ശഫാഅത് എന്ന അറബി വാക്ക് മലയാളി മുസ്‌ലിംകള്‍ക്ക് പൊതുവെ പരിചിതമാണ്. ശുപാര്‍ശ എന്നര്‍ത്ഥം. മറ്റൊരാള്‍ക്ക് വേണ്ടി ഒരു നന്മ ചോദിക്കുന്നതിനാണ് ശഫാഅ എന്നു പറയുക. നമ്മുടെ നാട്ടില്‍ മന്ത്രിമാരില്‍ നിന്നോ മറ്റോ വല്ല സഹായവും നേടിയെടുക്കാന്‍ ഉണ്ടെങ്കില്‍ -നമുക്ക് പരിചയമുള്ള- മന്ത്രിയോട് അടുപ്പമുള്ള ഏതെങ്കിലും വ്യക്തിയോട് സംസാരിക്കും. അയാള്‍ മന്ത്രിയോട് നമ്മുടെ കാര്യം അവതരിപ്പിക്കുകയും ചെയും. ഈ രീതിയാണ് പൊതുവെ ശുപാര്‍ശ എന്നു കേള്‍ക്കുമ്പോള്‍ നമുക്ക് ഓര്‍മ്മ വരിക. സൃഷ്ടികള്‍ക്കിടയില്‍ നടക്കുന്ന ശുപാര്‍ശയുടെ രൂപമാണ് ഇത്.

എന്നാല്‍ അല്ലാഹു -تَعَالَى- യുടെ അടുക്കല്‍ നബിമാരും സ്വാലിഹീങ്ങളും ശുപാര്‍ശ പറയും എന്ന് നാം കേട്ടിട്ടുണ്ടായിരിക്കും. മനുഷ്യര്‍ക്കിടയില്‍ പൊതുവെ പരിചിതമായ ശുപാര്‍ശയാണ് അല്ലാഹുവിന്റെ അടുക്കല്‍ നടക്കുന്ന ശുപാര്‍ശയുടെ രൂപവും എന്ന് ആരെങ്കിലും ധരിച്ചു വെച്ചിട്ടുണ്ടെങ്കില്‍ അവന്‍ വലിയ അബദ്ധത്തിലാണ് ചാടിയിട്ടുള്ളത്. ഖുര്‍ആനും സുന്നത്തും പഠിപ്പിച്ച വഴിയില്‍ നിന്ന് ഏറെ ദൂരം അകലെയുമാണ് അവന്‍ എത്തിപ്പെട്ടിട്ടുള്ളത്. അല്ലാഹുവിങ്കല്‍ നടക്കുന്ന ശുപാര്‍ശ സര്‍വ്വ ലോകങ്ങളുടെയും രക്ഷിതാവായ അല്ലാഹു -تَعَالَى- ക്ക് യോജിച്ച രൂപത്തിലും മഹത്വം നിറഞ്ഞ നിലക്കുമാണ്.

അല്ലാഹു -تَعَالَى- യുടെ അടുക്കല്‍ നബിമാരും സ്വാലിഹീങ്ങളും നടത്തുന്ന ശുപാര്‍ശ നമ്മുടെ നാട്ടിലെ ശുപാര്‍ശ പോലെയാണ് എന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. വഴികേടിലേക്ക് ക്ഷണിക്കുന്ന ചില പ്രബോധകര്‍ വ്യാപകമായി ഇത്തരം പിഴച്ച ചിന്താഗതികള്‍ ജനങ്ങളുടെ മനസ്സില്‍ കുത്തി വെക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്.

അത് കൊണ്ട് തന്നെ ചിലര്‍ പറയുന്നത് കാണാം: നമ്മള്‍ -പാപികളായ, ഒരു വിലയുമില്ലാത്ത നാം- അല്ലാഹുവിനോട് നേരിട്ടു ചോദിച്ചാല്‍ ശരിയാവില്ല. മറിച്ച്, അല്ലാഹുവിന് ഇഷ്ടവും തൃപ്തിയുമുള്ള നബിമാരോടും ഔലിയാക്കളോടും നാം നമ്മുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കും. അവര്‍ അല്ലാഹുവിന്റെ മുന്നില്‍ നമ്മുടെ കാര്യങ്ങള്‍ ചോദിച്ചാല്‍ അവന്റെ അടുക്കല്‍ അവര്‍ക്കുള്ള സ്ഥാനവും മഹത്വവും കാരണത്താല്‍ അല്ലാഹു അവരുടെ ചോദ്യത്തിനു ഉത്തരം നല്‍കും. അങ്ങനെ നമ്മുടെ തേട്ടങ്ങള്‍ അല്ലാഹു -تَعَالَى- നിര്‍വ്വഹിച്ചു തരികയും ചെയ്യും.

റബ്ബിനെ കുറിച്ചുള്ള അങ്ങേയറ്റത്തെ അജ്ഞതയില്‍ നിന്നാണ് ഈ ചിന്ത ഉടലെടുത്തിരിക്കുന്നത്. അല്ലാഹുവിന്റെ പ്രവൃത്തികളും വിശേഷണങ്ങളും സൃഷ്ടികളുടെതിന് തുല്ല്യമാണെന്ന തെറ്റിധാരണയാണ് ഇത്തരം പിഴവുകളിലേക്ക് എത്തിക്കുന്നത്. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെയും ഭൂമിയിലെ ഏതോ ഒരു ചെറിയ ഭാഗം ഭരിക്കുന്ന അനേകം ന്യൂനതകളുള്ള മനുഷ്യരെയും ഒരേ പോലെ കാണുക എന്നത് എന്തു മാത്രം വലിയ അപരാധമാണ്?! അല്ലാഹുവിന്റെ അടുക്കലുള്ള ശുപാര്‍ശയും മനുഷ്യരുടെ ശുപാര്‍ശയും ചില കാര്യങ്ങളില്‍ വേറിട്ടു നില്‍ക്കുന്നതായി കാണാന്‍ കഴിയും.

ഒന്ന്: മനുഷ്യര്‍ മറ്റൊരാളുടെ ശുപാര്‍ശ സ്വീകരിക്കാന്‍ കാരണം ശുപാര്‍ശ പറയുന്നവനില്‍ നിന്ന് എന്തെങ്കിലും നന്മ പ്രതീക്ഷിക്കുന്നത് കൊണ്ടോ തിന്മ ഭയക്കുന്നത് കൊണ്ടോ ആയിരിക്കാം. അല്ലാഹു -تَعَالَى- ക്ക് ഒരാളുടെയും സഹായം വേണ്ട; അവനെ ആര്‍ക്കും ഉപദ്രവിക്കാന്‍ സാധിക്കുകയുമില്ല.

വിശദീകരിക്കാം! എന്തു കൊണ്ടാണ് രാജാവ് മന്ത്രിയുടെ ശുപാര്‍ശ കേള്‍ക്കുന്നത്?! മന്ത്രി രാജാവിനെ ഭരണകാര്യങ്ങളില്‍ സഹായിക്കുന്നുണ്ട്. അത്തരം ഒരാളുടെ ശുപാര്‍ശ തള്ളിയാല്‍ അയാളുടെ സഹായം നിലക്കും. അല്ലെങ്കില്‍ മന്ത്രി പിന്നില്‍ നിന്ന് പാലം വലിച്ചാല്‍ ഭരണം തന്നെ രാജാവിന്റെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടേക്കാം. അത് കൊണ്ട് മന്ത്രിയുടെ വാക്ക് സ്വീകരിക്കാന്‍ രാജാവ് നിര്‍ബന്ധിതനാണ്. ഇതു തന്നെയാണ് നാട്ടിലെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയുമൊക്കെ കാര്യം.

എന്നാല്‍ അല്ലാഹു -تَعَالَى- എല്ലാ നിലക്കും ധന്യതയുള്ളവനാണ്. അവന് ആരുടെയും സഹായം ആവശ്യമില്ല. അല്ല! അവന്റെ സഹായം ഇല്ലാതെ ആര്‍ക്കും നിലനില്‍ക്കാന്‍ പോലും കഴിയില്ല. അല്ലാഹുവിനെ ഉപദ്രവിക്കുക എന്നതാകട്ടെ ഒരാള്‍ക്കും കഴിയുന്ന കാര്യമല്ല. ലോകത്തുള്ളവരെല്ലാം ഒരുമിച്ചു കൂടുകയും അല്ലാഹുവിനെ ഒരു അണുമണിതൂക്കം ഉപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌താല്‍ പോലും അവര്‍ക്കത് സാധിക്കുകയില്ല. അതിനാല്‍ ഒരാളുടെയും ശുപാര്‍ശ -അത് നബിയാകട്ടെ മലക്കാകട്ടെ സ്വാലിഹീങ്ങളാകട്ടെ- സ്വീകരിക്കാന്‍ അവന്‍ നിര്‍ബന്ധിതനല്ല. ഇതാണ് ഒന്നാമത്തെ വ്യത്യാസം.

അല്ലാഹു -تَعَالَى- പറഞ്ഞു:

 قُل لِّلَّهِ الشَّفَاعَةُ جَمِيعًا ۖ لَّهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۖ ثُمَّ إِلَيْهِ تُرْجَعُونَ ﴿٤٤﴾

“പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍. അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നത്‌.” (സുമര്‍: 44)

രണ്ട്: മനുഷ്യര്‍ മറ്റുള്ളവരുടെ ശുപാര്‍ശ ഇഷ്ടമല്ലെങ്കിലും ചിലപ്പോള്‍ സ്വീകരിച്ചേക്കാം; കാരണം ശുപാര്‍ശകനെ തൃപ്തിപ്പെടുത്തല്‍ ശുപാര്‍ശ സ്വീകരിക്കുന്നവനു ചിലപ്പോള്‍ വളരെ ആവശ്യമായേക്കാം. എന്നാല്‍ അല്ലാഹു -تَعَالَى- ഒരാളുടെയും ശുപാര്‍ശ ഇഷ്ടമില്ലാതെ സ്വീകരിക്കുകയില്ല. 

ഉദാഹരണം പറയാം. രാജാവിന് ചിലപ്പോള്‍ ചില വ്യക്തികളെ സഹായിക്കണമെന്ന് ഇഷ്ടമുണ്ടായി കൊള്ളണമെന്നില്ല. അല്ലെങ്കില്‍ ചില പ്രത്യേക കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇഷ്ടമായി കൊള്ളണമെന്നില്ല. പക്ഷേ മന്ത്രി പറഞ്ഞു എന്നത് കൊണ്ടും, അയാളുടെ ശുപാര്‍ശ തള്ളിയാല്‍ മന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന ഭയം കാരണത്താലും ചിലപ്പോള്‍ അത് ചെയ്യാന്‍ അയാള്‍ നിര്‍ബന്ധിതനാകും. അപ്പോള്‍ തനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യമായിരിക്കും രാജാവ് ചെയ്യുന്നത്. ഇങ്ങനെയൊരു കാര്യം അല്ലാഹു -تَعَالَى- യ്ക്ക് ഉണ്ടാകുകയില്ല. അവന് ഇഷ്ടമില്ലാത്തവര്‍ക്ക് വേണ്ടി ആരും ശുപാര്‍ശ പറയില്ല. അവന് ഇഷ്ടമുള്ളവര്‍ മാത്രമേ അല്ലാഹുവിങ്കല്‍ ശുപാര്‍ശ പറയൂ. ഈ പറഞ്ഞതൊക്കെ അല്ലാഹുവിന്റെ അനുമതിക്ക് ശേഷം മാത്രമേ നടക്കുകയുമുള്ളൂ. നോക്കൂ! മൂന്ന് കാര്യങ്ങള്‍ നാം പറഞ്ഞു.

1. അല്ലാഹുവിന് ഇഷ്ടമില്ലാത്തവര്‍ക്ക് വേണ്ടി ഒരാളും ശുപാര്‍ശ ചെയ്യില്ല. ഉദാഹരണത്തിന് ശിര്‍ക് ചെയ്തു അതില്‍ നിന്ന് തൌബ ചെയ്യാതെ മരണപ്പെട്ട ഒരാള്‍ക്ക് വേണ്ടി ആരും അല്ലാഹുവിങ്കല്‍ ശുപാര്‍ശ പറയില്ല.

മലക്കുകളെ കുറിച്ച് അല്ലാഹു -تَعَالَى- പറഞ്ഞു:

وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ وَهُم مِّنْ خَشْيَتِهِ مُشْفِقُونَ ﴿٢٨﴾

അവന്‍ (അല്ലാഹു) തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാകുന്നു.” (അമ്പിയാഅ: 28)

2. അല്ലാഹുവിന് ഇഷ്ടമുള്ളവര്‍ മാത്രമേ അല്ലാഹുവിങ്കല്‍ ശുപാര്‍ശ പറയൂ. അതായത് ശിര്‍ക് ചെയ്യുകയോ, കുഫ്രില്‍ ജീവിക്കുകയോ ചെയ്ത ഒരാള്‍ക്ക് അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യാന്‍ കഴിയില്ല. ഉദാഹരണത്തിന് അബൂ ത്വാലിബ്‌; നബി -ﷺ- യെ എത്ര മാത്രം അദ്ദേഹം സഹായിച്ചിട്ടുണ്ട്. എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്ദ്യമായ ശിക്ഷയാണ് അയാളെ കാത്തിരിക്കുന്നത്. ഇതു പോലെ തന്നെയാണ് ജാറങ്ങളിലും മഖ്ബറകളിലും ശിര്‍കും ബിദ്അതും ചെയ്തവര്‍. ഈ പറഞ്ഞതിന് തെളിവ് അല്ലാഹുവിന്റെ ആയതാണ്: 

لَّا يَمْلِكُونَ الشَّفَاعَةَ إِلَّا مَنِ اتَّخَذَ عِندَ الرَّحْمَـٰنِ عَهْدًا ﴿٨٧﴾

“ആര്‍ക്കും ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടായിരിക്കുകയില്ല. റഹ്മാനായ (അല്ലാഹുവുമായി) കരാറുണ്ടാക്കിയിട്ടുള്ളവനൊഴികെ.” (മര്‍യം: 87)

‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമതു തൗഹീദ് പ്രാവര്‍ത്തികമാക്കി ജീവിക്കലാണ് ആയതില്‍ പരാമര്‍ശിക്കപ്പെട്ട കരാര്‍. അതിന് വിരുദ്ധമായി ജീവിച്ചവര്‍ക്കൊന്നും അല്ലാഹുവിങ്കല്‍ ശുപാര്‍ശ പറയാന്‍ കഴിയില്ലെന്ന് ഈ ആയതില്‍ നിന്ന് മനസ്സിലാക്കാം.

3. അല്ലാഹുവിന്റെ അനുമതിയോടെ മാത്രമേ ശുപാര്‍ശ ചെയ്യാന്‍ കഴിയൂ. ആര്‍ക്കും അല്ലാഹുവിന്റെ അടുക്കല്‍ ഒരു അനുമതിയുമില്ലാതെ ശുപാര്‍ശ പറയാന്‍ കഴിയില്ല. എന്തിന്! രാജാധിരാജനായ അല്ലാഹുവിങ്കല്‍ അനുമതിയില്ലാതെ ഒരക്ഷരം പോലും ആര്‍ക്കും സംസാരിക്കാന്‍ കഴിയില്ല. അത്ര മാത്രം ഗാംഭീര്യമുള്ളവനും മഹത്വമേറിയവനും അധികാരമുള്ളവനുമാണ് നമ്മുടെ റബ്ബ്.

അല്ലാഹു -تَعَالَى- പറഞ്ഞു:

لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ

“ആകാശ ഭൂമികളിലുള്ളത് മുഴുവന്‍ അവന്റെതാണ്. അല്ലാഹുവിന്റെ അനുമതിയില്ലാതെ അവന്റെ അടുക്കല്‍ ശുപാര്‍ശ പറയാന്‍ ആരാണുള്ളത്?!” (ബഖറ: 256)

മേല്‍ പറഞ്ഞ മൂന്ന് കാര്യങ്ങള്‍ അല്ലാഹുവിങ്കല്‍ ശുപാര്‍ശ സ്വീകരിക്കപ്പെടാനുള്ള നിബന്ധനകളാണ്.

ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നത് നബി -ﷺ- തനിക്ക് തോന്നുന്നവര്‍ക്ക് വേണ്ടി, തോന്നുന്ന സമയത്ത് അല്ലാഹുവിനോട് ശുപാര്‍ശ പറയുമെന്നാണ്. അല്ലാഹുവിനെ കുറിച്ചുള്ള അറിവില്ലായ്മയില്‍ നിന്നാണ് ഇത്തരം പിഴച്ച ചിന്തകള്‍ കയറിപ്പറ്റുന്നത്. നബി -ﷺ- യുടെ ശഫാഅതിന്റെ ഹദീസ് പൂര്‍ണമായി വായിച്ചാല്‍ ഇത്തരക്കാരുടെ തെറ്റിധാരണ പൂര്‍ണ്ണമായി നീങ്ങും.

ചുരുക്കത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശ സ്വീകരിക്കപ്പെടണമെങ്കില്‍ മേല്‍ പറഞ്ഞ നിബന്ധനകള്‍ പൂര്‍ത്തീകരിക്കപ്പെടേണ്ടതുണ്ട്. അല്ലാതെയുള്ള ശുപാര്‍ശകള്‍ അല്ലാഹുവിങ്കല്‍ ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല. ചരിത്രത്തില്‍ നിന്ന് ചില ഉദാഹരണങ്ങള്‍ ഈ വിഷയത്തില്‍ ഓര്‍മ്മപ്പെടുത്തുന്നത് വളരെ ഉപകാരപ്രദമായിരിക്കും.

അല്ലാഹുവിന് ഇഷ്ടമില്ലാത്തവര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്‌താല്‍ സ്വീകരിക്കപ്പെടില്ലെന്നു പറഞ്ഞല്ലോ? ചരിത്രത്തില്‍ ഈ പറഞ്ഞതിന് വലിയ ഉദാഹരണമാണ് ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ പിതാവിന്റെ ഉദാഹരണം. 

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ -ﷺ- قَالَ: «يَلْقَى إِبْرَاهِيمُ أَبَاهُ آزَرَ يَوْمَ القِيَامَةِ، وَعَلَى وَجْهِ آزَرَ قَتَرَةٌ وَغَبَرَةٌ، فَيَقُولُ لَهُ إِبْرَاهِيمُ: أَلَمْ أَقُلْ لَكَ لاَ تَعْصِنِي، فَيَقُولُ أَبُوهُ: فَاليَوْمَ لاَ أَعْصِيكَ، فَيَقُولُ إِبْرَاهِيمُ: يَا رَبِّ إِنَّكَ وَعَدْتَنِي أَنْ لاَ تُخْزِيَنِي يَوْمَ يُبْعَثُونَ، فَأَيُّ خِزْيٍ أَخْزَى مِنْ أَبِي الأَبْعَدِ؟ فَيَقُولُ اللَّهُ تَعَالَى: ” إِنِّي حَرَّمْتُ الجَنَّةَ عَلَى الكَافِرِينَ، ثُمَّ يُقَالُ: يَا إِبْرَاهِيمُ، مَا تَحْتَ رِجْلَيْكَ؟ فَيَنْظُرُ، فَإِذَا هُوَ بِذِيخٍ مُلْتَطِخٍ، فَيُؤْخَذُ بِقَوَائِمِهِ فَيُلْقَى فِي النَّارِ»

അബൂ ഹുറൈറ -ِرَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ഇബ്രാഹീം തന്റെ പിതാവ് ആസറിനെ പരലോകത്ത് വെച്ച് കണ്ടുമുട്ടും. അയാളുടെ മുഖം കരുവാളിച്ചിരിക്കുകയും, പൊടിപുരണ്ടിരിക്കുകയും ചെയ്യും. അപ്പോള്‍ ഇബ്രാഹീം അയാളോട് ചോദിക്കും: “എന്നെ ധിക്കരിക്കരുതെന്ന് ഞാന്‍ താങ്കളോട് പറഞ്ഞിരുന്നില്ലേ?!” അപ്പോള്‍ ഇബ്രാഹീമിന്റെ പിതാവ് പറയും: “ഇന്ന് ഞാന്‍ നിന്നെ ധിക്കരിക്കുകയേയില്ല.” ഇബ്രാഹീം പറയും: “എന്റെ റബ്ബേ! ജനങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കപ്പെടുന്ന ദിനം എന്നെ അപമാനിക്കില്ലെന്ന് നീ എനിക്ക് വാഗ്ദാനം ചെയ്തിരുന്നു. (നിന്റെ കാരുണ്യത്തില്‍ നിന്ന്) അകറ്റപ്പെട്ട എന്റെ പിതാവിനെക്കാള്‍ വലിയ അപമാനം മറ്റെന്തുണ്ട്?!” അല്ലാഹു -تعالى- പറയും: “ഞാന്‍ സ്വര്‍ഗം കാഫിറുകളുടെ മേല്‍ നിഷിദ്ധമാക്കിയിരിക്കുന്നു.” ആ സന്ദര്‍ഭത്തില്‍ ഇബ്രാഹീമിനോട് പറയപ്പെടും: “ഹേ ഇബ്രാഹീം! എന്താണ് നിന്റെ കാലിനടിയില്‍?” അദ്ദേഹം നോക്കുമ്പോള്‍ ആസര്‍ ഒരു കഴുതപ്പുലിയുടെ രൂപത്തില്‍ രക്തം പുരണ്ട് നില്‍ക്കുന്നുണ്ടായിരിക്കും. അതിനെ പിടിച്ച് നരകത്തിലേക് വലിച്ചെറിയും.” (ബുഖാരി: 3350)

നോക്കൂ! അല്ലാഹുവിന് എത്ര ഇഷ്ടമുള്ള, അവിടുത്തെ നബിമാരില്‍ ഏറെ ആദരവും ബഹുമാനവുമുള്ള ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- അല്ലാഹുവിനോട് തന്റെ പിതാവിന് വേണ്ടി ചോദിച്ച സംഭവവും അതിന് അല്ലാഹു നല്‍കിയ ഉത്തരവുമാണ് ഇമാം ബുഖാരി ഉദ്ധരിച്ച സ്വഹീഹായ ഈ ഹദീസില്‍ ഉള്ളത്. മേലെ നാം പറഞ്ഞതു പോലെ: അല്ലാഹുവിന് ഇഷ്ടമില്ലാത്തവര്‍ക്ക് വേണ്ടി ആരെല്ലാം ശുപാര്‍ശ ചെയ്തിട്ടും ഒരു കാര്യവുമില്ല. അല്ലാഹു അവരുടെ ശുപാര്‍ശ സ്വീകരിക്കുകയില്ല. ഇബ്രാഹീം -عَلَيْهِ السَّلَامُ- യുടെ പിതാവിന്റെ ആശയമാണ് ഒരാള്‍ ജീവിതത്തില്‍ വെച്ചു പുലര്‍ത്തിയിട്ടുള്ളത് എങ്കില്‍ ആരെല്ലാം അയാള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്താലും അതൊന്നും നാളെ സ്വീകരിക്കപ്പെടുകയില്ല എന്നല്ലേ ഈ ഹദീസില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്?!

ഇതിന് സമാനമായ ചരിത്രങ്ങള്‍ നബി -ﷺ- യുടെ ചരിത്രത്തിലും കാണാം. നബി -ﷺ- യുടെ പ്രബോധനത്തെ അതിന്റെ തുടക്കത്തില്‍ വളരെ സഹായിച്ച വ്യക്തിയാണ് അബൂ ത്വാലിബ്‌. അല്ലാഹുവിന്റെ റസൂലിന്റെ എളാപ്പ. പക്ഷേ അയാള്‍ ലാ ഇലാഹ ഇല്ലല്ലാഹ് ഉച്ചരിച്ചില്ല. ശിര്‍കില്‍ നിന്ന് രക്ഷപ്പെട്ടില്ല. നരകത്തില്‍ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുക അബൂ ത്വാലിബിനായിരിക്കും എന്ന് ഹദീസുകളില്‍ കാണാം. തീ കൊണ്ടുള്ള ഒരു ചെരുപ്പ് അയാള്‍ക്ക് ധരിപ്പിക്കപ്പെടുകയും, അതിന്റെ കാഠിന്യം കാരണത്താല്‍ അയാളുടെ തലച്ചോര്‍ തിളച്ചു മറിയുകയും ചെയ്യുമെന്ന് ഹദീസില്‍ കാണാം. ചിന്തിക്കൂ! നബി -ﷺ- യുടെ ശുപാര്‍ശ അയാളെ നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തിയോ?!

അബൂ ത്വാലിബിന്റെ കാര്യത്തിലാണ് ഈ ഖുര്‍ആന്‍ ആയത് അവതരിച്ചത്.

مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَن يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَىٰ مِن بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ ﴿١١٣﴾

“മുശ്രിക്കുകള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ -അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും- നബിക്കും മുഅമിനീങ്ങള്‍ക്കും പാടുള്ളതല്ല.” (തൗബ: 113)

മുനാഫിഖുകള്‍! അവര്‍ ലാ ഇലാഹ ഇല്ലല്ലാഹ് പുറമേക്ക് പറയുകയും, ഇസ്‌ലാമിന്റെ നിയമങ്ങള്‍ ബാഹ്യമായി പ്രാവര്‍ത്തികമാക്കുന്നവരുമായിരുന്നു. അവരുടെ കാര്യത്തില്‍ അല്ലാഹു -تَعَالَى- നബി -ﷺ- യോട് പറഞ്ഞതു നോക്കൂ!

اسْتَغْفِرْ لَهُمْ أَوْ لَا تَسْتَغْفِرْ لَهُمْ إِن تَسْتَغْفِرْ لَهُمْ سَبْعِينَ مَرَّةً فَلَن يَغْفِرَ اللَّهُ لَهُمْ ۚ ذَ‌ٰلِكَ بِأَنَّهُمْ كَفَرُوا بِاللَّهِ وَرَسُولِهِ ۗ

“(നബിയേ,) നീ അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയോ, അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി പാപമോചനം തേടാതിരിക്കുകയോ ചെയ്യുക. നീ അവര്‍ക്ക് വേണ്ടി എഴുപത് പ്രാവശ്യം പാപമോചനം തേടിയാലും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചത് കൊണ്ടത്രെ അത്‌.” (തൗബ: 80)

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

أَصْلُهُ: رِسَالَةٌ كَتَبَهَا الشَّيْخُ فَيْصَلُ بْنُ قَزَّار الجَاسِم

تَجْرِيدُ التَّوْحِيدِ مِنْ دَرَنِ الشِّرْكِ وَشُبَهِ التَّنْدِيدِ

-غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment