ഇസ്‌ലാം നിർഭയത്വം നൽകുന്ന മതമാണ്. മനസ്സും ശരീരവും വീടും കുടുംബവും നാടും ചുറ്റുപാടും നിർഭയത്വമുള്ളതാവുക എന്നത് ഈ ദീനിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇസ്‌ലാമിലെ ഒന്നാമത്തെ അടിത്തറയായ, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവന് പുറമെയുള്ള ആരാധ്യന്മാരെ തള്ളിക്കളയുകയും ചെയ്യുന്ന തൗഹീദീ വിശ്വാസമാകട്ടെ, നിർഭയത്വം ലഭിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയും. തൗഹീദ് പാലിക്കുന്ന ഹൃദയത്തിൽ നിർഭയത്വമുണ്ടായിരിക്കും. തൗഹീദിൽ നിലകൊള്ളുന്ന കുടുംബം നിർഭയരായിരിക്കും. തൗഹീദ് പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന നാടും നിർഭയത്വത്തിന്റെ കേന്ദ്രമായിരിക്കും.

الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَـٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ ﴿٨٢﴾

“(അല്ലാഹുവിൽ) മാത്രം വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അതിക്രമം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്‌. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍.” (അൻആം: 82)

നിർഭയത്വം ലഭിക്കാൻ വേണ്ട രണ്ട് നിബന്ധനകളാണ് അല്ലാഹു ഈ ആയത്തിൽ അറിയിച്ചിരിക്കുന്നത്. ഒന്ന്: അല്ലാഹുവിൽ മാത്രം വിശ്വസിക്കുക. അതായത്, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, എല്ലാ ഇബാദതുകളും അവന് മാത്രം സമർപ്പിക്കുകയും ചെയ്യുക. രണ്ട്: അല്ലാഹുവിലുള്ള വിശ്വാസത്തിൽ അതിക്രമം കലർത്താതിരിക്കുക. പൊതുവെ എല്ലാ തിന്മകൾക്കും അതിക്രമം എന്ന് പറയാറുണ്ടെങ്കിലും ഈ ആയത്തിലെ പ്രഥമ ഉദ്ദേശം ഏറ്റവും വലിയ അതിക്രമമായ ശിർകാണ്. നബി -ﷺ- യുടെ ഹദീഥിൽ അക്കാര്യം വ്യക്തമായി വന്നിട്ടുണ്ട്.

عَنْ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ قَالَ: لَمَّا نَزَلَتْ هَذِهِ الآيَةُ: «الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ» شَقَّ ذَلِكَ عَلَى أَصْحَابِ رَسُولِ اللَّهِ -ﷺ-، وَقَالُوا: أَيُّنَا لَمْ يَلْبِسْ إِيمَانَهُ بِظُلْمٍ؟ فَقَالَ رَسُولُ اللَّهِ -ﷺ-: «إِنَّهُ لَيْسَ بِذَاكَ، أَلاَ تَسْمَعُ إِلَى قَوْلِ لُقْمَانَ لِابْنِهِ: «إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ»

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: (സൂറ. അൻആമിലെ 82 ാമത്തെ ആയത്ത്) അവതരിച്ചപ്പോൾ സ്വഹാബികൾക്ക് അത് വളരെ പ്രയാസമുള്ളതായി തോന്നി. അവർ പറഞ്ഞു: തങ്ങളുടെ വിശ്വാസത്തിൽ അതിക്രമം കലർത്താത്തവരായി ഞങ്ങളിൽ ആരാണുള്ളത്?” നബി -ﷺ- പറഞ്ഞു: “ആ അതിക്രമമല്ല ഇവിടെ ഉദ്ദേശം. ലുഖ്മാൻ തന്റെ മകനോട് പറഞ്ഞത് നീ കേട്ടിട്ടില്ലേ?! തീർച്ചയായും ശിർകാകുന്നു ഏറ്റവും വലിയ അതിക്രമം.” (ബുഖാരി: 4776)

ഈ രണ്ട് നിബന്ധനകൾ -അല്ലാഹുവില്‍ മാത്രം വിശ്വസിക്കുകയും, അവനിൽ പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നത്- ഒരാൾ പാലിക്കുന്നതോടെ അവന് നിർഭയത്വം ലഭിക്കുന്നതാണ് എന്ന് അല്ലാഹു നമ്മെ അറിയിക്കുന്നു. ഈ പറയപ്പെട്ട നിർഭയത്വം വ്യക്തിയിലും, സമൂഹത്തിലും ഉണ്ടാകുന്നതാണ്. ഇഹലോകത്തും, മരണശേഷം ഖബർ ജീവിതത്തിലും, പരലോകത്തിലും അത് നിലനിൽക്കുന്നതാണ്.

തൗഹീദ് ഒരാളുടെ മനസ്സിന് നൽകുന്ന നിർഭയത്വത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ! ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിലേക്ക് മാത്രം ഹൃദയവും മനസ്സും ബന്ധിച്ച ഒരു വ്യക്തിക്കുണ്ടാകുന്ന സ്വസ്ഥതയും ശാന്തിയും സമാധാനവും വിവരണാതീതമാണ്. അല്ലാഹു പറഞ്ഞതു നോക്കു:

الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّـهِ ۗ أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ ﴿٢٨﴾

“(അല്ലാഹുവിൽ) വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവർ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌.” (റഅ്ദ്: 28)

തൗഹീദുള്ളവനിൽ സമാധാനമുണ്ടാക്കുന്നത് അവന്റെ സ്രഷ്ടാവും രക്ഷാധികാരിയുമായ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാണ്. അതിലാണ് അവന്റെ മനസ്സ് ശാന്തമാകുന്നത്. എന്നാൽ അല്ലാഹുവിൽ പങ്കുചേർത്തവന്റെ അവസ്ഥയോ? അവന് അല്ലാഹുവിനെ കുറിച്ച് മാത്രം പറഞ്ഞു കേൾക്കുന്നത് മനസ്സിന് പ്രയാസവും അസ്വസ്ഥതയുമാണ് സൃഷ്ടിക്കുക. ‘നിങ്ങൾക്ക് അല്ലാഹു മാത്രമേയുള്ളോ’ എന്നായിരിക്കും അവൻ അതൃപ്തിയോടെ ചോദിക്കുക. ബഹുദൈവാരാധന കടന്നുകൂടിയവന്റെ ഹൃദയത്തിലെ ഈ അവസ്ഥയെ കുറിച്ച് അല്ലാഹു അറിയിച്ചിട്ടുണ്ട്.

وَإِذَا ذُكِرَ اللَّـهُ وَحْدَهُ اشْمَأَزَّتْ قُلُوبُ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ ۖ وَإِذَا ذُكِرَ الَّذِينَ مِن دُونِهِ إِذَا هُمْ يَسْتَبْشِرُونَ ﴿٤٥﴾

“അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്‌. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടരാകുന്നു.” (സുമർ: 45)

തൗഹീദ് വ്യക്തിയിൽ ചെലുത്തുന്ന സ്വാധീനമാണിത്. അപ്പോൾ തൗഹീദിൽ അടിയുറച്ചു നിലകൊള്ളുന്ന അനേകം വ്യക്തികൾ കൂടിച്ചേർന്നുണ്ടാകുന്ന സമൂഹമോ; അവരുടെ കാര്യവും വ്യത്യസ്തമല്ല. സമാധാനവും നിർഭയത്വവും അല്ലാഹു അവരുടെ മനസ്സിൽ ഇറക്കി നൽകുകയും, എല്ലാ പ്രയാസങ്ങളിൽ നിന്നും അവൻ അവരെ സംരക്ഷിക്കുകയും ചെയ്യും. അവരുടെ ശത്രുക്കളുടെ -അല്ലാഹുവിൽ പങ്കുചേർത്തവരുടെ- ഹൃദയങ്ങളിൽ അവൻ ഭയവും ഭീതിയും നിറക്കുകയും ചെയ്യും. അല്ലാഹു പറഞ്ഞത് നോക്കൂ:

بَلِ اللَّـهُ مَوْلَاكُمْ ۖ وَهُوَ خَيْرُ النَّاصِرِينَ ﴿١٥٠﴾ سَنُلْقِي فِي قُلُوبِ الَّذِينَ كَفَرُوا الرُّعْبَ بِمَا أَشْرَكُوا بِاللَّـهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا ۖ

“അല്ല, അല്ലാഹുവാകുന്നു നിങ്ങളുടെ രക്ഷാധികാരി. അവനാകുന്നു ഏറ്റവും നല്ല സഹായി. അല്ലാഹു യാതൊരു തെളിവും അവതരിപ്പിച്ചിട്ടില്ലാത്ത വസ്തുക്കളെ അല്ലാഹുവോട് പങ്കുചേര്‍ത്തതിന്റെ ഫലമായി, (അല്ലാഹുവിനെ) നിഷേധിച്ചവരുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്‌. നരകമാകുന്നു അവരുടെ സങ്കേതം. അക്രമികളുടെ പാര്‍പ്പിടം എത്രമോശം!” (ആലു ഇംറാൻ: 150-151)

അല്ലാഹു അവനിൽ വിശ്വസിച്ചവരെ സംരക്ഷിക്കുമെന്നും, അവനിൽ പങ്കുചേർത്തതിനാൽ അവരുടെ ശത്രുക്കളുടെ ഹൃദയങ്ങളിൽ ഭയം നിറക്കുമെന്നും എത്ര വ്യക്തമായാണ് നമ്മെ അറിയിച്ചിരിക്കുന്നത്. പീഢനങ്ങളും പ്രയാസങ്ങളും വർദ്ധിക്കുകയും, നാനാഭാഗങ്ങളിൽ മുസ്‌ലിമീങ്ങൾ അക്രമിക്കപ്പെടുകയും ചെയ്യുന്ന വാർത്തകൾ കേൾക്കുമ്പോൾ ഈ ആയത്തിനെ കുറിച്ച് നാം കൂടുതലായി ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ നിർഭയത്വം നഷ്ടപ്പെട്ടതിന്റെ കാരണം തൗഹീദിൽ നാം വരുത്തിയ കുറവാണെന്നും, നമ്മുടെ ശത്രുക്കളുടെ ഹൃദയങ്ങളിലുള്ള ഭയം നീങ്ങിയത് നമ്മുടെ കുറവു കൊണ്ട് തന്നെയാണെന്നുമുള്ള യാഥാർഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്.

തൗഹീദ് കൊണ്ട് ലഭിക്കുന്ന നിർഭയത്വം ദുനിയാവിലേക്ക് മാത്രമുള്ളതല്ല. മരണവേളയിലും, ഖബറിലെ ചോദ്യങ്ങളുടെ സന്ദർഭത്തിലും, ഉയിർത്തെഴുന്നേൽപ്പിന്റെ നാളിലുമെല്ലാം ഈ നിർഭയത്വം അല്ലാഹു ഓരോ മുസ്‌ലിമിനും നൽകുന്നതാണ്. അവന്റെ തൗഹീദിന്റെ ശക്തിയും ഉറപ്പും അനുസരിച്ച് അവന് ലഭിക്കുന്ന നിർഭയത്വത്തിന്റെ അളവും വർദ്ധിക്കുന്നതാണ്. അല്ലാഹുവിൽ പങ്കുചേർക്കുക എന്ന തിന്മ സംഭവിച്ചാലാകട്ടെ, ആ നിർഭയത്വം പൂർണ്ണമായും നശിക്കുകയും, അവന്റെ ശിക്ഷയും ശാപവും അത്തരക്കാരെ ബാധിക്കുകയും ചെയ്യും.

ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- തന്റെ ജനതയോട് ചോദിച്ച ചോദ്യം ഏറെ പ്രസക്തം തന്നെ.

وَكَيْفَ أَخَافُ مَا أَشْرَكْتُمْ وَلَا تَخَافُونَ أَنَّكُمْ أَشْرَكْتُم بِاللَّـهِ مَا لَمْ يُنَزِّلْ بِهِ عَلَيْكُمْ سُلْطَانًا ۚ فَأَيُّ الْفَرِيقَيْنِ أَحَقُّ بِالْأَمْنِ ۖ إِن كُنتُمْ تَعْلَمُونَ ﴿٨١﴾

“നിങ്ങള്‍ അല്ലാഹുവിനോട് പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്ക് യാതൊരു തെളിവും അവതരിപ്പിച്ചു നൽകിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്ക് ചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍? (പറയൂ;) നിങ്ങള്‍ക്കറിയാമെങ്കില്‍.” (അൻആം: 81)

അല്ലാഹു തൗഹീദ് പാലിക്കുകയും, അതിൽ തന്നെ ജീവിച്ചു മരിക്കുകയും ചെയ്യുന്നവരിൽ നാമേവരെയും ഉൾപ്പെടുത്തുമാറാകട്ടെ. ശിർകിന്റെ ചെറുതും വലുതുമായ എല്ലാ ശാഖകളിൽ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. (ആമീൻ)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: