റമദാൻ നമ്മോട് വിടപറഞ്ഞിരിക്കുന്നു. നാം ശവ്വാലിൽ പ്രവേശിച്ചിരിക്കുന്നു. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ ഇബാദത്തുകൾ റമദാനോട് കൂടി അവസാനിക്കുന്നില്ല.

അല്ലാഹു -تَعَالَى- പറഞ്ഞത് പോലെ:

فَإِذَا فَرَغْتَ فَانْصَبْ * وَإِلَىٰ رَبِّكَ فَارْغَبْ

“ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക. നിന്റെ റബ്ബിലേക്ക് തന്നെ നീ പ്രതീക്ഷയർപ്പിക്കുക “

റമദാനിലെ നിർബന്ധമായ നോമ്പുകൾക്ക് പുറമെ ധാരാളം സുന്നത്തായ നോമ്പുകളെ കുറിച്ചും റസൂലുള്ളാഹി -ﷺ- നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. ആക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് റമദാനിന് തുടർച്ചയെന്നോണമുള്ള ശവ്വാലിലെ ആറ് നോമ്പ്.

ശവ്വാലിലെ ആറ് നോമ്പ് അനുഷ്ഠിക്കുന്നത്തിന്റെ വിധിയെന്ത്? അവ വാജിബാണോ?

റമദാനിലെ നിർബന്ധ നോമ്പുകൾക്ക് ശേഷമുള്ള ശവ്വാലിലെ ആറ് നോമ്പുകൾ സുന്നത്താണ്; അവ വാജിബല്ല. (മജ്മൂഉ ഫതാവാ ഇബ്നി ഉഥൈമീൻ: 20/21)

എന്താണ് ശവ്വാലിലെ ആറ് നോമ്പുകൾക്കുള്ള ശ്രേഷ്ഠത?

നബി -ﷺ- പറഞ്ഞു:

عَنْ أَبِي أَيُّوبٍ الأَنْصَارِيِّ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ -ﷺ- قَالَ: «مَنْ صَامَ رَمَضَانَ وَأَتْبَعَهُ سِتًّا مِنْ شَوَّالٍ فَكَأَنَّمَا صَامَ الدَّهْرَ»

“ആരൊരാൾ റമദാൻ മുഴുവനായി നോമ്പെടുക്കുകയും അതോടൊപ്പം ശവ്വാലിലെ ആറു ദിവസം കൂടി നോമ്പ് തുടർത്തുകയും ചെയ്താൽ അവൻ ഒരു വർഷം മുഴുവൻ നോമ്പെടുത്തവനെപ്പോലെയാണ്.” (മുസ്‌ലിം: 1164)

എന്താണ് ഒരു വർഷം മുഴുവൻ നോമ്പെടുത്ത പ്രതിഫലം എന്നതു കൊണ്ടുള്ള ഉദ്ദേശം?

റസൂലുല്ലാഹി -ﷺ- പറഞ്ഞത് പോലെ :

عَنْ ثَوبَانَ مَولَى رَسُولِ اللَّهِ -ﷺ- عَنْ رَسُولِ اللَّهِ -ﷺ- قَالَ : «جَعَلَ اللَّهُ الحَسَنَةَ بِعَشْرِ أَمْثَالِهَا، فَشَهْرٌ بِعَشْرَةِ أَشْهُرٍ، وَصِيَامُ سِتَّةِ أَيَّامٍ بَعْدَ فِطْرٍ تَمَامُ السَّنَةِ»

“അല്ലാഹു -تَعَالَى- ഒരു നന്മക്ക് പത്തിരട്ടി പ്രതിഫലം നിശ്‌ചയിച്ചിരിക്കുന്നു. അപ്പോൾ ഒരു മാസമെന്നത് പത്ത് മാസമാണ്. (റമദാൻ ഒരു മാസം മുഴുവൻ നോമ്പനുഷ്ഠിക്കുക എന്നത് പത്ത് മാസം നോമ്പനുഷ്ഠിക്കുന്നത് പോലെയാണ്.) ഈദുൽ ഫിത്റിന് ശേഷം (ശവ്വാലിലെ) ആറു ദിവസത്തെ നോമ്പ് (പത്ത് മാസങ്ങൾക്ക് തുടർച്ചയെന്നോണം) ഒരു വർഷത്തിന്റെ പൂർത്തീകരണമാണ്.” (സ്വഹീഹുത്തർഗീബ് : 1007)

അതായത് ഒരാൾ റമദാനിൽ ഒരു മാസം നോമ്പെടുക്കുന്നത്തിലൂടെ പത്തുമാസം നോമ്പെടുത്ത പ്രതിഫലമാണ് അവന് ലഭിക്കുന്നത്. തുടർന്ന് ശവ്വാലിലെ ആറു ദിവസത്തെ നോമ്പെടുക്കുന്നതിലൂടെ രണ്ടുമാസം നോമ്പെടുത്ത പ്രതിഫലവും കൂടി ലഭിക്കുന്നു. (30×10=300 [പത്തു മാസം], 6×10=60 [രണ്ടു മാസം]) അങ്ങനെ പത്തും രണ്ടും ചേർന്ന് പന്ത്രണ്ടു മാസം -അഥവാ ഒരു കൊല്ലം- മുഴുവൻ നോമ്പെടുക്കുന്നവന്റെ പ്രതിഫലം അവന് ലഭിക്കുന്നു.

എന്തൊക്കെയാണ് ശവ്വാലിലെ ആറു നോമ്പിനു പിന്നിലുള്ള യുക്തി രഹസ്യങ്ങൾ?

1. ശവ്വാലിലെയും ശഅബാനിലെയും നോമ്പുകൾ ഫർള് നമസ്ക്കാരങ്ങൾക്ക് മുൻപും ശേഷവുമുള്ള റവാത്തിബ് സുന്നത്തുകൾ പോലെയാണ്.

അതു കൊണ്ട് തന്നെ നാം അനുഷ്ഠിക്കുന്ന ഫർളായ ഇബാദത്തുകളിൽ വന്നേക്കാവുന്ന അബദ്ധങ്ങളും കുറവുകളും പിന്നീട് നാം ചെയ്യുന്ന സുന്നത്തായ ഇബാദത്തുകളാൽ പരിഹരിക്കപ്പെടുന്നതാണ്.  അല്ലാഹു -تَعَالَى- നാളെ പരലോകത്ത് തന്റെ അടിമകളുടെ പ്രവർത്തനങ്ങൾ വിചാരണക്കായി എടുക്കുന്ന സന്ദർഭത്തെക്കുറിച്ച് വിവരിക്കവേ റസൂലുല്ലാഹി -ﷺ- പറഞ്ഞു:

« … فَإِنْ انْتَقَصَ مِنْ فَرِيضَتِهِ شَيْءٌ قَالَ الرَّبُّ عَزَّ وَجَلَّ : انْظُرُوا هَلْ لِعَبْدِي مِنْ تَطَوُّعٍ فَيُكَمَّلَ بِهَا مَا انْتَقَصَ مِنْ الْفَرِيضَةِ …»

“… അവന്റെ (അല്ലാഹുവിന്റെ അടിമയുടെ) ഫർദ്വുകളിൽ എന്തെങ്കിലും ന്യൂനതകളുണ്ടെങ്കിൽ അല്ലാഹു -تَعَالَى- മലക്കുകളോട് പറയും: എന്റെ ഈ അടിമക്ക് സുന്നത്തുകളിൽ നിന്നിൽ വല്ലതുമുണ്ടോ എന്ന് നിങ്ങൾ നോക്കുക; അങ്ങനെയെങ്കിൽ അവ കൊണ്ട് ന്യൂനതകൾ പരിഹരിച്ച് ഫർദ്വുകൾ പൂർത്തിയാക്കുക..” (സ്വഹീഹു സുനനിത്തിർമിദി: 413)

2. റമദാനിലെ ഫർള് നോമ്പിനു ശേഷം സുന്നത്ത് നോമ്പുകൾ പതിവാക്കുക എന്നത് റമദാനിലെ നോമ്പുകൾ അല്ലാഹു -تَعَالَى- സ്വീകരിച്ചു എന്നതിന് തെളിവാണ്. കാരണം അല്ലാഹു -تَعَالَى- തന്റെ അടിയാറുകളുടെ സൽകർമങ്ങൾ സ്വീകരിച്ചാൽ അതിന് ശേഷവും അതുപോലുള്ള സൽകർമങ്ങൾ ചെയ്യാനുള്ള തൗഫീഖ് അവർക്കവൻ നൽകും.

സലഫുകളിൽ ചിലർ പറഞ്ഞത് പോലെ:

مِنْ ثَوَابِ الحَسَنَةِ الحَسَنَةُ بَعْدَهَا

“ഒരു നന്മ ചെയ്തതിന്റെ പ്രതിഫലത്തിൽ പെട്ടതാണ് അതുപോലൊരു നന്മ അതിന് ശേഷവും ചെയ്യാൻ തൗഫീഖ് ലഭിക്കുക എന്നത്.”

3. റമദാനില്‍ നോമ്പ് എടുക്കാന്‍ കഴിഞ്ഞതിന്റെ നന്ദിയാണ് ശവ്വാല്‍ നോമ്പിലൂടെ ഒരു അടിമ പ്രകടിപ്പിക്കുന്നത്.

അല്ലാഹു -تَعَالَى- പറഞ്ഞത് പോലെ :

وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ

“നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചു തന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌.)”

റമദാൻ മുഴുവനായി ഒരു മാസക്കാലം  നോമ്പെടുക്കാനും മറ്റു ഇബാദത്തുകളുമായി മുന്നേറാനും തൗഫീഖ് അനുകൂലമാക്കുകയും അതിലൂടെ പാപമോചനം വാഗ്ദാനം ചെയ്യുകയും ചെയ്ത തന്റെ റബ്ബിന് നന്ദി സൂചകമെന്നോണം ആ റമദാനിന്റെ അവസാനത്തിൽ നോമ്പനുഷ്ഠിക്കുകയാണ് ഒരടിമ. സലഫുകളിൽ ചിലർ ചെയ്യാറുള്ളതു പോലെ: ഏതെങ്കിലും ഒരു രാത്രിയിൽ നിന്ന് നമസ്കാരിക്കാൻ അവർക്ക് തൗഫീഖ് ലഭിച്ചാൽ പിറ്റേ ദിവസം രാവിലെ അവർ നോമ്പുകാരായിരിക്കും. തലേന്ന് രാത്രിയിൽ നമസ്ക്കരിക്കാൻ തങ്ങൾക്ക് തൗഫീഖ് ലഭിച്ചതിനാലുള്ള നന്ദിയെന്നോണമാണത്. (ലത്വാഇഫുൽ മആരിഫ്)

ശവ്വാലിലെ ആറു നോമ്പ് എപ്പോഴാണ് നോല്‍ക്കേണ്ടത്?

ശവ്വാലിന്റെ ആദ്യത്തിലോ അവസാനത്തിലോ പകുതിയിലോ ഏതു സമയത്ത് വേണമെങ്കിലും ആറു നോമ്പ് അനുഷ്ഠിക്കാവുന്നതാണ്.  (മജ്മൂഉ ഫതാവാ ഇബ്നി ബാസ്: 15/390)

ശവ്വാലിലെ ആറു നോമ്പ് തുടർച്ചയായി എടുക്കേണ്ടതുണ്ടോ?

തുടർച്ചയായി തന്നെ എടുക്കണമെന്നില്ല. ആവിശ്യാനുസരണം ഇടവിട്ട ദിവസങ്ങളിലും എടുക്കാവുന്നതാണ്. (മജ്മൂഉ ഫതാവാ ഇബ്നി ബാസ്: 15/391)

ശവ്വാലിലെ ആറു നോമ്പ് എടുക്കാൻ ഏറ്റവും ശ്രേഷ്ഠമായ രൂപം ഏതാണ്?

കഴിയുന്നത്ര പെട്ടന്ന് തുടർച്ചയായി ശവ്വാലിന്റെ തുടക്കത്തിൽ തന്നെ എടുക്കുലാണ് ഉത്തമം.  അതായത് ഈദുൽ ഫിത്വറിനു ശേഷം തൊട്ടടുത്ത ദിവസം മുതൽ തന്നെ തുടർച്ചയായി ആറു ദിവസങ്ങളിൽ നോമ്പെടുക്കുക. (മജ്മൂഉൽ ഫതാവാ ലി ഇബ്നി ബാസ്: 15/390)

റമദാനിലെ നഷ്ടപ്പെട്ട നോമ്പുകൾ നോറ്റുവീട്ടാൻ ബാക്കിയുള്ളവർക്ക് ശവ്വാലിലെ ആറു നോമ്പ് എടുക്കാമോ?

റമദാനിലെ ബാക്കിയുള്ള നോമ്പുകൾ നോറ്റു വീട്ടാതെ ശവ്വാലിലെ ആറു നോമ്പ് എടുക്കാവതല്ല. കാരണം റമദാനിലെ നോമ്പുകൾ പൂർണമായും എടുത്താൽ മാത്രമേ ശവ്വാലിലെ ആറു നോമ്പ് എടുക്കുന്നതിലൂടെ റസൂലുള്ളാഹി -ﷺ- പറഞ്ഞ രീതിയിലുള്ള ഒരു വർഷം മുഴുവൻ നോമ്പെടുത്തവന്റെ പ്രതിഫലം ലഭിക്കുകയുള്ളൂ.  (മജ്മൂഉൽ ഫതാവാ ലി ഇബ്നി ബാസ് : 20/18)

ശവ്വാലിലെ ആറു നോമ്പ് എടുക്കാൻ ഉദ്ദേശിക്കുന്ന ഒരാൾ തലേ ദിവസം രാത്രി തന്നെ നിയ്യത്ത് മനസ്സിൽ കരുതേണ്ടതുണ്ടോ?

ശവ്വാലിലെ ആറു നോമ്പ് എടുക്കാൻ ഉദ്ദേശിക്കുന്നയാൾ ഫജറിനു (പ്രഭാതോദയം) മുൻപ് തന്നെ മനസ്സിൽ നിയ്യത്ത് കരുതൽ അനിവാര്യമാണ്. എങ്കിൽ മാത്രമാണ് ഒരു ദിവസം മുഴുവൻ നോമ്പു നോക്കിയതായി പരിഗണിക്കുകയുള്ളൂ. (മജ്മൂഉൽ ഫതാവാലി ഇബ്നി ഉഥൈമീൻ : 19/184)

തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ശവ്വാലിലെ ആറു നോമ്പ് എടുക്കുന്നയാൾക്ക് ആ ദിവസങ്ങളിലെ സുന്നത്ത് നോമ്പുകളുടെ പ്രതിഫലം കൂടി ലഭിക്കുമോ?

ലഭിക്കുന്നതാണ്. ഈ രണ്ട് നോമ്പുകളുടെയും പ്രതിഫലം ലഭിക്കണമെന്ന നിയ്യത്തോടു കൂടി ഒരാൾ നോമ്പെടുത്താൽ -തിങ്കളാഴ്ച; അല്ലെങ്കിൽ വ്യാഴാഴ്ച ദിവസത്തെ- സുന്നത്ത് നോമ്പിന്റെയും ശവ്വാലിലെ ആറു നോമ്പിന്റെയും പ്രതിഫലം ഒരുമിച്ച് ലഭിക്കുന്നതാണ്.  (ഫതാവ ഇസ്‌ലാമിയ്യ/ഇബ്നി ഉഥൈമീൻ: 2/154)

ശറഇയ്യായ കാരണങ്ങളാൽ ശവ്വാലിലെ ആറു നോമ്പ് പൂർത്തിയാക്കാൻ സാധിക്കാത്തയാൾ എന്ത് ചെയ്യണം?

ഒന്നും ചെയ്യേണ്ടതില്ല. എത്ര നോമ്പുകളാണോ അയാൾക്ക്‌ എടുക്കാൻ സാധിച്ചത് അതിനുള്ള പ്രതിഫലം അവന് ലഭിക്കുന്നതാണ്. മാത്രവുമല്ല ശവ്വാലിലെ ആറു നോമ്പ് പൂർത്തിയാക്കാൻ അവന് തടസ്സമായാത് ശറഇയ്യായ കാരണങ്ങളായതിനാൽ പരിപൂർണ പ്രതിഫലം അവന് പ്രതീക്ഷിക്കാവുന്നതുമാണ്.  (മജ്മൂഉൽ ഫതാവാ/ഇബ്നി ബാസ് : 15/395)

ശവ്വാലിലെ ആറു നോമ്പ് എടുക്കാൻ സാധിക്കാത്തയാൾ പിന്നീടെപ്പോഴെങ്കിലും അവ നോറ്റുവീട്ടേണ്ടതുണ്ടോ?

ശവ്വാലിലെ ആറു നോമ്പ് എടുക്കാൻ സാധിക്കാത്തയാൾ പിന്നീടൊരിക്കലും അവ  നോറ്റുവീട്ടേണ്ടതില്ല. കാരണം അവ ശവ്വാലിൽ മാത്രമുള്ള സുന്നത്ത് നോമ്പുകളാണ്.  (മജ്മൂഉൽ ഫതാവാ/ഇബ്നി ബാസ് : 15/389)

ശനിയാഴ്ച ശവ്വാലിലെ ആറു നോമ്പ് എടുക്കാമോ?

എടുക്കാവുന്നതാണ്. ശനിയാഴ്ച ദിവസം മാത്രമായി തനിച്ച് നോമ്പെടുക്കുന്നതിനെയാണ് റസൂൽ -ﷺ- വിലക്കിയിട്ടുള്ളത്.
ഇത്തരത്തിൽ വെള്ളിയാഴ്ച ദിവസം നോമ്പെടുക്കുന്നതിനെയും റസൂൽ -ﷺ- വിലക്കിയിട്ടുണ്ട്.

എന്നാൽ വെള്ളിയാഴ്ച ദിവസത്തിലെ നോമ്പിനെക്കുറിച്ച് റസൂൽ -ﷺ- പറഞ്ഞ ഹദീസിന്റെ വെളിച്ചത്തിൽ മുൻപോ ശേഷമോ നോമ്പെടുത്തു കൊണ്ട് വെള്ളിയാഴ്ചയും ശനിയാഴ്ചയും നോമ്പെടുക്കാമെന്നാണ് ബഹുഭൂരിപക്ഷം ഉലമാക്കൾ അഭിപ്രായപ്പെട്ടിട്ടുള്ളത്.

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : سَمِعْتُ النَّبِيَّ -ﷺ- يَقُولُ: «لا يَصُومَنَّ أَحَدُكُمْ يَوْمَ الْجُمُعَةِ إِلا يَوْمًا قَبْلَهُ أَوْ بَعْدَه»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: നബി -ﷺ- ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു: “നിങ്ങളിൽ ആരും വെള്ളിയാഴ്ച ദിവസം നോമ്പെടുക്കരുത്; അതിന് മുന്‍പോ ശേഷമോ ഉള്ള ദിവസം (കൂടി നോമ്പ് നോല്‍ക്കാതെ).” (ബുഖാരി: 1985)

(അവലംബം: മജ്മൂഉൽ ഫതാവാ വറസാഇൽ ലി ഇബ്നി ഉഥൈമീൻ: 20/57)

جَمَعَهُ الأَخُ حَيَاسُ عَلِيّ بْنُ عَبْدِ الرَّحْمَنِ

وَفَّقَهُ اللَّهُ تَعَالَى لِمَا يُحِبُّهُ وَيَرْضَاهُ وَبَارَكَ فِيهِ

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment