സർവ്വ സ്തുതികളും ലോകങ്ങളുടെ റബ്ബായ അല്ലാഹുവിന്നാകുന്നു.
جَمِيعُ أَنْوَاعِ المَحَامِدِ مِنْ صِفَاتِ الجَلَالِ وَالكَمَالِ هِيَ لَهُ وَحْدَهُ دُونَ مَنْ سِوَاهُ، إِذْ هُوَ رَبُّ كُلِّ شَيْءٍ وَخَالِقُهُ وَمُدَبِّرُهُ، وَ«العَالَمُونَ» جَمْعُ «عالَمٍ» وَهُمْ كُلُّ مَا سِوَى اللَّهِ تَعَالَى.
മഹത്വത്തിന്റെയും പൂർണ്ണതയുടെയും വിശേഷണങ്ങൾ ഉൾക്കൊള്ളുന്ന എല്ലാ നിലക്കുമുള്ള സ്തുതികീർത്തനങ്ങളും അല്ലാഹുവിന് മാത്രമാകുന്നു. മറ്റാർക്കും അതിന് അർഹതയില്ല. കാരണം അവൻ സർവ്വതിന്റെയും രക്ഷിതാവും സ്രഷ്ടാവും നിയന്താവുമാകുന്നു. ‘ആലം’ എന്ന പദത്തിന്റെ ബഹുവചനമാണ് ‘ആലമൂൻ’. അല്ലാഹുവിന് പുറമെയുള്ള എല്ലാം അതിൽ ഉൾപ്പെടും.
വിശദീകരണം:* എന്താണ് ‘ഹംദ്’ (സ്തുതി) എന്നതിൻ്റെ അർത്ഥം?
സ്നേഹവും ആദരവും നിറഞ്ഞ മനസ്സോടെ അല്ലാഹുവിൻ്റെ പൂർണ്ണതയെ വാഴ്ത്തുകയും പ്രകീർത്തിക്കുകയും ചെയ്യുന്നതിനാണ് ഹംദ് (സ്തുതി) എന്ന് പറയുക.
ഉദാഹരണത്തിന് അല്ലാഹുവിനെ അങ്ങേയറ്റം സ്നേഹിച്ചു കൊണ്ടും, അവനെ അങ്ങേയറ്റം ആദരിച്ചു കൊണ്ടും നീ അല്ലാഹുവിൻ്റെ മഹത്വമോ കാരുണ്യമോ എടുത്തു പറയുകയും, അവനെ വാഴ്ത്തുകയും ചെയ്താൽ അത് ‘ഹംദ്’ (സ്തുതി) എന്നതിൽ ഉൾപ്പെടും.
* ആരാണ് റബ്ബുൽ ആലമീൻ?
സർവ്വ ലോകങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്നവൻ എന്നാണ് ‘റബ്ബുൽ ആലമീൻ’ എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. അവരെ സൃഷ്ടിക്കുകയും, അവർക്ക് വേണ്ടതെല്ലാം ഒരുക്കി വെക്കുകയും, മഹത്തരമായ അനുഗ്രഹങ്ങൾ അവർക്ക് നൽകുകയും ചെയ്തവനാണ് അവൻ. അവൻ്റെ അനുഗ്രഹങ്ങളില്ലായിരുന്നെങ്കിൽ ഒരു നിമിഷം പോലും നിലനിൽക്കാൻ അവർക്ക് സാധിക്കില്ലായിരുന്നു. ഏതൊരു അനുഗ്രഹവും അവൻ്റെ പക്കൽ നിന്നു മാത്രമാണ് അവർക്ക് ലഭിച്ചിരിക്കുന്നത്. (തഫ്സീറുസ്സഅ്ദി: 39)
‘റബ്ബുൽ ആലമീൻ’ (ലോകങ്ങളുടെ രക്ഷിതാവ് എന്ന പദം കൂടുതൽ വിശദമായി മനസ്സിലാക്കാൻ സഹായിക്കുന്ന ആയതുകൾ സൂറ. ശുഅറാഇൽ ഉണ്ട്. മൂസാ നബി -عَلَيْهِ السَّلَامُ- യും ഫിർഔനും തമ്മിൽ നടന്ന സംഭാഷണത്തിന്റെ ചരിത്രം വിവരിക്കുന്ന ഭാഗത്താണത്.
قَالَ فِرْعَوْنُ وَمَا رَبُّ الْعَالَمِينَ ﴿٢٣﴾ قَالَ رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ إِن كُنتُم مُّوقِنِينَ ﴿٢٤﴾ قَالَ لِمَنْ حَوْلَهُ أَلَا تَسْتَمِعُونَ ﴿٢٥﴾ قَالَ رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ ﴿٢٦﴾ قَالَ إِنَّ رَسُولَكُمُ الَّذِي أُرْسِلَ إِلَيْكُمْ لَمَجْنُونٌ ﴿٢٧﴾ قَالَ رَبُّ الْمَشْرِقِ وَالْمَغْرِبِ وَمَا بَيْنَهُمَا ۖ إِن كُنتُمْ تَعْقِلُونَ ﴿٢٨﴾
“ഫിര്‍ഔന്‍ പറഞ്ഞു: എന്താണ് ഈ ലോകങ്ങളുടെ രക്ഷിതാവ് എന്ന് പറയുന്നത്? അദ്ദേഹം (മൂസാ) പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവാകുന്നു നിങ്ങള്‍ ദൃഢ വിശ്വാസമുള്ളവരാണെങ്കില്‍.
അവന്‍ (ഫിര്‍ഔന്‍) തന്‍റെ ചുറ്റുമുള്ളവരോട് പറഞ്ഞു: എന്താ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ? അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വ പിതാക്കളുടെ രക്ഷിതാവുമത്രെ (അവന്‍).
അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ട നിങ്ങളുടെ ഈ ദൂതനുണ്ടല്ലോ തീര്‍ച്ചയായും അവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: ഉദയസ്ഥാനത്തിന്‍റെയും അസ്തമയസ്ഥാനത്തിന്‍റെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ (അവന്‍). നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരാണെങ്കില്‍.” (ശുഅറാഅ്: 23-28)
* അല്ലാഹു ലോകങ്ങളുടെ റബ്ബാണ് എന്നതിലെ മനോഹരമായ രണ്ട് അർത്ഥങ്ങൾ:
സൃഷ്ടികൾക്ക് വേണ്ടതെല്ലാം നൽകി അവരെ അനുഗ്രഹങ്ങളിലൂടെ വഴിനടത്തുകയും, അവരെ സംരക്ഷിക്കുകയും ചെയ്യുന്നവനാണ് റബ്ബ് എന്ന് പറയുകയുണ്ടായി. ഇത് രണ്ട് രൂപത്തിലുണ്ട്.
ഒന്ന്: വിശാലമായ സൃഷ്ടിപരിപാലനം (التَّرْبِيَةُ العَامَّةُ). എല്ലാ സൃഷ്ടികൾക്കും -സൽകർമ്മികൾക്കും ദുഷ്കർമ്മികൾക്കും, അല്ലാഹുവിൽ വിശ്വസിച്ചവർക്കും അല്ലാത്തവർക്കുമെല്ലാം- ലഭിക്കുന്ന അനുഗ്രഹങ്ങൾ അല്ലാഹുവിൻ്റെ വിശാലമായ സൃഷ്ടിപരിപാലനത്തിൽ പെട്ടതാണ്. ഏവരെയും സൃഷ്ടിക്കുകയും, അവർക്ക് ഭൗതിക ഉപജീവനങ്ങൾ ഒരുക്കി നൽകുകയും, അവരുടെ ജീവിതസൗകര്യങ്ങൾ എളുപ്പമാക്കി നൽകുകയും ചെയ്തു കൊണ്ട് ഏവരെയും പരിപാലിക്കുന്നവനാണ് അല്ലാഹു എന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടുന്നു.
രണ്ട്: സവിശേഷമായ സൃഷ്ടിപരിപാലനം (التَّرْبِيَةُ الخَاصَّةُ). ഇത് അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാരായ നബിമാർക്കും ഔലിയാക്കൾക്കും മാത്രം ലഭിക്കുന്ന അവൻ്റെ പ്രത്യേകമായ കരുതലും സംരക്ഷണവുമാണ്. അവർക്ക് ഈമാനിൻ്റെ വഴിയിൽ ക്രമേണയായി മുന്നോട്ടു ചരിക്കാനും, ദീനിൻ്റെ പൂർണ്ണത കൈവരിക്കാനും അല്ലാഹു അവരെ സഹായിക്കുന്നു എന്നത് ഈ സവിശേഷമായ പരിപാലനത്തിൻ്റെ ഭാഗമാണ്.
അല്ലാഹുവിൻ്റെ മഹത്തരമായ ഈ അനുഗ്രഹം ലഭിച്ചവർക്ക് എല്ലാ നന്മകളിലേക്കും അല്ലാഹു വഴിയൊരുക്കുകയും, എല്ലാ തിന്മകളിൽ നിന്നും അവരെ അവൻ സംരക്ഷിക്കുകയും ചെയ്യും. അല്ലാഹുവിലേക്ക് -അവൻ്റെ തൃപ്തിയിലേക്കും, അവൻ ഒരുക്കി വെച്ച സ്വർഗത്തിലേക്കും- എത്തിക്കുന്ന വഴിയിൽ അവർക്കുണ്ടാകുന്ന തടസ്സങ്ങളെല്ലാം അല്ലാഹു നീക്കിക്കൊടുക്കുകയും, അവരുടെ വഴി അവൻ എളുപ്പമുള്ളതാക്കുകയും ചെയ്യും.
നബിമാരുടെ പ്രാർത്ഥനകളിൽ ധാരാളമായി ‘എൻ്റെ റബ്ബേ’, ‘ഞങ്ങളുടെ റബ്ബേ’ എന്നിങ്ങനെയുള്ള തേട്ടങ്ങൾ കാണുന്നതിൻ്റെ പിന്നിലുള്ള രഹസ്യം ആ നാമത്തിൽ ഉൾക്കൊള്ളുന്ന ഈ പ്രത്യേകമായ അർത്ഥമായിരിക്കാം. കാരണം അവർ തേടുന്നതെല്ലാം ലഭിക്കാൻ അല്ലാഹുവിൻ്റെ സവിശേഷമായ സൃഷ്ടിപരിപാലനം ലഭിക്കേണ്ട ആവശ്യം മാത്രമേയുള്ളൂ. (തഫ്സീറുസ്സഅ്ദി: 39)
* ചില പാഠങ്ങൾ:
1- സർവ്വ സ്തുതികൾക്കും അർഹതയുള്ളവൻ അല്ലാഹു മാത്രമാണെന്ന് ഈ ആയത്തിൽ നിന്ന് മനസ്സിലാക്കാം. മറ്റാർക്കും അതിന് അർഹതയില്ല.
2- ഈ ആയത്തിൽ അല്ലാഹു അവനെ സ്വയം സ്തുതിച്ചിരിക്കുന്നു. സൃഷ്ടികൾ അല്ലാഹുവിനെ സ്തുതിക്കേണ്ടതുണ്ട് എന്ന ഓർമ്മപ്പെടുത്തൽ അതിലുണ്ട്. (തഫ്സീറുൽ മുഹറർ)
3- അല്ലാഹു മാത്രമാണ് എല്ലാം സൃഷ്ടിക്കുകയും, സർവ്വതിനെയും നിയന്ത്രിക്കുകയും, എല്ലാ അനുഗ്രഹങ്ങളും ചൊരിയുകയും ചെയ്തവൻ എന്ന് ‘റബ്ബുൽ ആലമീൻ’ എന്ന വാക്കിൽ നിന്ന് മനസ്സിലാക്കാം.
4- അല്ലാഹു സൃഷ്ടികളുടെ യാതൊരു ആവശ്യവുമില്ലാത്തവനാണ്. അവൻ പരിപൂർണ്ണ ധന്യതയും, എല്ലാ ശക്തിയും കഴിവുമുള്ളവനുമാണ് എന്ന് ഈ ആയത് അറിയിക്കുന്നു. (തഫ്സീറുസ്സഅ്ദി: 39)