5
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾

നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.

തഫ്സീർ മുഖ്തസ്വർ :

نَخُصُّكَ وَحْدَكَ بِأَنْوَاعِ العِبَادَةِ وَالطَّاعَةِ، فَلَا نُشْرِكُ مَعَكَ غَيْرَكَ، وَمِنْكَ وَحْدَكَ نَطْلُبُ العَوْنَ فِي كُلِّ شُؤُونِنَا، فَبِيَدِكَ الخَيْرُ كُلُّهُ، وَلَا مُعِينَ سِوَاكَ.

ഞങ്ങളുടെ എല്ലാ തരം ഇബാദത്തുകളും സൽകർമ്മങ്ങളും നിനക്ക് മാത്രമാണ്. നിന്നോടൊപ്പം ഒരാളെയും ഞങ്ങൾ പങ്കുചേർക്കുന്നതല്ല. ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും നിന്നിൽ നിന്ന് മാത്രമാണ് ഞങ്ങൾ സഹായം തേടുന്നത്. നിന്റെ കയ്യിൽ മാത്രമാണ് സർവ്വ നന്മകളും. നിനക്ക് പുറമെ ഒരു സഹായിയുമില്ല.

വിശദീകരണം:

* ഇബാദത്

‘ഇയ്യാക നഅ്ബുദു’ എന്നാൽ നിന്നെ മാത്രമേ ഞങ്ങൾ ഇബാദത് ചെയ്യൂ എന്നാണ് അർത്ഥമാക്കുന്നത്.

العِبَادَةُ: اسْمٌ جَامِعٌ لِكُلِّ مَا يُحِبُّهُ اللَّهُ وَيَرْضَاهُ مِنَ الأَقْوَالِ وَالأَعْمَالِ الظَّاهِرَةِ وَالبَاطِنَةِ

ഇബാദത്ത് എന്നാല്‍: അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമായ ആന്തരികവും ബാഹ്യവുമായ എല്ലാ വാക്കുകളെയും പ്രവര്‍ത്തികളെയും ഒരുമിപ്പിക്കുന്ന ഒരു പദമാണ്.

‘അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമായ‘ എന്ന വാക്കില്‍ നിന്ന് ഏതൊരു പ്രവൃത്തിയും അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തികരവും ആകുമ്പോള്‍ മാത്രമാണ് ഇബാദത് ആവുക എന്ന് മനസ്സിലാക്കാം. അല്ലാഹുവിന് ഇഷ്ടപ്പെടാത്ത ഒരു പ്രവൃത്തി -അതെത്ര പേര്‍ ചെയ്താലും, ആരെല്ലാം അനുകൂലിച്ചാലും- ഇബാദതാവുകയില്ല.

ഉദാഹരണത്തിന് നിസ്കാരം ഉപേക്ഷിക്കുന്നതോ, വ്യഭിചരിക്കുന്നതോ ഒരിക്കലും ഇബാദത് ആവുകയില്ല. കാരണം അവ അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യമല്ല; മറിച്ച് അവന് കോപമുണ്ടാക്കുന്ന പ്രവൃത്തികളിൽ പെട്ടതാണ്.

‘ആന്തരികം‘ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനസ്സിനുള്ളിലെ പ്രവര്‍ത്തനങ്ങളാണ്. ഉദാഹരണത്തിന് അങ്ങേയറ്റത്തെ ഭയം, പ്രതീക്ഷ, സ്നേഹം, തവക്കുല്‍ പോലുള്ളവ. ഇവയെല്ലാം മനസ്സിന്റെ പ്രവര്‍ത്തനങ്ങളാണ്.

ഉദാഹരണത്തിന് അല്ലാഹുവിനെ അങ്ങേയറ്റം സ്നേഹിക്കുക എന്നത് അവനുള്ള ഇബാദതാണ്. ഒരാൾ അല്ലാഹുവിനെ സ്നേഹിക്കുന്നത് പോലെയോ അവനേക്കാൾ അധികമോ ആയി മറ്റൊരാളെ സ്നേഹിച്ചാൽ അവൻ ആരാധനയിൽ പങ്കുചേർത്തിരിക്കുന്നു.

‘ബാഹ്യം‘ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശരീരാവയവങ്ങള്‍ കൊണ്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ്. പുറമേക്ക് കാണാവുന്ന പ്രവൃത്തികളാണ് ഇവ. നിസ്കാരവും സകാത്തും നോമ്പും ഹജ്ജുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രം.

‘വാക്കുകളും പ്രവര്‍ത്തനങ്ങളും‘ എന്നത് മനുഷ്യന് ഇബാദത് ചെയ്യാന്‍ കഴിയുന്ന രണ്ട് മേഖലകളെ ഓര്‍മ്മപ്പെടുത്തലാണ്. ഖുർആൻ പാരായണം ചെയ്യുക, നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക, ദിക്‌ർ ചൊല്ലുക പോലുള്ള കാര്യങ്ങൾ വാചികമായ ഇബാദതുകൾക്ക് ഉദാഹരണമാണ്. ബലിയർപ്പണവും, സുജൂദും, റുകൂഉമെല്ലാം പ്രവർത്തിക്കാവുന്ന ചില ഇബാദതുകൾക്കും ഉദാഹരണമാണ്.

അല്ലാഹു നമ്മില്‍ നിന്ന് ഇഷ്ടപ്പെടുന്ന എല്ലാ വിശ്വാസങ്ങളും കര്‍മ്മങ്ങളും വാക്കുകളും ഇബാദതുകളാണ് എന്ന് ചുരുക്കിപ്പറയാം.

* സഹായതേട്ടം

الاسْتِعَانَةُ: هِيَ الاعْتِمَادُ عَلَى اللَّهِ تَعَالَى فِي جَلْبِ المَنَافِعِ، وَدَفْعِ المَضَارِّ، مَعَ الثِّقَةِ بِهِ فِي تَحْصِيلِ ذَلِكَ.

ഉപകാരങ്ങൾ നേടുന്നതിനും, ഉപദ്രവങ്ങൾ തടുക്കുന്നതിനും അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുകയും, അവനിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുക എന്നതാണ് സഹായതേട്ടം കൊണ്ട് അർത്ഥമാക്കുന്നത്. (തഫ്സീറുസ്സഅ്ദി: 39)

‘ഉപകാരങ്ങൾ നേടുക’ എന്നതിൽ മതപരവും ഭൗതികവും, പാരത്രികവും ഐഹികവുമായ എല്ലാ നന്മകളും ഉപകാരങ്ങളും ഉൾപ്പെടും. ഈമാനിൽ ഉറപ്പുണ്ടാവുക, നിസ്കാരം നിലനിർത്താൻ കഴിയുക എന്നതെല്ലാം മതപരമായ ഉപകാരങ്ങളാണ്. ആയുരാരോഗ്യം, സമ്പത്ത് പോലുള്ളവ ഭൗതിക നന്മകളുടെ ഉദാഹരണമാണ്.

‘ഉപദ്രവങ്ങൾ തടുക്കുക’ എന്നു പറഞ്ഞതും ഇതു പോലെ തന്നെ. ശിർകിലോ ബിദ്അതിലോ അകപ്പെടുക എന്നത് മതപരമായ ഉപദ്രവത്തിന് ഉദാഹരണമാണ്. ആരോഗ്യവും സമ്പത്തും നശിക്കുക എന്നത് ഭൗതികമായ പ്രയാസത്തിനും ഉദാഹരണമാണ്.

ഇവ രണ്ടും നേടുന്നതിൽ ഒരു മുസ്ലിം അവലംബമാക്കേണ്ടത് അല്ലാഹുവിനെ മാത്രമാണ്. എന്തെങ്കിലും ഉപകാരം ഉദ്ദേശിച്ചു കൊണ്ടോ, ഉപദ്രവം തടുക്കണമെന്ന ലക്ഷ്യത്തിലോ അവൻ അല്ലാഹുവിന് പുറമെയുള്ള ഒരു സൃഷ്ടിയെയും അവലംബിക്കരുത്. അത് ജീവിച്ചിരിക്കുന്നവരാകട്ടെ, മരിച്ചവരാകട്ടെ; ആരെയും പാടില്ല.

* ആരാധനയും സഹായതേട്ടവും

സഹായതേട്ടം ആരാധനയുടെ ഇനങ്ങളിലൊന്നാണ്. എന്നിട്ടും എന്തു കൊണ്ടാണ് ഇവിടെ അല്ലാഹുവിനെ മാത്രമേ ആരാധിക്കൂ എന്ന് പറഞ്ഞതിന് ശേഷം അവനോട് മാത്രമേ സഹായം തേടൂ എന്നത് പ്രത്യേകം എടുത്തു പറഞ്ഞത് എന്ന് ചിലർ ചോദിച്ചേക്കാം?

മഹത്തരമായ അനേകം കാരണങ്ങൾ അതിന് പിന്നിലുണ്ട്.

1- അല്ലാഹുവിൻ്റെ സഹായമില്ലാതെ അവനെ ആരാധിക്കുക എന്നത് മനുഷ്യന് സാധിക്കുന്നതല്ല. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്യണമെങ്കിൽ അല്ലാഹുവിൽ നിന്നുള്ള തൗഫീഖും അവൻ്റെ പക്കൽ നിന്നുള്ള അപാരമായ സഹായവും അനിവാര്യമാണ്.

(തഫ്സീറുസ്സഅ്ദി: 39)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: