6
اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾

ഞങ്ങളെ നീ സ്വിറാത്വുൽ മുസ്തഖീമിലേക്ക് വഴിനയിക്കേണമേ!

തഫ്സീർ മുഖ്തസ്വർ :

دُلَّنَا إِلَى الصِّرَاطِ المُسْتَقِيمِ، وَاسْلُكْ بِنَا فِيهِ، وَثَبِّتْنَا عَلَيْهِ، وَزِدْنَا هُدًى، وَ«الصِّرَاطُ المُسْتَقِيمُ» هُوَ الطَّرِيقُ الوَاضِحُ الذِّي لَا اعْوِجَاجَ فِيهِ، وَهُوَ الإِسْلَامُ الذِّي أَرْسَلَ اللَّهُ بِهِ مُحَمَّدًا -ﷺ-.

ഞങ്ങൾക്ക് നീ സ്വിറാത്വുൽ മുസ്തഖീമിലേക്ക് വഴികാണിക്കുകയും, അതിൽ ഞങ്ങളെ പ്രവേശിപ്പിക്കുകയും, ആ മാർഗത്തിൽ ഉറപ്പിച്ചു നിർത്തുകയും, ഞങ്ങൾക്ക് സന്മാർഗം വർദ്ധിപ്പിച്ചു നൽകുകയും ചെയ്യേണമേ! സ്വിറാത്വുൽ മുസ്തഖീം എന്നത് കൊണ്ടുള്ള ഉദ്ദേശം വളവുകളില്ലാത്ത, സുവ്യക്തമായ പാതയാണ്. മുഹമ്മദ് നബി -ﷺ- യിലൂടെ അല്ലാഹു അവതരിപ്പിച്ച പരിശുദ്ധ ഇസ്‌ലാമാണ് അത്.

വിശദീകരണം:

* ഹിദായതിൻ്റെ രണ്ട് ഘട്ടങ്ങൾ:

അല്ലാഹു ഒരാൾക്ക് സന്മാർഗം കാണിക്കുന്നതിന് രണ്ട് ഘട്ടങ്ങളുണ്ട്.

ഒന്ന്: സ്വിറാത്വുൽ മുസ്തഖീമിലേക്കുള്ള സന്മാർഗം.

അല്ലാഹു തൃപ്തിപ്പെട്ട അവൻ്റെ മതമായ ഇസ്ലാം സ്വീകരിക്കാനും, ഇസ്ലാമിന് പുറമെയുള്ള മറ്റെല്ലാ മതങ്ങളെയും ഉപേക്ഷിക്കാനും ഒരാൾക്ക് സാധിച്ചാൽ അയാൾക്ക് സ്വിറാത്വുൽ മുസ്തഖീമിലേക്ക് സന്മാർഗം ലഭിച്ചിരിക്കുന്നു.

രണ്ട്: സ്വിറാത്വുൽ മുസ്തഖീമിലൂടെയുള്ള സഞ്ചരിക്കാനുള്ള സന്മാർഗം.

ഇസ്ലാം ദീനിലെ വിശ്വാസപരവും കർമ്മപരവുമായ ഓരോ നന്മകളും പ്രാവർത്തികമാക്കാനും, തിന്മകളിൽ നിന്ന് വിട്ടുനിൽക്കാനും ഒരാൾക്ക് സാധിച്ചാൽ അയാൾക്ക് സ്വിറാത്വുൽ മുസ്തഖീമിലൂടെ സഞ്ചരിക്കാനുള്ള സന്മാർഗം ലഭിച്ചിരിക്കുന്നു. (തഫ്സീറുസ്സഅ്ദി: 39)

* സന്മാർഗം; സർവ്വതിനേക്കാളും വിലപ്പെട്ടത്

സർവ്വതിനേക്കാളും വിലപ്പെട്ടത് അല്ലാഹുവിലേക്കും അവൻ്റെ സ്വർഗത്തിലേക്കും എത്തിക്കുന്ന സന്മാർഗത്തിലേക്ക് എത്തിപ്പെടാൻ സാധിക്കുക എന്നത് തന്നെയാണ്.

ഭൗതിക ഉപജീവനവും, വിജയങ്ങളും നേടിയെടുക്കാൻ കഴിയുന്നതിനേക്കാൾ എത്രയോ വലുതാണ് അല്ലാഹുവിൽ നിന്നുള്ള സന്മാർഗം (ഹിദായത്) ലഭിക്കുക എന്നത്. അല്ല! അവയൊന്നും ‘ഹിദായതു’മായി തട്ടിച്ചു നോക്കുകയോ, താരതമ്യം നടത്തുകയോ ചെയ്യപ്പെടാൻ അർഹമേയല്ല.

കാരണം ഒരാൾക്ക് സന്മാർഗം ലഭിച്ചാൽ അവൻ അല്ലാഹുവിനെ സൂക്ഷിക്കുന്ന, തഖ്‌വയുള്ളവരിൽ ഉൾപ്പെട്ടുവെന്നാണ് അതിൻ്റെ അർത്ഥം. ഒരാൾക്ക് തഖ്‌വയുണ്ടായാൽ അല്ലാഹു അവൻ വിചാരിക്കാത്ത വഴിയിലൂടെ അവന് ഉപജീവനം നൽകുമെന്നാണ് അല്ലാഹു അറിയിച്ചുള്ളത്. (മജ്‌മൂഉൽ ഫതാവാ / ഇബ്നു തൈമിയ്യഃ: 14/39)

وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا ﴿٢﴾ وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ

“അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌.” (ത്വലാഖ്: 2-3)

* ഭൂമിയിലെ സ്വിറാത്വും പരലോകത്തെ സ്വിറാത്വും

അല്ലാഹു അവതരിപ്പിച്ചു തന്ന ഇസ്ലാമാകുന്നു ഭൂമിയിൽ ഓരോ മനുഷ്യനും പിൻപറ്റേണ്ട വഴിയും സ്വിറാത്വും (സ്വിറാത്വ് = വഴി). പരലോകത്തും ഒരു സ്വിറാത്വുണ്ട്; നരകത്തിന് മുകളിലൂടെ -സ്വർഗവഴിയിലേക്ക് നാട്ടപ്പെട്ട- പാലമാണത്.

ഭൂമിയിൽ ഇസ്ലാമാകുന്ന പാലത്തിൽ എത്രമാത്രം ഉറപ്പോടെ നിലയുറപ്പിച്ചോ, അത്രയും ഉറപ്പോടെ നരകത്തിന് മുകളിലെ സ്വിറാത്വ് പാലത്തിൽ അവൻ്റെ കാലുകൾക്ക് ഉറപ്പ് ലഭിക്കുന്നതാണ്.

ഇസ്ലാമിൻ്റെ പാതയിലൂടെ അവൻ സഞ്ചരിക്കുന്ന വേഗമനുസരിച്ചായിരിക്കും പരലോകത്തുള്ള സ്വിറാത്വിന് മുകളിലൂടെ അവന് സഞ്ചരിക്കാൻ സാധിക്കുക. അതിനാൽ ഈ ജീവിതത്തിലെ നിൻ്റെ സഞ്ചാരപഥത്തെ കുറിച്ച് ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യുക; നാളെ പരലോകത്ത് സ്വിറാത്വ് പാലത്തിൽ നിൻ്റെ നടത്തം എപ്രകാരമായിരിക്കും എന്നതിനുള്ള ഉത്തരം നിനക്ക് തന്നെ മനസ്സിലാക്കാൻ കഴിഞ്ഞേക്കാം. (മദാരിജുസ്സാലികീൻ / ഇബ്നുൽ ഖയ്യിം: 1/33)

* ആയതിലെ ചില പാഠങ്ങൾ:

1- ഒരടിമയെ സംബന്ധിച്ചിടത്തോളം അവന് ഏറ്റവും ഉപകാരപ്രദമായതും, അവന് പ്രാർത്ഥിക്കാവുന്നതിൽ ഏറ്റവും ആശയസമ്പുഷ്ടവുമായ പ്രാർത്ഥനയാണ് ഈ ആയത്തിലുള്ളത്. അതു കൊണ്ടാണ് നിത്യവും നിസ്കാരത്തിൽ എല്ലാ റക്അതുകളിലും ഈ പ്രാർത്ഥന ചൊല്ലുക എന്നത് അവൻ്റെ മേൽ നിർബന്ധമായിരിക്കുന്നത്. (തഫ്സീറുസ്സഅ്ദി: 39)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: