ശഅബാൻ മാസത്തിലെ നോമ്പിന് മുഹറം മാസത്തിലെ നോമ്പിനേക്കാൾ ശ്രേഷ്ഠതയുണ്ട് .

ഉലമാക്കൾ പറഞ്ഞു: സാധാരണ നാം അനുഷ്ഠിക്കുന്നതും നിരുപാധികം നമുക്കനുഷ്ഠിക്കാവുന്നതുമായ സുന്നത്തു നോമ്പുകളിൽ മുഹറത്തിലെ നോമ്പിനാണ് ഏറ്റവും ശ്രേഷ്ഠതയുള്ളത്.

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ المُحَرَّمُ

റസൂലുല്ലാഹി -ﷺ- പറഞ്ഞു: “റമദാൻ കഴിഞ്ഞാൽ അല്ലാഹുവിന്റെ മാസമായ മുഹറത്തിലെ നോമ്പാണ് ഏറ്റവും ശ്രേഷ്ഠമായത്.” (സ്വഹീഹുമുസ്‌ലിം:1163)

എന്നാൽ അതിനേക്കാൾ ശ്രേഷ്തയുള്ളതാണ് ശഅബാനിലെ നോമ്പ്. കാരണം ഫർള് നമസ്കാരങ്ങൾക്ക് മുൻപും ശേഷവും നാം നിർവഹിക്കുന്ന റവാതിബു സുന്നത്ത് പോലെയാണ് റമദാനിലെ ഫർള് നോമ്പിനു മുന്നോടിയായി നാം അനുഷ്ഠിക്കുന്ന ശഅബാനിലെ നോമ്പ്. സുന്നത്തു നമസ്ക്കാരങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ഠതയുള്ള നമസ്‌കാരമാണ് റവാത്തിബ് സുന്നത്തുകള്‍. ഫർദ് നമസ്ക്കാരങ്ങളിലെ പോരായ്മകൾ അവകൊണ്ടാണ് ദൂരീകരിക്കപ്പെടുന്നത്.

അതുകൊണ്ട് തന്നെ റമദാനിലെ ഫർള് നോമ്പിന് റാവാതിബായി പരിഗണിക്കപ്പെടാവുന്ന ശഅബാനിലെ നോമ്പിന് മുഹറത്തിലെ നോമ്പിനേക്കാള്‍ ശ്രേഷ്ഠതയുണ്ട്. മാത്രവുമല്ല മുഹറത്തിലേതിനേക്കാൾ ധാരാളമായി ശഅബാനിൽ റസൂലുല്ലാഹി -ﷺ- നോമ്പനുഷ്ഠിച്ചിട്ടുണ്ട്.

അവലംബം: (ലത്വാഇഫുൽ മആരിഫ്:249) (അശ്ശർഹുൽ മുംതിഉ:6/468) (ഫതാവ അർകാനിൽ ഇസ്‌ലാം:491)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment