നീ അനുഗ്രഹിച്ചവരുടെ മാർഗത്തിലേക്ക്; കോപിക്കപ്പെട്ടവരുടേതോ, വഴിപിഴച്ചവരുടേതോ അല്ലാത്ത (മാർഗത്തിൽ).
طَرِيقَ الذِّينَ أَنْعَمْتَ عَلَيْهِمْ مِنْ عِبَادِكَ بِهِدَايَتِهِمْ، كَالنَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ وَحَسُنَ أُوْلَئِكَ رَفِيقًا، غَيْرَ طَرِيقِ المَغْضُوبِ عَلَيْهِمْ الذِّينَ عَرَفُوا الحَقَّ وَلَمْ يَتَّبِعُوهُ كَاليَهُودِ، وَغَيْرَ طَرِيقِ الضَّالِّينَ عَنْ الحَقِّ الذِّينَ لَمْ يَهْتَدُوا إِلَيْهِ لِتَفْرِيطِهِمْ فِي طَلَبِ الحَقِّ وَالاهْتِدَاءِ إِلَيْهِ كَالنَّصَارَى.
നീ സന്മാർഗം നൽകി അനുഗ്രഹിച്ചവരുടെ മാർഗത്തിൽ. നബിമാരും (അല്ലാഹുവിന്റെ ദൂതന്മാർ) സിദ്ധീഖുകളും (നബിമാരെ സത്യപ്പെടുത്തിയവർ) ശുഹദാക്കളും (അല്ലാഹുവിന്റെ മാർഗത്തിൽ രക്തസാക്ഷികളായവർ) സ്വാലിഹീങ്ങളും (സൽകർമ്മങ്ങൾ പ്രവർത്തിച്ചവർ) ആയവരുടെ മാർഗത്തിൽ; അവരെത്ര നല്ല കൂട്ടുകാരാകുന്നു!
സത്യം തിരിച്ചറിഞ്ഞിട്ടും അത് പിൻപറ്റാതിരുന്ന യഹൂദരെ പോലുള്ളവരുടേതോ, സത്യം അന്വേഷിച്ചു കണ്ടെത്തുന്നതിൽ അലസത പുലർത്തിയതിനാൽ ശരിയുടെ വഴിയിൽ നിന്ന് തെറ്റിപ്പോയ നസ്വാറാക്കളെ പോലുള്ളവരുടേതോ അല്ലാത്ത വഴിയിൽ.
വിശദീകരണം:* ആരാണ് അല്ലാഹുവിൻ്റെ അനുഗ്രഹം ലഭിച്ചവർ?
സ്വിറാത്വുൽ മുസ്തഖീമിലേക്ക് പ്രവേശിക്കാൻ അല്ലാഹു സൗഭാഗ്യം നൽകിയവരാണ് അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചവർ. അല്ലാഹുവിന്റെ പക്കൽ നിന്ന് അവതരിപ്പിക്കപ്പെട്ട സത്യമതമായ ഇസ്‌ലാമിനെ കുറിച്ച് പഠിക്കുകയും, അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരാണവർ. (തഫ്സീറുൽ മുഹർറർ: 1/47)
അല്ലാഹുവിൻ്റെ അനുഗ്രഹം ലഭിച്ചവരെ കുറിച്ച് അല്ലാഹു തന്നെ വിശദമായി വിവരിച്ചിട്ടുണ്ട്.
وَمَن يُطِعِ اللَّـهَ وَالرَّسُولَ فَأُولَـٰئِكَ مَعَ الَّذِينَ أَنْعَمَ اللَّـهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ۚ وَحَسُنَ أُولَـٰئِكَ رَفِيقًا ﴿٦٩﴾
“ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ നബിമാർ, സിദ്ദീഖുമാർ, ശുഹദാക്കൾ, സ്വാലിഹീങ്ങൾ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!” (നിസാഅ്: 69)
അല്ലാഹുവിൻ്റെ ദൂതന്മാരാണ് നബിമാർ. നബിമാർ കൊണ്ടു വന്നതിനെ ഹൃദയം കൊണ്ടും വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും പരിപൂർണ്ണമായും സത്യപ്പെടുത്തിയവരാണ് സിദ്ദീഖുകൾ. അല്ലാഹുവിൻ്റെ മാർഗത്തിൽ രക്തസാക്ഷ്യം വഹിച്ചവരാണ് ശുഹദാക്കൾ. സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവരാണ് സ്വാലിഹീങ്ങൾ. ഇവരെല്ലാം അല്ലാഹുവിൻ്റെ അനുഗ്രഹം ലഭിച്ചവർ തന്നെ. (തഫ്സീറുൽ മുയസ്സർ)
* ആരാണ് കോപിക്കപ്പെട്ടവർ?
കോപിക്കപ്പെട്ടവർ എന്നതു കൊണ്ടുള്ള ആദ്യത്തെ ഉദ്ദേശം യഹൂദരാണ്. യഹൂദരെ കുറിച്ചുള്ള വിവരണങ്ങളിൽ പലയിടത്തും ഇക്കാര്യം പരാമർശിക്കപ്പെട്ടിട്ടുണ്ട്.
അല്ലാഹു പറയുന്നു:
قُلْ هَلْ أُنَبِّئُكُم بِشَرٍّ مِّن ذَٰلِكَ مَثُوبَةً عِندَ اللَّـهِ ۚ مَن لَّعَنَهُ اللَّـهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ وَعَبَدَ الطَّاغُوتَ ۚ أُولَـٰئِكَ شَرٌّ مَّكَانًا وَأَضَلُّ عَن سَوَاءِ السَّبِيلِ ﴿٦٠﴾
“പറയുക: എന്നാല്‍ അല്ലാഹുവിന്റെ അടുക്കല്‍ അതിനെക്കാള്‍ മോശമായ പ്രതിഫലമുള്ളവരെ പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ? ഏതൊരു വിഭാഗത്തെ അല്ലാഹു ശപിക്കുകയും അവരോടവന്‍ കോപിക്കുകയും ചെയ്തുവോ, ഏത് വിഭാഗത്തില്‍ പെട്ടവരെ അല്ലാഹു കുരങ്ങുകളും പന്നികളുമാക്കിത്തീര്‍ത്തുവോ, ഏതൊരു വിഭാഗം ദുര്‍മൂര്‍ത്തികളെ ആരാധിച്ചുവോ, അവരത്രെ ഏറ്റവും മോശമായ സ്ഥാനമുള്ളവരും നേര്‍മാര്‍ഗത്തില്‍ നിന്ന് ഏറെ പിഴച്ച് പോയവരും.” (മാഇദഃ: 60)
عَنْ عَدِيِّ بْنِ حَاتِمٍ أَنَّ النَّبِيَّ -ﷺ- قَالَ: «الْمَغْضُوبِ عَلَيْهِمْ» اليَهُودُ، وَ«الضَّالِّينَ» النَّصَارَى»
അദിയ്യു ബ്നു ഹാതിം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “യഹൂദരാണ് കോപിക്കപ്പെട്ടവർ.” (അഹ്മദ്: 19400, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)
സത്യം പഠിക്കുകയും തിരിച്ചറിയുകയും ചെയ്ത ശേഷം അത് തള്ളിക്കളയുന്ന യഹൂദരുടെ മാർഗം സ്വീകരിച്ചവരെല്ലാം ഈ പറഞ്ഞതിൽ അവരോടൊപ്പം ഉൾപ്പെടുന്നതാണ്.
* ആരാണ് വഴിപിഴച്ചവർ?
വഴിപിഴച്ചവർ എന്നതു കൊണ്ടുള്ള ആദ്യത്തെ ഉദ്ദേശം നസ്വാറാക്കളാണ്. നസ്വാറാക്കളെ കുറിച്ചുള്ള വിവരണങ്ങളിൽ പലയിടത്തും ഇക്കാര്യം പരാമർശിക്കപ്പെട്ടിട്ടുണ്ട്.
അല്ലാഹു പറയുന്നു:
قَدْ ضَلُّوا مِن قَبْلُ وَأَضَلُّوا كَثِيرًا وَضَلُّوا عَن سَوَاءِ السَّبِيلِ ﴿٧٧﴾
“മുമ്പേപിഴച്ച് പോകുകയും, ധാരാളം പേരെ വഴിപിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുകയും ചെയ്തിരിക്കുന്നു അവർ.” (മാഇദഃ: 77)
عَنْ عَدِيِّ بْنِ حَاتِمٍ أَنَّ النَّبِيَّ -ﷺ- قَالَ: «الْمَغْضُوبِ عَلَيْهِمْ» اليَهُودُ، وَ«الضَّالِّينَ» النَّصَارَى»
അദിയ്യു ബ്നു ഹാതിം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നസ്വാറാക്കളാണ് വഴിപിഴച്ചവർ.” (അഹ്മദ്: 19400, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)
സത്യം അറിയാൻ വേണ്ടി പരിശ്രമിക്കാതിരിക്കുകയും, വിവരമില്ലാതെ അല്ലാഹുവിനുള്ള ആരാധനകളായി പലതും പ്രവർത്തിക്കുകയും ചെയ്യുന്ന നസ്വാറാക്കളുടെ മാർഗം സ്വീകരിച്ചവരെല്ലാം ഈ പറഞ്ഞതിൽ അവരോടൊപ്പം ഉൾപ്പെടുന്നതാണ്.