ശഅബാനിലെ പതിനഞ്ചാം രാവിൽ അനുഷ്ഠിക്കാനായി പ്രത്യേകം ഇബാദത്തുകൾ ഒന്നും തന്നെ പഠിപ്പിക്കപെട്ടിട്ടില്ല.  ഇതുമായി ബന്ധപ്പെട്ട് സമൂഹത്തിൽ പ്രചരിക്കുന്ന ഹദീസുകൾ ഒന്നും തന്നെ റസൂലുല്ലാഹി-ﷺ-യിൽ നിന്നും സ്വഹീഹായ രീതിയിൽ സ്ഥിരപ്പെട്ടുവന്നിട്ടില്ല.

അത്തരത്തിൽ റസൂലുള്ളാഹി -ﷺ- ലേക്ക് ചേർത്തിപ്പറയുന്ന ദുർബലവും കെട്ടിയുണ്ടാക്കിയതുമായ ഹദീസുകളിൽ ചിലത് :

1. إِذَا كَانَ لَيْلَةُ النِّصْفِ مِنْ شَعْبَانَ، فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا

“ശഅബാൻ പതിനഞ്ചാം രാവായിക്കഴിഞ്ഞാൽ അതിന്റെ രാത്രിയിൽ നിങ്ങൾ നിന്ന് നമസ്‌കരിക്കുക,അതിന്റെ പകലിൽ നിങ്ങൾ നോമ്പനുഷ്ഠിക്കുക.”

ഷൈഖ് അൽബാനി -رَحِمَهُ اللَّهُ- പറഞ്ഞു: “ഇതിന്റെ സനദ് കെട്ടിയുണ്ടാക്കപ്പെട്ടതാണ്.” (സിൽസിലതുൽ അഹാദീസിദ്ദ്വഈഫ :2132)

2. يَا عَلِيُّ، مَنْ صَلَّى لَيْلَةَ النِّصْفِ مِئَةَ رَكْعَةٍ بِأَلْفِ قُلْ هُوَ اللَّهُ أَحَدٌ، قَضَى اللَّهُ لَهُ كُلَّ حَاجَّةٍ طَلَبَهَا تِلْكَ الَّيْلَةِ

“അല്ലയോ അലീ! ആരെങ്കിലും ശഅബാനിന്റെ പതിനഞ്ചാം രാവിൽ ആയിരം قُلْ هُوَ اللهُ أَحَد (സൂറ. ഇഖ്ലാസ്) ഓതി നൂറ് റകഅത് നമസ്ക്കരിച്ചാല്‍ ആ രാത്രിയിൽ അവൻ മൂന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അല്ലാഹു അവന് നിറവേറ്റി നൽകും.”

ഇമാം ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “ഇത് മൗളൂആണ് (കെട്ടിയുണ്ടാക്കിയത്).” (അൽമാനാറുൽ മുനീഫ് :78)

3. أَتَانِي جِبْرِيلُ عَلَيْهِ السَّلَامُ فَقَالَ: هَذِهِ لَيْلَةُ النِّصْفِ مِنْ شَعْبَانَ، وَللَّهِ فِيهَا عُتَقَاءُ مِنَ النَّارِ بِعَدَدِ شُعُورِ غَنَمِ بَنِي كَلْبٍ.

“ജിബ്‌രീൽ എന്റെയടുക്കൽ വന്നുകൊണ്ടു പറഞ്ഞു: ഇത് ശഅബാൻ പതിനഞ്ചാം രാവാണ്. ഈ രാത്രിയിൽ ബനൂ കൽബ് ഗോത്രത്തിലെ ആടുകളുടെ രോമങ്ങളോളം ആളുകളെ അല്ലാഹു നരകത്തിൽ നിന്നും മോചിപ്പിക്കും.”

ഷൈഖ് അൽബാനി -رَحِمَهُ اللَّهُ- പറഞ്ഞു: “വളരെ ദുർബമായതാണിത്.” (ദ്വഈഫുത്തർഗീബ് :1247)

4. مَنْ قَرَأَ لَيْلَةَ النِّصْفِ مِنْ شَعْبَانَ أَلْفَ مَرَّةٍ قُلْ هُوَ اللَّهُ أَحَدٌ بَعَثَ اللَّهُ إِليْهِ مِئَةَ أَلْفِ مَلَكٍ يُبَشِّرُونَهُ

“ആരെങ്കിലും ശഅബാനിന്റെ പതിനഞ്ചാം രാവിൽ ആയിരം തവണ قُلْ هُوَ اللَّهُ أَحَدٌ (സൂറ. ഇഖ്ലാസ്) പാരായണം ചെയ്‌താല്‍ അവനിലേക്ക്‌ അല്ലാഹു  ആയിരം മലക്കുകളെ സന്തോഷവാർത്ത അറിയിക്കിന്നവരായി നിയോഗിക്കും.”

ഇമാം ഇബ്‌നുൽ ഖയ്യിം റഹിമഹുള്ള പറഞ്ഞു: “ഇത് മൗളൂആണ് (കെട്ടിയുണ്ടാക്കിയത്).” (അൽമാനാറുൽ മുനീഫ് :78)

5. مَنْ أَحْيَا لَيْلَتَيِ العِيدِ وَلَيْلَةَ النِّصْفِ مِنْ شَعْبَانَ لَمْ يَمُتْ قَلْبُهُ يَوْمَ تَمُوتُ فِيهِ القُلُوبُ

“ആരെങ്കിലും ഇബാദത്തുകൾക്കായി ഒഴിഞ്ഞിരുന്നു കൊണ്ട് രണ്ട് പെരുന്നാൾ രാവുകളും ശഅബാനിന്റെ പതിനഞ്ചാം രാവും  ജീവിപ്പിച്ചാല്‍ ഹൃദയങ്ങൾ മരണമടയുന്ന ദിവസത്തിൽ അവന്റെ ഹൃദയം മരണമടയുകയില്ല.” (അൽ ഇലലുൽ മുതനാഹിയ 2/562)

6. خَمْسُ لَيَالٍ لَا تُرَدُّ فِيهِنَّ الدَّعْوَةُ: أَوَّلُ لَيْلَةٍ مِنْ رَجَبٍ وَلَيْلَةُ النِّصْفِ مِنْ شَعْبَانَ وَلَيْلةُ الجُمُعَةِ وَلَيْلَةُ الفِطْرِ وَلَيْلَةُ النَّحْرِ.

“അഞ്ചു രാത്രികൾ; അവയിലെ പ്രാർത്ഥകൾ സ്വീകരിക്കപ്പെടാതിരിക്കുകയില്ല. റജബിലെ ആദ്യരാത്രി, ശഅബാനിലെ പതിനഞ്ചാമത്തെ രാത്രി, വെള്ളിയാഴ്ച രാത്രി, ചെറിയ പെരുന്നാൾ, ബലിപെരുന്നാൾ ദിവസങ്ങളിലെ രാത്രി.” (സിൽസിലതുൽഅഹാദീസിദ്ദ്വഈഫ :1453)

ഇത്തരം ഹദീസുകളുടെ പിൻബലത്തിൽ ആളുകൾ ആചരിച്ചു വരുന്ന ബറാഅത് രാവും അതോടനുബന്ധിച്ചുള്ള നോമ്പ്, നമസ്കാരം, പലഹാരങ്ങളുണ്ടാക്കി വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ബിദ്അത്തുകളാണ്. ദീനിൽ യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ്.

ശൈഖ് അബ്ദുൽ അസീസിബ്നു ബാസ് -رَحِمَهُ اللَّهُ- പറഞ്ഞു: “പ്രത്യേകം നോമ്പെടുത്തും നമസ്ക്കരിച്ചും അതല്ലാത്ത മറ്റു പലകാര്യങ്ങൾ ആചരിച്ചു കൊണ്ടും ശഅബാനിലെ പതിനഞ്ചാം രാവ് കൊണ്ടാടുക എന്നത് വെറുക്കപ്പെട്ട വളരെ മോശമായ ബിദ്അത്താണ്. ഇതിന് പരിശുദ്ധ ദീനുൽ ഇസ്‌ലാമിൽ യാതൊരു അടിസ്ഥാനവുമില്ല. മറിച്ച് സ്വാഹാബത്തിന്റെ കാലശേഷം ദീനിൽ കടത്തിക്കൂട്ടിയ പുത്തനാചാരങ്ങളിൽ പെട്ടതാണിത്.” (മജ്മൂഉൽ ഫതാവ:1/191)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment