റഹ്‌മാനും റഹീമുമായവൻ; (അവനാകുന്നു സർവ്വ സ്തുതിയും).
ثَنَاءٌ عَلَى اللَّهِ تَعَالَى بَعْدَ حَمْدِهِ فِي الآيَةِ السَّابِقَةِ.
തൊട്ടുമുൻപുള്ള ആയത്തിൽ അല്ലാഹുവിനെ സ്തുതിച്ചതിന് ശേഷം ഈ ആയത്തിൽ അല്ലാഹുവിനെ വീണ്ടും ആവർത്തിച്ച് സ്തുതിക്കുന്നു.
വിശദീകരണം:* റഹ്മാൻ, റഹീം
അങ്ങേയറ്റം വിശാലവും പൂർണ്ണവുമായ കാരുണ്യത്തിൻ്റെ ഉടമയാണ് അല്ലാഹു എന്നാണ് ‘റഹ്മാൻ’ എന്ന പദം അർത്ഥമാക്കുന്നത്. അല്ലാഹുവിൻ്റെ പക്കലുള്ള സർവ്വ കാരുണ്യത്തെയും ഈ നാമം ഉൾക്കൊള്ളുന്നു.
എന്നാൽ റഹീം എന്നത് അല്ലാഹുവിൽ നിന്ന് സൃഷ്ടികൾക്ക് ലഭിച്ച കാരുണ്യത്തെയാണ് അറിയിക്കുന്നത്. അവ അനേകവും ധാരാളവുമുണ്ട്. അവൻ്റെ കാരുണ്യം ലഭിക്കാത്ത ഒരു സൃഷ്ടിയുമില്ല തന്നെ.
‘റഹ്മാൻ’ എന്ന നാമമാണ് ‘റഹീം’ എന്നതിനേക്കാൾ വിശാലമായത്. കാരണം ‘റഹ്മാൻ’ എന്നത് അല്ലാഹുവിങ്കലുള്ള പരിപൂർണ്ണമായ കാരുണ്യത്തെയാണ് അറിയിക്കുന്നത് എങ്കിൽ, ‘റഹീം’ എന്നത് സൃഷ്ടികൾക്ക് അല്ലാഹുവിൽ നിന്ന് ലഭിച്ച കാരുണ്യത്തെയാണ് അറിയിക്കുന്നത്. സൃഷ്ടികൾക്ക് ലഭിച്ച കാരുണ്യം ധാരാളമുണ്ടെങ്കിലും അല്ലാഹുവിൻ്റെ പക്കലുള്ള കാരുണ്യം അതിനേക്കാൾ എത്രയോ അധികവും വിശാലവുമാണ്. (അവലംബം: ഫിഖ്‌ഹു അസ്മാഇല്ലാഹ്: 83)
* അല്ലാഹുവിൻ്റെ നാമങ്ങളിൽ വിശ്വസിക്കേണ്ട രൂപം:
അല്ലാഹുവിൻ്റെ അതിമഹത്തരമായ രണ്ട് നാമങ്ങൾ ഈ ആയത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിന് അതിമഹത്തരമായ അനേകം നാമങ്ങൾ (അസ്മാഉൽ ഹുസ്നാ – الأَسْمَاءُ الحُسْنَى) ഉണ്ട് എന്ന അടിസ്ഥാനപാഠത്തിലേക്ക് ഈ നാമങ്ങൾ സൂചന നൽകുന്നു.
وَلِلَّـهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ ۚ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ ﴿١٨٠﴾
“അല്ലാഹുവിന് ഏറ്റവും നല്ല നാമങ്ങളുണ്ട്. അതിനാല്‍ ആ നാമങ്ങളിൽ അവനെ നിങ്ങള്‍ വിളിച്ചു (പ്രാർത്ഥിച്ചു) കൊള്ളുക, അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും.” (അഅ്റാഫ്: 180)
അല്ലാഹുവിൻ്റെ നാമങ്ങളിൽ വിശ്വസിക്കേണ്ട രൂപം ഇപ്രകാരം -ഉദാഹരണത്തിലൂടെ- ചുരുക്കി പറയാം.
1- അല്ലാഹുവിന് റഹ്മാൻ, റഹീം എന്നിങ്ങനെ രണ്ട് നാമങ്ങളുണ്ട് എന്ന് വിശ്വസിക്കുക.
2- അല്ലാഹുവിൻ്റെ അതിവിശാലവും മഹത്തരവുമായ കാരുണ്യം എന്ന വിശേഷണത്തെ ഈ നാമങ്ങൾ അറിയിക്കുന്നു എന്ന് വിശ്വസിക്കുക.
3- അല്ലാഹുവിൻ്റെ കാരുണ്യം സൃഷ്ടികൾക്ക് ലഭിച്ചിരിക്കുന്നു എന്നും, അവൻ്റെ പക്കൽ നിന്ന് ലഭിച്ച അനുഗ്രഹങ്ങളെല്ലാം ആ കാരുണ്യത്തിൻ്റെ ഭാഗമാണ് എന്നും വിശ്വസിക്കുക.
ഇതു പോലെ അല്ലാഹുവിൻ്റെ മറ്റെല്ലാ നാമങ്ങളിലും വിശ്വസിക്കണം. (തഫ്സീറുസ്സഅ്ദി: 39)
* ‘റഹ്മാനായ റബ്ബ്’
അല്ലാഹു ലോകങ്ങളുടെ രക്ഷിതാവാണ് എന്ന് പറഞ്ഞതിന് ശേഷം അവൻ്റെ കാരുണ്യത്തെ കുറിച്ച് ഓർമ്മപ്പെടുത്തിയതിൽ നിന്ന് മഹത്തരമായ ചില പാഠങ്ങൾ മനസ്സിലാക്കാം.
1- അല്ലാഹു ലോകങ്ങളെ മുഴുവൻ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവനാണ് എന്ന വിളംബരമാണല്ലോ ‘റബ്ബുൽ ആലമീൻ’ എന്ന പദത്തിലുള്ളത്? ഇതു കേൾക്കുമ്പോൾ, കഠിനതയും പരുഷതയും മാത്രമുള്ളവനാണ് തൻ്റെ രക്ഷിതാവ് എന്ന് വിവരദോഷികളായ ചിലരെങ്കിലും തെറ്റിദ്ധരിച്ചു പോയേക്കാം.
പൊതുവെ അധികാരം ലഭിച്ചാൽ ക്രൂരതയും ധിക്കാരവും വർദ്ധിക്കുന്ന പ്രകൃതമുള്ളവനാണ് മനുഷ്യൻ. ലോകങ്ങൾ മുഴുവൻ നിയന്ത്രിക്കുന്ന, തൻ്റെ സ്രഷ്ടാവായ അല്ലാഹുവിനെ കുറിച്ചും അവനത് വിചാരിച്ചേക്കാമല്ലോ?!
അതിനാൽ അല്ലാഹുവിൻ്റെ വിശാലമായ കാരുണ്യത്തെ കുറിച്ച് ബോധ്യപ്പെടുത്തുന്ന രണ്ട് നാമങ്ങൾ തൊട്ടടുത്ത ആയത്തിൽ തന്നെ അല്ലാഹു ഓർമ്മപ്പെടുത്തിയിരിക്കുന്നു. തെറ്റുകളും അബദ്ധങ്ങളും ജീവിതത്തിൽ സംഭവിച്ചു പോയാൽ അല്ലാഹുവിലുള്ള പ്രതീക്ഷയും അവൻ്റെ കാരുണ്യത്തെ കുറിച്ചുള്ള ആഗ്രഹവും ഹൃദയത്തിൽ ശക്തമാകാൻ ഇത് സഹായിക്കുന്നു. (തഫ്സീറു അബീ ഹയ്യാൻ: 1/35)
2- ലോകത്തെ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും, അതിലുള്ള സർവ്വ ജീവികൾക്കും വേണ്ടതെല്ലാം നൽകുകയും ചെയ്യുന്നവനാണ് അല്ലാഹു എന്ന് ‘റബ്ബുൽ ആലമീൻ’ എന്ന പദം അറിയിക്കുന്നു. തൻ്റെ സൃഷ്ടികളിൽ നിന്ന് എന്തെങ്കിലും ഉപകാരം ലഭിക്കുമെന്ന പ്രതീക്ഷയിലോ, അവരുടെ ഉപദ്രവത്തെ തടുക്കണമെന്ന ഉദ്ദേശത്തോടെയോ അല്ല അല്ലാഹു പ്രപഞ്ചത്തെ അവർക്കായി ഒരുക്കി വെച്ചത്.
മറിച്ച്, അവൻ അവർക്കായി നൽകിയ സർവ്വ അനുഗ്രഹങ്ങളും അവൻ്റെ കാരുണ്യം മാത്രമായിരുന്നു. ആ കാരുണ്യമല്ലാതെ മറ്റൊന്നുമല്ല അവരെ നിലനിർത്തുന്നതും, അവർക്ക് അനുഗ്രഹങ്ങൾ നേടിക്കൊടുക്കുന്നതും. (തഫ്സീറുൽ മുഹറർ: 1/44)