അല്ലാഹുവിങ്കൽ സ്വീകാര്യമായ ഏകമതം ഇസ്ലാമാകുന്നു എന്നതിൽ സംശയമില്ല. ഇസ്ലാം മാത്രമാണ് പരിപൂർണ്ണമായ ശരിയുടെ മതം. മറ്റു മതങ്ങളിൽ ശരികളുണ്ടായേക്കാം; എന്നാൽ അവ തെറ്റുകളിൽ നിന്ന് മുക്തമേയല്ല. തീർത്തും തെറ്റുകളിൽ നിന്ന് മുക്തമായത് എന്ന് അവകാശപ്പെടാവുന്ന ഏകമതം ഇസ്ലാം മാത്രമാണ്. സ്വർഗത്തിലേക്ക് എത്തിക്കുന്ന ഏകപാത ഇസ്ലാം വിവരിച്ചു നൽകിയ സ്വിറാത്വുൽ മുസ്തഖീമിന്റെ വഴി മാത്രമാണ്.
ആകാശഭൂമികളുട സ്രഷ്ടാവായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന പരിശുദ്ധമായ തൗഹീദും (ഏകദൈവാരാധന), മരണ ശേഷമുള്ള പരലോക ജീവിതത്തെ കുറിച്ച് -ഊഹങ്ങളിൽ നിന്ന് മുക്തമായി- വ്യക്തമായ വിവരങ്ങൾ നൽകുന്ന ആഖിറതിലുള്ള (പരലോകം) വിശ്വാസവും, പിൻപറ്റാനുള്ള മാതൃകയായി മഹാകാരുണ്യത്തിന്റെ ദൂതനെ നിശ്ചയിച്ചു നൽകുന്ന രിസാലതിലേക്കുള്ള (അല്ലാഹുവിന്റെ ദൂതരിലുള്ള വിശ്വാസം) ക്ഷണവും ഇസ്ലാമിന് മാത്രം അവകാശപ്പെടാവുന്ന സവിശേഷതയാണ്.
മക്കയിൽ അനാഥനായി വളർന്ന മുഹമ്മദ് നബി -ﷺ- വർഷങ്ങൾക്ക് മുൻപ് തന്റെ നാട്ടിലെ ജനങ്ങളെ ഈ ദീനിലേക്ക് ക്ഷണിച്ചു കൊണ്ട് ഇസ്ലാമിക പ്രബോധനത്തിന് തുടക്കം കുറിക്കുമ്പോൾ അവിടുത്തെ വാക്കുകൾ സ്വീകരിക്കാൻ ചുരുങ്ങിയ ചിലരല്ലാതെ തയ്യാറായില്ല. നീണ്ട പതിമൂന്ന് വർഷങ്ങളുടെ പീഢനങ്ങളുടെയും പരീക്ഷണങ്ങളുടെയും ചരിത്രം ബാക്കിയാക്കി, ജനിച്ച നാട്ടിൽ നിന്ന് മദീനയിലേക്ക് പാലായനം ചെയ്ത നബി -ﷺ- പത്ത് വർഷങ്ങൾക്ക് ശേഷം പതിനായിരക്കണക്കിന് വരുന്ന അനുചരന്മാരുമായി ജന്മനാട്ടിലേക്ക് തിരിച്ചു വന്നു. നാടുകളും നാട്ടുകാരും ഇസ്ലാമിലേക്ക് കൂട്ടംകൂട്ടമായി ഒഴുകിയെത്തി.
ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് പറയാൻ മാത്രം പ്രത്യേകിച്ചൊരു കാരണവുമില്ലെങ്കിലും പരസ്പരം പോരടിച്ചിരുന്ന, നന്മയോ തിന്മയോ തിരിച്ചറിയാതെ കഴിഞ്ഞ, തനിച്ച വിവരക്കേടുകൾ മാത്രം കൈമുതലായി കണ്ടിരുന്ന, ജീവനില്ലാത്ത വിഗ്രഹങ്ങൾക്ക് മുൻപിൽ ആരാധനകളുമായി കഴിഞ്ഞു കൂടിയ, ഏകനായ റബ്ബിനെ കുറിച്ച് അറിയേണ്ടത് പലതും അറിയാതെ കഴിഞ്ഞു പോയ ഒരു സമൂഹത്തെ കാരുണ്യവും അനുകമ്പയും പഠിപ്പിച്ചു നൽകി, ഏകനായ റബ്ബിന് മുൻപിലല്ലാതെ തല കുനിക്കാത്ത അല്ലാഹുവിന്റെ അടിമകളാക്കി മാറ്റിയ ചരിത്രം! ആ ചരിത്രത്തിന്റെ അത്ഭുതങ്ങളെത്ര പറഞ്ഞാലാണ് തീരുക?!
അനുചരന്മാരോടൊപ്പം സ്വയം പടുത്തുയർത്തിയ മസ്ജിദുന്നബവിയിൽ തോളോടു തോൾ ചേർന്നു നിൽക്കുന്ന സ്നേഹനിധികളായ അനുചരന്മാരെ നോക്കി, കണ്ണും മനസ്സും നിറച്ചു നൽകി, പൂർണ്ണചന്ദ്രന്റെ പ്രകാശത്തോടെ പുഞ്ചിരി തൂകി അവിടുന്ന് വിടവാങ്ങി. അവിടുന്ന് വിട്ടേച്ചു പോയ ദീനിൽ ഭേദഗതികൾ വരുത്താതെ സ്വഹാബികളും വിടവാങ്ങി. മക്കയുടെ അതിർവരമ്പുകളിൽ നിന്നും ഇസ്ലാം വളർന്നു. മുസ്ലിംകൾ വർദ്ധിച്ചു. ലോകചരിത്രത്തിൽ ഒരു മതവും വളർന്നിട്ടില്ലാത്തത്ര വേഗതയിൽ ഇസ്ലാമിന്റെ സുഗന്ധം പരന്നു. എതിരാളികൾക്ക് മുൻപിൽ ഒരു തളർച്ചയും കിതപ്പുമില്ലാതെ, വിജയത്തിന്റെ കൊടിമാത്രം പാറിച്ച് ഇസ്ലാമിന്റെ ചരിത്രം നീങ്ങി.
കാലം നീങ്ങി. ഇസ്ലാമിന്റെ ഭംഗിയും നന്മയും മുസ്ലിംകളിൽ ചിലരിൽ നിന്നെങ്കിലും നഷ്ടപ്പെട്ടു. നബി -ﷺ- വിട്ടേച്ചു പോയ ദീനിൽ ചിലർ പുതിയത് പലതും കടത്തി കൂട്ടി. ഓരോരുത്തരും കൊണ്ടുവന്ന പുത്തൻവഴികളെ ചിലർ പിൻപറ്റി. പുതിയത് കൂട്ടിക്കടത്തിയവർ തങ്ങളാണ് ശരിയുടെ പക്ഷമെന്ന് വാദിച്ചു. നബി -ﷺ- വിട്ടേച്ചു പോയ പഴയ ഇസ്ലാമിനെ പിൻപറ്റിയവരെ കുറിച്ച് അവർ ആരോപണങ്ങളുന്നയിച്ചു. അവരല്ല; തങ്ങളാണ് ഇസ്ലാമിന്റെ വക്താക്കളെന്ന് അവകാശപ്പെട്ടു. തങ്ങളുടെ മതത്തിൽ നിന്ന് ചിലത് എടുക്കുകയും മറ്റു ചിലത് തള്ളുകയും ചെയ്ത, പഴയകാല യഹൂദ-നസ്വാറാക്കളുടെ പിഴവ് ഇവർ ആവർത്തിച്ചു. ഭിന്നിപ്പുകളും ഭിന്നതകളുമുണ്ടായി. കക്ഷികളും കൂട്ടങ്ങളും ഉടലെടുത്തു. എല്ലാവരും പറയുന്നു; ഞങ്ങളാണ് യഥാർത്ഥ ഇസ്ലാമിന്റെ വക്താക്കൾ.
അഭിപ്രായഭിന്നതകൾക്കും അവകാശവാദങ്ങളുടെയും ആരോപണങ്ങളുടെയും പോർവിളികൾക്കുമിടയിൽ വഴിയറിയാതെ ഉഴറേണ്ടി വന്നത് പാമരജനങ്ങളാണ്. അവരിൽ ചിലർ നിരാശയിലായി. പലർക്കും ഇസ്ലാമിന്റെ മൂല്യങ്ങളിൽ നിന്നകലാൻ അത് കാരണമായി. ചിലർക്കെങ്കിലും ഇസ്ലാമിൽ തന്നെ സംശയമുളവാക്കാൻ ഈ സ്ഥിതി സാഹചര്യമൊരുക്കി. ഇസ്ലാമിനെ പുറത്തു നിന്നു വീക്ഷിക്കുന്ന ഇതരമതസ്ഥർക്ക് ഇസ്ലാമിന്റെ സത്യതയിൽ സംശയം ജനിപ്പിക്കാൻ ശത്രുക്കൾ ഈ കടുത്ത ഭിന്നതകളെ ഉപയോഗപ്പെടുത്തി.
കാര്യങ്ങളിൽ അവ്യക്തതകളുണ്ടായിരിക്കുന്നു. സത്യമേതെന്ന് അറിയുക അനിവാര്യം തന്നെ. ഏതാണ് സത്യമെന്നങ്ങനെ അറിയും?! ആരോടൊപ്പമാണ് സത്യമുള്ളതെന്നെങ്ങനെ മനസ്സിലാക്കും?! എല്ലാവരും തങ്ങളിലേക്ക് ക്ഷണിക്കുമ്പോൾ, തങ്ങളുടെ പക്കലാണ് സത്യമുള്ളതെന്ന് പറയുമ്പോൾ ഏതു പക്ഷത്തേക്ക് നിൽക്കണമെന്നും എവിടെ നിന്നകന്നു നിൽക്കണമെന്നും തിരിച്ചറിയാൻ കഴിയും?! ഇതൊരു പ്രധാന ചോദ്യമാണ്.
ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് നിങ്ങളെങ്കിൽ സലഫിയ്യതിനെ കുറിച്ചുള്ള പഠനം നിങ്ങളെ അക്കാര്യത്തിൽ സഹായിക്കാതിരിക്കില്ല. മസ്ജിദുന്നബവിയിൽ നിസ്കാരത്തിന് സ്വഫ്ഫ് കെട്ടിനിൽക്കുന്ന സ്വഹാബികളെ നോക്കി നബി -ﷺ- പുഞ്ചിരിച്ച ദിനം, അവരെ കുറിച്ച് തൃപ്തിയുള്ളവരായി അവിടുന്ന് വിടപറഞ്ഞു പോയ ആ ദിനം; അന്നുണ്ടായിരുന്ന ഇസ്ലാമാണ് -അതിലേക്കുള്ള ക്ഷണമാണ്; അതു മാത്രമാണ്- സലഫിയ്യത്. ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞതു പോലെ; ‘നബി -ﷺ- ഞങ്ങളെ വിട്ടേച്ചു പോയത് സ്വിറാത്വുൽ മുസ്തഖീമിലാണ്. അവിടുന്ന് വിട്ടേച്ചു പോയ ഈ വഴിയുടെ അങ്ങേയറ്റം സ്വർഗമാണ്’. ആ വഴി -സ്വഹാബത്തിന്റെ, അവരെ പിൻപറ്റിയവരുടെ മാർഗം-; അതല്ലാതെ മറ്റൊന്നുമല്ല സലഫിയ്യത്.
സലഫിയ്യതിനെ കുറിച്ചും സലഫികളെ കുറിച്ചും അവരുടെ ചില സുപ്രധാന അടിസ്ഥാനങ്ങളെ കുറിച്ചും ചിലത് പഠിക്കാൻ ഇവിടം മുതൽ ആരംഭിക്കുന്ന ലേഖനപരമ്പരകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു -ഇൻശാ അല്ലാഹ്-. അല്ലാഹു ഈ പരിശ്രമം അവന്റെ അരികിൽ സ്വീകരിക്കപ്പെടുന്ന ഒരു സൽകർമ്മമായി നിശ്ചയിക്കട്ടെ. (ആമീൻ).
മൻഹജും സലഫും; ചില ഭാഷാപാഠങ്ങൾ
‘സലഫി മൻഹജ്/മൻഹജുസ്സലഫ്’ എന്നത് രണ്ട് അറബി പദങ്ങൾ ഉൾക്കൊള്ളുന്ന പദമാണ്. മൻഹജ് എന്നതാണ് ഒന്നാമത്തെ പദം. സലഫ് എന്നത് രണ്ടാമത്തേതും. ഈ വാക്കുകളുടെ ഭാഷാപരമായ ഉദ്ദേശങ്ങൾ മനസ്സിലാക്കുന്നത് ഇനി വരാനിരിക്കുന്ന ചർച്ചകളിൽ സഹായകമാണ്.
വ്യക്തമായ വഴിക്ക് മൻഹജ് (المَنْهَجُ) എന്ന് പറയും. സലഫ് മുൻഗാമികളായ ഒരു കൂട്ടമാളുകൾക്ക് പറയാവുന്ന വാക്കാണ് സലഫ് (السَّلَفُ). ഒരു വ്യക്തിയുടെ പിതാമഹന്മാരിൽ നിന്നും കുടുംബക്കാരിൽ നിന്നും മുൻപ് കഴിഞ്ഞു പോയ, അയാളെക്കാൾ പ്രായവും ശ്രേഷ്ഠതയുമുള്ളവർക്ക് സലഫ് എന്നു പറയാം. (ലിസാനുൽ അറബ്: 9/159)
ഈ രണ്ട് വാക്കുകൾ ചേർത്തു വെച്ചാൽ മുൻഗാമികളുടെ വഴി എന്ന അർത്ഥം ലഭിക്കും. എന്നാൽ അത് കേവലം ഭാഷാപരമായ അർത്ഥം മാത്രമാണ്. സാങ്കേതികമായി ‘മൻഹജുസ്സലഫ്’ എന്ന പദം ഉപയോഗിക്കുമ്പോൾ ഉദ്ദേശിക്കപ്പെടുന്ന ഒരു അർത്ഥമുണ്ട്. അതിന് സലഫുകൾ -മുൻഗാമികൾ- എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ആരെല്ലാമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
ആരാണ് സലഫുകൾ?
അല്ലാഹുവിന്റെ ദീനിന്റെ കാര്യത്തിൽ പിന്തുടരപ്പെടേണ്ടവരായ മഹാന്മാരായ മുൻഗാമികളാണ് സലഫുകൾ. അതു കൊണ്ട് ആദ്യം ഉദ്ദേശിക്കപ്പെടുന്നത് നബി -ﷺ- യിൽ നിന്ന് ദീൻ നേരിട്ടു പഠിക്കുകയും പകർത്തുകയും ചെയ്ത സ്വഹാബികളാണ്. സലഫ് എന്ന വാക്ക് കൊണ്ട് ആത്യന്തികമായി ഉദ്ദേശിക്കപ്പെടുന്നത് ഇവരാണ്.
സ്വഹാബികളിൽ നിന്ന് ദീൻ പഠിക്കുകയും അവരെ പിൻപറ്റുകയും അവരുടെ മാതൃക പിന്തുടരുകയും ചെയ്ത താബിഈങ്ങളും ശേഷം വന്ന തബഉത്താബിഈങ്ങളും സലഫ് എന്ന പദത്തിൽ അനുബന്ധമായി പ്രവേശിക്കുന്നതാണ്.
ശാഫിഈ പണ്ഡിതനായ ഖാദീ അഹ്മദ് അൽ-ഖൽശാനീ (863 ഹി) -رَحِمَهُ اللَّهُ- പറയുന്നു: “സച്ചരിതരായ സലഫുകൾ എന്നാൽ ആദ്യകാലക്കാരുടെ തലമുറയാണ്. അല്ലാഹുവിന്റെ ദീനിൽ ഉറച്ച വിജ്ഞാനമുള്ളവരും, നബി -ﷺ- യുടെ മാർഗം ചര്യയായി സ്വീകരിച്ചവരുമാണവർ. നബി -ﷺ- യുടെ അനുചരന്മാരാകുവാൻ അല്ലാഹു അവരെ തിരഞ്ഞെടുത്തിരിക്കുന്നു.” (തഹ്രീറുൽ മഖാല: 208)
പിൻപറ്റപ്പെടേണ്ട മുൻഗാമികളിൽ ഒന്നാമത് ഉൾപ്പെടുക സ്വഹാബികളാണ്. ഈ വിഷയത്തിലെ അടിസ്ഥാന തെളിവായി പരിഗണിക്കപ്പെടാവുന്ന ഖുർആനിലെ ഒരു ആയത്ത് മാത്രം ഇവിടെ നൽകാം.
وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ ﴿١٠٠﴾
“മുഹാജിറുകളില് നിന്നും അന്സാറുകളില് നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള് ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്ഗത്തോപ്പുകള് അവര്ക്ക് അവന് ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില് നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.” (തൗബ: 100)
ഇവിടെ ഈ ഉമ്മത്തിലെ ഏറ്റവും നല്ലവരായ സ്വഹാബികളെ പിൻപറ്റിയവരെ അല്ലാഹു പുകഴ്ത്തിയിരിക്കുന്നു. സ്വഹാബികൾ ഏതെങ്കിലും ഒരു കാര്യം പറയുകയും, അതിൽ ആരെങ്കിലും അവരെ പിൻപറ്റുകയും ചെയ്താൽ അവർ അല്ലാഹുവിന്റെ പ്രശംസക്കും അവന്റെ തൃപ്തിക്കും അർഹരായിരിക്കുന്നു എന്നും അതില് നിന്ന് മനസ്സിലാക്കാം.
സ്വഹാബികളും ശേഷമുള്ള രണ്ട് തലമുറകളുമാണ് ശ്രേഷ്ഠരായ ഉമ്മത്തെന്ന് വ്യക്തമായി ബോധ്യപ്പെടുത്തുന്ന ഹദീഥുകളാകട്ടെ ധാരാളമുണ്ട്.
عَنْ عِمْرَانَ بْنِ حُصَيْنٍ قَالَ: قَالَ النَّبِيُّ -ﷺ-: «خَيْرُكُمْ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ» قَالَ عِمْرَانُ: لاَ أَددْرِي أَذَكَرَ النَّبِيُّ -ﷺ- بَعْدُ قَرْنَيْنِ أَوْ ثَلاَثَةً -قَالَ النَّبِيُّ -ﷺ-: «إِنَّ بَعْدَكُمْ قَوْمًا يَخُونُونَ وَلاَ يُؤْتَمَنُونَ، وَيَشْهَدُونَ وَلاَ يُسْتَشْهَدُونَ، وَيَنْذِرُونَ وَلاَ يَفُونَ، وَيَظْهَرُ فِيهِمُ السِّمَنُ»
ഇംറാൻ ബിൻ ഹുസ്വൈൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങളിൽ ഏറ്റവും ഉത്തമർ എന്റെ തലമുറയാകുന്നു. ശേഷം അവരെ തുടർന്നു വരുന്നവർ. ശേഷം അവരെ തുടർന്നു വരുന്നവർ.” ഇംറാൻ പറയുന്നു: “നബി -ﷺ- രണ്ട് തലമുറകളെയാണോ മൂന്ന് തലമുറകളെയാണോ (അവിടുത്തേക്ക്) ശേഷം പറഞ്ഞത് എന്നെനിക്ക് അറിയില്ല.”
നബി -ﷺ- പറഞ്ഞു: “തീർച്ചയായും നിങ്ങൾക്ക് ശേഷം ഒരു ജനതയുണ്ട്; അവർ വഞ്ചിക്കുന്നതാണ്; വിശ്വസിക്കപ്പെടുന്നതല്ല. സാക്ഷ്യം വഹിക്കുന്നതാണ്; സാക്ഷ്യം വഹിക്കാൻ (അവരോട് ആരും) ആവശ്യപ്പെടുന്നതല്ല. നേർച്ച നേരുന്നതാണ്; അത് പൂർത്തീകരിക്കുന്നതല്ല. അവരിൽ (അമിതമായി ഭക്ഷണം കഴിക്കുന്നതിനാൽ) പൊണ്ണത്തടി പ്രത്യക്ഷപ്പെടും.” (ബുഖാരി: 2651, മുസ്ലിം: 2535)
സലഫുകൾ എന്ന പദം നബി -ﷺ- യുടെ സ്വഹാബികളെയാണ് ആദ്യമായി ഉൾക്കൊള്ളുകയെന്നും, ശേഷം അവരിൽ നിന്ന് ദീൻ പഠിച്ച താബിഈങ്ങളും തബഉത്താബിഈങ്ങളും ഈ പദത്തിന്റെ വിവക്ഷയിൽ ഉൾപ്പെടുമെന്നും മനസ്സിലായി. ഇസ്ലാമിലെ ആദ്യത്തെ ഈ മൂന്ന് തലമുറകളാണ് സലഫുകൾ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെന്ന് മുൻഗാമികളും ആധുനികരുമായ പണ്ഡിതന്മാർ പലയിടങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്.
قَالَ البَيْجُورِيُّ : «وَالمُرَادُ بِمَنْ سَلَفَ مَنْ تَقَدَّمَ مِنَ الأَنْبِيَاءِ وَالصَّحَابَةِ وَالتَّابِعِينَ وَتَابِعِيهِمْ»
ശാഫിഈ പണ്ഡിതന്മാരിൽ പ്രമുഖനായ ബയ്ജൂരി -رَحِمَهُ اللَّهُ- പറയുന്നു: “സലഫുകൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കഴിഞ്ഞു പോയ നബിമാരും സ്വഹാബികളും താബിഈങ്ങളും അവരെ പിൻപറ്റിയവരുമാണ്.” (ശർഹു ജൗഹറതിത്തൗഹീദ്: 111)
മൂന്നു തലമുറയിൽ ജീവിച്ചവരെല്ലാം സലഫുകളോ?
സ്വഹാബികളും താബിഈങ്ങളും തബഉത്താബിഈങ്ങളും അടങ്ങുന്ന ഇസ്ലാമിലെ ആദ്യത്തെ മൂന്നു തലമുറകളാണ് സലഫ് എന്ന പദത്തിൽ ഉൾപ്പെടുക എന്ന വിശദീകരണത്തിൽ നിന്ന് അക്കാലഘട്ടത്തിൽ ജീവിച്ച എല്ലാ മുസ്ലിംകളും സലഫുകളാണെന്ന് മനസ്സിലാക്കപ്പെടരുത്. സ്വഹാബികളുടെ മാർഗത്തിൽ ഉറച്ചു നിന്ന, ഈ കാലയളവിൽ ജീവിച്ചവർ മാത്രമാണ് സലഫ് എന്ന പദത്തിൽ ഉൾപ്പെടുക.
അല്ലായിരുന്നെങ്കിൽ ഈ പറയപ്പെട്ട കാലയളവിൽ തന്നെയാണ് നബി -ﷺ- ശക്തമായി ആക്ഷേപിക്കുകയും, താക്കീത് നൽകുകയും ചെയ്ത പല കക്ഷികളും മുസ്ലിംകൾക്കിടയിൽ ഉടലെടുത്തത്. ‘നരകത്തിലെ നായകൾ’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഖവാരിജുകളും, ‘ഈ ഉമ്മത്തിലെ മജൂസികൾ (അഗ്നിയാരാധകർ)’ എന്ന് വിശേഷിപ്പിക്കപ്പെട്ട വിധിവിശ്വാസത്തെ നിഷേധിക്കുന്ന ഖദരിയ്യാക്കളും സ്വഹാബികളുടെ കാലഘട്ടത്തിൽ തന്നെ ഉടലെടുത്തിട്ടുണ്ട്. ഇസ്ലാമിക സമൂഹത്തെ രണ്ടായി പിളർത്തുകയും, ഖുർആനിനെയും സുന്നത്തിനെയും അവഗണിക്കുകയും, സ്വഹാബികളിൽ ബഹുഭൂരിപക്ഷത്തെയും കാഫിറാണെന്ന് വിശേഷിപ്പിക്കുകയും ചെയ്ത റാഫിദ്വികളും (ശിയാക്കൾ) ഇക്കാലഘട്ടത്തിൽ ഉടലെടുത്തവർ തന്നെ.
ഇസ്ലാമിൽ നിന്ന് പിഴച്ചു പോയവർ എന്ന് നബി -ﷺ- തന്നെ വിശേഷിപ്പിച്ചവർ ഒരിക്കലും പിൻപറ്റപ്പെടേണ്ട സലഫുകളിൽ ഉൾപ്പെടുമെന്ന് ധരിക്കുക സാധ്യമല്ലല്ലോ?! അതിനാൽ ഈ പറഞ്ഞവരൊന്നും സലഫുകൾ എന്ന പദവിവക്ഷയിൽ ഉൾപ്പെടുകയില്ല. ചുരുക്കത്തിൽ ഇസ്ലാമിന്റെ ആദ്യകാലഘട്ടത്തിൽ ഉണ്ടാവുക എന്നത് മാത്രം ഒരാൾ സലഫുകളിൽ ഉൾപ്പെടാൻ മതിയായ കാരണമാവില്ല.
എന്താണ് സലഫിയ്യതും മൻഹജുസ്സലഫും?
നബി -ﷺ- യിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച സ്വഹാബികളുടെയും താബിഈങ്ങളുടെയും തബഉത്താബിഈങ്ങളുടെയും അവരുടെ വഴി പിന്തുടർന്ന മുൻഗാമികളുടെയും മാർഗമാണ് സലഫി മൻഹജ്.
മേൽ പറഞ്ഞ സലഫുകളിലേക്കും അവരുടെ മാർഗത്തിലേക്കും ചേർന്നു നിൽക്കുകയും, വിശ്വാസത്തിലും ആരാധനാകർമ്മങ്ങളിലും സ്വഭാവസംസ്കാരങ്ങളിലും അവരെ പിൻപറ്റുക എന്ന മാർഗരീതി സ്വീകരിക്കുകയും ചെയ്യലാണ് സലഫിയ്യഃ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് അഹ്ലുസ്സുന്നത്തിന്റെ ഒന്നാമത്തെ അടിസ്ഥാനമാണെന്നതിൽ സംശയമില്ല.
قَالَ الإِمَامُ أَحْمَدُ: «أُصُولُ السُّنَّةِ عِنْدَنَا التَّمَسُّكُ بِمَا كَانَ عَلَيْهِ أَصْحَابُ رَسُولِ اللَّهِ -ﷺ- وَالاقْتِدَاءُ بِهِمْ»
ഇമാം അഹ്മദ് -رَحِمَهُ اللَّهُ- അഹ്ലുസ്സുന്നതിന്റെ വിശ്വാസം വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ ഉസ്വൂലുസ്സുന്നയുടെ ആരംഭത്തിൽ പറയുന്നു: “നബി -ﷺ- യുടെ സ്വഹാബികൾ എന്തൊന്നിലായിരുന്നോ, അതിനെ മുറുകെ പിടിക്കലും, അത് മാതൃകയാക്കലും നമ്മുടെ അടുക്കൽ അഹ്ലുസ്സുന്നത്തിന്റെ അടിത്തറകളാണ്.”
ഇപ്രകാരം സലഫിന്റെ മാർഗത്തിലേക്ക് ചേർന്നു നിൽക്കുകയും, അത് പിൻപറ്റുകയും ചെയ്യുക എന്നതാണ് പരലോകരക്ഷ ആഗ്രഹിക്കുന്ന ഓരോ മുസ്ലിമിന്റെയും മേലുള്ള നിർബന്ധ ബാധ്യത എന്നതിൽ സംശയമില്ല.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ- പറയുന്നു: “സലഫിന്റെ മാർഗം പ്രകടമാക്കുകയും, അതിലേക്ക് സ്വയം ചേർത്തി പറയുകയും, അതിൽ പ്രതാപം നടിക്കുകയും ചെയ്യുന്നതിൽ യാതൊരു ന്യൂനതയുമില്ല. മറിച്ച് അപ്രകാരം ചെയ്യുന്നവരിൽ നിന്ന് അത് യോജിപ്പോടെ സ്വീകരിക്കുക എന്നതാണ് നിർബന്ധമായിട്ടുള്ളത്. കാരണം സലഫുകളുടെ മാർഗം (മൻഹജുസ്സലഫ്) ഒരിക്കലും സത്യമല്ലാതെ ആവുകയില്ല.” (മജ്മൂഉൽ ഫതാവാ: 4/149)
സ്വഹാബികളും അവരെ നല്ല രൂപത്തിൽ പിൻപറ്റിയവരും ദീനിന്റെ കാര്യങ്ങളിൽ നിലകൊണ്ട മാർഗത്തിൽ തന്നെ നിലകൊള്ളുകയും, വിശ്വാസത്തിലും അനുഷ്ഠാനങ്ങളിലും സ്വഭാവസംസ്കാരങ്ങളിലും അവരോട് ചേർന്നു നിൽക്കുകയും ചെയ്യലാണ് സലഫിയ്യത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ദീനിന്റെ കാര്യത്തിൽ സ്വഹാബികൾ സ്വീകരിച്ച മാർഗം ഉൾക്കൊള്ളുകയും, ഖുർആനും ഹദീഥും അവർ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുകയും, അവരുടെ വിശ്വാസം ഇസ്ലാമിക വിശ്വാസമായി സ്വീകരിക്കുകയും, സാമൂഹികസ്വഭാവ മേഖലകളിൽ അവരെ മാതൃകയാക്കുകയും ചെയ്യലാണ് മൻഹജുസ്സലഫ്.
Enik salafikalekkalum nalla iklasullavarayi thonnar thableegukareyan exceptions might be there..