ബറകത് എന്ന പദം നമ്മളില്‍ പലരും കേട്ടിട്ടുണ്ടായിരിക്കും. നന്മകളില്‍ ഉള്ള വര്‍ദ്ധനവും സ്ഥിരതയുമാണ് ബറകത് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. അനുഗ്രഹം എന്ന് ഒറ്റവാക്കില്‍ ബറകതിന് അര്‍ഥം പറയാറുണ്ട്. എല്ലാ അനുഗ്രഹങ്ങളും നല്‍കുന്നത് അല്ലാഹു -تَعَالَى- യാണ്. അനുഗ്രഹപൂര്‍ണ്ണനായി അവന്‍ മാത്രമേ ഉള്ളൂ. കാരണം അവന്റെ നന്മകളെല്ലാം പൂര്‍ണ്ണമാണ്. ഒരു തിന്മയോ ന്യൂനതയോ കുറവോ അവനിലില്ല. എന്നാല്‍ അല്ലാഹുവിന് പുറമെയുള്ള എല്ലാവരും കുറവുകളും ന്യൂനതകളും ഉള്ളവര്‍ തന്നെയാണ്. ഇതു കൊണ്ട് തന്നെ എല്ലാ അനുഗ്രഹങ്ങളും പൂര്‍ണ്ണതയോടെ ഉള്ളവന്‍ എന്ന് അല്ലാഹു -تَعَالَى- യെ കുറിച്ച് മാത്രമേ പറയാവൂ.

അല്ലാഹു -تَعَالَى- പറഞ്ഞു:

فَتَبَارَكَ اللَّـهُ أَحْسَنُ الْخَالِقِينَ ﴿١٤﴾

“അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.” (മുഅമിനൂന്‍: 14)

ഒരു വസ്തുവിനെ ബറകത് ഉള്ളതാക്കുന്നതും, ഒരാളില്‍ ബറകത് നിശ്ചയിക്കുന്നതും അല്ലാഹു -تَعَالَى- യാണ്. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ഒരു വസ്തുവില്‍ അനുഗ്രഹം ചൊരിയാനോ അതിനെ ബറകത് ഉള്ളതാക്കാനോ കഴിയില്ല. ചിലര്‍ പറയാറുള്ളത് പോലെ: മാതാപിതാക്കളുടെ അനുഗ്രഹം അവന്റെ മേല്‍ ഉണ്ട്, അദ്ധ്യാപകന്‍ അയാളെ അനുഗ്രഹിച്ചു എന്നൊക്കെ പറയുന്നത് ഇസ്‌ലാമികമായി ശരിയല്ല. കാരണം നേരത്തെ പറഞ്ഞതു തന്നെ: അനുഗ്രഹങ്ങള്‍ നല്‍കുന്നവന്‍ അല്ലാഹു -تَعَالَى- മാത്രമാണ്.

അല്ലാഹു -تَعَالَى- പല കാര്യങ്ങളിലും ബറകത് ഉദ്ദേശിച്ചിട്ടുണ്ട്. എന്തു കൊണ്ട് അവന്‍ ചില കാര്യങ്ങളില്‍ ബറകത് നിശ്ചയിക്കുകയും, മറ്റു ചിലതില്‍ നിശ്ചയിക്കാതിരിക്കുകയും ചെയ്തു എന്നു ചോദിച്ചാല്‍ അതിന്റെ ഉത്തരം: അല്ലാഹുവിന് അറിയാം എന്നാണ്. അല്ലാഹു അവന്റെ സൃഷ്ടികളില്‍ അവന് ഇഷ്ടമുള്ളവയെ തിരഞ്ഞെടുക്കുകയും അവക്ക് പ്രത്യേകതകള്‍ നിശ്ചയിക്കുകയും ചെയ്യുന്നു.

وَرَبُّكَ يَخْلُقُ مَا يَشَاءُ وَيَخْتَارُ ۗ مَا كَانَ لَهُمُ الْخِيَرَةُ ۚ

“നിന്റെ റബ്ബ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്‌) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍ അര്‍ഹതയില്ല.” (ഖസ്വസ്വ്: 68)

അല്ലാഹു -تَعَالَى- പല കാര്യങ്ങളിലും ബറകത് നിശ്ചയിച്ചിട്ടുണ്ട്. അതില്‍ സമയങ്ങളും സ്ഥലങ്ങളും പ്രവൃത്തികളും വസ്തുക്കളും വ്യക്തികളുമുണ്ട്.

ബറകത് ഉള്ള സമയത്തിനു ഉദാഹരണമാണ് റമദാന്‍ മാസം. നബി -ﷺ- റമദാനിനെ കുറിച്ച് പറഞ്ഞു:

عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ»

“നിങ്ങളിലേക്ക് റമദാന്‍ വന്നിരിക്കുന്നു. ബറകതുള്ള മാസം.” (നസാഈ: 2106)

ബറകത് ഉള്ള സ്ഥലങ്ങള്‍ക്ക് ഉദാഹരണമാണ് മക്ക. മക്കയെ കുറിച്ച് അല്ലാഹു -تَعَالَى- പറഞ്ഞു:

إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِّلْعَالَمِينَ ﴿٩٦﴾

“തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്‌) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു).” (ആലു ഇംറാന്‍: 96)

ബറകത് ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണമാണ് സല്‍കര്‍മ്മങ്ങള്‍. അതില്‍ തന്നെ ഖുര്‍ആന്‍ പാരായണവും കുടുംബബന്ധം ചേര്‍ക്കലുമൊക്കെ വളരെ ബറകത് ഉള്ള പ്രവര്‍ത്തനങ്ങളാണ്. കുടുംബബന്ധത്തെ കുറിച്ച് നബി -ﷺ- അറിയിച്ചു:

عَنْ أَنَسِ بْنِ مَالِكٍ -رَضِيَ اللَّهُ عَنْهُ- قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «مَنْ سَرَّهُ أَنْ يُبْسَطَ لَهُ فِي رِزْقِهِ، أَوْ يُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ»

“ആരെയെങ്കിലും തന്റെ ഉപജീവനത്തില്‍ വിശാലത നല്‍കപ്പെടുന്നതും, ആയുസ്സില്‍ വര്‍ദ്ധനവ് നിശ്ചയിക്കപ്പെടുന്നതും സന്തോഷിപ്പിക്കുന്നെങ്കില്‍ അവന്‍ കുടുംബ ബന്ധം ചേര്‍ക്കട്ടെ.” (ബുഖാരി: 2067, മുസ്‌ലിം: 2557)

ചില വ്യക്തികളിലും ബറകത് നിശ്ചയിക്കപ്പെട്ടതായുണ്ട്. നമ്മുടെ റസൂല്‍ -ﷺ- ഉദാഹരണം. അവിടുത്തെ ശരീരം ബറകതുള്ളതാണ്.

عَنْ عَائِشَةَ -رَضِيَ اللَّهُ عَنْهَا-: أَنَّ رَسُولَ اللَّهِ –ﷺ- كَانَ إِذَا اشْتَكَى يَقْرَأُ عَلَى نَفْسِهِ بِالْمُعَوِّذَاتِ وَيَنْفُثُ، فَلَمَّا اشْتَدَّ وَجَعُهُ كُنْتُ أَقْرَأُ عَلَيْهِ وَأَمْسَحُ بِيَدِهِ رَجَاءَ بَرَكَتِهَا»

ആഇഷ -رَضِيَ اللَّهُ عَنْهَا- പറയുന്നു: അല്ലാഹുവിന്റെ റസൂല്‍ -ﷺ- അവിടുത്തേക്ക് രോഗം ബാധിച്ചാല്‍ സ്വയം മുഅവ്വിദാത് പാരായണം ചെയ്തു മന്ത്രിച്ചൂതാറുണ്ടായിരുന്നു. അവിടുത്തെ രോഗം കഠിനമായപ്പോള്‍ ഞാന്‍ അവിടുത്തെ മേല്‍ പാരായണം ചെയ്യുകയും, അവിടുത്തെ കൈകള്‍ കൊണ്ട് ശരീരത്തില്‍ തടവി കൊടുക്കുകയും ചെയ്യുമായിരുന്നു; അവിടുത്തെ കൈയ്യിന്റെ ബറകത് പ്രതീക്ഷിച്ചു കൊണ്ട്.” (ബുഖാരി: 5016, മുസ്‌ലിം: 2192)

മേല്‍ പറഞ്ഞതല്ലാതെയും പല കാര്യങ്ങളിലും അല്ലാഹു -تَعَالَى- ബറകത് നിശ്ചയിച്ചത് കാണാന്‍ കഴിയും. എന്നാല്‍ ഇവിടെ വളരെ പ്രസക്തിയോടെ മനസ്സിലാക്കേണ്ട കാര്യം മറ്റൊന്നാണ്. ഏതൊരു വസ്തുവിനെ കൊണ്ട് നമ്മള്‍ ബറകത് എടുക്കുമ്പോഴും രണ്ട് പ്രധാനപ്പെട്ട അടിസ്ഥാനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഒന്ന്: ഒരു കാര്യത്തില്‍ ബറകത് ഉണ്ട് എന്നത് ഖുര്‍ആനിലെയോ സുന്നത്തിലെയോ തെളിവ് കൊണ്ട് സ്ഥിരപ്പെട്ടിരിക്കണം. ഖുര്‍ആനിലോ സുന്നത്തിലോ ബറകത് ഉണ്ട് എന്ന് സ്ഥിരപ്പെടാത്ത ഒരു വസ്തുവിലും ബറകത് ഉണ്ട് എന്ന് പറയാന്‍ പാടില്ല.

രണ്ട്: ഒരു വസ്തുവിനെ കൊണ്ട് ബറകത് എടുക്കാം എന്ന് സ്ഥിരപ്പെട്ടാലും, അതു കൊണ്ട് ബറകത് എടുക്കുന്ന രൂപം ഖുര്‍ആനിലും സുന്നത്തിലും സ്ഥിരപ്പെട്ട രൂപം തന്നെയായിരിക്കണം.

ഉദാഹരണത്തിലൂടെ കാര്യം വ്യക്തമാകും. അല്ലാഹു -تَعَالَى- ബറകത് നിശ്ചയിച്ച സ്ഥലങ്ങളില്‍ പെട്ടതാണ് മക്ക എന്ന് മേലെ നാം പറഞ്ഞു. മക്കക്ക് ബറകത് ഉണ്ട് എന്ന് നമുക്ക് മനസ്സിലായതെങ്ങനെയാണ്? നമ്മുടെ ബുദ്ധി കൊണ്ടോ, ചിന്താശേഷി ഉപയോഗിച്ചോ ആണോ? ഒരിക്കലുമല്ല. മറിച്ച് -മേലെ നല്‍കിയ- ഖുര്‍ആന്‍ ആയതാണ് മക്കയ്ക്ക് ബറകത് ഉണ്ട് എന്നതിനുള്ള തെളിവ്.

മക്കക്ക് ബറകത് ഉണ്ട് എന്ന് സ്ഥിരപ്പെട്ടത് കൊണ്ട് എങ്ങനെ വേണമെങ്കിലും മക്കയെ കൊണ്ട് ബറകത് എടുക്കാം എന്ന് മനസ്സിലാക്കാന്‍ പറ്റുമോ?! ഇല്ല. ഉദാഹരണത്തിന് ഒരാള്‍ മക്കയിലെ മണ്ണ് വീട്ടില്‍ സൂക്ഷിക്കുകയോ, അവിടെയുള്ള കല്ലുകള്‍ തന്റെ സ്ഥാപനത്തില്‍ വെക്കുകയോ ചെയ്‌താല്‍ അത് അനുവദനീയം ആണെന്ന് പറയാന്‍ കഴിയുമോ?! ഇല്ല. അതല്ലെങ്കില്‍ ഇന്ന് ചിലര്‍ ചെയ്യുന്നത് പോലെ: കഅബയുടെ ചുമരില്‍ തല വെച്ചും, അതിന്റെ കിസ്വ പിടിച്ചും, അതു കൊണ്ട് ശരീരം തുടച്ചുമാണോ ബറകത് എടുക്കേണ്ടത്?! അല്ല!

അപ്പോള്‍ എങ്ങനെയാണ് മക്കയെ കൊണ്ട് ബറകത് എടുക്കുക? അവിടെ വെച്ച് ചെയ്യുന്ന സല്‍കര്‍മ്മങ്ങള്‍ക്ക് ഇരട്ടി പ്രതിഫലവും അതിന് കൂടുതല്‍ പുണ്യവും ഉണ്ടായിരിക്കും എന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്. മക്കയില്‍ വെച്ച് കൂടുതല്‍ സല്‍കര്‍മ്മങ്ങള്‍ ഒരാള്‍ പ്രവര്‍ത്തിച്ചാല്‍ അത് മക്കയെ കൊണ്ട് ബറകത് എടുക്കലാണ്. അങ്ങനെയാണ് നബി -ﷺ- യും സ്വഹാബികളും അവര്‍ക്ക് ശേഷം വന്ന സച്ചരിതരായ മുന്‍ഗാമികളും മക്കയെ കൊണ്ട് ബറകത് എടുത്തത്. ദീനില്‍ നമ്മെക്കാള്‍ അറിവുള്ള അവരുടെ വഴി തന്നെയാണ് നാമും ഈ വിഷയത്തില്‍ പിന്‍പറ്റേണ്ടത്.

മറ്റൊരു ഉദാഹരണം കൂടി പറയാം. ഖുര്‍ആന്‍; അല്ലാഹു -تَعَالَى- യുടെ സംസാരമാണ് അത്. ഖുര്‍ആനില്‍ ബറകത് ഉണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല. അല്ലാഹു -تَعَالَى- പറഞ്ഞു:

كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ

“നിനക്ക് നാം അവതരിപ്പിച്ചു തന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ” (സ്വാദ്: 29)

അപ്പോള്‍ ഖുര്‍ആന്‍ കൊണ്ട് ബറകത് എടുക്കേണ്ടതിന്റെ രൂപം എങ്ങനെയാണ്? ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടും, അതിലെ അര്‍ത്ഥങ്ങളും ആശയങ്ങളും പഠിച്ചു കൊണ്ടും, അവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കൊണ്ടുമാണ് ഖുര്‍ആനിലെ ബറകത് തേടേണ്ടത്. ചിലര്‍ ചെയ്യുന്നത് പോലെ: ഖുര്‍ആന്‍ വാഹനത്തില്‍ വെച്ചു കൊണ്ടോ, തലയണക്കടിയില്‍ വെച്ചു കൊണ്ടോ ആരെങ്കിലും ഖുര്‍ആന്‍ കൊണ്ട് ബറകത് എടുക്കുന്നുവെങ്കില്‍ അവന്‍ മതനിയമങ്ങള്‍ക്ക് എതിരായിരിക്കുന്നു.

മേല്‍ പറഞ്ഞ ഉദാഹരണങ്ങളില്‍ നിന്ന് ധാരാളം പാഠങ്ങള്‍ പഠിക്കാനുണ്ട്. ഇന്ന് സമൂഹത്തില്‍ പലരും ബറകത് എടുക്കുന്നു എന്ന പേരില്‍ ചെയ്തു കൂട്ടുന്ന പല പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിക വിരുദ്ധവും ദീനിന്റെ അടിസ്ഥാനങ്ങള്‍ക്ക് യോജിക്കാത്തതുമാണ്. ഹിറാ ഗുഹ കൊണ്ടും, സ്വാലിഹീങ്ങളുടെ ഖബറുകളെ കൊണ്ടും ബറകത് എടുക്കുന്നവര്‍ ഉദാഹരണം. ഇത്തരം കാര്യങ്ങളില്‍ നിന്ന് തൗഹീദ് പാലിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മുസ്‌ലിം അകന്നു നില്‍ക്കേണ്ടതുണ്ട്. കാരണം ഇവ ശിര്‍കിലേക്ക് അവനെ എത്തിക്കുകയും, ഇസ്‌ലാമില്‍ നിന്ന് അവനെ പുറത്തെത്തിക്കുകയും ചെയ്യും എന്ന കാര്യം അവന്‍ ഓര്‍ക്കേണ്ടതുണ്ട്.

നബി -ﷺ- യുടെ ജീവിത കാലത്ത് സംഭവിച്ച ഒരു ചരിത്രത്തില്‍ നമ്മുടെ ഈ വിഷയവുമായി ബന്ധപ്പെട്ട മഹത്തായ ഒരു പാഠമുണ്ട്. ബറകത് എടുക്കുക എന്ന വിഷയം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും ഈ ഒരു ഹദീസ് വളരെ ശ്രദ്ധയോടു കൂടെ വായിക്കുന്നത് ഏറെ നന്നായിരിക്കും.

عَنْ أَبِي وَاقِدٍ اللَّيْثِيِّ، أَنَّ رَسُولَ اللَّهِ -ﷺ- لَمَّا خَرَجَ إِلَى حُنَيْنٍ مَرَّ بِشَجَرَةٍ لِلْمُشْرِكِينَ يُقَالُ لَهَا: ذَاتُ أَنْوَاطٍ يُعَلِّقُونَ عَلَيْهَا أَسْلِحَتَهُمْ، فَقَالُوا: يَا رَسُولَ اللَّهِ، اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ، فَقَالَ النَّبِيُّ -ﷺ-: «سُبْحَانَ اللَّهِ! هَذَا كَمَا قَالَ قَوْمُ مُوسَى: «اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ» وَالَّذِي نَفْسِي بِيَدِهِ لَتَرْكَبُنَّ سُنَّةَ مَنْ كَانَ قَبْلَكُمْ»

അബൂ വാഖിദ് അല്ലയ്സി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഹുനൈനിലേക്ക് പുറപ്പെട്ടപ്പോള്‍ മുശ്രിക്കുകളുടെ ഒരു വൃക്ഷത്തിന്‌ അടുത്തു കൂടെ കടന്നു പോയി. ദാത്വു അന്‍വാത്വ് എന്നു വിളിക്കപ്പെട്ടിരുന്ന ആ വൃക്ഷത്തിന്റെ മേല്‍ അവര്‍ തങ്ങളുടെ ആയുധങ്ങള്‍ തൂക്കിയിട്ടിരുന്നു. അപ്പോള്‍ (നബി -ﷺ- യോടൊപ്പം ഉണ്ടായിരുന്ന ചിലര്‍) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! അവര്‍ക്ക് (മുശ്രിക്കുകള്‍ക്ക്) ഒരു ദാത്വു അന്‍വാത്വ് ഉള്ളതു പോലെ ഞങ്ങള്‍ക്കും ഒരു ദാത്വു അന്‍വാത്വ് നിശ്ചയിച്ചു തരണം.” അപ്പോള്‍ നബി -ﷺ- പറഞ്ഞു: “സുബ്ഹാനല്ലാഹ്! മൂസ -عَلَيْهِ السَّلَامُ- യുടെ സമൂഹം പറഞ്ഞതു പോലെയാണ് ഇത്. (അവര്‍ പറഞ്ഞു:) അവര്‍ക്ക് ഒരു ഇലാഹ് (ആരാധ്യന്‍) ഉള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം! നിങ്ങള്‍ക്ക് മുന്‍പുള്ളവരുടെ മാര്‍ഗം നിങ്ങള്‍ പിന്‍പറ്റുക തന്നെ ചെയ്യും.” (അഹ്മദ്: 5/217, തിര്‍മിദി: 4/475)

‘അല്ലാഹുവിന് പുറമെ ഞങ്ങള്‍ക്ക് മറ്റൊരു ഇലാഹിനെ നിശ്ചയിച്ചു തരൂ’ എന്ന ബനൂ ഇസ്രാഈലുകാരുടെ ആവശ്യത്തോടാണ് നബി -ﷺ- സ്വഹാബികള്‍ ഒരു മരത്തില്‍ നിന്ന് ബറകത് എടുക്കാന്‍ ആവശ്യപ്പെട്ടതിനെ ഉപമിച്ചത്. ഈ ഒരൊറ്റ സംഭവത്തില്‍ നിന്ന് മരങ്ങളില്‍ നിന്നും കല്ലുകളില്‍ നിന്നും മറ്റുമെല്ലാം ബറകത് എടുക്കുക എന്ന സമ്പ്രദായം തനിച്ച ശിര്‍ക് ആണെന്നും, അപ്രകാരം ചെയ്തവന്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുമെന്നും മനസ്സിലാക്കാന്‍ കഴിയും.

എന്നാല്‍ നമ്മുടെ നാട്ടിലെ സ്ഥിതിവിശേഷം എത്ര ഗുരുതരമാണ്? കല്ലുകള്‍ക്കും മരങ്ങള്‍ക്കും മുന്‍പില്‍ ബറകത് എടുക്കാന്‍ എന്ന പേരില്‍ പോയി നില്‍ക്കുന്നവരില്‍ മുസ്‌ലിം വേഷധാരികളും അവരിലെ പുരോഹിത വര്‍ഗ്ഗവുമുണ്ട്. ഇത്തരം തിന്മകള്‍ തങ്ങളെ ഇസ്‌ലാമില്‍ നിന്ന് തന്നെ പുറത്തെത്തിക്കുമെന്ന കാര്യം അവരില്‍ പലരും അറിഞ്ഞിട്ടില്ല. അല്ലാഹു -تَعَالَى- നാമേവരെയും ശിര്‍കില്‍ നിന്നും, അതിന്റെ വക്താക്കളില്‍ നിന്നും കാത്തു രക്ഷിക്കുകയും, തൌഹീദില്‍ അടിയുറച്ചു നില്‍ക്കാനും അതിലായികൊണ്ട് തന്നെ മരണപ്പെടാനും തൌഫീഖ് നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

أَصْلُهُ: رِسَالَةٌ كَتَبَهَا الشَّيْخُ فَيْصَلُ بْنُ قَزَّار الجَاسِم

تَجْرِيدُ التَّوْحِيدِ مِنْ دَرَنِ الشِّرْكِ وَشُبَهِ التَّنْدِيدِ

-غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment