ലോകം അജ്ഞതയുടെയും അതിക്രമങ്ങളുടെയും ഇരുട്ടിൽ മുങ്ങിയ ആ കാലഘട്ടത്തിൽ ഏറ്റവും ഇരുട്ടു നിറഞ്ഞത് അറബ് ഉപദ്വീപുകളിലായിരുന്നു. അറബികൾ അധഃപതനത്തിന്റെ പടുകുഴിയിൽ വീണിരുന്നെങ്കിൽ പോലും എന്തു കൊണ്ട് അറബികളിലേക്ക് തന്നെ നബി -ﷺ- നിയോഗിക്കപ്പെട്ടു എന്നത് ചിലർക്കെങ്കിലും അത്ഭുതമുണ്ടാക്കിയേക്കാം. ഇസ്‌ലാമിന്റെ വെളിച്ചം ഉൾക്കൊള്ളുന്നതിനും, ലോകം മുഴുവൻ ഈ പ്രകാശം എത്തിച്ചു നൽകുന്നതിനുമായി അല്ലാഹു എന്ത് കൊണ്ട് അറബികളെ തിരഞ്ഞെടുത്തു എന്നത് പ്രസക്തമായ ചോദ്യമാണ്. ചില പ്രധാനപ്പെട്ട കാരണങ്ങൾ താഴെ പറയാം:

ഒന്ന്: അവർ ദൃഢനിശ്ചയത്തിന്റെയും സത്യസന്ധതയുടെയും വക്താക്കളായിരുന്നു. സത്യം അവ്യക്തമായി തോന്നിയാൽ അവരതിനെ സർവ്വ ശക്തിയുമെടുത്ത് എതിർക്കുക തന്നെ ചെയ്യും. എന്നാൽ സന്ദേഹത്തിന്റെ മറകൾ നീങ്ങുകയും, സത്യം ബോധ്യപ്പെടുകയും ചെയ്താൽ ആ മാര്‍ഗത്തില്‍ ജീവൻ നൽകിയും അതിനെ സ്നേഹിക്കാനും സംരക്ഷിക്കാനും, അതിന്റെ മാർഗത്തിൽ മരണം വരെ വരിക്കാനും അവർ തയ്യാറാണ്.

നബി -ﷺ- യുമായി മക്കയിലെ മുശ്‌രിക്കുകൾ നടത്തിയ ഹുദൈബിയ്യ സന്ധിയുടെ വേളയിൽ സുഹൈൽ ബ്നു അംറിന്റെ പ്രതികരണം നോക്കൂ. കരാറിന്റെ തുടക്കത്തിൽ ‘ഇത് അല്ലാഹുവിന്റെ റസൂലായ മുഹമ്മദുമായി നടത്തുന്ന കരാറാണ് എന്നെഴുതിയപ്പോൾ ഉടനടി സുഹൈൽ പറഞ്ഞു: “അല്ലാഹു സത്യം! നീ അല്ലാഹുവിന്റെ റസൂലാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടിരുന്നെങ്കിൽ നിന്നെ ഞങ്ങൾ കഅ്ബയിൽ നിന്ന് തടുത്തു വെക്കുകയോ, നിന്നോട് യുദ്ധത്തിലേർപ്പെടുകയോ ചെയ്യില്ലായിരുന്നു.”

പിന്നീട് സുഹൈൽ ഇസ്‌ലാം -رَضِيَ اللَّهُ عَنْهُ- സ്വീകരിച്ചു. ധാരാളം നിസ്കാരവും നോമ്പും ദാനധർമ്മങ്ങളുമായാണ് ഇസ്‌ലാമിലുള്ള ദിനങ്ങൾ അദ്ദേഹം മുന്നോട്ടു കൊണ്ട് പോയത്. ഖുർആൻ കേട്ടാൽ ധാരാളമായി കരയുമായിരുന്നു അദ്ദേഹം. “മുശ്‌രിക്കുകളോടൊപ്പം ഏതൊരു കാര്യത്തിലെല്ലാം ഞാൻ നിലയുറപ്പിച്ചിട്ടുണ്ടോ, അതിന് സമാനമായ രൂപത്തിൽ മുസ്‌ലിംകളോടൊപ്പവും ഞാൻ നിലയുറപ്പിച്ചിട്ടുണ്ട്. അവരോടൊപ്പം ഞാൻ ചിലവഴിച്ച ഓരോ ദാനത്തിനും പകരം സമാനമായത് ഞാൻ മുസ്‌ലിമീങ്ങൾക്ക് നൽകിയിട്ടുണ്ട്.” – ഇസ്‌ലാം സ്വീകരിക്കുന്നതിന് മുൻപ് സംഭവിച്ച അബദ്ധങ്ങൾക്കുള്ള അദ്ദേഹത്തിന്റെ പ്രായശ്ചിത്തമായിരുന്നു അത്.

രണ്ട്: അവരുടെ ഹൃദയത്തിന്റെ ഏടുകൾ ശൂന്യമായിരുന്നു. മായ്ക്കാൻ പ്രയാസകരമായ, ആഴത്തിൽ വേരൂന്നിയ ചിന്തകളോ തത്വശാസ്ത്രങ്ങളോ അവരുടെ ഹൃദയത്തിലില്ലായിരുന്നു. അജ്ഞതയും അറിവില്ലായ്മയും വഴിതെറ്റിച്ചു കളഞ്ഞ, പച്ചയായ മനുഷ്യരായിരുന്നു അക്കൂട്ടർ.

എന്നാൽ റോമക്കാരും പേർഷ്യക്കാരും ഇന്ത്യൻ ഉപദ്വീപിലുള്ളവരും വഴികേടിന്റെ ആഴങ്ങളിൽ മുങ്ങിയിരുന്നെങ്കിലും തങ്ങളുടെ പിഴവുകൾ അവർ നിർമ്മിച്ചെടുത്ത തത്വശാസ്ത്രങ്ങളുടെയും നേടിയെടുത്ത പുരോഗതിയുടെയും ലക്ഷണമായി കണ്ടവരായിരുന്നു. ഉന്നതമായ സ്വഭാവസംസ്കാരങ്ങളുടെയും, വിശാലമായ തത്വജ്ഞാനങ്ങളുടെയും ഉടമകളാണ് തങ്ങൾ എന്നായിരുന്നു അവർ സ്വയം ധരിച്ചിരുന്നത്. ചിന്താപരവും മനശാസ്ത്രപരവുമായി അനേകം കെട്ടുപാടുകളിലായിരുന്നു അക്കൂട്ടർ ജീവിച്ചിരുന്നത്. അത് അഴിച്ചു മാറ്റുക എന്നത് ശ്രമകരമായ ജോലിയായിരുന്നു.

അറബികളാകട്ടെ, അവരുടെ ഹൃദയങ്ങൾ ഒരു പുതിയ ഏട് പോലെ ശൂന്യമായിരുന്നു. അറിവില്ലായ്മയുടെ അബദ്ധങ്ങൾ കുറിച്ചിട്ട നേർത്ത ചില വരകളും കുറികളും മാത്രമേ അവിടെയുള്ളൂ. അതാകട്ടെ മായ്ച്ചു കളയാനും, കഴുകി മാറ്റാനും, ആ സ്ഥാനത്ത് പുതിയ വരികള്‍ എഴുതിപിടിപ്പിക്കാനും ഏറെ എളുപ്പമുള്ള സ്ഥിതിയിലുമായിരുന്നു.

മൂന്ന്: പരിശ്രമശാലികളും സത്യസന്ധരുമായിരുന്നു അറബികൾ. കാപട്യമോ വഞ്ചനയോ അവർക്ക് പരിചയമില്ല. പറയുന്നത് പ്രവർത്തിച്ചിരിക്കും. മനസ്സിലില്ലാത്തത് പറയുക എന്നത് അവരുടെ ശീലമായിരുന്നില്ല. വിശ്വസിക്കുന്ന കാര്യത്തിന് വേണ്ടി ഉശിരോടെ നിലകൊള്ളാൻ യാതൊരു മടിയുമില്ലാത്തവരായിരുന്നു അവർ.

അതിനോടൊപ്പം അറിയപ്പെട്ട യോദ്ധാക്കളുമായിരുന്നു അറബികൾ. കുതിരയും ഒട്ടകവും വേഗതയിൽ പായിക്കാനും, ആയുധങ്ങൾ അനായാസം ഉപയോഗപ്പെടുത്താനുമുള്ള ശേഷിയുള്ളവരായിരുന്നു അവര്‍. അത്തരമൊരു ജനവിഭാഗത്തിന്റെ കൈകളാല്‍ മാത്രമേ മഹത്തരമായ ഒരു ആദർശം അതിർത്തികൾ ഭേദിച്ച് കുതിക്കുകയുള്ളൂ. പ്രത്യേകിച്ച് യുദ്ധങ്ങളാലും പോരാട്ടങ്ങളാലും കലുഷിതമായിരുന്ന ആ കാലഘട്ടത്തില്‍.

നാല്: ജാഹിലിയ്യത് തിന്മകളുടെ സമുദ്രമായിരുന്നു. എങ്കിലും അവരില്‍ ചില നന്മകളും നല്ല ഗുണങ്ങളും നിലനിന്നിരുന്നു. സത്യം പറയുക, അതിഥിയെ ആദരിക്കുക, കരാർ പാലിക്കുക, ക്ഷമയോടെയും സഹനത്തോടെയും നിലകൊള്ളുക, ധൈര്യം പ്രകടിപ്പിക്കുകയും ഒരിക്കലും അപമാനം ഏറ്റുവാങ്ങാതിരിക്കാനുള്ള നിശ്ചയദാർഢ്യം കാത്തുസൂക്ഷിക്കുകയും ചെയ്യുക, കഅ്ബയോടും ചുറ്റുപാടുള്ള ഹറമിനോടുമുള്ള ആദരവും പരിശുദ്ധമായ മാസങ്ങളോടുള്ള ബഹുമാനവും നിലനിര്‍ത്തുക; ഇതെല്ലാം അറബികളുടെ ചില നല്ല ഗുണങ്ങളായിരുന്നു.

അറബികളുടെ ചില പ്രത്യേകതകൾ മാത്രമാണ് മേൽ പറഞ്ഞത്. അല്ലാഹുവിനാണ് അവന്റെ തിരഞ്ഞെടുപ്പിന് പിന്നിലുള്ള യുക്തിയെ കുറിച്ച് കൂടുതൽ അറിയുക. അവൻ അങ്ങേയറ്റം യുക്തിയുള്ളവനും എല്ലാം അറിയുന്നവനുമാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: