സിഹ്റിനെ കുറിച്ചും, അതുമായി ബന്ധമുള്ള ജിന്ന്, ശ്വൈത്വാന്‍, റുഖിയ ശര്‍ഇയ്യ പോലുള്ള വിഷയങ്ങളെ കുറിച്ചും കേരളത്തില്‍ ചര്‍ച്ചകള്‍ നടന്നത് പലപ്പോഴും വിവാദങ്ങളുടെ അകമ്പടിയോടു കൂടിയായിരുന്നു എന്നത് സമകാലിക സംഭവങ്ങള്‍ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയും. അതിനാല്‍ തന്നെ, തര്‍ക്കങ്ങളുടെ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ നിന്ന് വിഷയം മനസ്സിലാക്കാന്‍ ശ്രമിച്ചാലുണ്ടാകുന്ന അബദ്ധധാരണകളും പിഴവുകളും ഈ വിഷയത്തില്‍ അധികരിക്കുകയും ചെയ്തു.
ഒരു വിഷയത്തെ കുറിച്ച് അതിന്റെ അടിസ്ഥാനം മുതല്‍ പഠനം നടത്തുമ്പോഴാണ് ശരി തെറ്റുകള്‍ വേര്‍തിരിച്ച് മനസ്സിലാക്കാനും, സത്യം ബോധ്യപ്പെടാനും സാധിക്കുകയുള്ളൂ. ഏതൊരു വിഷയത്തെ കുറിച്ചുള്ള പഠനമാകട്ടെ; അതിന്റെ പിന്നിലുള്ള പ്രേരണാശക്തി തര്‍ക്കത്തിലെ വിജയവും, തന്റെ വാദം സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയുമാണെങ്കില്‍ സത്യം വ്യക്തമാകുക എന്നത് പ്രയാസമായിത്തീരും.
നമ്മുടെ നാട്ടില്‍ സിഹ്റിനെ കുറിച്ച് നടന്ന ചര്‍ച്ചകളുടെ രൂപം അബദ്ധങ്ങളാല്‍ നിറഞ്ഞു നിന്നതായിരുന്നു. ഒരു ഭാഗം ജിന്നും സിഹ്റുമെല്ലാം നിഷേധിക്കുന്നതിലും, അവ അംഗീകരിക്കുന്നവരെ പിന്തിരിപ്പന്മാരും അന്ധവിശ്വാസികളുമായി മുദ്രകുത്തുന്ന തിരക്കിലായിരുന്നെങ്കില്‍; മറ്റൊരു വിഭാഗം ജിന്ന്, സിഹ്ര്‍ എന്നീ വിശ്വാസങ്ങളെ ചൂഷണം ചെയ്യുകയും ജനങ്ങളെ അന്ധവിശ്വാസത്തില്‍ തളച്ചിടുകയും ചെയ്തു. ഇനിയൊരു വിഭാഗമാകട്ടെ; ഫലത്തില്‍ ഇവയെല്ലാം അംഗീകരിക്കുമെങ്കിലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന വിചിത്രമായ നിസംഗതയുടെ മൂടുപടമണിയുകയാണ് ചെയ്തത്. ഇസ്‌ലാമുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ വ്യാപകമായ തെറ്റിദ്ധാരണകള്‍ പരത്തുന്ന ബിദ്അത്തിന്റെ കക്ഷികള്‍ ഒരു ഭാഗത്ത് കൊണ്ടു പിടിച്ച പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും, ഈ വിഷയത്തിലുള്ള അറിവില്ലായ്മ പുരോഹിത വര്‍ഗം മുതലെടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നമ്മള്‍ ഇതൊന്നും സംസാരിക്കേണ്ടവരേയല്ല; നമുക്ക് വലുത് ‘ദഅ്–വ’യാണെന്ന അത്ഭുതകരമായ ന്യായം പറച്ചിലാണ് ഇത്തരക്കാരുടെ പക്കല്‍ നിന്നുണ്ടായത്.
സിഹ്റിനെ കുറിച്ചുള്ള പഠനത്തിലേക്ക് കടക്കുന്നതിന് മുന്‍പ് ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി കൊണ്ട് ഒരു ആമുഖം എഴുതേണ്ടതുണ്ടെന്ന് തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. കാരണം ഈ വിഷയം ചര്‍ച്ച ചെയ്യുന്ന ഏതെങ്കിലും പ്രസംഗം കേള്‍ക്കുകയോ, എന്തെങ്കിലും കുറിപ്പ് വായിക്കുകയോ ചെയ്താല്‍ ‘തൗഹീദീ ദഅ്–വത്തില്‍ നിന്ന് പിന്തിരിഞ്ഞോടി, തനിച്ച അന്ധവിശ്വാസ-അനാചാരങ്ങളിലേക്ക് ജനങ്ങളെ പിടിച്ചു വലിക്കുന്നേ’ എന്നിങ്ങനെ വിളിച്ചു കൂവാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ വല്ലാതെ വര്‍ദ്ധിച്ചിട്ടുണ്ട്.
അടുത്ത കാലത്തായി തങ്ങളെടുത്തണിഞ്ഞിട്ടുള്ള നവോത്ഥാനകുപ്പായം അഴിഞ്ഞു വീഴുമോ എന്ന ഭയത്തില്‍ നിന്നാണ് ഇത്തരം വിഷയങ്ങളോടുള്ള ഇവരുടെ കുറ്റകരമായ അവജ്ഞ ഉടലെടുക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കേവലബുദ്ധി മതിയാകും. എന്നാല്‍ നിഷ്കളങ്കരായ അനേകം സാധാരണക്കാര്‍ ഇവരുടെ തെറ്റിദ്ധാരണയില്‍ അകപ്പെട്ടു പോയിട്ടുണ്ട്. തങ്ങള്‍ ജീവനെക്കാളേറെ സ്നേഹിക്കുന്ന തൗഹീദിനെ തകര്‍ക്കലാണ് ഇത്തരം വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ച കൊണ്ടുണ്ടാവുക എന്ന് അവര്‍ ധരിച്ചു വെച്ചിരിക്കുന്നു.
യഥാര്‍ഥത്തില്‍ തൗഹീദീ ദഅ്–വത്തിന്റെ മര്‍മ്മപ്രധാനമായ ഒരു ഭാഗമാണ് ജിന്ന്, സിഹ്ര്‍ എന്നിവയെ കുറിച്ചുള്ള ചര്‍ച്ച എന്ന് അവര്‍ക്ക് മനസ്സിലായിട്ടില്ല. എന്ത് കൊണ്ട് ഈ വിഷയം പഠിക്കേണ്ടതുണ്ട് എന്നതിനുള്ള ചില സുപ്രധാന കാരണങ്ങള്‍ താഴെ നല്‍കട്ടെ:
01. തൗഹീദി ദഅ–വയുമായി വിഷയത്തിനുള്ള ബന്ധം:
അഹ്ലുസ്സുന്ന വല്‍ ജമാഅഃയുടെ അടുക്കല്‍ തൗഹീദ് എന്ന് നിരുപാധികം പറഞ്ഞാല്‍ അത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഇബാദത്തുകളില്‍ അല്ലാഹുവിനെ ഏകനാക്കുക എന്ന തൗഹീദുല്‍ ഉലൂഹിയ്യയാണ്. അല്ലാഹു -تَعَالَى- മനുഷ്യരെ സൃഷ്ടിച്ചതിന് പിന്നിലുള്ള ലക്ഷ്യം ഈ തൗഹീദ് പൂര്‍ത്തീകരിക്കലാണ്. അല്ലാഹു -تَعَالَى- പറഞ്ഞു:
وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ
“ജിന്നുകളെയും മനുഷ്യരെയും എനിക്ക് മാത്രം ഇബാദത്ത് ചെയ്യാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.” (അദ്ദാരിയാത്ത്: 56)
എല്ലാ നബിമാരും ആദ്യം ദഅ്–വത്ത് നടത്തിയത് ഈ തൗഹീദിലേക്കായിരുന്നു:
وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدُونِ
“‘ലാ ഇലാഹ ഇല്ലാ അന’ (ഞാനല്ലാതെ ഇബാദത്തിന് അര്‍ഹനായി മറ്റാരുമില്ല), അതിനാല്‍ എനിക്ക് നിങ്ങള്‍ ഇബാദത്ത് ചെയ്യുക എന്ന് വഹ്–യ് നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല.” (അന്‍ബിയാഅ്: 25)
നബി -ﷺ- തന്റെ അനുചരനായ മുആദ്-رَضِيَ اللَّهُ عَنْهُ-വിനെ യമനിലേക്ക് അയക്കുമ്പോള്‍ പറഞ്ഞു:
عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا: أَنَّ رَسُولَ اللَّهِ -ﷺ- لَمَّا بَعَثَ مُعَاذًا عَلَى اليَمَنِ، قَالَ: «إِنَّكَ تَقْدَمُ عَلَى قَوْمٍ أَهْلِ كِتَابٍ، فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَيْهِ عِبَادَةُ اللَّهِ، فَإِذَا عَرَفُوا اللَّهَ، فَأَخْبِرْهُمْ أَنَّ اللَّهَ قَدْ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي يَوْمِهِمْ وَلَيْلَتِهِمْ…»
“ഹേ മുആദ്! അഹ്ലുല്‍ കിതാബുകാരുടെ (വേദക്കാര്‍) സമൂഹത്തിലേക്കാണ് നീ പോകുന്നത്. അതിനാല്‍ നീ ആദ്യം അവരെ ക്ഷണിക്കേണ്ടത് അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്നതിലേക്കായിരിക്കണം. അതവര്‍ മനസ്സിലാക്കിയാല്‍ രാത്രിയും പകലുമായി അഞ്ചു നേരത്തെ നിസ്കാരം അവരുടെ മേല്‍ അല്ലാഹു നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ അറിയിക്കുക…” (ബുഖാരി: 1458, മുസ്‌ലിം: 19)
മുന്‍കഴിഞ്ഞ നബിമാരെല്ലാം തൗഹീദീ പ്രബോധനം നടത്തിയപ്പോള്‍ രണ്ട് കാര്യങ്ങളില്‍ അവര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു.
അതിലൊന്ന്; അല്ലാഹുവിന് മാത്രമാണ് ഇബാദത്ത് അര്‍ഹമായിട്ടുള്ളത് എന്ന പ്രഖ്യാപനമാണ്.
രണ്ടാമത്; -അതാണ് നമ്മുടെ വിഷയവുമായി ബന്ധമുള്ളത്- അല്ലാഹുവിന് പുറമെ ഇബാദത്ത് ചെയ്യപ്പെടുപ്പെടുന്നവയെ നിഷേധിക്കുകയും, തള്ളിപ്പറയുകയും അവയുടെ നിരര്‍ഥകത ബോധ്യപ്പെടുത്തി നല്‍കലുമാണ്.
അല്ലാഹു -تَعَالَى- പറഞ്ഞു:
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ
“തീര്‍ച്ചയായും ഓരോ ഉമ്മത്തിലേക്കും നാം റസൂലിനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുകയും, ത്വാഗൂത്തുകളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി).” (അന്നഹ്ല്‍: 36)
قَالَ القُرْطُبِيُّ وَالشَّوْكَانِيُّ: «أَيْ : اتْرُكُوا كُلَّ مَعْبُودٍ دُونَ اللَّهِ كَالشَّيْطَانِ، وَالكَاهِنِ، وَالصَّنَمِ، وَكُلِّ مَنْ دَعَا إِلَى الضَّلَالِ»
ത്വാഗൂത്തുകളെ വെടിയുക എന്നതിന്റെ വിശദീകരണത്തില്‍ ഖുര്‍ത്വുബിയും ശൗകാനിയും പറഞ്ഞു: “അല്ലാഹുവിന് പുറമെ ഇബാദത്ത് ചെയ്യപ്പെടുന്ന ശ്വൈത്വാന്‍, ജോത്സ്യന്‍, വിഗ്രഹങ്ങള്‍, വഴികേടിലേക്ക് ക്ഷണിക്കുന്നവര്‍ എന്നിവരെ നിങ്ങള്‍ ഒഴിവാക്കണം.” (തഫ്സീറുല്‍ ഖുര്‍ത്വുബി: 10/103, ഫത്ഹുല്‍ ഖദീര്‍: 3/229)
ഈ രണ്ട് കാര്യങ്ങള്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ സ്തംഭങ്ങളില്‍ പെട്ടതാണ്. കേവലം അല്ലാഹു മാത്രമാണ് ആരാധ്യന്‍ എന്ന് പറഞ്ഞത് കൊണ്ട് തൗഹീദ് പൂര്‍ണമാവുന്നില്ല. മറിച്ച് വിഗ്രഹങ്ങള്‍, മരങ്ങള്‍, കല്ലുകള്‍, ജാറങ്ങള്‍, മഖ്ബറകള്‍, അമ്പിയാക്കന്മാര്‍, ഔലിയാക്കന്മാര്‍, മഹാത്മാക്കള്‍, സാഹിറന്മാര്‍ (മാരണക്കാര്‍), ജോത്സ്യന്മാര്‍, എന്നിങ്ങനെ അല്ലാഹുവിന് പുറമെ ഇബാദത്ത് ചെയ്യപ്പെടുന്ന എന്തുമാകട്ടെ; അവയൊന്നും ഇബാദത്തിന് അര്‍ഹരല്ല; അവര്‍ക്ക് നല്‍കപ്പെടുന്ന ഇബാദത്ത് അങ്ങേയറ്റത്തെ അതിക്രമമവും, ഒരിക്കലും പൊറുക്കപ്പെടാത്ത ശിര്‍ക്കുമാണെന്ന് വിശദീകരിച്ചു നല്‍കല്‍ തൗഹീദീ പ്രബോധനത്തിന്റെ ഭാഗമാണ്.
വിഗ്രഹങ്ങളും മരങ്ങളും കല്ലുകളും ഒന്നും കേള്‍ക്കുകയോ കാണുകയോ ചെയ്യില്ലെന്ന് വിശദീകരിച്ചു നല്‍കാറുള്ളത് പോലെ; അമ്പിയാക്കന്മാരും ഔലിയാക്കന്മാരും മഹാത്മാക്കളും അല്ലാഹുവിന്റെ സൃഷ്ടികളാണ്, സ്രഷ്ടാക്കളല്ല എന്ന് പറയാറുള്ളത് പോലെ; സാഹിറന്മാരും ജോത്സ്യന്മാരും പിശാചിനെ സേവിക്കുന്നവരും നിങ്ങളെ ശാശ്വതമായ നരകത്തിലേക്കും നഷ്ടത്തിലേക്കും നയിക്കുന്നവരാണെന്നും അവര്‍ പ്രദര്‍ശിപ്പിക്കുന്ന അത്ഭുതസംഭവങ്ങള്‍ എങ്ങനെയാണ് അവര്‍ സാധിച്ചെടുക്കുന്നതെന്നും വിശദീകരിച്ച് നല്‍കേണ്ടതുണ്ട്.
ജോത്സ്യന്മാരും സാഹിറന്മാരും പറയുന്ന വാക്കുകള്‍ എങ്ങനെയാണ് സത്യമായിത്തീരുന്നത് എന്നത് വിശദീകരിച്ച് നല്‍കിക്കൊണ്ടാണ് നബി -ﷺ- അക്കാര്യം പഠിപ്പിച്ചു നല്‍കിയത്. സിഹ്റിന്റെ ഗൗരവവും അപകടവും പഠിപ്പിച്ചു കൊടുത്തു കൊണ്ടാണ് അവിടുന്ന് തൗഹീദീ പ്രബോധനം നിര്‍വ്വഹിച്ചത്; പിശാചിന്റെ തന്ത്രങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യം സമൂഹത്തിന് നല്‍കിക്കൊണ്ടാണ് അവരെ ശിര്‍ക്കില്‍ നിന്ന് രക്ഷിച്ചത്. ശിര്‍ക്കിലേക്ക് എത്തിച്ചേക്കാവുന്ന വഴികളായ ശിര്‍ക്കന്‍ മന്ത്രങ്ങള്‍ക്ക് പകരം ശരിയായ ഇസ്‌ലാമിക മന്ത്രം പഠിപ്പിച്ചു കൊടുത്തു കൊണ്ടാണ് അവിടുന്ന് തന്റെ ഇസ്‌ലാമിക പ്രബോധനം നടത്തിയത്.
ഈ രീതി തന്നെയാണ് പില്‍ക്കാരക്കായ പണ്ഡിതന്മാരും തൗഹീദീ ദഅ്–വത്തിന്റെ പാതയില്‍ തുടര്‍ന്നു വന്നത്. മുന്‍ഗാമികളായ പണ്ഡിതന്മാരുടെ സംസാരങ്ങളില്‍ സിഹ്റിന്റെ ചികിത്സയുമായി ബന്ധപ്പെട്ട അനേകം പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയും.
ഒരിടവേളക്ക് ശേഷം, അഹ്ലുസ്സുന്നയുടെ അടിസ്ഥാനങ്ങളെ ഭരണകൂടത്തിന്റെ സഹായത്തോടെ തകര്‍ക്കാന്‍ ശ്രമിക്കുകയും, മുസ്‌ലിം ഉമ്മത്തിനെ വിശ്വാസപരമായ നാശത്തിന്റെ അഗാതഗര്‍ത്തത്തിലേക്ക് തള്ളിയിടുകയും ചെയ്ത മുഅ്തസലികള്‍ക്കും അശ്അരികള്‍ക്കും ഇല്‍മുല്‍ കലാമുകാര്‍ക്കും മറ്റു പിഴച്ച കക്ഷികള്‍ക്കും പ്രമാണബദ്ധമായ മറുപടി നല്‍കിക്കൊണ്ട് ശാമില്‍ ഉയര്‍ന്നു വന്ന ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ-. അദ്ദേഹത്തിന്റെ ദഅ്–വയില്‍ ജിന്ന്, സിഹ്ര്‍ എന്നീ വിഷയങ്ങളില്‍ മനോഹരമായ അനേകം പഠനങ്ങള്‍ കാണാന്‍ കഴിയും.
ജിന്നുകളുടെ വിഷയത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരുമിപ്പിച്ച് കൊണ്ട് പില്‍ക്കാലക്കാരില്‍ പെട്ട ചിലര്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുമുണ്ട്. ‘ഫത്ഹുല്‍ മന്നാന്‍ ഫീ ജംഇ കലാമി ശൈഖില്‍ ഇസ്‌ലാം ഇബ്നി തൈമിയ്യ ഫില്‍ ജാന്‍’ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് വോള്യം വരുന്ന ഗ്രന്ഥം അവയിലൊന്നാണ്.
പ്രസ്തുത ഗ്രന്ഥത്തിന്റെ രചയിതാവായ ശൈഖ് മശ്ഹൂര്‍ ഹസന്‍ ആലു-സല്‍മാന്‍ പറഞ്ഞു: “ഈ വിഷയത്തില്‍ ശൈഖുല്‍ ഇസ്‌ലാമിന്റെതായി വലിയ പരിശ്രമം തന്നെയുണ്ട്. അവ തീര്‍ത്തും വേറിട്ടു നില്‍ക്കുന്നതാണ്. തന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സ്വൂഫികളും അന്ധവിശ്വാസത്തിന്റെയും വഴികേടിന്റെയും വക്താക്കളുമായുണ്ടായ (ആശയപരമായ) യുദ്ധമായിരുന്നു ഇതിനുള്ള കാരണം. അവര്‍ക്കാകട്ടെ; ജിന്നുകളും ശ്വൈത്വാന്മാരുമായി ശക്തമായ ബന്ധമുണ്ടായിരുന്നു. ഇവരുടെ തന്ത്രങ്ങളും കള്ളക്കളികളും പുറത്തു കൊണ്ടു വരുന്നതിനും, അവരില്‍ നിന്ന് ജനങ്ങളെ താക്കീത് ചെയ്യുന്നതിനും വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ സംസാരം.” (ഫത്ഹുല്‍ മന്നാന്‍: 16)
നജ്ദില്‍ തൗഹീദിന്റെ രാഷ്ട്രം സ്ഥാപിക്കുകയും, ശിര്‍ക്കിന്റെ മനാരങ്ങള്‍ തച്ചു തകര്‍ത്ത് ശുദ്ധീകരിക്കുകയും ചെയ്ത ഇരുപതാം നൂറ്റാണ്ടിലെ മുജദ്ദിദായ ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ് ബ്നു അബ്ദില്‍ വഹാബ്-رَحِمَهُ اللَّهُ-ടെ ദഅ്–വതും അപ്രകാരം തന്നെ. തൗഹീദിന്റെ വിഷയത്തില്‍ ഇത്ര മാത്രം ക്രോഡീകരണവും, ആഴവുമുള്ള മറ്റൊരു ഗ്രന്ഥം മുന്‍കാലക്കാര്‍ പോലും രചിച്ചിട്ടില്ലെന്ന് പല പണ്ഡിതന്മാരും പ്രശംസിച്ച അദ്ദേഹത്തിന്റെ ‘കിതാബുത്തൗഹീദ്’ മാത്രം അതിന് തെളിവായി മതി. തൗഹീദിന്റെ രാഷ്ട്രം സ്ഥാപിച്ചതിന് പിന്നില്‍ അല്ലാഹുവിന്റെ ഔദാര്യം കഴിഞ്ഞാല്‍ പ്രസ്തുത പുസ്തകത്തിനുള്ള പങ്ക് ചെറുതല്ല.
കിതാബുത്തൗഹീദിലെ ചില അദ്ധ്യായങ്ങളുടെ പരിഭാഷ മാത്രം വായിച്ചാല്‍ സിഹ്ര്‍, ജോത്സ്യം പോലുള്ളവക്ക് പിന്നിലുള്ള കുതന്ത്രങ്ങള്‍ പ്രാമാണികമായി ബോധ്യപ്പെടുത്തുക എന്നത് തൗഹീദീ ദഅ്–വത്തിന്റെ ഭാഗമാണെന്ന് മനസ്സിലാകും. ‘റുഖിയ (മന്ത്രം), തമീമത്ത് (ഉറുക്ക്)’, ‘സിഹ്ര്‍’, ‘സിഹ്റിന്റെ ഇനങ്ങള്‍’, ‘ജോത്സ്യന്മാരും അവരെ പോലുള്ളവരും’, ‘നുഷ്റത്തിന്റെ ചികിത്സ’, ‘ശകുനം നോക്കല്‍’; ഇവ പ്രസ്തുത ഗ്രന്ഥത്തിലെ ചില അദ്ധ്യായങ്ങള്‍ മാത്രം.
ലോകസലഫി സമൂഹം ഈ രൂപത്തില്‍ തൗഹീദീ ദഅ്–വത്ത് നടത്തുകയും, ഒരു തൗഹീദിന്റെ രാഷ്ട്രം സ്ഥാപിക്കുന്നിടം വരെ അവരുടെ പ്രബോധന രീതി വിജയം കാണുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍; തൗഹീദിന് നേര്‍വിപരീതമായ ശിര്‍ക്കിനെയും അതിലേക്കുള്ള വഴികളെയും, അതിന്റെ പ്രചാരകരെയും തുറന്നു കാട്ടുകയും, അവരുടെ നിരര്‍ഥകത ബോധ്യപ്പെടുത്തി നല്‍കുകയും ചെയ്യുന്നത് വരെ തൗഹീദീ ദഅ്–വ പൂര്‍ത്തീകരിക്കപ്പെടുകയില്ല.
സിഹ്ർ ബാധിച്ച ഒരാളെ എങ്ങനെ ശരിയായ റുഖിയ കൊണ്ട് മന്ത്രിക്കാം , സിഹ്ർ ഏൽക്കാതിരിക്കാൻ ഉള്ള റുഖിയ കൾ ഉണ്ട് , പക്ഷേ സിഹ്ർ ബാധിച്ച വ്യക്തിയെ ഏത് റുഖിയ ആണ് ചൊല്ലേണ്ടത് ?
സിഹ്ർ തന്നെ ആണ് എന്ന് എങ്ങനെ ഉറപ്പിക്കാം
അത് പോലെ കേണ്ണേർ ബാധിച്ചാൽ എങ്ങനെ മന്ത്രിക്കാം , ഭക്ഷണത്തിൽ ആണെങ്കിൽ മന്ത്രിച്ച് ഊതുന്നതിൽ തെറ്റ് ഉണ്ടോ ?
സിഹർ: ബാധഏറ്റയാൾ എന്ത് ചെയ്താൽ രോഗം മാറികിട്ടും