് അവര്‍ ആരെങ്കിലും ഇപ്രകാരം ഖബറുകളെ -ഇന്ന് നമ്മുടെ നാട്ടില്‍ കാണുന്ന രൂപത്തില്‍- പരിചരിച്ചിരുന്നോ?! ഒരു സംഭവം പോലും സ്ഥിരപ്പെട്ട രൂപത്തില്‍ കാണിച്ചു തരാന്‍ ആര്‍ക്കും കഴിയില്ല എന്നതാണ് സത്യം!

ഇസ്‌ലാമിന്റെ ചരിത്രത്തെ കുറിച്ച് കേവല ധാരണയെങ്കിലും ഉള്ളവര്‍ക്ക് അറിയാന്‍ കഴിയും; എത്ര മാത്രം കൃത്യതയോടെയാണ് അക്കാലഘട്ടത്തിലെ ചരിത്രം ഓരോ കാലഘട്ടത്തിലും ജീവിച്ചവര്‍ നമുക്ക് എത്തിച്ചു തന്നതെന്ന്. അതില്‍ എവിടെയെങ്കിലും -സ്ഥിരപ്പെട്ട നിവേദന പരമ്പരയോടെ- ഒരൊറ്റ സംഭാവമെങ്കിലും ഇക്കാലഘട്ടത്തില്‍ നടക്കുന്നതിന് മാതൃകയായി കാണിച്ചു തരാന്‍ എത്ര പരതിയാലും ആര്‍ക്കും സാധിക്കുകയില്ല.

സഹോദരാ! നീ ചിന്തിക്കുക! ഇസ്‌ലാമിക സമൂഹം എത്രയോ വലിയ അതിര്‍വരമ്പുകള്‍ ഉള്‍ക്കൊള്ളാവുന്നത്ര വിശാലമായിരുന്നു! ഹിജാസും യമനും ശാമും ഇറാഖും മിസ്വ്-റും ഖുറാസാനും മഗ്രിബുമെല്ലാം ഇസ്‌ലാമിക ചരിത്രം നിറഞ്ഞു നിന്ന നാടുകളാണ്. അവിടെ എവിടെയെങ്കിലും സ്വഹാബികളുടെ കാലഘട്ടത്തില്‍ പരിഗണിക്കപ്പെടാവുന്ന ഒരു സംഭവമെങ്കിലും നടന്നതായി ആര്‍ക്കും കാണിച്ചു തരാന്‍ കഴിയില്ല എന്ന് ഇത്ര ഉറപ്പോടെ ഒരാള്‍ക്ക് വെല്ലുവിളിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിന്റെ അര്‍ഥം ഇന്ന് മുസ്‌ലിം സമൂഹം ചെയ്തു കൊണ്ടിരിക്കുന്ന ജാറങ്ങളുമായി ബന്ധപ്പെട്ട അനാചാരങ്ങള്‍ക്ക് ഒരു അടിസ്ഥാനവും ഇല്ല എന്നല്ലേ?!

ഇന്നീ കാണപ്പെടുന്ന രൂപത്തിലുള്ള അനാചാരങ്ങള്‍ ഖബറുമായി ബന്ധപ്പെട്ടു ഉടലെടുത്തത് നബി -ﷺ- ശ്രേഷ്ഠരായ സമൂഹം എന്നറിയിച്ച മൂന്ന് തലമുറകള്‍ക്ക് ശേഷമാണ് എന്ന് ചരിത്രം പഠിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. റസൂലുള്ള -ﷺ- പുകഴ്ത്തി പറഞ്ഞവര്‍ക്ക് പോലും ലഭിക്കാത്ത ശ്രേഷ്ഠതയും നന്മയുള്ള ഒരു കാര്യം നമുക്കെങ്ങനെയാണ് ദീനിന്റെ കാര്യത്തില്‍ നേടിയെടുക്കാന്‍ കഴിയുക?!

ഇത്തരം ബിദ്അതുകള്‍ സമൂഹത്തിലേക്ക് കൊണ്ടു വന്നത് തനിച്ച പിഴച്ച കക്ഷികളായ -ഇസ്‌ലാമില്‍ നിന്ന് തന്നെ പുറത്തു പോയ- ഖറാമിത്വകളെ പോലുള്ള, ബാത്വിനിയ്യാക്കളെ പോലുള്ള കക്ഷികള്‍ ഉടലെടുത്തതിന് ശേഷമാണ്. അവരുടെ ചരിത്രം വായിക്കുന്നവര്‍ക്ക് ഇസ്‌ലാമില്‍ നിന്ന് എത്ര മാത്രം അകന്നു നിന്ന ഒരു സമൂഹമായിരുന്നു ഇവര്‍ എന്ന് വളരെ വേഗം മനസ്സിലാക്കാന്‍ സാധിക്കും.

റസൂലിന്റെയും സ്വഹാബത്തിന്റെയും മാര്‍ഗമാണോ നമുക്ക് വേണ്ടത്? അല്ല! പിഴച്ച ബിദ്അതുകാരുടെ മാര്‍ഗമോ?!

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

أَصْلُهُ: رِسَالَةٌ كَتَبَهَا الشَّيْخُ فَيْصَلُ بْنُ قَزَّار الجَاسِم

تَجْرِيدُ التَّوْحِيدِ مِنْ دَرَنِ الشِّرْكِ وَشُبَهِ التَّنْدِيدِ

-غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment