അറബികൾ പൊതുവെ വിഗ്രഹാരാധന സ്വീകരിച്ചിരുന്നവരും, അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദ് ഉപേക്ഷിച്ചിരുന്നവരും ആയിരുന്നെങ്കിലും അവരിൽ വിരലിലെണ്ണാവുന്ന ചിലർ ഈ വൃത്തികേടിൽ നിന്ന് രക്ഷപ്പെട്ടവരും, ഇബ്രാഹീമിന്റെ -عَلَيْهِ السَّلَامُ- മാർഗം മുറുകെ പിടിക്കുന്നവരുമായി ഉണ്ടായിരുന്നു.

ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ മാർഗമായ ഹനീഫിയ്യത് മുറുകെ പിടിച്ച അക്കൂട്ടർ ‘ഹനീഫിയ്യുകൾ’, ‘ഹുനഫാക്കൾ’ എന്നിങ്ങനെ അറിയപ്പെട്ടിരുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരും, ജനങ്ങളെ വെളിച്ചത്തിലേക്ക് നയിക്കുന്ന ഒരു നബി വരാനുണ്ട് എന്ന പ്രതീക്ഷയിൽ കഴിയുന്നവരുമായിരുന്നു ഇക്കൂട്ടർ. അവരിൽ പ്രസിദ്ധരായ ചിലരെ കുറിച്ച് ചുരുങ്ങിയ രൂപത്തിൽ വിവരിക്കാം. (വായിക്കുക: സീറതുന്നബവിയ്യ ഫി ദ്വൗഇൽ മസ്വാദിർ അൽ-അസ്വ്‌ലിയ്യ: 73-77)

1- സയ്ദു ബ്നു അംറ് ബ്നു നുഫൈൽ: ജാഹിലിയ്യതിലെ തിന്മകളിൽ നിന്ന് ശുദ്ധി പാലിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ആരെങ്കിലും ദാരിദ്ര്യം കാരണത്താൽ തന്റെ കുട്ടികളെ കുഴിച്ചു മൂടാൻ ഉദ്ദേശിക്കുന്നതായി അറിഞ്ഞാൽ അദ്ദേഹം അവരുടെ അടുക്കൽ ചെന്നു കൊണ്ട് പറയുമായിരുന്നു: “നിങ്ങൾ അതിനെ കൊലപ്പെടുത്തരുത്. കുട്ടിയെ എന്റെ കയ്യിൽ ഏൽപ്പിക്കുക. ഞാൻ അവരുടെ ചിലവ് നോക്കിക്കൊള്ളാം. അവർ വളർന്നു വലുതായാൽ നിങ്ങൾ അവരെ എടുത്തുകൊള്ളൂ. ഇനി വേണ്ടായെന്നാണെങ്കിൽ എനിക്ക് തന്നെ തന്നോളൂ.”

സത്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും തൃഷ്ണയും വളരെ വലുതായിരുന്നു. അദ്ദേഹം പറയുമായിരുന്നു: “അല്ലാഹുവേ! നിനക്ക് ഏറ്റവും പ്രിയങ്കരമായ മാർഗം ഏതാണെന്ന് എനിക്ക് അറിയുമായിരുന്നെങ്കിൽ അങ്ങനെ ഞാൻ നിന്നെ ആരാധിച്ചേനേ! എന്നാൽ അത് ഏതാണെന്ന് എനിക്ക് അറിയില്ല!” ശേഷം തന്റെ യാത്രാമൃഗത്തിന് മുകളിൽ അദ്ദേഹം സാഷ്ടാംഘം നമിക്കുമായിരുന്നു.

സത്യം ഏതാണെന്ന് അറിയുന്നതിനായി സുദീർഘമായ യാത്രയാണ് അദ്ദേഹം നടത്തിയത്. ആ ചരിത്രം ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- വിവരിച്ചിട്ടുണ്ട്.

عَنْ ابْنِ عُمَرَ: أَنَّ زَيْدَ بْنَ عَمْرِو بْنِ نُفَيْلٍ خَرَجَ إِلَى الشَّأْمِ يَسْأَلُ عَنِ الدِّينِ، وَيَتْبَعُهُ، فَلَقِيَ عَالِمًا مِنَ اليَهُودِ فَسَأَلَهُ عَنْ دِينِهِمْ، فَقَالَ: إِنِّي لَعَلِّي أَنْ أَدِينَ دِينَكُمْ، فَأَخْبِرْنِي، فَقَالَ: لاَ تَكُونُ عَلَى دِينِنَا حَتَّى تَأْخُذَ بِنَصِيبِكَ مِنْ غَضَبِ اللَّهِ، قَالَ زَيْدٌ مَا أَفِرُّ إِلَّا مِنْ غَضَبِ اللَّهِ، وَلاَ أَحْمِلُ مِنْ غَضَبِ اللَّهِ شَيْئًا أَبَدًا، وَأَنَّى أَسْتَطِيعُهُ فَهَلْ تَدُلُّنِي عَلَى غَيْرِهِ، قَالَ: مَا أَعْلَمُهُ إِلَّا أَنْ يَكُونَ حَنِيفًا، قَالَ زَيْدٌ: وَمَا الحَنِيفُ؟ قَالَ: دِينُ إِبْرَاهِيمَ لَمْ يَكُنْ يَهُودِيًّا، وَلاَ نَصْرَانِيًّا، وَلاَ يَعْبُدُ إِلَّا اللَّهَ، فَخَرَجَ زَيْدٌ فَلَقِيَ عَالِمًا مِنَ النَّصَارَى فَذَكَرَ مِثْلَهُ، فَقَالَ: لَنْ تَكُونَ عَلَى دِينِنَا حَتَّى تَأْخُذَ بِنَصِيبِكَ مِنْ لَعْنَةِ اللَّهِ، قَالَ: مَا أَفِرُّ إِلَّا مِنْ لَعْنَةِ اللَّهِ، وَلاَ أَحْمِلُ مِنْ لَعْنَةِ اللَّهِ، وَلاَ مِنْ غَضَبِهِ شَيْئًا أَبَدًا، وَأَنَّى أَسْتَطِيعُ فَهَلْ تَدُلُّنِي عَلَى غَيْرِهِ، قَالَ: مَا أَعْلَمُهُ إِلَّا أَنْ يَكُونَ حَنِيفًا، قَالَ: وَمَا الحَنِيفُ؟ قَالَ: دِينُ إِبْرَاهِيمَ لَمْ يَكُنْ يَهُودِيًّا وَلاَ نَصْرَانِيًّا، وَلاَ يَعْبُدُ إِلَّا اللَّهَ، فَلَمَّا رَأَى زَيْدٌ قَوْلَهُمْ فِي إِبْرَاهِيمَ عَلَيْهِ السَّلاَمُ خَرَجَ، فَلَمَّا بَرَزَ رَفَعَ يَدَيْهِ فَقَالَ: اللَّهُمَّ إِنِّي أَشْهَدُ أَنِّي عَلَى دِينِ إِبْرَاهِيمَ.

ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: “സയ്ദ് ബ്നു അംറ് ബ്നു നുഫൈൽ ശരിയായ മതം ഏതാണെന്ന് അന്വേഷിച്ചു കൊണ്ട് ശാമിലേക്ക് പുറപ്പെട്ടു. അങ്ങനെ യഹൂദരിൽ പെട്ട ഒരു പണ്ഡിതനെ അദ്ദേഹം കണ്ടുമുട്ടുകയും, അവരുടെ മതത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

സൈദ് പറഞ്ഞു: നിങ്ങളുടെ മതം (സത്യമാണെങ്കിൽ) എനിക്ക് അത് പിൻപറ്റാമല്ലോ; അതിനാൽ എനിക്ക് പറഞ്ഞു തരൂ. യഹൂദ പണ്ഡിതൻ പറഞ്ഞു: ഞങ്ങളുടെ മതം പിൻപറ്റിയാൽ അല്ലാഹുവിന്റെ കോപത്തിൽ നിന്നൊരു പങ്ക് താങ്കളെ ബാധിക്കാതിരിക്കില്ല.

സൈദ് പറഞ്ഞു: അല്ലാഹുവിന്റെ കോപത്തിൽ നിന്നല്ലാതെ മറ്റൊന്നിൽ നിന്നുമല്ല ഞാൻ ഓടിക്കൊണ്ടിരിക്കുന്നത്. അല്ലാഹുവിന്റെ കോപം തരിമ്പു പോലും സഹിക്കാൻ എനിക്ക് സാധ്യവുമല്ല; എങ്ങനെ എനിക്കതിന് കഴിയാനാണ്?! അതിനാൽ മറ്റു വല്ലതും എനിക്ക് അറിയിച്ചു നൽകുക.

അദ്ദേഹം പറഞ്ഞു: ഹനീഫിയ്യത് അല്ലാതെ മറ്റൊന്നും ശരിയായ മതമായി എനിക്ക് അറിയില്ല. സയ്ദ് ചോദിച്ചു: “എന്താണ് ഹനീഫിയ്യഃ?” അദ്ദേഹം പറഞ്ഞു: “ഇബ്രാഹീമിന്റെ മതം. അദ്ദേഹം യഹൂദനോ നസ്വറാനിയോ ആയിരുന്നില്ല. അല്ലാഹുവെ അല്ലാതെ മറ്റാരെയും അദ്ദേഹം ആരാധിച്ചിരുന്നില്ല.”

അങ്ങനെ സൈദ് യാത്ര പുറപ്പെട്ടു. നസ്വാറാക്കളിൽ പെട്ട ഒരു പുരോഹിതനെയും അദ്ദേഹം കണ്ടുമുട്ടി. നേരത്തെ പറഞ്ഞതു പോലെ അദ്ദേഹത്തോടും സൈദ് പറഞ്ഞു.

പുരോഹിതൻ പറഞ്ഞു: ഞങ്ങളുടെ മതം പിൻപറ്റിയാൽ അല്ലാഹുവിന്റെ ശാപത്തിൽ നിന്നൊരു പങ്ക് താങ്കളെ ബാധിക്കാതിരിക്കില്ല. സൈദ് പറഞ്ഞു: “അല്ലാഹുവിന്റെ ശാപത്തിൽ നിന്ന് മാത്രമാണ് ഞാൻ ഓടിക്കൊണ്ടിരിക്കുന്നത്. അവന്റെ ശാപമോ കോപമോ താങ്ങുവാൻ എനിക്ക് സാധ്യമേയല്ല. എങ്ങനെ എനിക്കതിന് സാധിക്കാനാണ്? അതിനാൽ മറ്റു വല്ലതും എനിക്ക് അറിയിച്ചു നൽകാമോ?!

അദ്ദേഹം പറഞ്ഞു: ഹനീഫിയ്യത് അല്ലാതെ മറ്റൊന്നും ശരിയായ മതമായി എനിക്ക് അറിയില്ല. സയ്ദ് ചോദിച്ചു: “എന്താണ് ഹനീഫിയ്യഃ?” അദ്ദേഹം പറഞ്ഞു: “ഇബ്രാഹീമിന്റെ മതം. അദ്ദേഹം യഹൂദനോ നസ്വറാനിയോ ആയിരുന്നില്ല. അല്ലാഹുവെ അല്ലാതെ മറ്റാരെയും അദ്ദേഹം ആരാധിച്ചിരുന്നില്ല.”

ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ വിഷയത്തിൽ അവരുടെ സംസാരം കേട്ടപ്പോൾ സൈദ് അവിടെ നിന്ന് പുറപ്പെട്ടു. ആ നാട് വിട്ടു പുറത്തെത്തിയപ്പോൾ തന്റെ കൈകൾ ഉയർത്തി കൊണ്ട് അദ്ദേഹം പറഞ്ഞു: “അല്ലാഹുവേ! ഞാൻ ഇബ്രാഹീമിന്റെ മതത്തിലാണ് എന്ന് സാക്ഷ്യം വഹിക്കുന്നു.” (ബുഖാരി: 3827)

കഅ്ബയിലേക്ക് തിരിഞ്ഞു നിന്നു കൊണ്ട് സൈദ് പ്രാർത്ഥിക്കുമായിരുന്നു. അദ്ദേഹം പറയും: “ഇബ്രാഹീമിന്റെ ആരാധ്യനാണ് എന്റെ ആരാധ്യൻ! ഇബ്രാഹീമിന്റെ മതമാണ് എന്റെയും മതം.”

ഖുറൈശികൾ അല്ലാഹുവല്ലാത്തവർക്ക് വേണ്ടി ബലിയർപ്പിച്ചതിൽ നിന്ന് സയ്ദ് ഭക്ഷിക്കാറില്ലായിരുന്നു. അദ്ദേഹം പറയും: “നിങ്ങളുടെ വിഗ്രഹങ്ങൾക്ക് വേണ്ടി നിങ്ങൾ ബലിയർപ്പിക്കുന്നതിൽ നിന്ന് ഞാൻ ഭക്ഷിക്കുകയില്ല. അല്ലാഹുവിന്റെ പേര് ഉച്ചരിക്കപ്പെട്ടതല്ലാതെ ഞാൻ ഭക്ഷിക്കുന്നതല്ല.”

ഖുറൈശികളുടെ ഈ പ്രവൃത്തിയെ അദ്ദേഹം ആക്ഷേപിക്കാറുണ്ടായിരുന്നു. “ആട്, അതിനെ പടച്ചത് അല്ലാഹുവാണ്. ആകാശത്ത് നിന്ന് അതിന് വെള്ളം ഇറക്കി നൽകിയതും അവൻ തന്നെ. ഭൂമിയിൽ നിന്ന് അതിന് ഭക്ഷണം മുളപ്പിച്ചു നൽകിയതും അല്ലാഹു തന്നെ. എന്നിട്ട് നിങ്ങളതിനെ അല്ലാഹു അല്ലാത്തവരുടെ പേരിൽ ബലിയർപ്പിക്കുകയോ?!” – സൈദിന്റെ വാക്കുകളാണിത്!

നബി -ﷺ- അദ്ദേഹത്തെ കുറിച്ച് പറഞ്ഞു: “എനിക്കും മർയമിന്റെ മകൻ ഈസക്കും ഇടയിലുള്ള ഒരു സമൂഹമായി അദ്ദേഹം മാത്രം ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്നതാണ്.” (ബിദായവന്നിഹായ/ഇബ്‌നു കഥീർ: 2/300)

സൈദ് ബ്നു അംറ് നബി -ﷺ- യെ കണ്ടിട്ടുണ്ട് എങ്കിലും അവിടുന്ന് നബിയായി നിയോഗിക്കപ്പെടുന്നതിന് മുൻപ് മരണപ്പെട്ടിരുന്നു.

2- വറഖതു ബ്നു നൗഫൽ: സൈദ് ബ്നു അംറിനോടൊപ്പം ശരിയായ മതം അന്വേഷിച്ച് വറഖതു ബ്നു നൗഫലും പുറപ്പെട്ടിരുന്നു എന്ന് പറയപ്പെടുന്നു. എന്നാൽ അദ്ദേഹം നസ്വാറാ മതം സ്വീകരിക്കുകയാണ് ചെയ്തത്. നബി -ﷺ- ക്ക് ജിബ്രീൽ മുഖേന അല്ലാഹുവിന്റെ സന്ദേശം ലഭിച്ചപ്പോൾ വറഖയുടെ അടുക്കലേക്കാണ് അവിടുന്ന് പോയത്. അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും, മരണശേഷം പരലോകമുണ്ടെന്നും ഓർമ്മിപ്പിക്കുന്ന മനോഹരമായ കവിതകൾ വറഖയുടേതായി ഉണ്ട്. നബി -ﷺ- ക്ക് അല്ലാഹുവിന്റെ സന്ദേശം ലഭിക്കുന്നതിന്റെ ആരംഭകാലഘട്ടത്തെ കുറിച്ച് വിശദീകരിക്കുമ്പോള്‍ അദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരണം നമുക്ക് വായിക്കാം.

3- ഖിസ്സു ബ്നു സാഇദ അൽ-ഇയാദീ: അദ്ദേഹം തൗഹീദ് പാലിച്ചിരുന്ന വ്യക്തിയാണ് എന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ ചിലതിൽ പരാമർശമുണ്ട്. നബി -ﷺ- അദ്ദേഹത്തെ കുറിച്ച് പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ട ഹദീഥുകൾ ഉണ്ടെങ്കിലും അവ സ്ഥിരപ്പെട്ടിട്ടില്ല.

4- ഉമയ്യതു ബ്നു അബിസ്വൽത്: ഇദ്ദേഹം ജാഹിലിയ്യ കാലഘട്ടത്തിൽ നസ്വാറാ മതം സ്വീകരിച്ചു. ഉമയ്യയുടെ കവിതകളിൽ ഏകദൈവാരാധനയെ കുറിച്ചും, പുനരുത്ഥാനത്തെ കുറിച്ചും ധാരാളം പരാമർശങ്ങളുണ്ട്. ‘ഉമയ്യ തന്റെ കവിതയിൽ മുസ്‌ലിമാകാറായിരുന്നു’ എന്ന് നബി -ﷺ- അദ്ദേഹത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

എന്നാൽ നബി -ﷺ- നിയോഗിക്കപ്പെട്ടപ്പോൾ ഉമയ്യയെ അഹങ്കാരം പിടികൂടി. മുഹമ്മദിന്റെ അനുയായി ആകാൻ അയാളുടെ അഹങ്കാരം അയാളെ സമ്മതിച്ചില്ല. ഹിജ്റ ഒൻപതിലാണ് ഇയാൾ മരണപ്പെട്ടത്.

5- ലബീദു ബ്നു റബീഅഃ: ജാഹിലിയ്യ കവികളിൽ പ്രധാനിയായിരുന്നു അദ്ദേഹം. നബി -ﷺ- യുടെ കാലഘട്ടത്തിൽ ജീവിക്കുകയും, ഇസ്‌ലാം സ്വീകരിക്കുകയും ചെയ്ത ലബീദ് മരണപ്പെട്ടത് ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- വിന്റെ ഭരണകാലത്താണ്. മരണപ്പെടുമ്പോൾ അദ്ദേഹത്തിന് 150 വയസ്സോളം ഉണ്ടായിരുന്നു.

ഒരു കവി പറഞ്ഞതിൽ ഏറ്റവും സത്യസന്ധമായ വചനം ലബീദിന്റെ വാക്കാണ് എന്ന് നബി -ﷺ- പറഞ്ഞിട്ടുണ്ട്. (ബുഖാരി: 6147, മുസ്‌ലിം: 2256) ആ വരി ഇപ്രകാരമാണ്:

أَلاَ كُلُّ شَيْءٍ مَا خَلاَ اللَّهَ بَاطِلٌ

അറിയുക! അല്ലാഹുവൊഴികെ എല്ലാം നശിക്കുന്നതാകുന്നു!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: