അനേകം തിന്മകൾ നിറഞ്ഞു നിന്ന കാലഘട്ടമായിരുന്നു ജാഹിലിയ്യതിലേത്. വിവരക്കേടും അജ് ഞതയും നിറഞ്ഞു നിന്ന ആ കാലഘട്ടത്തിന്റെ ഒരു ചെറിയ ചിത്രം നാം മനസ്സിലാക്കേണ്ടതുണ്ട്.

മദ്യപാനം

മദ്യം ജാഹിലിയ്യത്തിൽ അങ്ങേയറ്റം പ്രചാരം നേടിയിരുന്നു. അവരുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു യാതൊരു അതിരുകളുമില്ലാത്ത മദ്യപാനം. മദ്യം നിർമ്മിക്കുന്നതിനെ കുറിച്ചും, അതിനായി കൂടിയിരിക്കുന്നതിനെ കുറിച്ചുമുള്ള അറബികവിതകൾ അവർക്കിടയിൽ ധാരാളമുണ്ടായിരുന്നു. ആ കാലഘട്ടത്തിലെ അറബ് സാഹിത്യത്തിലും ചരിത്രത്തിലും സംസ്കാരത്തിലും മദ്യം ചെലുത്തിയ സ്വാധീനം തീർത്തും പ്രകടമാണ്.

അറബി ഭാഷയിൽ മദ്യത്തിന് മാത്രമായി ധാരാളം പേരുകളുണ്ട്; അതിന്റെ രുചിയുടെയും ലഹരിയുടെയും നിർമ്മിച്ച രൂപത്തിന്റെയുമെല്ലാം അടിസ്ഥാനത്തിൽ വ്യത്യസ്തമായ പേരുകൾ. മദ്യക്കച്ചവടത്തിന്റെ പ്രചാരവും ആധിക്യവും കാരണത്താൽ കച്ചവടം എന്നർഥം വരുന്ന അറബി പദം മദ്യവിൽപ്പനയുടെ പര്യായമായി അറബികൾ ഉപയോഗിച്ചിരുന്നത്രെ!

ചൂതാട്ടം

ചൂതാട്ടത്തിൽ ജാഹിലിയ്യ കാലഘട്ടത്തിലെ അറബികൾ അന്തസ്സും അഭിമാനവും കണ്ടിരുന്നു എന്ന് പറഞ്ഞാൽ തെറ്റാവില്ല. ചൂതാട്ടത്തിൽ പങ്കെടുക്കാതിരിക്കുക എന്നത് തങ്ങളുടെ പ്രൗഢിക്ക് യോജിക്കാത്ത കാര്യമായി അറബികള്‍ വിലയിരുത്തിയിരുന്നു! അറബികളാകട്ടെ, കയ്യിലുള്ള എന്തു കൊണ്ടും ചൂതാടുന്നവരായിരുന്നു.

ഖതാദഃ -رَحِمَهُ اللَّهُ- പറയുന്നു: “ജാഹിലിയ്യതിലെ ജനങ്ങൾ തന്റെ സമ്പത്തും കുടുംബവും വെച്ച് ചൂതാടുമായിരുന്നു. അവസാനം സമ്പത്തെല്ലാം നഷ്ടപ്പെട്ട് പാപ്പരായി, തന്റെ സ്വത്തെല്ലാം മറ്റൊരാളുടെ കയ്യിലിരിക്കുന്നത് നോക്കിയിരിക്കും. അവർക്കിടയിൽ ശത്രുതയും വെറുപ്പും വളർത്തുന്നതിൽ ചൂതാട്ടത്തിന് പങ്കുണ്ടായിരുന്നു.” (തഫ്സീറു ത്വബരി: 5/36)

പലിശ

ജാഹിലിയ്യതിൽ അറബികളും യഹൂദരും പലിശ ഇടപാടുകൾ വ്യാപകമായി നടത്തിയിരുന്നു. പലിശ നൽകുന്നതിലും വാങ്ങുന്നതിലും അങ്ങേയറ്റം അവർ അതിരു കവിഞ്ഞിരുന്നു. തങ്ങളുടെ പലിശപ്പണം തിരിച്ചു വാങ്ങാൻ ഏതറ്റം വരെയും അവർ പോകുമായിരുന്നു.

വർഷാവർഷം ഇരട്ടിയിരട്ടി പലിശ വാങ്ങുക എന്നതായിരുന്നു അവരുടെ രീതി. ആർക്കെങ്കിലും കടബാധ്യത ബാക്കിയുണ്ടെങ്കിൽ അവധിയെത്തിയാൽ പലിശക്കാരൻ വരും. അയാൾ ചോദിക്കും: ഇപ്പോൾ കടം തീർക്കുന്നോ, അതല്ല പലിശ അധികരിപ്പിക്കുന്നോ?! പണമുണ്ടെങ്കിൽ അവർ കടം അവസാനിപ്പിക്കും. ഇല്ലെങ്കിൽ എത്രയാണോ ബാക്കിയുള്ളത്, അത് അടുത്ത വർഷത്തേക്ക് ഇരട്ടിയാക്കും. നൂറ് ദീനാറാണ് കടമെങ്കിൽ ഇരുന്നൂറായി മാറും. അതിന്റെ അടുത്ത വർഷം നാന്നൂറ് എന്നിങ്ങനെ…

പലിശ ഒരു തിന്മയോ മോശം കാര്യമോ ആയി ആ സമൂഹം കണ്ടിരുന്നേയില്ല. അവർക്കത് കേവലം സാധാരണമായ ഒരു ഇടപാട് മാത്രമായിരുന്നു. പലിശയും കച്ചവടവും ഒരു പോലെയാണെന്ന് വരെ അവരിൽ ചിലർ വാദിച്ചു!

വ്യഭിചാരം

വ്യഭിചാരം വിരളമായ ഒന്നേ ആയിരുന്നില്ല. ആരും എതിർക്കപ്പെടാത്ത നിലയിൽ അതവർക്കിടയിൽ വ്യാപിച്ചു. സ്ത്രീകൾ ആൺസുഹൃത്തുക്കളെയും, പുരുഷന്മാർ പെൺസുഹൃത്തുക്കളെയും സ്വീകരിക്കുക എന്നത് അവർക്കിടയിൽ സാധാരണമായിരുന്നു. സ്ത്രീകളെ ബലാൽക്കരത്തിലൂടെ ലൈംഗികബന്ധത്തിന് നിർബന്ധിച്ചിരുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

അല്ലാഹു പറയുന്നു:

وَلَا تُكْرِهُوا فَتَيَاتِكُمْ عَلَى الْبِغَاءِ إِنْ أَرَدْنَ تَحَصُّنًا لِّتَبْتَغُوا عَرَضَ الْحَيَاةِ الدُّنْيَا

“ഐഹിക ജീവിതത്തിലെ തുഛമായ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങളുടെ അടിമസ്ത്രീകളെ നിങ്ങൾ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്‌; അവരാകട്ടെ പരിശുദ്ധി ആഗ്രഹിക്കുന്നവരുമാണ്.” (നൂർ: 33)

عَنْ عَائِشَةَ زَوْجِ النَّبِيِّ -ﷺ- أَخْبَرَتْهُ: أَنَّ النِّكَاحَ فِي الجَاهِلِيَّةِ كَانَ عَلَى أَرْبَعَةِ أَنْحَاءٍ: … وَنِكَاحُ الرَّابِعِ: يَجْتَمِعُ النَّاسُ الكَثِيرُ، فَيَدْخُلُونَ عَلَى المَرْأَةِ، لاَ تَمْتَنِعُ مِمَّنْ جَاءَهَا، وَهُنَّ البَغَايَا، كُنَّ يَنْصِبْنَ عَلَى أَبْوَابِهِنَّ رَايَاتٍ تَكُونُ عَلَمًا، فَمَنْ أَرَادَهُنَّ دَخَلَ عَلَيْهِنَّ»

ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: “ജാഹിലിയ്യതിൽ നാല് തരത്തിൽ ബന്ധങ്ങൾ സംഭവിച്ചിരുന്നു… നാലാമത്തെ രൂപം: ഒരു സ്ത്രീയുമായി തന്നെ ധാരാളം പുരുഷന്മാർ ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്നതായിരുന്നു. തന്റെയടുക്കൽ വരുന്ന ഒരു പുരുഷനെയും അവൾ തടഞ്ഞു വെക്കുകയില്ല. വ്യഭിചാരികളായി അറിയപ്പെട്ടിരുന്നവരായിരുന്നു അവർ. (അവരെ തിരിച്ചറിയുന്നതിനായി) തങ്ങളുടെ വാതിലുകൾക്ക് മേൽ അവർ അടയാളമെന്നോണം കൊടി തൂക്കുമായിരുന്നു. ഉദ്ദേശിക്കുന്നവർക്കെല്ലാം ആ വീട്ടിൽ പ്രവേശിക്കാമായിരുന്നു.” (ബുഖാരി: 5127)

സ്ത്രീകൾക്ക് യാതൊരു പരിഗണനയോ സ്ഥാനമോ ജാഹിലിയ്യഃ സമൂഹത്തിൽ ഉണ്ടായിരുന്നില്ല. മറന്നു വെച്ചു പോയേക്കാവുന്ന കയ്യിലുള്ള ഒരു വസ്തു പോലെ മാത്രമായിരുന്നു അവർക്ക് സ്ത്രീകൾ. വിധി നടപ്പിലാക്കുമ്പോൾ സ്ത്രീയുടെ പക്ഷത്തോട് യാതൊരു മനക്ലേശവുമില്ലാതെ അവർ അനീതി പ്രവർത്തിച്ചു. അവളുടെ സമ്പത്ത് ആർക്കും തട്ടിപ്പറിച്ചെടുക്കാം. അവളുടെ അവകാശങ്ങൾ ആരും പരിഗണിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ല. വിവാഹമോചനം നടക്കുകയോ, ഭർത്താവ് മരണപ്പെടുകയോ ചെയ്താൽ അവൾ അതോടെ മാറ്റിനിർത്തപ്പെടും. ഒരു മൃഗമോ കച്ചവടച്ചരക്കോ കൈമാറ്റം ചെയ്യപ്പെടുന്ന പോലെ സ്ത്രീ അവർക്കിടയിൽ ഞെരിഞ്ഞമർന്നു.

പെൺകുട്ടികളെ കുഴിച്ചുമൂടൽ

പെൺകുട്ടികളെ ജാഹിലിയ്യത്തിലെ ചില ഗോത്രക്കാര്‍ തീർത്തും വെറുത്തിരുന്നു. പെൺകുട്ടികളെ അവരുടെ പിതാവ് തന്നെ കുഴിച്ചു മൂടുന്ന അവസ്ഥയിലേക്ക് ആ വെറുപ്പ് പിന്നീട് വളർന്നു. പത്തു പെണ്‍കുട്ടികളില്‍ ഒരാള്‍ എന്ന തോതിലെങ്കിലും ഈ ഹീനകൃത്യം അവർക്കിടയിൽ നടമാടിയിരുന്നു.

തന്റെ രക്തത്തിൽ പിറന്ന കുഞ്ഞിനെ പെൺകുട്ടിയാണെന്ന പേരിൽ കൊലപ്പെടുത്താൻ പല ന്യായങ്ങളായിരുന്നു അവരിൽ പലർക്കും. നാളെയെന്നെങ്കിലും ഇവൾ വഴിപിഴച്ചു പോവുകയും, തന്റെ തറവാടിനും കുടുംബത്തിനും മോശപ്പേര് വരുത്തി വെക്കുകയും ചെയ്യുമോ എന്ന ‘ഭയം’ കാരണത്താൽ പെൺകുട്ടികളെ കുഴിച്ചു മൂടിയവർ അവരിലുണ്ടായിരുന്നു. നിറം കുറഞ്ഞതിന്റെ പേരിലും, രോഗം ബാധിച്ചതാണെന്ന കാരണത്താലും, മുടന്തോ മറ്റോ കാണപ്പെട്ടാലും പെൺമക്കളെ കുഴിച്ചു മൂടുന്നവർ അക്കൂട്ടത്തിലുണ്ട്. കാരണം അതെല്ലാം അവർക്കിടയിൽ ‘ശകുനപ്പിഴ’ ഉണ്ടാകാനുള്ള കാരണങ്ങളായിരുന്നു.

പെൺമക്കളെ കുഴിച്ചു മൂടിയ ജാഹിലിയ്യ അറബികളുടെ ചരിത്രകഥകളിൽ പലതും അങ്ങേയറ്റത്തെ ക്രൂരതയുടെ ചിത്രമാണ് നൽകുന്നത്. പെൺകുട്ടിയുടെ പിതാവ് യാത്രയിലോ മറ്റോ ആയിരുന്ന ഘട്ടത്തിലാണ് പെൺകുഞ്ഞ് പിറന്നത് എങ്കിൽ അയാൾ തിരിച്ചു വരുന്നത് വരെ അവർക്കിടയിൽ ആ പെൺകുട്ടി വളരും. ചിലപ്പോൾ കുട്ടി വളർന്നു വലുതായതിന് ശേഷമായിരിക്കും പിതാവ് തിരിച്ചെത്തുക. എന്നാൽ ബുദ്ധിയും വിവേകവുമെത്തിയ ആ കുട്ടികളെ വരെ അവരിൽ ചിലർ ജീവനോടെ കുഴിച്ചു മൂടിയ ചരിത്രങ്ങളുണ്ട്. ഏതൊരു കരളലിവുള്ള മനുഷ്യന്റെയും കണ്ണുനിറയിക്കുന്ന അനേകം കഥകൾ ജാഹിലിയ്യതിലെ അറബികളുടേതായി ചരിത്രത്തിലുണ്ട്.

അല്ലാഹു പറയുന്നു:

وَإِذَا بُشِّرَ أَحَدُهُم بِالْأُنثَىٰ ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ ﴿٥٨﴾ يَتَوَارَىٰ مِنَ الْقَوْمِ مِن سُوءِ مَا بُشِّرَ بِهِ ۚ أَيُمْسِكُهُ عَلَىٰ هُونٍ أَمْ يَدُسُّهُ فِي التُّرَابِ ۗ أَلَا سَاءَ مَا يَحْكُمُونَ ﴿٥٩﴾

“അവരില്‍ ആർക്കെങ്കിലും ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!” (നഹ്‌ൽ: 58-59)

ഇതിന് പുറമെ ദാരിദ്ര്യം ഭയന്നു കൊണ്ടും, ഭാവിയിൽ വന്നേക്കാവുന്ന അധിക ചിലവ് പേടിച്ചു കൊണ്ടും കുട്ടികളെ കൊലപ്പെടുത്തുന്നവരും അവർക്കിടയിൽ ഉണ്ടായിരുന്നു. ദരിദ്രരായ ചില അറബി ഖബീലകളിൽ നിലനിന്നിരുന്ന സമ്പ്രദായമായിരുന്നു അത്. ചിലർ തങ്ങളുടെ കുട്ടികളെ വിറ്റുകളയുകയും ചെയ്തിരുന്നു. സമ്പന്നരും ധനാഢ്യരുമായ അറബികൾ ഈ കുട്ടികളെ പണം കൊടുത്ത് വാങ്ങുകയും വളർത്തുകയും ചെയ്യും. അവരില്‍ ചിലര്‍ ആ കുട്ടികളെ നന്നായി പരിചരിക്കുകയും വളര്‍ത്തി കൊണ്ടു വരികയും ചെയ്യാറുമുണ്ട്.

സ്വഅ്സ്വഅതു ബ്നു നാജിയഃ പറയുന്നു: “ഇസ്‌ലാം വന്നെത്തുമ്പോൾ ഞാൻ മുന്നൂറോളം കുട്ടികളെ കുഴിച്ചു മൂടുന്നതിൽ നിന്ന് രക്ഷിച്ചു കഴിഞ്ഞിരുന്നു.” (ഇസ്വാബ/ഇബ്‌നു ഹജർ: 3/347)

ഇതിനെല്ലാം പുറമെ അവരുടെ മതാചാരാങ്ങളുടെ ഭാഗമായി കുട്ടികളെ ബലിയർപ്പിക്കുന്നവരും അറബികൾക്കിടയിൽ ഉണ്ടായിരുന്നു. ഉദാഹരണത്തിന് പത്ത് കുട്ടികൾ ജനിച്ചാൽ അതിൽ ഒരാളെ ബലിയർപ്പിക്കാം എന്നതായിരുന്നു ചിലരുടെ നേർച്ച! നബി -ﷺ- യുടെ പ്രപിതാവായ അബ്ദുൽ മുത്വലിബിന്റെ ചരിത്രത്തിൽ അപ്രകാരം സംഭവിച്ചത് ഒരു ഉദാഹരണം. ആ സംഭവം വഴിയെ നമുക്ക് വായിക്കാം.

അല്ലാഹു ഈ പറഞ്ഞ ദുഷ്പ്രവൃത്തികളിൽ നിന്നും, ക്രൂരതകളിൽ നിന്നും അവരെ വിലക്കുകയും, നന്മകളിലേക്ക് അവരെ നയിക്കുകയും ചെയ്തു.

وَلَا تَقْتُلُوا أَوْلَادَكُم مِّنْ إِمْلَاقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ

“ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്‌. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്‌.” (അൻആം: 151)

ചുരുക്കം:

അറബികൾ നിലകൊണ്ടിരുന്ന അജ്ഞതയുടെയും അന്ധകാരത്തിന്റെയും ചില ഏടുകൾ മാത്രമാണ് ഇവിടെ വായിച്ചത്. മനുഷ്യരാശിയുടെ ഈ അന്ധകാരനിബിഢമായ ചരിത്രം അല്ലാഹു ഖുർആനിൽ പലയിടത്തും ഓർമ്മപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: “അറബികളുടെ വിവരക്കേട് അറിയാൻ നീ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സൂറതുൽ അൻആമിലെ 130 നു ശേഷമുള്ള ആയത്തുകൾ പാരായണം ചെയ്യുക.” (ബുഖാരി: 4/184)

അല്ലാഹു പറയുന്നു:

وَاذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ اللَّـهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ ﴿١٠٣﴾

“നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം നിങ്ങൾ ഓർക്കുക! നിങ്ങൾ (പരസ്പരം) ശത്രുക്കളായിരുന്നു; അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.” (ആലു ഇംറാൻ: 103)

لَقَدْ مَنَّ اللَّـهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ ﴿١٦٤﴾

“തീര്‍ച്ചയായും (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് അവരില്‍ നിന്ന് തന്നെയുള്ള ഒരു റസൂലിനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് നല്‍കിയിട്ടുള്ളത്‌. (അവിടുന്ന്) അല്ലാഹുവിന്റെ (ഖുർആനിലെ) ആയത്തുകൾ അവര്‍ക്ക് ഓതികേള്‍പിക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്കു ഖുർആനും സുന്നത്തും പഠിപ്പിക്കുകയും ചെയ്യുന്നു. അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.” (ആലു ഇംറാൻ: 164)

ജാഹിലിയ്യ കാലഘട്ടത്തിന്റെ തകർച്ചയുടെ ആകെത്തുക നബി -ﷺ- യുടെ വാക്കുകളിലുണ്ട്. അവിടുന്ന് പറഞ്ഞു:

عَنْ عِيَاضِ بْنِ حِمَارٍ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «إِنَّ اللَّهَ نَظَرَ إِلَى أَهْلِ الْأَرْضِ، فَمَقَتَهُمْ عَرَبَهُمْ وَعَجَمَهُمْ، إِلَّا بَقَايَا مِنْ أَهْلِ الْكِتَابِ»

“അല്ലാഹു ഭൂമിയിൽ വസിക്കുന്നവരിലേക്ക് നോക്കി. അവരോടൊന്നടങ്കം -അറബികളും അനറബികളും അടക്കമുള്ളവരോട്- അവൻ ശക്തമായി കോപിച്ചു; വേദക്കാരിൽ നിന്ന് ബാക്കിയായ കുറച്ചു പേരൊഴികെ.” (മുസ്‌ലിം: 2865)

സ്വഹാബികൾ തങ്ങളുടെ ജാഹിലിയ്യതിലെ സ്ഥിതിവിശേഷം മറക്കുകയോ, അതിനെ കുറിച്ച് തീർത്തും വിസ്മരിക്കുകയോ ചെയ്തില്ല. ഇസ്‌ലാമിന്റെ മേന്മയും അത് തങ്ങളെ പരിവർത്തിപ്പിച്ചതിനെ കുറിച്ചും അവർ ഓർക്കുകയും ഓർമ്മിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു.

عَنِ المِقْدَادِ بنِ عَمْرٍو -رضي اللَّه عنه- أَنَّهُ قَالَ: … وَاللَّهِ لَقَدْ بَعَثَ اللَّهُ النَّبِيَّ -ﷺ- علَى أَشَدِّ حَالٍ بُعِثَ عَلَيْهَا فِيهِ نَبِيٌّ مِنَ الأَنْبِيَاءَ في فترَةٍ وَجَاهِلِيَّةٍ، مَا يَرَوْنَ أَنَّ دِينًا أَفْضَلَ مِنْ عِبَادَةِ الأَوْثَانِ، فَجَاءَ بِفُرْقَانٍ فَرَّقَ بِهِ بَيْنَ الحَقِّ وَالبَاطِلِ، وَفَرَّقَ بَيْنَ الوَالِدِ وَوَلَدِهِ حَتَّى إِنْ كَانَ الرَّجُلُ لَيَرَى وَالِدَهُ وَوَلَدَهُ أَوْ أَخَاهُ كَافِرًا، وَقَدْ فتَحَ اللَّهُ قُفْلَ قَلْبِهِ بِالإِيمَانِ، يَعْلَمُ أَنَّهُ إِنْ هَلَكَ دَخَلَ النَّارَ، فَلَا تَقَرُّ عَيْنُهُ وَهُوَ يَعْلَمُ أَنَّ حَبِيبَهُ في النَّارِ.

മിഖ്ദാദു ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: “അല്ലാഹു സത്യം! അല്ലാഹു നബി -ﷺ- യെ നിയോഗിച്ചത് ചരിത്രത്തിൽ മറ്റൊരു നബിയും നിയോഗിക്കപ്പെട്ടിട്ടില്ലാത്ത തരത്തിൽ ഏറ്റവും കഠിനമായ വേളയിലായിരുന്നു. കാലങ്ങളോളം നബിമാർ വന്നിട്ടില്ലെന്നതിനൊപ്പം അറിവില്ലായ്മയും അവരിൽ പടർന്നു പിടിച്ചിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുക എന്നതിനേക്കാൾ മഹത്തരമായ മറ്റൊരു വിശ്വാസവും അവർക്കറിയില്ലായിരുന്നു.

അങ്ങനെ നബി -ﷺ- സത്യത്തെയും അസത്യത്തെയും വേർതിരിക്കുന്ന ആദർശവുമായി വന്നു. പിതാവും മകനും വേർതിരിഞ്ഞു. തന്റെ പിതാവും മകനും സഹോദരനും അല്ലാഹുവിൽ വിശ്വസിക്കാത്ത നിഷേധിയാണെന്ന് അവർ വിശ്വസിക്കുന്ന രൂപത്തിൽ അതവരെ മാറ്റിത്തീർത്തു. കാരണം ഇസ്‌ലാം കൊണ്ട് അല്ലാഹു അവന്റെ ഹൃദയത്തിന്റെ പൂട്ടുകൾ തുറന്നിരിക്കുന്നു. അവനറിയാം, തന്റെ സഹോദരൻ ഇസ്‌ലാമിൽ വിശ്വസിക്കാതെ മരണപ്പെട്ടാൽ നരകത്തിലാണെന്ന്. തന്റെ പ്രിയപ്പെട്ടവർ നരകത്തിൽ വീണുപോകുമെന്നതാകട്ടെ, അവരുടെ കൺകുളിർപ്പിക്കുന്ന ഒരു കാര്യമേ ആയിരുന്നില്ല.” (അഹ്മദ്: 23810)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: