ശപിക്കപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിൻ്റെ അടുക്കൽ ഞാൻ അഭയം തേടുന്നു.
വിശുദ്ധ ഖുർആൻ പാരായണം ചെയ്തു തുടങ്ങുന്നതിന് മുൻപ് ശപിക്കപ്പെട്ട പിശാചിൽ നിന്ന് രക്ഷ തേടാൻ അല്ലാഹു കൽപ്പിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു:
فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ ﴿٩٨﴾
“നീ ഖുര്ആന് പാരായണം ചെയ്യുകയാണെങ്കില് ശപിക്കപ്പെട്ട പിശാചില് നിന്ന് അല്ലാഹുവോട് ശരണം തേടിക്കൊള്ളുക.” (നഹ്ൽ: 98)
കാരണം ജനങ്ങളെ സത്യത്തിലേക്ക് നയിക്കുന്ന മാർഗദർശനവും, അവരുടെ ഹൃദയങ്ങളെ സുഖപ്പെടുത്തുന്ന ശമനവുമാണ് ഖുർആൻ. പിശാചാകട്ടെ, എല്ലാ തിന്മകളിലേക്കും വഴികേടുകളിലേക്കും നയിക്കുന്ന അടിസ്ഥാനകാരണവുമാണ്. ഇതു കൊണ്ട് തന്നെ, ഖുർആൻ പാരായണത്തിന് മുൻപ് പിശാചിൻ്റെ ഉപദ്രവങ്ങളിൽ നിന്നും ദുർബോധനങ്ങളിൽ നിന്നും അല്ലാഹുവിനെ കൊണ്ട് രക്ഷ തേടുക എന്നത് ഏറ്റവും അനുയോജ്യമാണ്.
أَعُوذُ بِاللَّـهِ مِنَ الشَّيْطَانِ الرَّجِيمِ : ഈ വാചകം പറഞ്ഞു കൊണ്ടാണ് ഖുർആൻ പാരായണത്തിന് മുൻപ് പിശാചിൽ നിന്ന് രക്ഷ തേടേണ്ടത് എന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അ ഭിപ്രായം. പിശാചിൽ നിന്നുള്ള ഈ രക്ഷാതേട്ടത്തിന് അറബിയിൽ ‘ഇസ്തിആദഃ’ (الاسْتِعَاذَةُ) എന്നാണ് പറയുക.
‘ഇസ്തിആദഃ’ വിശുദ്ധ ഖുർആനിൻ്റെ ഭാഗമല്ല എന്നത് പണ്ഡിതന്മാർക്കിടയിൽ സർവ്വാംഗൃതമാണ്. മുസ്ഹഫുകളിൽ ഇസ്തിആദഃ പ്രത്യേകം രേഖപ്പെടുത്തപ്പെടാത്തതിൻ്റെ കാരണം അതാണ്.
(أَعُوذُ بِاللَّـهِ) : ഞാൻ അല്ലാഹുവിനോട് രക്ഷ തേടുകയും, അവനെ കൊണ്ട് മാത്രം അഭയം തേടുകയും ചെയ്യുന്നു.
(مِنَ الشَّيْطَانِ) : ജിന്നുകളിലും മനുഷ്യരിലും പെട്ട ധിക്കാരികളായ സർവ്വരിൽ നിന്നും ഞാൻ രക്ഷ തേടുന്നു. അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് അവർ എന്നെ വഴിതെറ്റിക്കുകയോ അല്ലാഹുവിൻ്റെ ഗ്രന്ഥം പാരായണം ചെയ്യുന്നതിൽ നിന്ന് എന്നെ തടയുകയോ ചെയ്യുന്നതിൽ നിന്ന്.
‘അകൽച്ച’യെ അറിയിക്കുന്ന ‘ശത്വന’ എന്ന പദത്തിൽ നിന്നാണ് ശൈത്വാൻ എന്ന വാക്ക് വന്നിരിക്കുന്നത്. കാരണം;
(1) പിശാചിൻ്റെ പ്രകൃതം മനുഷ്യരുടെ പ്രകൃതത്തിൽ നിന്ന് അകലെയാണ്.
(2) അവൻ്റെ തിന്മകൾ കാരണത്താൽ നന്മകളിൽ നിന്നും അവൻ അകലെയാണ്.
(3) അവൻ്റെ ധിക്കാരം കാരണത്താൽ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്നും അവൻ അകന്നിരിക്കുന്നു. (ഇബ്നു കഥീർ: 1/115, ത്വബ്രി: 1/109)
(الرَّجِيمِ) : ആട്ടിയകറ്റപ്പെട്ടവൻ എന്നർത്ഥം. പിശാച് എല്ലാ നിലക്കും -വാക്കാലും പ്രവർത്തിയാലും- ആട്ടിയകറ്റപ്പെട്ടവനാണ്. കാരണം;
(1) അല്ലാഹുവിൻ്റെ ശാപവും ആക്ഷേപവും മുഖേന അവൻ ആട്ടിയകറ്റപ്പെട്ടിരിക്കുന്നു.
(2) ഉപരിലോകത്ത് നിന്ന് അല്ലാഹു അവനെ ആട്ടിയകറ്റിയിരിക്കുന്നു.
(3) ആകാശങ്ങളിൽ ഉൽക്കകളാലും നക്ഷത്രങ്ങളാലും പിശാച് എറിഞ്ഞാട്ടപ്പെടുന്നു. (സൂറ. മുൽക്: 5 നോക്കുക.)
(4) എല്ലാ നന്മകളിൽ നിന്നും അവൻ ആട്ടിയകറ്റപ്പെട്ടിരിക്കുന്നു. (ഇബ്നു കഥീർ: 1/116, ത്വബ്രി: 1/110)
ഇസ്തിആദത്തിൻ്റെ ആശയം:
ശപിക്കപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിൻ്റെ അടുക്കൽ ഞാൻ അഭയം തേടുന്നു.
(1) അവൻ എൻ്റെ മതപരമോ ഭൗതികമോ (ദീനിയായതോ ദുൻയവിയായതോ) ആയ കാര്യങ്ങളിൽ എനിക്ക് ഉപദ്രവമേൽപ്പിക്കുന്നതിൽ നിന്നും;
(2) അല്ലാഹു എന്നോട് കൽപ്പിച്ച കാര്യങ്ങൾ ഞാൻ പ്രവർത്തിക്കാതെ എന്നെ തടയുന്നതിൽ നിന്നും;
(3) അല്ലാഹു എന്നോട് വിലക്കിയ കാര്യങ്ങൾ പ്രവർത്തിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതിൽ നിന്നും; ഞാൻ അല്ലാഹുവിനോട് രക്ഷ തേടുന്നു.
കാരണം പിശാചിൻ്റെ ഉപദ്രവത്തിൽ നിന്ന് മനുഷ്യനെ തടുക്കാൻ അല്ലാഹുവിനല്ലാതെ കഴിയില്ല.
മനുഷ്യരിലെ ധിക്കാരികളായ പിശാചുക്കളുടെ കാര്യത്തിൽ അവരോട് നന്മയിൽ വർത്തിക്കാനും ഭംഗിയിൽ പെരുമാറാനുമാണ് അല്ലാഹു കൽപ്പിച്ചിട്ടുള്ളത്; കാരണം നന്മയിലേക്ക് മടങ്ങാനുള്ള പ്രകൃതത്തിലാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
എന്നാൽ ജിന്നുകളിൽ പെട്ട ഇബ്ലീസിൻ്റെയും പിശാചുക്കളുടെയും കാര്യത്തിൽ അല്ലാഹു ഇപ്രകാരം കൽപ്പിച്ചില്ല. മറിച്ച്, അവരുടെ ഉപദ്രവത്തിൽ നിന്ന് രക്ഷ തേടാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്നാണ് അവൻ കൽപ്പിച്ചത്. കാരണം എന്തൊരു ഭംഗിയുള്ള പെരുമാറ്റവും അവൻ്റെ കാര്യത്തിൽ ഒരു പ്രയോജനവും ചെയ്യാൻ പോകുന്നില്ല. അവൻ പ്രകൃത്യാ ത ന്നെ ധിക്കാരിയും അതിക്രമിയുമാണ്. അവൻ്റെ ഉപദ്രവത്തിൽ നിന്ന് നിന്നെ രക്ഷിക്കാൻ അവൻ്റെ സ്രഷ്ടാവിനല്ലാതെ സാധിക്കുകയില്ല. (മിസ്ബാഹുൽ മുനീർ / ഇബ്നു കഥീർ: 23)
ഇസ്തിആദത്തിൻ്റെ പ്രയോജനങ്ങൾ:
1- വിശുദ്ധ ഖുർആൻ പാരായണം ചെയ്യുക എന്നത് ഏറ്റവും മഹത്തരമായ നന്മകളിൽ പെട്ടതാണ്. അതിനാൽ ഈ നന്മയിൽ നിന്ന് മനുഷ്യനെ തടയാനുള്ള പിശാചിൻ്റെ ശ്രമവും കൂടുതൽ ശക്തമായിരിക്കും.
വസ്വാസുകളിലൂടെയും ദുർമന്ത്രണങ്ങളിലൂടെയും അവനെ അതിൽ നിന്ന് തടയാൻ തടയാൻ പിശാച് പരമാവധി ശ്രമിക്കുന്നതാണ്. എന്നാൽ ഒരാൾ അല്ലാഹുവിനോട് ഇസ്തിആദഃ നടത്തുമ്പോൾ അവൻ അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും അവനോട് രക്ഷ ചോദിക്കുകയുമാണ് ചെയ്യുന്നത്. അതോടെ അല്ലാഹു അവനെ സംരക്ഷിക്കുകയും പിശാചിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുന്നതാണ്. (മജ്മൂഉൽ ഫതാവാ / ഇബ്നു തൈമിയ്യഃ: 7/283, സഅ്ദി: 449)
2- ഇസ്തിആദഃ ഒരേ സമയം അല്ലാഹുവിനോടുള്ള സഹായതേട്ടവും, അവൻ്റെ ശക്തിയെയും കഴിവിനെയും അംഗീകരിക്കലുമാണ്. അതോടൊപ്പം, താൻ അല്ലാഹുവിൻ്റെ അടിമയാണെന്നും, മറഞ്ഞിരിക്കുന്ന ഈ ശത്രുവിനെ നേരിടുന്നതിൽ താൻ അശക്തനും ദുർബലനുമാണെന്ന ഏറ്റുപറച്ചിലുമാണ്.
3- ഖുർആൻ പാരായണത്തിന് മുൻപ് നാവിൽ വന്നു പോയിട്ടുള്ള മോശം വാക്കുകളിൽ നിന്നുള്ള ശുദ്ധീകരണവും, നാവിന് ദിക്റിൻ്റെ സുഗന്ധം പകരലും, ഖുർആൻ പാരായണത്തിന് അതിനെ ഒരുക്കി നിർത്തലും ഇസ്തിആദത്തിലൂടെ സാധിക്കുന്നു. (ഇബ്നു കഥീർ: 1/114)
4- വിശുദ്ധ ഖുർആൻ പാരായണം ആരംഭിക്കുന്ന വ്യക്തി നന്മയുടെ വഴിയിൽ യാത്ര ആരംഭിക്കുന്ന ഒരാളെ പോലെയാണ്. യാത്രക്കാരൻ്റെ മുൻപിൽ തൻ്റെ വഴിയിൽ തടസ്സം സൃഷ്ടിക്കുന്ന എന്തെങ്കിലും വന്നെത്തിയാൽ അത് എടുത്തു നീക്കിയ ശേഷമായിരിക്കുമല്ലോ അയാൾ യാത്ര തുടരുക.
എല്ലാ നന്മയുടെ വഴികളിലും തടസ്സവുമായി നിലകൊള്ളുന്ന പിശാച് ഖുർആൻ പാരായണത്തിൻ്റെ മുൻപിൽ കൂടുതൽ ശക്തമായ തടസ്സമാണ് സൃഷ്ടിക്കുക. അവൻ്റെ തടസ്സങ്ങളെ അതിജീവിക്കാൻ ഇസ്തിആദഃ സഹായിക്കുന്നു. (ഇഗാഥതുല്ലഹ്ഫാൻ / ഇബ്നുൽ ഖയ്യിം: 1/93-94)