പ്രതിഫലനാളിന്റെ ഉടമസ്ഥൻ; (അവനാകുന്നു സർവ്വ സ്തുതിയും).
പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്ന അന്ത്യനാളിൽ സർവ്വതിൻ്റെയും ഏകഉടമസ്ഥനായ അല്ലാഹുവിന് (സർവ്വ സ്തുതികളും). അല്ലാഹുവിനെ കുറിച്ചുള്ള ഈ വിവരണം അവൻ്റെ മഹത്വം വാഴ്ത്തുന്ന വാക്കുകളാണ്.
എല്ലാ നിസ്കാരങ്ങളിലും ഈ വചനം ആവർത്തിച്ചു പാരായണം ചെയ്യുന്ന ഓരോ മുസ്‌ലിമിനെയും പരലോകത്തെ കുറിച്ച് ഓർമ്മിപ്പിക്കുന്നുണ്ട് ഈ വചനം. ഈ ഓർമ്മപ്പെടുത്തൽ അന്ത്യനാളിന് വേണ്ടി സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ടും, തിന്മകൾ വെടിഞ്ഞു കൊണ്ടും തയ്യാറെടുക്കാൻ അവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
| ആരാണ് അൽ-മാലിക്?
അല്ലാഹുവാണ് ‘അൽമാലിക്’ (المَالِكُ); സർവ്വതിൻ്റെയും ഉടമസ്ഥൻ എന്നാണ് അതിൻ്റെ അർത്ഥം. അധികാരവും ഉടമസ്ഥാവകാശവുമുള്ളവൻ്റെ എല്ലാ അർത്ഥങ്ങളും അതിൻ്റെ കീഴിലുണ്ട്. അല്ലാഹുവാണ് സർവ്വരുടെയും ഉടമസ്ഥൻ; അതിനാ ൽ അവൻ അവരോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്നു. അനുസരിച്ചവർക്ക് പ്രതിഫലം നൽകുകയും ധിക്കരിച്ചവർക്ക് ശിക്ഷ നൽകുകയും ചെയ്യുന്നു. തൻ്റെ അധികാരത്തിന് കീഴിലുള്ളവരെ താൻ ഉദ്ദേശിക്കുന്ന വിധത്തിലെല്ലാം കൈകാര്യം ചെയ്യുകയും മാറ്റിമറിക്കുകയും ചെയ്യുന്നു.
| അന്ത്യനാളിൻ്റെ ഉടമസ്ഥൻ.
അല്ലാഹുവാണ് എല്ലാ ദിവസങ്ങളുടെയും ഉടമസ്ഥൻ; ‘ലോകങ്ങളുടെ രക്ഷിതാവ്’ എന്ന വാക്കിൽ നിന്ന് ഇഹലോകത്തിൻ്റെയും പരലോകത്തിൻ്റെയും ഉടമസ്ഥൻ അവനാണ് എ ന്ന കാര്യം വ്യക്തമായി ബോധ്യമായിട്ടുണ്ട്.
എന്നാൽ ഈ വചനത്തിൽ അന്ത്യനാളിൻ്റെ ഉടമസ്ഥനാണ് അല്ലാഹു എന്ന കാര്യം ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞത്, ആ ദിവസത്തിൽ അല്ലാഹുവിൻ്റെ അധികാരത്തിലെ ഏകത്വം സർവ്വർക്കും വ്യക്തമായി ബോധ്യപ്പെടും എന്നതിനാലാണ്. അവൻ്റെ അധികാരവും നീതിയും യുക്തിയും ബോധ്യപ്പെടാത്ത, ഭൂമിയിൽ അധികാരികളെന്ന് ധരിക്കപ്പെട്ടിരുന്നവരുടെ സർവ്വ പൊയ്മുഖങ്ങളും അഴിഞ്ഞു വീഴുന്ന ദിനമാണത്.
രാജാക്കന്മാരും ഭരണീയരും സ്വതന്ത്രരും അടിമകളും ആ ദിനത്തിൽ അല്ലാഹുവിൻ്റെ മുൻപിൽ ഏകസമൂഹമായി നിർത്തപ്പെടുന്നതാണ്. എല്ലാവരും അന്നേ ദിവസം അല്ലാഹുവി ൻ്റെ മഹത്വം അംഗീകരിച്ചവരും, അവൻ്റെ പ്രതാപത്തിന് കീഴൊതുങ്ങിയവരുമായിരിക്കും. അല്ലാഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ടും, അവൻ്റെ ശിക്ഷയെ ഭയന്നു കൊണ്ടുമായിരിക്കും അവരവിടെ നിലകൊള്ളുക.
عَنْ أَبِي هُرَيْرَةَ، قَالَ: سَمِعْتُ رَسُولَ اللَّـهِ -ﷺ- يَقُولُ «يَقْبِضُ اللَّـهُ الأَرْضَ، وَيَطْوِي السَّمَوَاتِ بِيَمِينِهِ، ثُمَّ يَقُولُ: أَنَا المَلِكُ، أَيْنَ مُلُوكُ الأَرْضِ»