ഒരാള്‍ മുസ്‌ലിമാകുന്നത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമതുത്തൌഹീദ്’ ഉച്ചരിച്ചു കൊണ്ടാണല്ലോ? ഈ വാക്ക് കേവലം ഉച്ചരിച്ചത് കൊണ്ട് അയാള്‍ മുസ്‌ലിമാകുന്നില്ല; മറിച്ച് അതിന്റെ അര്‍ഥം മനസ്സിലാക്കുകയും അത് ഉള്‍ക്കൊള്ളുന്ന കാര്യങ്ങള്‍ സത്യപ്പെടുത്തുകയും, അതിന് വിരുദ്ധമാകുന്ന കാര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയും, അവയെല്ലാം നിരര്‍ത്ഥകമാണെന്ന് വിശ്വസിക്കുകയും വേണം. അപ്പോള്‍ മാത്രമേ ഒരു യഥാര്‍ത്ഥ മുസ്‌ലിമായി അയാള്‍ മാറുകയുള്ളൂ.

ശഹാദത് കലിമ കേവലം ഉച്ചരിച്ചത് കൊണ്ട് മാത്രം ആരെങ്കിലും മുസ്‌ലിമാവുകയും, സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യുമായിരുന്നെങ്കില്‍ മുനാഫിഖുകള്‍ -കപടവിശ്വാസികള്‍- ആകുമായിരുന്നു. ലാ ഇലാഹ ഇല്ലല്ലാഹ് പുറമേക്ക് പറയുകയും, അതിന്റെ അടയാളങ്ങള്‍ പുറത്തു കാണിക്കുകയും ചെയ്യുന്നവര്‍ തന്നെയാണല്ലോ മുനാഫിഖുകള്‍? എന്നാല്‍ അവരുടെ മനസ്സിലെ വിശ്വാസം ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന് വിരുദ്ധമായത് കൊണ്ട് തന്നെ അവര്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോവുകയും, കാഫിറാവുകയും ചെയ്തു. നാളെ പരലോകത്ത് നരകത്തിന്റെ ഏറ്റവും അടിത്തട്ടിലാണ് അവര്‍ക്ക് സ്ഥാനമുള്ളത്.

ലാ ഇലാഹ ഇല്ലല്ലാഹ് എന്നു പ്രഖ്യാപിച്ചവന്‍ അത് അവന്റെ അടുക്കല്‍ നിന്ന് സ്വീകരിക്കപ്പെടണമെങ്കില്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന് വിരുദ്ധമാകുന്ന കാര്യങ്ങളെ നിഷേധിക്കുകയും, അതില്‍ നിന്ന് അങ്ങേയറ്റം അകല്‍ച്ച പാലിക്കുകയും, അത്തരം കാര്യങ്ങളില്‍ അകപ്പെട്ടവര്‍ മുസ്‌ലിമല്ല എന്നു വിശ്വസിക്കുകയും ചെയ്യല്‍. താഴെ പറയുന്ന വിശദീകരണത്തില്‍ നിന്ന് ഇക്കാര്യം മനസ്സിലാകും. ഇന്‍ഷാ അല്ലാഹ്.

‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമതിനെ പരിശോധനാ വിധേയമാക്കുന്ന ഏതൊരാള്‍ക്കും രണ്ട് കാര്യങ്ങള്‍ അവ ഉള്‍ക്കൊള്ളുന്നതായി കാണാന്‍ കഴിയും. അതില്‍ ഒന്നാമത്തേത് നിഷേധവും രണ്ടാമത്തേത് സ്ഥിരീകരണവുമാണ്. ‘ലാ ഇലാഹ’ എന്നതിന്റെ അര്‍ഥം ഒരു ഇലാഹുമില്ല എന്നാണ്; അത് നിഷേധമാണ്. ‘ഇല്ലല്ലാഹ്’ എന്നാല്‍ അല്ലാഹുവല്ലാതെ എന്നുമാണ് അര്‍ഥം; അതാകട്ടെ സ്ഥിരീകരണവുമാണ്. ഇത് രണ്ടും ഉള്‍ക്കൊള്ളുമ്പോഴാണ് തൗഹീദ് പൂര്‍ത്തിയാകുന്നത്.

‘അല്ലാഹു ഇലാഹാണ്’ എന്നോ, ‘അല്ലാഹു മാത്രമാണ് ഇലാഹ്’ എന്നോ അല്ല ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ അര്‍ഥം. മറിച്ച് അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹുമില്ല എന്ന കൃത്യമായ പ്രഖ്യാപനമാണ് അത്. ഞാന്‍ അല്ലാഹുവിനെ മാത്രം ആരാധിച്ചു കൊള്ളാം; ബാക്കിയുള്ളവര്‍ അവര്‍ക്കിഷ്ടമുള്ളത് ആരാധിക്കട്ടെ; അതും ശരി, ഇതും ശരി എന്ന നിലപാടല്ല ഈ കലിമത് ഉള്‍ക്കൊള്ളുന്നത് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. ഈ കലിമതിന് വിരുദ്ധമാകുന്ന കാര്യങ്ങളോടുള്ള കൃത്യമായ നിഷേധവും, ഒരു സന്ധിയുമില്ലാത്ത അകല്‍ച്ചയും അത് ഉള്‍ക്കൊള്ളുന്നുണ്ട്.

ചുരുക്കത്തില്‍ അല്ലാഹു മാത്രമാണ് യഥാര്‍ത്ഥ ആരാധ്യന്‍. അവന്‍ മാത്രമേ ഇബാദത് സമര്‍പ്പിക്കപ്പെടാന്‍ അര്‍ഹതയുള്ളവനായി ഉള്ളൂ. അവനോട് മാത്രമേ പ്രാര്‍ഥിക്കാവൂ. അവനെ മാത്രമേ ആരാധിക്കാവൂ. അവനോട് മാത്രമേ സഹായം തേടാവൂ. അവനില്‍ മാത്രമേ ഭരമേല്‍പ്പിക്കാവൂ. അവനെ മാത്രമേ ഭയക്കാവൂ. ഇങ്ങനെ എന്തെല്ലാം ഇബാദതുകള്‍ ഉണ്ടോ; അവയെല്ലാം അല്ലാഹുവിന് മാത്രമേ ചെയ്യാന്‍ പാടുള്ളൂ. ഇതാണ് കലിമതു ശഹാദതിന്റെ ആദ്യ ഭാഗം. ഏറ്റവും വലിയ നീതി അതാണ്‌. ഏറ്റവും മഹത്തരമായ നന്മയും സല്‍കര്‍മ്മവും അത് തന്നെ. ആകാശഭൂമികള്‍ സൃഷ്ടിക്കപ്പെട്ടത് അതിന് വേണ്ടിയാണ്. ഈ ഒരു കാര്യം ജീവിതത്തില്‍ പാലിക്കുന്നതിനായാണ് മനുഷ്യരും ജിന്നുകളും പടക്കപ്പെട്ടത്.

അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവര്‍ യഥാര്‍ത്ഥ ആരാധ്യരല്ല. അവര്‍ക്ക് ആരാധനകള്‍ നല്കപ്പെടാനുള്ള അര്‍ഹതയില്ല. ഇതാണ് കലിമതിന്റെ രണ്ടാം ഭാഗം. ആരെങ്കിലും അല്ലാഹുവിന് പുറമെ തങ്ങളെ ആരാധിക്കണം എന്നു ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ഏറ്റവും അനര്‍ഹമായ കാര്യം ആവശ്യപ്പെടുന്ന തനിച്ച അതിക്രമിയും ഏറ്റവും വലിയ തെമ്മാടിയുമാണ്‌ അവന്‍. അല്ലാഹുവിന് മാത്രം അര്‍ഹതയുള്ള ഇബാദതുകളില്‍ ഏതെങ്കിലും ഒരു കാര്യം അവനല്ലാത്തവര്‍ക്ക് ആരെങ്കിലും സമര്‍പ്പിക്കുന്നുണ്ടെങ്കില്‍ ഏറ്റവും വലിയ അന്യായവും തിന്മയും ചെയ്തവനാണ് അവന്‍. അല്ലാഹുവിന് പുറമെയുള്ളവര്‍ക്ക് നല്‍കപ്പെടുന്ന ഈ ഇബാദതിനെക്കാള്‍ അനര്‍ഹാവും അനീതി നിറഞ്ഞതുമായ മറ്റൊരു കാര്യവുമില്ല.

മേല്‍ പറഞ്ഞ രണ്ടു കാര്യങ്ങളും ലാ ഇലാഹ ഇല്ലല്ലാഹ് എന്നു പ്രഖ്യാപിക്കുന്ന ഒരു മനുഷ്യന്റെ വിശ്വാസത്തില്‍ അടിയുറച്ച രൂപത്തില്‍ നിലനില്‍ക്കണം. അവ രണ്ടും ഒരേ പ്രാധാന്യത്തോടെ അവന്‍ തന്റെ മനസ്സിലും നാവിലും ശരീരത്തില്‍ മുഴുവനും സംരക്ഷിക്കണം. അവക്ക് വിരുദ്ധമാകുന്ന കാര്യങ്ങളായിരിക്കണം അവന്റെ മനസ്സില്‍ ഏറ്റവും പ്രയാസമുണ്ടാക്കുന്നതും, അങ്ങേയറ്റം വെറുപ്പുണ്ടാക്കുന്നതും. അവന്‍ ജീവിക്കുന്നത് ഈ രണ്ട് കാര്യങ്ങള്‍ക്ക് വേണ്ടിയാണ്. അവന്റെ ക്ഷണവും പ്രബോധനവും അതിലേക്ക് മാത്രമാണ്. അവന്‍ മരിക്കുന്നതും -ഇന്‍ഷാ അല്ലാഹ്- അതേ മാര്‍ഗത്തില്‍ തന്നെയായിരിക്കും.

മേല്‍ പറഞ്ഞ ഈ രണ്ട് കാര്യങ്ങള്‍ ഖുര്‍ആനിലെ ആയതുകളിലും നബി -ﷺ- യുടെ ഹദീസുകളിലും വ്യക്തമായി സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്.

അല്ലാഹു -تَعَالَى- പറഞ്ഞു:

فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا ۗ

“ആകയാല്‍ ഏതൊരാള്‍ ത്വാഗൂതുകളില്‍ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ‘ഉര്‍വതുല്‍ വുസ്ഖ’യില്‍ ആകുന്നു. അത് പൊട്ടി പോകുകയേ ഇല്ല.” (ബഖറ: 256)

ഈ ആയത് ശ്രദ്ധയോടെ വായിക്കുക. രണ്ടു കാര്യങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ ഒരാള്‍ ‘ഉര്‍വതുല്‍ വുസ്ഖ’യില്‍ മുറുകെ പിടിച്ചവനാകും എന്നാണ് അല്ലാഹു -تَعَالَى- നമ്മെ അറിയിക്കുന്നത്. ഉര്‍വതുല്‍ വുസ്ഖ എന്നാല്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമതാണെന്ന് സലഫുകളില്‍ പലരും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ രണ്ടു കാര്യങ്ങള്‍ ചെയ്‌താല്‍ അയാള്‍ ലാ ഇലാഹ ഇല്ലല്ലാഹ് മുറുകെ പിടിച്ചവനാകും. അതില്‍ ഒന്നാമത്തെ കാര്യം: ത്വാഗൂതുകളില്‍ അവിശ്വസിക്കുക എന്നതാണ്. രണ്ടാമത്തെ കാര്യം അല്ലാഹുവില്‍ വിശ്വസിക്കലും. 

ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ ഉദ്ദേശം ഈ പറഞ്ഞതില്‍ നിന്ന് മനസ്സിലാകും. മേലെ നാം പറഞ്ഞതു പോലെ അല്ലാഹുവിന് പുറമെയുള്ള ആരാധ്യരെ നിഷേധിക്കലും അല്ലാഹുവിന് മാത്രമേ ഇബാദത് നല്‍കാവൂ എന്ന കാര്യം സ്ഥിരീകരിക്കലുമാണ് അത്. അവ രണ്ടും ഒരാള്‍ ചെയ്‌താല്‍ അയാള്‍ കലിമതുത്തൌഹീദ് മുറുകെ പിടിച്ചവനാകും. അതില്‍ ഏതെങ്കിലും ഒന്നില്‍ അയാള്‍ക്ക് പിഴച്ചാല്‍ ലാ ഇലാഹ ഇല്ലല്ലാഹ് അയാള്‍ ശരിയാംവണ്ണം മുറുകെ പിടിക്കാത്തവനുമാകും

അല്ലാഹു -تَعَالَى- പറഞ്ഞു:

وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ

“തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ത്വാഗൂതുകളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.)” (നഹ്ല്‍: 36)

നോക്കൂ! നബിമാര്‍ പ്രബോധനം ചെയ്തത് രണ്ട് കാര്യങ്ങളാണ് എന്ന് ഈ ആയത്തിലും അല്ലാഹു -تَعَالَى- നമ്മെ അറിയിക്കുന്നു. ഒന്നാമത്തെ കാര്യം: അല്ലാഹുവിന് ഇബാദത് ചെയ്യുക എന്നതാണ്. അത് അല്ലാഹുവിന് മാത്രം ഇബാദത് സ്ഥിരീകരിക്കലാണ്. രണ്ടാമത്തെ കാര്യം ത്വാഗൂതുകളെ നിഷേധിക്കലാണ്. അല്ലാഹുവിന് പുറമെ ഇബാദത് ചെയ്യപ്പെടുന്നവരെ നിഷേധിക്കലാണ് അതു കൊണ്ട് ഉദ്ദേശിക്കുന്നത്. നബിമാര്‍ ഈ രണ്ട് കാര്യങ്ങളിലെക്കാന് ക്ഷണിച്ചത്. ഈ രണ്ട് കാര്യങ്ങളാണ് ലാ ഇലാഹ ഇല്ലല്ലാഹ് ഉള്‍ക്കൊള്ളുന്നത്. നബിമാര്‍ ക്ഷണിച്ചതും അതിലേക്കായിരുന്നല്ലോ?!

അല്ലാഹു -تَعَالَى- പറഞ്ഞു:

وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدُونِ ﴿٢٥﴾

“‘ലാ ഇലാഹ ഇല്ലല്ലാഹ്’ (ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല) അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല.” (അമ്പിയാഅ: 25)

നബിമാര്‍ ലാ ഇലാഹ ഇല്ലല്ലാഹുവിലേക്ക് ആണ് ക്ഷണിച്ചത് എന്ന് ഒരു ആയത്തിലും, അല്ലാഹുവിനെ ഇബാദത് ചെയുകയും ത്വാഗൂതുകളെ വെടിയുകയും ചെയ്യുക എന്നതിലേക്കാണ് ക്ഷണിച്ചത് എന്ന് മറ്റൊരു ആയതിലും വിശദീകരിച്ചതില്‍ നിന്ന് കലിമതു ശഹാദയുടെ അര്‍ഥം നമുക്ക് മനസ്സിലാക്കാന്‍ കഴിയും. മേലെ നാം പറഞ്ഞതു പോലെ നിഷേധവും സ്ഥിരീകരണവും ഉള്‍ക്കൊള്ളുന്ന -അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുകയും, അവന് പുറമെ ഇബാദത് ചെയ്യപ്പെടുന്നവരെ നിഷേധിക്കലുമാണ് അത്-.

ത്വാഗൂതുകളെ നിഷേധിക്കുക എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കണം എങ്കില്‍ ആരാണ് ത്വാഗൂതുകള്‍ എന്നു കൂടി അറിയണം. ചുരുങ്ങിയ രൂപത്തില്‍ അതു കൂടെ ഇവിടെ വിശദീകരിക്കാം. ഇമാം മാലിക് -رَحِمَهُ اللَّهُ- പറഞ്ഞതു പോലെ: അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന എല്ലാം ത്വാഗൂതുകളാണ്. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളും കല്ലുകളും ജാറങ്ങളും മഖ്ബറകളും നക്ഷത്രങ്ങളും എല്ലാം ത്വാഗൂത് എന്നു വിശേഷിപ്പിക്കപ്പെടും. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുകയും അതില്‍ തൃപ്തി പ്രകടിപ്പിക്കുകയും ചെയ്ത ഫിര്‍ഔന്‍, നംറൂദ്, ശയ്ത്വാന്‍ പോലുള്ളവരും ത്വാഗൂതുകള്‍ തന്നെ. അവയിലെല്ലാം നാം അവിശ്വസിക്കണം.

ചിലര്‍ ചോദിച്ചേക്കാം: അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ചില സ്വാലിഹീങ്ങളായ മനുഷ്യരും മലക്കുകളും ഒക്കെയുണ്ടല്ലോ? ഉദാഹരണത്തിന് ഈസ നബി -عَلَيْهِ السَّلَامُ- യെ നസ്വ്റാനികള്‍ ആരാധിക്കുന്നുണ്ട്. ഉസൈറിനെ -عَلَيْهِ السَّلَامُ- ആരാധിക്കുന്ന യഹൂദരുണ്ട്. എത്രയോ സ്വാലിഹീങ്ങളെ ആരാധിക്കുന്ന മനുഷ്യര്‍ വേറെയുമുണ്ട്. ഈ നബിമാരെയും ഔലിയാക്കളെയും സ്വാലിഹീങ്ങളെയും ത്വാഗൂതുകള്‍ എന്നു വിശേഷിപ്പിക്കാമോ?

ഉത്തരം: അവര്‍ ത്വാഗൂതുകളല്ല. കാരണം അല്ലാഹുവിന് പുറമെ തങ്ങള്‍ ആരാധിക്കപ്പെടുന്നതില്‍ അവര്‍ക്ക് യാതൊരു തൃപ്തിയുമില്ല. അതില്‍ അങ്ങേയറ്റത്തെ ദേഷ്യവും വെറുപ്പും വെച്ചു പുലര്‍ത്തുന്നവരായിരുന്നു അവര്‍. അല്ല! അവരുടെ ജീവിതം മുഴുവന്‍ അവര്‍ ചിലവഴിച്ചത് ഇക്കാര്യം ജനങ്ങളെ അറിയിക്കുന്നതിനും പഠിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു. തങ്ങള്‍ ആരാധിക്കപ്പെടുന്നതില്‍ അവര്‍ക്ക് എങ്ങനെയാണ് തൃപ്തിയുണ്ടാവുക?! മേലെ നാം പറഞ്ഞതു പോലെ: അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുകയും അതില്‍ തൃപ്തിയുള്ളവരാവുകയും ചെയ്തവരാണ് ത്വാഗൂതുകള്‍.

പറഞ്ഞു വന്ന കാര്യത്തിലേക്ക് ഒന്നു കൂടി തിരിച്ചു പോകാം. ഒരാള്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമത് ശരിയാംവണ്ണം ഉച്ചരിക്കുന്നുണ്ടെങ്കില്‍ അയാള്‍ ത്വാഗൂതുകളില്‍ അവിശ്വസിക്കണം. ത്വാഗൂതുകള്‍ ആരാണെന്ന് ഇമാം മാലികിന്റെ നിര്‍വ്വചനത്തില്‍ നിന്നും മനസ്സിലായി. അപ്പോള്‍ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ആള്‍ദൈവങ്ങള്‍, മരങ്ങള്‍, ജാറങ്ങള്‍, മഖ്ബറകള്‍ പോലുള്ളവ ത്വാഗൂതുകള്‍ ആണെന്ന് ഒരാള്‍ ഉറച്ചു വിശ്വസിക്കണം എന്ന് ഈ പറഞ്ഞതില്‍ നിന്ന് ഗ്രഹിക്കാം. അവക്ക് ചെയ്യപ്പെടുന്ന ഇബാദതുകള്‍ അങ്ങേയറ്റത്തെ അനീതിയാണെന്നും, ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുന്ന തനിച്ച കുഫ്റാണ് എന്നും, അത് ചെയ്യുന്നവന്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോവുകയും കാഫിറായി മാറുകയും ചെയ്യുമെന്നും മനസ്സിലാക്കാം. ഈ നിലപാടിലേക്ക് ഒരാള്‍ എത്തുമ്പോള്‍ മാത്രമേ അവന്‍ ലാ ഇലാഹ ഇല്ലല്ലാഹ് വിശ്വസിച്ചവനാകൂ.

ചിലര്‍ പറയുന്നത് പോലെ: ഞാന്‍ അല്ലാഹുവിനെ മാത്രമേ ആരാധിക്കുന്നുള്ളൂ എന്നു പറഞ്ഞതു കൊണ്ട് മാത്രം കാര്യമായിര്‍ല്ല. മറിച്ച് അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ഇത്തരം ത്വാഗൂതുകളെ അവന്‍ തള്ളിപ്പറയണം. അങ്ങനെയാണ് ത്വാഗൂതുകളില്‍ അവിശ്വസിക്കേണ്ടത്. അതോടൊപ്പം ഇത്തരം ത്വാഗൂതുകളെ ആരാധിക്കുന്നവരില്‍ നിന്ന് വിശ്വാസപരമായ അകല്‍ച്ച പാലിക്കണം. അവയും ഞാനുമായി മതപരമായി ഒരു ബന്ധവുമില്ലെന്ന് സംശയലേശമന്യേ പ്രഖ്യാപിക്കണം. ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- പറഞ്ഞതു പോലെ:

قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّىٰ تُؤْمِنُوا بِاللَّهِ وَحْدَهُ

“നിങ്ങള്‍ക്ക് ഇബ്രാഹീമിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്‌. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു.” (മുംതഹന: 4)

നോക്കൂ! ഇബ്രാഹീം -عَلَيْهِ السَّلَامُ- പറഞ്ഞത്: നിങ്ങളില്‍ നിന്നും നിങ്ങള്‍ ആരാധിക്കുന്നവയില്‍ നിന്നും ഞാന്‍ ഒഴിവാണ് എന്നാണ്. ഇതാണ് ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ നിലപാട്. അല്ലാഹുവിന് മാത്രം ആരാധന നല്‍കപ്പെടുക എന്ന തൌഹീദില്‍ നിന്ന് വ്യതിചലിക്കുന്ന, അതിനോട് എതിരാകുന്ന എന്തൊരു കാര്യത്തില്‍ നിന്നും അദ്ദേഹം ശക്തമായി അകല്‍ച്ച പാലിച്ചു. മരണം വരെ അതിനെതിരെ പോരാടി.

ചിലര്‍ പറയുന്നത് പോലെ: ശിര്‍കിനും മുശ്രിക്കുകള്‍ക്കും എതിരെ എന്റെ മനസ്സില്‍ ഞാന്‍ വെറുപ്പ് സൂക്ഷിക്കുന്നു എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ നിലപാട്. മറിച്ച് അവയോടുള്ള വെറുപ്പ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം പ്രകടമായി ബോധ്യപ്പെടുന്ന രൂപത്തിലായിരുന്നു ഇബ്രാഹീം -عَلَيْهِ السَّلَامُ- ജീവിച്ചത്. അദ്ദേഹം പറഞ്ഞതു നോക്കൂ: “നമുക്കും നിങ്ങള്‍ക്കും ഇടയില്‍ എന്നെന്നേക്കുമായി ശത്രുതയും വിദ്വേഷവും പ്രകടമായിരിക്കുന്നു.” ഇബ്രാഹീമിന്റെ ഈ മാര്‍ഗമാണ് നാം പിന്തുടരാന്‍ കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

അല്ലാഹു -تَعَالَى- പറഞ്ഞു:

فَاتَّبِعُوا مِلَّةَ إِبْرَاهِيمَ حَنِيفًا وَمَا كَانَ مِنَ الْمُشْرِكِينَ ﴿٩٥﴾

“(നബിയേ,) പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു. ആകയാല്‍ ഹനീഫായ (തൗഹീദിലേക്ക് മാത്രം ചാഞ്ഞു നിലകൊള്ളുകയും, ശിര്‍ക്കില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്ത) ഇബ്രാഹീമിന്റെ മാര്‍ഗം നിങ്ങള്‍ പിന്തുടരുക. അദ്ദേഹം മുശ്രിക്കുകളുടെ കൂട്ടത്തിലായിരുന്നില്ല.” (ആലു ഇംറാന്‍: 95)

وَمَن يَرْغَبُ عَن مِّلَّةِ إِبْرَاهِيمَ إِلَّا مَن سَفِهَ نَفْسَهُ ۚ

“സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്രാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക?” (ബഖറ: 130)

അപ്പോള്‍ ഞങ്ങളും മുസ്‌ലിമീങ്ങള്‍ ആണെന്ന് അവകാശപ്പെടുന്ന ചിലരുടെ കാര്യം നോക്കൂ. അല്ലാഹുവും റസൂലും ശക്തമായി വിലക്കിയ ശിര്‍ക് അവരുടെ ഹൃദയത്തില്‍ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. അതിന്റെ വഹാകരും കാവലാളുകളുമായി അവര്‍ മാറിയിരിക്കുന്നു. അവരെ തിരിച്ചറിയുന്ന അടയാളമായി ശിര്‍കും അതിന്റെ പ്രകട രൂപങ്ങളും പരിണമിച്ചിരിക്കുന്നു.

ജാറങ്ങളിലാണ് അവരുടെ അഭയം. ഔലിയാക്കളിലാണ് അവര്‍ ആശ്രയം തേടിയിരിക്കുന്നത്. ഉറുക്കുകളും ഏലസ്സുകളുമാണ് അവരെ നിയന്ത്രിക്കുന്നത്! വിപല്‍ഘട്ടങ്ങളില്‍ അവരുടെ മനസ്സ് ചായുന്നത് അല്ലാഹുവിലേക്കല്ല; അവന്റെ സൃഷ്ടികളിലേക്കാണ്. അവരുടെ നാവ് മന്ത്രിച്ചത് ‘ഹസ്ബുനല്ലാഹു വ നിഅമല്‍ വകീല്‍’ (ഞങ്ങള്‍ക്ക് അല്ലാഹു മതി; ഭരമേല്‍പ്പിക്കാന്‍ അവനെത്ര നല്ലവന്‍) എന്നല്ല; ‘ബദ്രീങ്ങളേ’ എന്നായിരുന്നു. അല്ലാഹുവിന്റെ സംരക്ഷണത്തെ കുറിച്ചല്ല അവര്‍ ഓര്‍ക്കുന്നത്; ഔലിയയുടെ കറാമതിനെ കുറിച്ചാണ്. അല്ലാഹുവിലല്ല ആര്‍ ഭരമേല്‍പ്പിച്ചിരിക്കുന്നത്; മറിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി കെട്ടി വെച്ചിട്ടുള്ള ഉറുക്കുകളിലാണ്!

ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍.

ഇതായിരുന്നോ നബിമാര്‍ പഠിപ്പിച്ച ദീന്‍?!

ഇതിലേക്കാണോ -സുഹൃത്തെ- ഖുര്‍ആനും സുന്നത്തും നമ്മെ ക്ഷണിച്ചത്?!

ഇതിന് വേണ്ടിയായിരുന്നോ നബി -ﷺ- നീണ്ട 23 വര്‍ഷങ്ങള്‍ വിശ്രമമില്ലാതെ പോരാടിയത്?!

ഇത്രയും പറഞ്ഞതില്‍ നിന്ന് നമ്മുടെ നാട്ടില്‍ മുസ്‌ലിംകളാണ് എന്നവകാശപ്പെടുന്ന അനേകം പേരുടെ ശരിയായ അവസ്ഥ നിനക്ക് ബോധ്യപ്പെടും. അവരില്‍ പലരോടും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്തില്‍ അടങ്ങിയിട്ടുള്ള മഹത്തരമായ ഈ രണ്ട് അടിസ്ഥാനങ്ങളെ കുറിച്ച് ചോദിച്ചു നോക്കൂ. അവര്‍ക്ക് ഉത്തരമുണ്ടാവുകയില്ല. ഒരിക്കലും ചോദിക്കപ്പെടാന്‍ പാടില്ലാത്ത എന്തോ ഒരു കാര്യം ചോദിച്ചത് പോലെ നിന്നെ അവര്‍ തുറിച്ചു നോക്കുന്നത് നിനക്ക് കാണാന്‍ കഴിയും. ‘എന്താണ് ലാ ഇലാഹ ഇല്ലല്ലാഹുവിന്റെ’ അര്‍ഥം എന്നു ചോദിച്ച നിന്നെ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോയ ഒരു മുര്‍തദ്ദിനെ വീക്ഷിക്കുന്നത് പോലെ അവര്‍ നോക്കി നില്‍ക്കും!

നബി -ﷺ- യുടെ ഒരു ഹദീസ് പറഞ്ഞു കൊണ്ട് നിര്‍ത്തട്ടെ. അവിടുന്നു പറഞ്ഞു:

مَنْ قَالَ لَا إِلَهَ إِلَّا اللَّهُ، وَكَفَرَ بِمَا يُعْبَدُ مِنْ دُونِ اللَّهِ حَرُمَ مَالُهُ وَدَمُهُ، وَحِسَابُهُ عَلَى اللَّهِ

“ആരെങ്കിലും ലാ ഇലാഹഇല്ലല്ലാഹ്’ എന്നു പറയുകയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും ചെയ്‌താല്‍ അവന്റെ രക്തവും സമ്പാദ്യവും നിഷിദ്ധമായി. അവന്റെ വിചാരണ അല്ലാഹുവിന്റെ അടുക്കലാണ്.” (മുസ്‌ലിം: 23)

നോക്കൂ! നബി -ﷺ- കേവലം ലാ ഇലാഹ ഇല്ലല്ലാഹ് പറഞ്ഞാല്‍ മതിയെന്നല്ല പറഞ്ഞത്. മേലെ നാം ആവര്‍ത്തിച്ചു പറഞ്ഞ കാര്യം -അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നതിനെ നിഷേധിക്കണമെന്ന കാര്യം പ്രത്യേകം എടുത്തു പറഞ്ഞു. ഈ ഹദീസ് മനസ്സിലാക്കണമെന്നും, നിന്റെ റസൂലിന്റെ വാക്ക് പ്രാവര്‍ത്തികമാക്കണമെന്നും നീ ആഗ്രഹിക്കുന്നെങ്കില്‍ മേലെ എഴുതിയത് ഒരിക്കല്‍ കൂടി നീ വായിക്കുക. അത് നിന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക.

അല്ലാഹു നിന്നെ തൌഹീദില്‍ ഉറപ്പിച്ചു നിര്‍ത്തുകയും, ശിര്‍കിന്റെ എല്ലാ വഴികളില്‍ നിന്നും നിന്നെ കാത്തു രക്ഷിക്കുകയും ചെയ്യട്ടെ. സ്വര്‍ഗത്തില്‍ നാബിമാരുടെയും സിദ്ദീഖുകളുടെയും സ്വാലിഹീങ്ങളുടെയും ശുഹദാക്കളുടെയും വഴിയില്‍ നിന്നെ ചേര്‍ക്കുകയും ചെയ്യട്ടെ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

أَصْلُهُ: رِسَالَةٌ كَتَبَهَا الشَّيْخُ فَيْصَلُ بْنُ قَزَّار الجَاسِم

تَجْرِيدُ التَّوْحِيدِ مِنْ دَرَنِ الشِّرْكِ وَشُبَهِ التَّنْدِيدِ

-غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment