1
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾

റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ.

തഫ്സീർ മുഖ്തസ്വർ :

അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് -അതിലൂടെ അവനോട് സഹായം തേടിക്കൊണ്ടും, അവൻ്റെ നാമം ഉച്ചരിക്കുന്നതിലെ ‘ബറകത്ത്’ (അനുഗ്രഹം) തേടിക്കൊണ്ടും- ഞാൻ ഖുർആൻ പാരായണം ആരംഭിക്കുന്നു.

‘ബിസ്മി’യിൽ അല്ലാഹുവിൻ്റെ മൂന്ന് നാമങ്ങളാണുള്ളത്.

1- അല്ലാഹു; ലോകങ്ങളുടെ സ്രഷ്ടാവും രക്ഷാധികാരിയുമായ ഏകആരാധ്യനായ ദൈവത്തിൻ്റെ നാമമാണ് അല്ലാഹു എന്നത്. അല്ലാഹുവിൻ്റെ ഏറ്റവും പ്രത്യേകമായ നാമമാണത്. ഈ പേര് ലോകസ്രഷ്ടാവിനെ കുറിച്ചല്ലാതെ മറ്റൊരാളെ കുറിച്ചും പറയുക പാടില്ല.

2- അർ-റഹ്‌മാൻ (الرَّحْمَنُ); സർവ്വവിശാലമായ, എല്ലാ സൃഷ്ടികളെയും വലയം ചെയ്യുന്ന കാരുണ്യം വിശേഷണമായുള്ളവൻ എ ന്നർത്ഥം.

3- അർ-റഹീം (الرَّحِيمُ); താൻ ഉദ്ദേശിക്കുന്ന സൃഷ്ടികളിലേക്ക് എത്തുന്ന വിശാലമായ കാരുണ്യത്തിൻ്റെ ഉടമയായുള്ളവൻ. തൻ്റെ ദാസന്മാരിൽ നിന്ന് വിശ്വസിച്ചവർക്ക് അവൻ പ്രത്യേകമായ കാരുണ്യം ചൊരിയുകയും ചെയ്യുന്നു.

‘അല്ലാഹു’; അതിമഹത്തരമായ നാമം:

ആകാശലോകങ്ങളുടെ സ്രഷ്ടാവും രക്ഷാധികാരിയായുമായ ഏകആരാധ്യൻ്റെ നാമമാണ് അല്ലാഹു എന്നത്. അവൻ്റെ നാമങ്ങളിൽ ഏറ്റവും മഹത്തരമായ നാമം അല്ലാഹു എന്നതാണ്. വിശുദ്ധ ഖുർആനിൽ ഏറ്റവുമധികം തവണ പരാമർശിക്കപ്പെട്ട നാമവും ‘അല്ലാഹു’ എന്നത് തന്നെയാണ്.

ഇതു കൊണ്ടാണ് വിശുദ്ധ ഖുർആനിൽ അല്ലാഹുവിൻ്റെ മറ്റു നാമങ്ങളെല്ലാം ഈ നാമത്തിലേക്ക് ചേർക്കപ്പെട്ടത്. ‘അല്ലാഹുവിൻ്റെ പേരാണ് റഹ്‌മാൻ’, ‘അല്ലാഹുവിൻ്റെ പേരാണ് റഹീം’ എന്നിങ്ങനെയാണ് ഖുർആനിൽ വായിക്കാൻ കഴിയുക. എന്നാൽ ‘റഹ്‌മാനിൻ്റെ പേരാണ് അല്ലാഹു’ എന്നോ മറ്റോ ഖുർആനിൽ വന്നിട്ടില്ല. അല്ലാഹു പറയുന്നു:

وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ ۚ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ ‎﴿١٨٠﴾‏

“അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവൻ്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിൻ്റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും.” (അഅ്റാഫ്: 180)

عَنْ أَبِي هُرَيْرَةَ رَضِيَ اللَّـهُ عَنْهُ: أَنَّ رَسُولَ اللَّـهِ -ﷺ- قَالَ: «إِنَّ لِلَّـهِ تِسْعَةً وَتِسْعِينَ اسْمًا مِائَةً إِلَّا وَاحِدًا، مَنْ أَحْصَاهَا دَخَلَ الجَنَّةَ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “തീർച്ചയായും അല്ലാഹുവിന് തൊണ്ണൂറ്റി ഒൻപത് നാമങ്ങളുണ്ട്; നൂറിൽ ഒന്ന് കുറവ്. ആരെങ്കിലും അവ ‘ഇഹ്സ്വാഅ്’ ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.” (ബുഖാരി: 2736, മുസ്‌ലിം: 2677)

‘ബിസ്മി’ ഫാതിഹഃയിൽ പെട്ടതാണോ?

ബിസ്മി ഫാതിഹഃ സൂറത്തിൻ്റെ ഭാഗമാണോ എന്നതിൽ പണ്ഡിതന്മാർക്ക് വിഭിന്ന വീക്ഷണങ്ങളുണ്ട്. ഫാതിഹഃയുടെ ആരംഭത്തിൽ വേറിട്ടു നിലകൊള്ളുന്ന ഒരു ആയത്ത് തന്നെയാണെന്ന് അഭിപ്രായപ്പെട്ടവരും, ഫാതിഹഃയുടെ ഭാഗമായ ആ യത്താണെന്നും, ഫാതിഹഃയുടെ ഭാഗമല്ലെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

കൂടുതൽ ശക്തമായ വീക്ഷണമായി മനസ്സിലാവുന്നത് ‘ബിസ്മി’ ഫാതിഹഃയിൽ പെട്ടതല്ല എന്ന അഭിപ്രായമാണ്. ഹനഫി മദ്ഹബിലെ ഭൂരിപക്ഷം പേരുടെയും, മാലികീ-ഹമ്പലീ മദ്ഹബുകളുടെ വീക്ഷണവും ഇതാണ്. മദീനയിലെ ഖുർറാഉകളുടെയും ഫുഖഹാക്കളുടെയും വീക്ഷണവും ഇപ്രകാരമായിരുന്നു. ഇമാം ത്വബരി, ഇബ്നുൽ അറബി, ഇബ്നു അത്വിയ്യഃ, ഖുർത്വുബി, ഇബ്നു തൈമിയ്യഃ തുടങ്ങിയവർ ശരിയാണെന്ന് അഭിപ്രായപ്പെട്ടതും ഈ വീക്ഷണമാണ്.

സൂറത്തുൽ ഫാതിഹഃയുടെ പാരായണം അല്ലാഹുവിനും അവൻ്റെ ദാസനുമിടയിൽ രണ്ടായി പകുത്തിരിക്കുന്നു  എന്ന് വിവരിക്കുന്ന അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീഥ് ഇതിനുള്ള തെളിവാണ്. അതിൽ ഫാതിഹഃയുടെ പാരായണം ‘ഹംദിൻ്റെ’ ആയത്ത് മുതലാണ് നബി -ﷺ- ആരംഭിക്കുന്നത്. സൂറത്തുൽ ഫാതിഹഃ ഏഴു ആയത്തുകളാണ് എന്നത് ഏകാഭിപ്രായമുള്ള കാര്യമാണ്; ഈ ഹദീഥിൽ നബി -ﷺ- ഹംദ് മുതലാണ് ഫാതിഹഃ എണ്ണിത്തുടങ്ങുന്നത്. ‘ബിസ്മി’ ഫാതിഹഃയുടെ ഭാഗമാണെങ്കിൽ ഈ വേർതിരിക്കൽ സാധ്യമാകില്ല എന്ന് ചിന്തിച്ചാൽ മനസ്സിലാക്കാം.

ഈ വീക്ഷണങ്ങളെ ഒരുമിപ്പിക്കുകയും, ചില ഖിറാഅത്തുകൾ പ്രകാരം ബിസ്മി ഫാതിഹഃയിൽ ഉൾപ്പെടുന്നതാണെന്നും, മറ്റു ചില ഖിറാഅത്തുകളിൽ അത് ഫാതിഹഃയിൽ ഉൾപ്പെടില്ലെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ഖിറാഅത്തുകളുടെ വ്യത്യാസം വൈരുദ്ധ്യമല്ല; മറിച്ച് വൈവിദ്ധ്യമായാണ് പരിഗണിക്കപ്പെടുക എന്നതിനാൽ ഈ രണ്ട് വീക്ഷണങ്ങളും ശരിയുടെ ഭാഗമാണ് എന്നും അവർ വിവരിച്ചിട്ടുണ്ട്.

‘ബിസ്മി’ ചൊല്ലേണ്ട സന്ദർഭങ്ങൾ:

1- എല്ലാ നല്ല വാക്കുകൾക്കും പ്രവർത്തികൾക്കും മുൻപ്.

2- വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ.

3- വുദുവിൻ്റെ ആരംഭത്തിൽ.

4- ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതിന് മുൻപ്.

5- ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ്.

6- കത്തുകൾ, ഗ്രന്ഥങ്ങൾ എന്നിങ്ങനെയുള്ള എഴുത്തുകളുടെ ആരംഭത്തിൽ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: