അല്ലാഹുവിന്റെ റസൂലായ മുഹമ്മദ് നബി -ﷺ- യുടെ ചരിത്രത്തേക്കാൾ മനോഹരമായ മറ്റൊരു ചരിത്രവുമില്ല. അതിന്റെ മനോഹാരിത പൂർണ്ണമായി ബോധ്യപ്പെടണമെങ്കിൽ അവിടുന്ന് ജനിക്കുകയും, വളരുകയും ചെയ്ത കാലഘട്ടത്തെ കുറിച്ച് കൂടി അറിയേണ്ടതുണ്ട്. ഇസ്‌ലാമിന് മുൻപുള്ള ആ കാലഘട്ടം -ജാഹിലിയ്യഃതിന്റെ കാലഘട്ടം- അറിയുമ്പോഴാണ് മേൽ അന്ധകാരനിബിഢമായിരുന്ന ഒരു ജനതയുടെ നടുവിൽ നിന്നാണ് പരിശുദ്ധമായ ആ ജീവിതത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃക ഉയർന്നു വന്നത് എന്ന് ബോധ്യപ്പെടുകയുള്ളൂ.

നബി -ﷺ- നിയോഗിക്കപ്പെട്ട ആറാം നൂറ്റാണ്ട് ചരിത്രത്തിലെ ഏറ്റവും തകർന്നടിഞ്ഞ കാലഘട്ടങ്ങളിലൊന്നാണ്. മനസ്സും ആത്മാവും ഇരുളിൽ മുങ്ങിയ, മനുഷ്യ സമൂഹത്തിന്റെ തന്നെ ഭാവി നിരാശയിലാണ്ടു കിടക്കുന്ന ഘട്ടം. അറബികളാകട്ടെ, അവരുടെ സ്വഭാവം അങ്ങേയറ്റം മലീമസമായിരുന്നു. മദ്യവും ചൂതാട്ടവും തങ്ങളുടെ സംസ്കാരത്തിന്റെ മാറ്റിനിർത്താൻ കഴിയാത്ത ഘടകമായി ആഘോഷിക്കുന്ന ഒരു സമൂഹം; അതായിരുന്നു അറബികള്‍! പരുഷതയും ഹൃദയകാഠിന്യവും നിറഞ്ഞ, സ്വന്തം രക്തത്തിൽ പിറന്ന പെൺകുഞ്ഞിനെ ജീവനോടെ മണ്ണിനടിയിൽ കുഴിച്ചു മൂടാൻ പോലും മടിയില്ലാത്ത ‘നശിച്ച’കൂട്ടമായി അവർ മാറിയിരുന്നു. കൊള്ളയും കൊലയും നിർലോഭം നടമാടുന്നു; ചോദിക്കാനോ ന്യായം പറയുന്നതിനോ ആരുമില്ല.

വിഗ്രഹാരാധനയും, അന്ധവിശ്വാസങ്ങളും, കക്ഷിത്വവും വിഭാഗീയതയും, ഗോത്രപ്പെരുമയും അതിന്റെ പേരിലുള്ള പരസ്പര യുദ്ധങ്ങളും, ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളും വ്യാപകം. നബിമാരും സച്ചരിതരായ മുൻഗാമികളും പഠിപ്പിച്ച നന്മയുടെയും വിവേകത്തിന്റെയും പാഠങ്ങൾ കലർപ്പില്ലാതെ എവിടെയും ലഭ്യമല്ല.

സ്ത്രീകളെ അവർ കണ്ടിരുന്നത് കേവലമൊരു ഉപഭോഗവസ്തു പോലെയായിരുന്നു. ഒരു ചരക്കോ മൃഗമോ പോലെ അവർ അനന്തരമായി കൈമാറപ്പെട്ടിരുന്നു. പുരുഷന്മാർക്ക് മാത്രം ഭക്ഷിക്കാവുന്ന, സ്ത്രീകൾക്ക് നിഷിദ്ധമായ ഭക്ഷണം ജാഹിലിയ്യതിലുണ്ടായിരുന്നു. എണ്ണമില്ലാത്ത സ്ത്രീകളെ വിവാഹം കഴിക്കാനും, അവരോട് യാതൊരു നീതിയും പുലർത്താതിരിക്കാനും അക്കൂട്ടർക്ക് മടിയുണ്ടായിരുന്നില്ല.

തങ്ങളുടെ കൂട്ടത്തിൽ പെട്ടവരുടെ രക്തത്തിന് വേണ്ടിയുള്ള പോർവിളികളാൽ മുഖരിതമായിരുന്നു അവരുടെ സാമൂഹിക പരിസരങ്ങൾ. വർഷങ്ങൾ നീണ്ടു നിൽക്കുന്ന യുദ്ധവും അതിന്റെ പേരിലുണ്ടാകുന്ന അർത്ഥമില്ലാത്ത രക്തച്ചൊരിച്ചിലും നഷ്ടങ്ങളും വേറെയും. നാൽപ്പത് വർഷങ്ങളോളം നീണ്ടുനിന്ന യുദ്ധങ്ങൾ വരെ അവർക്കിടയിലുണ്ടായിരുന്നു; അവയിൽ പലതിന്റെയും പിന്നിലുള്ള കാരണങ്ങളാകട്ടെ തീർത്തും നിസ്സാരവും നിരർത്ഥകവും.

ബഹുദൈവാരാധന:

‘സൃഷ്ടികളെ ആരാധിക്കുകയും അവരെ വണങ്ങുകയും ചെയ്യുന്നത് പൂർണ്ണമായി ഉപേക്ഷിച്ചു കൊണ്ട്, സർവ്വ മനുഷ്യരെയും സൃഷ്ടിച്ച ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന് മാത്രം ആരാധനകൾ സമർപ്പിക്കൂ’ എന്നതായിരുന്നല്ലോ നബി -ﷺ- ആദ്യമായി അറബികളെ ഇസ്‌ലാമിന്റെ പാഠമായി അറിയിച്ചത്. ജാഹിലിയ്യഃതിന്റെ സർവ്വ പ്രശ്നങ്ങൾക്കും കാരണം ബഹുദൈവാരാധനയാണെന്നും, എല്ലാ നന്മകളുടെയും അടിസ്ഥാനം അല്ലാഹുവിനെ മാത്രം ആരാധിക്കലാണെന്നും ഇസ്‌ലാമിന്റെ ചരിത്രം ബോധ്യപ്പെടുത്തുന്നുണ്ട്.

മക്കയിലും പരിസരപ്രദേശങ്ങളിലുമുള്ള അറബികളാകട്ടെ, അല്ലാഹുവിന് പുറമെ അവർ ആരാധിക്കാത്ത വസ്തുക്കളില്ല. അവരില്‍ കൗതുകം ജനിപ്പിക്കുന്ന എന്തിന്റെ മുന്നിലും അവർ സാഷ്ടാംഗം വണങ്ങുകയും ആരാധനകളുമായി കൂടുകയും ചെയ്തു. കേൾക്കുകയോ കാണുകയോ എന്തെങ്കിലുമൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വിഗ്രഹങ്ങൾക്ക് മുൻപിൽ പ്രാർത്ഥനകളും സഹായതേട്ടങ്ങളുമായി അവർ ഭജനമിരുന്നു.

അറബികളുടെ ചരിത്രം ആരംഭിക്കുന്നത് ബഹുദൈവാരാധനയിലല്ല. ആൾത്താമസമോ ജനവാസമോ ഇല്ലാത്ത, കൃഷിയോ പച്ചപ്പോ ഇല്ലാത്ത മക്കയിൽ ആദ്യത്തെ താമസക്കാരായി എത്തിയത് ഹാജറും അവരുടെ മുലകുടി പ്രായത്തിലുള്ള കുഞ്ഞായ ഇസ്മാഈലുമായിരുന്നു. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന് വിഗ്രഹാരാധകരായ തന്റെ പിതാവിനെയും നാട്ടുകാരെയും ഉപദേശിക്കുകയും, അതിന്റെ പേരിൽ കടുത്ത പീഢനങ്ങൾ നേരിടുകയും, നാട്ടിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ഇബ്രാഹീം -عَلَيْهِ السَّلَامُ- യുടെ ഭാര്യയും മകനുമാണ് മക്കയിലെ ആദ്യത്തെ താമസക്കാരെന്ന് ചുരുക്കം. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ മക്കക്കാർ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദ് പാലിച്ചിരുന്നവരായിരുന്നു എന്നതിൽ സംശയത്തിന് വകയില്ല.

പിന്നീടാണ് അവർക്ക് മാര്‍ഗഭ്രംശം സംഭവിക്കുന്നത്. അറബികളിലേക്ക് ആദ്യമായി ശിർക് (ബഹുദൈവാരാധന) കൊണ്ടുവരുന്നത് അംറു ബ്നു ലുഹയ്യ് അൽ-ഖുസാഈ (عَمْرُو بْنُ لَحْيٍّ الخُزَاعِيُّ) എന്ന വ്യക്തിയാണ്. കഅ്ബയുടെ സംരക്ഷണം ഏൽപ്പിക്കപ്പെട്ടിരുന്ന ഖുസാഅഃ ഗോത്രത്തിന്റെ നേതാവായിരുന്നു അയാൾ. ഒരിക്കൽ ശാമിലേക്ക് സന്ദർശനത്തിനായി പോയപ്പോൾ വിഗ്രഹാരാധകരായ അമാലീഖുകാരെ ഇദ്ദേഹം കണ്ടുമുട്ടി. അവരിൽ നിന്ന് ഹുബ്‌ൽ എന്ന പേരുള്ള ഒരു വിഗ്രഹവുമായാണ് അയാൾ മക്കയിലേക്ക് തിരിച്ചെത്തിയത്.

അറബികളോട് താൻ കൊണ്ടുവന്ന വിഗ്രഹത്തെ ആരാധിക്കാൻ അയാൾ കൽപ്പിച്ചു. തങ്ങളുടെ നേതാവിന്റെ കൽപ്പന എന്ന നിലക്ക് അവർ അംറിന്റെ കൽപ്പന അനുസരിച്ചു. അയാൾ കൊണ്ടു വന്ന വിഗ്രഹത്തെ അവർ ആരാധിക്കാൻ തുടങ്ങി. പിൽക്കാലഘട്ടത്തിൽ വിഗ്രഹങ്ങളുടെ എണ്ണം കൂടി. ലാതയും ഉസ്സയും മനാതയും ഇസാഫും നാഇലതും വദ്ദും സുവാഉം യഗൂഥും യഊഖും നസ്റുമെല്ലാം അവർ ആരാധിച്ചിരുന്ന അനേകം വിഗ്രഹങ്ങളിൽ ചിലതിന്റെ പേര് മാത്രം. വിഗ്രഹാരാധന അറബികളെ കൊണ്ടെത്തിച്ച വിഡ്ഢിത്തരങ്ങൾക്ക് കയ്യും കണക്കുമില്ല. ചില സംഭവങ്ങളിതാ!

عَنْ أَبِي رَجَاءٍ العُطَارِدِيِّ يَقُولُ: «كُنَّا نَعْبُدُ الحَجَرَ، فَإِذَا وَجَدْنَا حَجَرًا هُوَ أَخْيَرُ مِنْهُ أَلْقَيْنَاهُ، وَأَخَذْنَا الآخَرَ، فَإِذَا لَمْ نَجِدْ حَجَرًا جَمَعْنَا جُثْوَةً مِنْ تُرَابٍ، ثُمَّ جِئْنَا بِالشَّاةِ فَحَلَبْنَاهُ عَلَيْهِ، ثُمَّ طُفْنَا بِهِ»

അബൂ റജാഅ് അൽ-ഉത്വാരിദി -رَحِمَهُ اللَّهُ- പറയുന്നു: “ഞങ്ങൾ കല്ലുകളെ ആരാധിച്ചിരുന്നു. ഒരു കല്ലിനെക്കാൾ നല്ല മറ്റേതെങ്കിലും കല്ല്‌ കണ്ടാൽ ആദ്യത്തേത്ത് ഞങ്ങൾ ഉപേക്ഷിക്കുകയും, പുതിയതിനെ ആരാധിക്കുകയും ചെയ്യും. ഇനി ഞങ്ങൾക്ക് ഒരു കല്ലും കണ്ടെത്താനായില്ലെങ്കിൽ കുറച്ച് മണ്ണ് വാരിക്കൂട്ടുകയും, അതിന്റെ മുകളിൽ ഒരു ആടിനെ ബലിയർപ്പിക്കുകയും, ആ മൺകൂനയെ പ്രദക്ഷിണം നടത്തുകയും ചെയ്യാറുണ്ടായിരുന്നു ഞങ്ങൾ.” (ബുഖാരി: 4376)

عَنْ السَّائِبِ بْنِ عَبْدِ اللَّهِ، قَالَ: [كَانَ] لِي حَجَرٌ أَنَا نَحَتُّهُ بِيَدَيَّ أَعْبُدُهُ مِنْ دُونِ اللَّهِ تَبَارَكَ وَتَعَالَى، فَأَجِيءُ بِاللَّبَنِ الْخَاثِرِ الَّذِي أَنْفَسُهُ عَلَى نَفْسِي، فَأَصُبُّهُ عَلَيْهِ، فَيَجِيءُ الْكَلْبُ فَيَلْحَسُهُ، ثُمَّ يَشْغَرُ فَيَبُولُ.

സാഇബ് ബ്നു അബ്ദില്ല പറയുന്നു: “ജാഹിലിയ്യതിൽ എനിക്ക് ഒരു വിഗ്രഹമുണ്ടായിരുന്നു. അല്ലാഹുവിന് പുറമെ അതിനെയായിരുന്നു ഞാൻ ആരാധിച്ചിരുന്നത്. എനിക്ക് ഏറെ വിലപ്പെട്ട, നല്ല കട്ടിയുള്ള പാൽ ഞാൻ അതിന്റെ മേൽ അഭിഷേകം നടത്തുമായിരുന്നു. ചിലപ്പോൾ വല്ല നായയും വരുകയും, അത് നക്കിത്തുടക്കുകയും ചെയ്യും. പിന്നീട് ഒരു കാല് പൊക്കിവെച്ച് അതിന്മേല്‍ മൂത്രമൊഴിക്കുകയും ചെയ്യും!” (അഹ്മദ്: 15504)

ബനൂ ഹനീഫ ഗോത്രക്കാർ അവരുടെ വിഗ്രഹത്തെ നിർമ്മിച്ചത് ഭക്ഷണ വസ്തുക്കളിൽ നിന്നായിരുന്നു! ഏറെക്കാലം അവരതിനെ ആരാധിച്ചു. അങ്ങനെയിരിക്കെ പട്ടിണി ബാധിച്ചതോടെ അവർ തങ്ങൾ ആരാധിച്ചിരുന്ന വിഗ്രഹം തന്നെ എടുത്ത് ഭക്ഷിച്ചത്രെ! കഅ്ബയുടെ അടുത്ത്, സംസം കിണറിന്റെ തൊട്ടരികിൽ മക്കാ മുശ്രിക്കുകൾ ആരാധിച്ചിരുന്ന രണ്ട് വിഗ്രഹങ്ങളുണ്ടായിരുന്നു; ഇസാഫും നാഇലയും. കഅ്ബയുടെ അരികിൽ വെച്ച് മ്ലേഛവൃത്തി ചെയ്തതിനാൽ അല്ലാഹു കല്ലുകളാക്കി മാറ്റിയവരായിരുന്നു അവർ എന്നാണ് പറയപ്പെടുന്നത്.

മക്കയിലുള്ള ഏതാണ്ടെല്ലാവരുടെയും വീടുകളില്‍ വിഗ്രഹങ്ങളുണ്ടായിരുന്നു. വീട്ടിലുള്ള ആരെങ്കിലും യാത്ര ഉദ്ദേശിച്ചാൽ ആ വിഗ്രഹത്തെ തടവി, അതിന്റെ അനുഗ്രഹം തേടിയ ശേഷമേ യാത്ര തുടങ്ങുകയുള്ളൂ. യാത്ര കഴിഞ്ഞു തിരിച്ചു വന്നാലും ഈ വിഗ്രഹത്തിന്റെ മുൻപിൽ എത്തിയ ശേഷമേ അവർ മറ്റേതു കാര്യത്തിലേക്കും കടക്കുകയുള്ളൂ. നോക്കൂ! പിശാച് അവരെ വഴിപിഴപ്പിച്ചത് എങ്ങനെയാണെന്ന്?!

മക്കയിലേക്ക് ഹജ്ജിന് വന്നെത്തുന്നവർ ചൊല്ലിയിരുന്ന തൽബിയ്യതിന്റെ വാക്കുകളിലും അംറ് ബ്നു ലുഹയ്യ് തന്റെ ബഹുദൈവാരാധന കടത്തിക്കൂട്ടി. ‘അല്ലാഹുവേ നിന്റെ വിളിക്കുത്തരം നൽകി ഞാൻ വന്നിരിക്കുന്നു; നിനക്ക് യാതൊരു പങ്കുകാരുമില്ല’ എന്നതായിരുന്നു യഥാർത്ഥ തൽബിയ്യതെങ്കിൽ അതിൽ അംറു ബ്നു ലുഹയ്യിന്റെ വകയായി ചിലത് കൂട്ടിച്ചേർക്കപ്പെട്ടു. ‘നിനക്ക് യാതൊരു പങ്കുകാരനുമില്ല; ഒരു പങ്കുകാരനൊഴികെ. ആ പങ്കുകാരനും അയാൾ ഉടമപ്പെടുത്തിയതും നിന്റേത് തന്നെ’ എന്നായിരുന്നു അംറ് കൂട്ടിച്ചേർത്തത്. (അൽ ബിദായ വന്നിഹായ: 2/240-245)

അറബികളിൽ ബഹുദൈവാരാധന കടത്തിക്കൂട്ടിയ അംറു ബ്നു ലുഹയ്യ് നരകത്തിൽ കടന്നെരിയുകയും, കഠിനമായ ശിക്ഷ നേരിടുകയും ചെയ്യുമെന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «رَأَيْتُ عَمْرَو بْنَ عَامِرِ بْنِ لُحَيٍّ الخُزَاعِيَّ يَجُرُّ قُصْبَهُ فِي النَّارِ وَكَانَ أَوَّلَ مَنْ سَيَّبَ السَّوَائِبَ»

നബി -ﷺ- പറയുന്നു: “അംറു ബ്നു ലുഹയ്യ് അൽ-ഖുസാഇയെ ഞാൻ നരകത്തിൽ കണ്ടു. തന്റെ ആമാശയം വലിച്ചിഴച്ചു കൊണ്ടാണ് അവനുള്ളത്. അവനാകുന്നു ആദ്യമായി (വിഗ്രഹങ്ങൾക്ക് നേർച്ചയായി നേരുന്ന ഒട്ടകമായ) സാഇബതിനെ നിശ്ചയിച്ചത്.” (ബുഖാരി: 3333, മുസ്‌ലിം: 2856)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: