അല്ലാഹുവിന്റെ ദീനായ ഇസ്ലാമിലേക്ക് പ്രവേശിക്കാൻ ഒരേയൊരു വഴി മാത്രമാണ് മുന്നിലുള്ളത്. അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുന്ന ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യവും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിന്റെ ദൂതനാണെന്ന് പ്രഖ്യാപിക്കുന്ന ‘മുഹമ്മദുൻ റസൂലുല്ലാഹ്’ എന്ന വാക്യവും സാക്ഷ്യം വഹിക്കുക. ഈ ദീനിലേക്ക് ഒരാളുടെ പ്രവേശനം തീരുമാനിക്കുന്ന ഒന്നാമത്തെ കാര്യം തൗഹീദാണെന്ന് ചുരുക്കം.
ഇസ്ലാം ദീനിന്റെ അഞ്ച് സ്തംഭങ്ങൾ പഠിപ്പിച്ചപ്പോൾ നബി -ﷺ- ആദ്യം എണ്ണിയത് തൗഹീദാണ്. ഒരു മുസ്ലിമിന്റെ ഹൃദയത്തിലും വാക്കുകളിലും പ്രവർത്തനങ്ങളിലുമെല്ലാം ഒന്നാം സ്ഥാനം അലങ്കരിക്കേണ്ടത് തൗഹീദാണ് എന്ന് അത് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
عَنِ ابْنِ عُمَرَ عَنِ النَّبِيِّ -ﷺ- قَالَ: «بُنِيَ الْإِسْلَامُ عَلَى خَمْسَةٍ، عَلَى أَنْ يُوَحَّدَ اللهُ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَصِيَامِ رَمَضَانَ، وَالْحَجِّ»
ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: “ഇസ്ലാം അഞ്ചു കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടത്. അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കപ്പെടുക (തൗഹീദ്), നിസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, റമദാൻ മാസത്തിൽ നോമ്പെടുക്കുക, ഹജ്ജ്.” (മുസ്ലിം: 16)
ഇസ്ലാമിലെ ഏറ്റവും മഹത്തരമായ നാല് ഇബാദതുകൾ ഈ ഹദീഥിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. ഈ അഞ്ച് ആരാധനാകർമ്മങ്ങളുടെയും പ്രാധാന്യം അറിയാത്ത ഒരു മുസ്ലിമും ഉണ്ടായിരിക്കുകയില്ല. അഞ്ചു നേരത്തെ നിസ്കാരം ഒരാൾ ഉപേക്ഷിച്ചാൽ അയാൾ ഇസ്ലാമിൽ നിന്ന് പുറത്തു പോകും എന്ന് സ്വഹാബികൾ മനസ്സിലാക്കിയിരുന്നു. നബി -ﷺ- യുടെ വഫാതിന് ശേഷം സകാത് നൽകാതിരുന്നവരോട് അബൂബക്ർ അസ്സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- യുദ്ധം ചെയ്തിട്ടുണ്ട്. റമദാനിലെ നോമ്പ് ഉപേക്ഷിക്കുക എന്നത് ഒരു മുസ്ലിമിന് ചിന്തിക്കാൻ കഴിയുന്ന കാര്യമല്ല. ഇസ്ലാമിന്റെ നാടായ മക്കയിലേക്ക് ഒരിക്കലെങ്കിലും ഹജ്ജിനായി പുറപ്പെടാൻ കഴിയുന്നത് സ്വപ്നമായി മനസ്സിൽ സൂക്ഷിക്കാത്തവരും ഉണ്ടാകില്ല.
ചിന്തിച്ചു നോക്കൂ! ഈ മഹത്തരമായ ഇബാദതുകളെല്ലാം പറയുന്നതിന് മുൻപ് -ആദ്യമായി- നബി -ﷺ- എണ്ണിയത് തൗഹീദാണ്. ഈ പറയപ്പെട്ട ഇബാദതുകളെല്ലാം അങ്ങേയറ്റം പ്രാധാന്യത്തോടെ ശ്രദ്ധിക്കുകയും ജീവിതത്തില്‍ പുലര്‍ത്തുകയും ചെയ്യുന്ന ഓരോ മുസ്ലിമിന്റെയും ഹൃദയത്തിൽ തൗഹീദിന് എത്ര വലിയ സ്ഥാനവും പദവിയും ഉണ്ടായിരിക്കണം!
ഒരാൾ നിസ്കാരം ഒഴിവാക്കിയാൽ, സകാത്ത് നൽകാതിരുന്നാൽ, റമദാനിൽ നോമ്പ് ഉപേക്ഷിച്ചാൽ, ഹജ്ജിനെ നിസ്സാരവൽക്കരിച്ചാൽ നമ്മുടെ ഹൃദയത്തിൽ എന്തു വലിയ ഞെ-ട്ടലും പ്രയാസവുമുണ്ടായിരിക്കും. അപ്പോൾ തൗഹീദിന്റെ കാര്യം എത്രമാത്രം ഗൗരവമുള്ളതായിരിക്കും?! അതില്‍ ഒരാള്‍ അറിവില്ലായ്മ പുലര്‍ത്തുകയോ, അബദ്ധം വരുത്തുകയോ ചെയ്താല്‍ എന്തു മാത്രം ഗുരുതരമായിരിക്കും അവന്റെ സ്ഥിതി?!
ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാസ് -حَفِظَهُ اللَّهُ- പറഞ്ഞു: “ഇസ്ലാം പടുത്തുയർത്തപ്പെട്ടിരിക്കുന്നത് ഈ അഞ്ച് സ്തംഭങ്ങൾക്ക് മേലാണ്. അവയിൽ ഒന്നാമത്തെ കാര്യം രണ്ട് ശഹാദതുകളാണ്. ദീനിന്റെ എല്ലാ അടിസ്ഥാനങ്ങളുടെയും മൂലക്കല്ല് ഈ രണ്ട് വാക്യങ്ങളാണ്. ഇസ്ലാമിലെ മറ്റെല്ലാ കാര്യങ്ങളും അവയുടെ ബാക്കിപത്രം മാത്രമാണ്. ഇസ്ലാമിലെ ബാക്കിയെല്ലാ സ്തംഭങ്ങളും മറ്റു പ്രവർത്തനങ്ങളും പരലോകത്ത് ഉപകാരപ്പെടണമെങ്കിൽ അവയെല്ലാം ഈ രണ്ട് ശഹാദത് കലിമക്ക് മേൽ പടുത്തുയർത്തപ്പെട്ടതായിരിക്കണം.” (ശർഹുൽ അർബഈൻ: 30)
ഒരാള്‍ രാവും പകലും നിസ്കരിക്കുകയും, ഭൂമി നിറയെ സ്വര്‍ണ്ണവും വെള്ളിയും ദാനമായി നല്‍കുകയും, നിത്യവും നോമ്പ് അനുഷ്ഠിക്കുകയും, എല്ലാ വര്‍ഷവും ഹജ്ജ് നിര്‍വ്വഹിക്കുകയും ചെയ്തുവെന്ന് കരുതുക; എന്നാല്‍ ഇതെല്ലാമുണ്ടെങ്കിലും തൗഹീദിന്റെ വിഷയത്തിൽ അയാള്‍ വീഴ്ച്ച വരുത്തിയാല്‍ ഈ പറഞ്ഞ ആരാധനകളെല്ലാം വൃഥാവിലാണ്. ഒരു മൺതരിയുടെ വില പോലും അല്ലാഹുവിങ്കല്‍ ആ പ്രവർത്തനങ്ങൾക്കില്ല.
അല്ലാഹു നമ്മെ തൗഹീദിൽ അടിയുറച്ചു നിലകൊള്ളുന്ന മുസ്ലിംകളിൽ ഉൾപ്പെടുത്തട്ടെ. (ആമീൻ)