അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സ്നേഹവും വെറുപ്പും ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നാണ്. ഒരു മുസ്‌ലിം മറ്റൊരുവനെ സ്നേഹിക്കുന്നതിന് പിന്നില്‍ ദുനിയാവിലെ യാതൊരു കാരണങ്ങളും -പണമോ സ്ഥാനമോ മറ്റോ ഒന്നും തന്നെ- ഇല്ല. മുസ്‌ലിംകള്‍ പരസ്പരം സ്നേഹിക്കുന്നത് പോലും അല്ലാഹുവിന്റെ ദീനിന്റെ പേരിലാണെങ്കില്‍ പിന്നെങ്ങനെയാണ് അവര്‍ -ഈ ദീനില്‍ പ്രവേശിക്കുക പോലും ചെയ്തിട്ടില്ലാത്ത- കാഫിറിനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുക?! അതൊരിക്കലും സംഭവിക്കുകയില്ല.

അല്ലാഹു -تَعَالَى- പറഞ്ഞു:

«لَا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ أُولَئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ»

“അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ അവരുടെ പിതാക്കളോ, പുത്രന്മാരോ, സഹോദരന്മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളിലാണ് അല്ലാഹു ഈമാന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.” (മുജാദില: 22)

അല്ലാഹു -تَعَالَى- പറഞ്ഞു:

«يَاأَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاءَ تُلْقُونَ إِلَيْهِمْ بِالْمَوَدَّةِ وَقَدْ كَفَرُوا بِمَا جَاءَكُمْ مِنَ الْحَقِّ»

“ഹേ; മുഅ്മിനീങ്ങളേ, എന്റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട് സ്നേഹബന്ധം സ്ഥാപിച്ച് കൊണ്ട് നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്. നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കുകയാണ് (കാഫിറുകളായിരിക്കുന്നു).” (മുംതഹന: 1)

കാഫിറുകളോട് സ്നേഹബന്ധം വെച്ചുപുലര്‍ത്തരുത് എന്നറിയിക്കുന്ന ആയത്തുകള്‍ ഖുര്‍ആനില്‍ ധാരാളമുണ്ട്. ചില പണ്ഡിതന്മാര്‍ പറഞ്ഞതു പോലെ -ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ തെളിവുകള്‍ വന്നിട്ടുള്ളത് ഈ വിഷയത്തിലാണ്-. എന്നാല്‍, ഇതോടൊപ്പം തന്നെ ഇസ്‌ലാമിനോടും മുസ്‌ലിംകളോടും യുദ്ധം ചെയ്യണമെന്ന് ആഗ്രഹിക്കാത്ത, അവരോട് നന്മയില്‍ വര്‍ത്തിക്കുന്ന കാഫിറുകളോട് നീതി പുലര്‍ത്തണമെന്ന് ഖുര്‍ആനിലെ മറ്റു ചില ആയത്തുകളില്‍ അല്ലാഹു -تَعَالَى- കല്‍പ്പിച്ചിരിക്കുന്നു.

«إِنَّمَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُمْ مِنْ دِيَارِكُمْ وَظَاهَرُوا عَلَى إِخْرَاجِكُمْ أَنْ تَوَلَّوْهُمْ وَمَنْ يَتَوَلَّهُمْ فَأُولَئِكَ هُمُ الظَّالِمُونَ»

“മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത്- അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍.” (മുംതഹന: 9)

«لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ»

“മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” (മുംതഹന: 8)

നബി -ﷺ- അബൂ ത്വാലിബിനെ പോലുള്ള ചില കാഫിറുകളോട് അവരുടെ ജീവിതകാലത്തില്‍ നല്ല രൂപത്തില്‍ വര്‍ത്തിച്ചതും, നബി-ﷺ-യുടെ സ്വഭാവത്തെ കുറിച്ച് കാഫിറുകളില്‍ ചിലര്‍ പുകഴ്ത്തി പറഞ്ഞതുമെല്ലാം ഹദീഥുകളിലും കാണാം.

ഒരിടത്ത് കാഫിറുകളോട് സ്നേഹബന്ധം വെച്ചു പുലര്‍ത്തരുതെന്നും, മറ്റു ചില സ്ഥലങ്ങളില്‍ അവരോട് നീതിപൂര്‍വ്വം പെരുമാറണമെന്നും നന്മ കാണിക്കണമെന്നും അല്ലാഹു -تَعَالَى- കല്‍പ്പിച്ചിരിക്കുന്നു. ഇത് ചിലര്‍ക്ക് ഈ വിഷയത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നു. എങ്ങനെയാണ് ഇവ ഒരുമിപ്പിക്കേണ്ടത് എന്ന് അവര്‍ക്ക് മനസ്സിലാകാത്തതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെ പലരും ഒന്നല്ലെങ്കില്‍ ഈ വിഷയത്തില്‍ അതിരു കവിയുകയോ, അല്ലെങ്കില്‍ തീര്‍ത്തും അലസത കാണിക്കുകയോ ചെയ്യുന്നതായി കാണാം.

ചിലര്‍ കാഫിറുകളോട് യാതൊരു ബാധ്യതയും നമുക്കില്ലെന്ന് ധരിച്ചു വെക്കുകയും, അവരോട് യാതൊരു നന്മയും കാണിക്കാതിരിക്കുകയും, അവരെ കണ്ടാല്‍ ഉടന്‍ ദേഷ്യം പ്രകടിപ്പിക്കുകയും, സാധിക്കുമെങ്കില്‍ ഉപദ്രവിക്കണമെന്നു വരെ ധരിച്ചു വെക്കുകയും ചെയ്തിരിക്കുന്നു. ഇസ്‌ലാമിന് ദുര്‍ബലതയുള്ള -ഇന്ത്യ പോലുള്ള നാടുകളില്‍- ഇത്തരക്കാരുടെ വിവരക്കേടിന് മുസ്‌ലിംകള്‍ നല്‍കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. അവരുടെ ജീവനും കുടുംബത്തിനും സമ്പത്തിനും മേല്‍ അമുസ്‌ലിംകള്‍ അതിക്രമം അഴിച്ചു വിടുന്നതിനും, അവരുടെ നിര്‍ഭയത്വം നഷ്ടപ്പെടുന്നതിനുമാണ് ഇത് കാരണമാവുക.

മറ്റൊരു വിഭാഗം കാഫിറുകളോട് ബഹുമാനവും ആദരവും വെച്ചു പുലര്‍ത്തുകയും, അവരെ ബഹുമാന്യരെന്നും സഹോദരങ്ങളെന്നുമൊക്കെ വിശേഷിപ്പിക്കുകയും, മുസ്‌ലിംകളുടെ സദസ്സുകളില്‍ അവര്‍ക്ക് പ്രധാനസ്ഥാനം നല്‍കുകയും, ചിലപ്പോഴെല്ലാം മുസ്‌ലിംകളെക്കാള്‍ അവര്‍ക്ക് സ്ഥാനവും ആദരവും കല്‍പ്പിക്കുകയും ചെയ്യുന്നു. ഇതും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും അങ്ങേയറ്റം ദോഷമുണ്ടാക്കുന്നത് തന്നെ. അവരിലേക്ക് മുശ്രിക്കുകളുടെ ആചാരങ്ങള്‍ പടിപടിയായി കടന്നു വരുന്നതിനും, ശിര്‍ക്കിലും അന്ധവിശ്വാസങ്ങളിലും മുസ്‌ലിംകള്‍ പതിക്കുന്നതിനുമാണ് ഈ ‘ചങ്ങാത്തം’ കാരണമാവുക.

ആദ്യത്തെ വിഭാഗം കാഫിറുകളോട് അകല്‍ച്ച പ്രഖ്യാപിക്കേണ്ടതായി കല്‍പ്പിക്കുന്ന ആയത്തുകള്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് ന്യായമായി ഉയര്‍ത്തിപ്പിടിക്കുന്നുവെങ്കില്‍, രണ്ടാമത്തെ കക്ഷി കുഫ്റിന്റെ വക്താക്കളോട് നീതി പാലിക്കേണ്ട വിഷയത്തില്‍ വന്ന ആയത്തുകള്‍ മാത്രം ഉയര്‍ത്തി പിടിക്കുന്നു. രണ്ടും പേരും ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് അതിരു കവിഞ്ഞവരോ അലസത കാണിച്ചവരോ ആണ്.

ഈ വിഷയത്തില്‍ ശരിയായ നിലപാട് മദ്ധ്യമസമീപനം സ്വീകരിച്ചവരുടേതാണ്. അവര്‍ കാഫിറുകളെ സ്നേഹിക്കരുതെന്ന് വിലക്കുന്ന ആയത്തുകളെയും, അവരോട് നീതി പുലര്‍ത്തണമെന്ന് ഓര്‍മ്മപ്പെടുത്തുന്ന തെളിവുകളെയും ഒരു പോലെ പ്രാവര്‍ത്തികമാക്കുന്നു.

മാലികി പണ്ഡിതന്മാരില്‍ പ്രമുഖനായ അബുല്‍ അബ്ബാസ് അല്‍-ഖറാഫി തന്റെ പ്രസിദ്ധ ഗ്രന്ഥമായ ‘അല്‍-ഫുറൂഖ്’ എന്ന ഗ്രന്ഥത്തില്‍ ഈ വിഷയ സംബന്ധമായി എഴുതിയതിന്റെ ആശയസംഗ്രഹം താഴെ കുറിക്കുന്നത് ഇവ്വിഷയകമായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് സഹായകമാകും എന്ന് കരുതുന്നു.

ഇസ്‌ലാമിന് പ്രതാപവും ശക്തിയുമുള്ള മുസ്‌ലിം നാടുകളില്‍ കാഫിറുകളോട് സ്വീകരിക്കേണ്ട സമീപനത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. നമ്മെ പോലെ -കുഫ്റിന്റെ നാട്ടില്‍ താമസിക്കുന്ന മുസ്‌ലിംകള്‍ക്ക്- ഇതിലെന്താണ് പാഠമുള്ളതെന്ന് ചിലര്‍ ചോദിച്ചേക്കാം.

ശരിയാണ്! നമ്മുടെ അവസ്ഥ അവരില്‍ നിന്ന് ഒരു നിലക്ക് വ്യത്യസ്തമാണ്. ഇസ്‌ലാമിന്റെ രാജ്യത്ത് നമ്മള്‍ -മുസ്‌ലിംകളോട്- കരാറിലേര്‍പ്പെട്ടു ജീവിക്കുന്നവര്‍ കാഫിറുകളാണെങ്കില്‍, കുഫ്റിന്റെ രാജ്യത്തെ -കാഫിറുകളോട്- കരാറിലേര്‍പ്പെട്ടു കൊണ്ട് ജീവിക്കുന്നത് മുസ്‌ലിംകളാണ്. എന്നാല്‍ പരസ്പരം കരാറിലേര്‍പ്പെട്ടവര്‍ എന്ന നിലക്ക് ഇരുവിഭാഗങ്ങളും തമ്മില്‍ സാമ്യത നിലനില്‍ക്കുന്നുണ്ട്. ഈ സാമ്യത -കരാറിലേര്‍പ്പെട്ടു എന്നത്- നമുക്കും ഈ പറയുന്ന പല കാര്യങ്ങളും ബാധകമാണെന്നതിന് തെളിവാണ്.

ചുരുക്കത്തില്‍, ഖറാഫിയുടെ ഈ വിഷയത്തിലുള്ള സംസാരം പല പാഠങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. വലാഉം ബറാഉമായി ബന്ധപ്പെട്ട പല സംശയങ്ങളും ദൂരീകരിക്കാന്‍ ഇത് സഹായകമാകുമെന്ന് കരുതുന്നു. അല്ലാഹുവാണ് തൌഫീഖും ഹിദായതും നല്‍കുന്നവന്‍.

(മുന്‍ഗാമികളില്‍ പെട്ട ഒരു പണ്ഡിതന്റെ വാക്കുകളായതിനാല്‍ ആശയവിവര്‍ത്തനമാണ് താഴെ നല്‍കിയിട്ടുള്ളത്.)

ഖറാഫി പറഞ്ഞു: (അന്‍വാറുല്‍ ബുറൂഖ് ഫീ അന്‍വാഇല്‍ ഫുറൂഖ്: 3/14-16)

‘കാഫിറുകളോട് നന്മ കാണിക്കുക എന്നത് അല്ലാഹു കല്‍പ്പിച്ച കാര്യങ്ങളില്‍ പെട്ടതാണ്. എന്നാല്‍ അവരോട് സ്നേഹബന്ധം വെച്ചു പുലര്‍ത്തുന്നതും, ആത്മബന്ധം സ്ഥാപിക്കുന്നതും അവന്‍ വിലക്കുകയും ചെയ്തിരിക്കുന്നു. ഈ രണ്ട് കാര്യങ്ങളും ചിലപ്പോള്‍ കൂടിക്കലര്‍ന്നേക്കാവുന്ന വിഷയമാണ്. അതിനാല്‍ ഇവ രണ്ടും വേര്‍തിരിക്കേണ്ടതുണ്ട്.

എന്താണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം?!

മുശ്രിക്കുകളുമായി കരാറിലേര്‍പ്പെട്ടു കഴിഞ്ഞാല്‍ പ്രസ്തുത കരാര്‍ അവരുടെ കാര്യത്തില്‍ നമ്മുടെ മേല്‍ ചിലതെല്ലാം ബാധ്യതയാക്കുന്നു. കാരണം കരാറിലേര്‍പ്പെട്ടതോടു കൂടി അവര്‍ നമ്മുടെ സംരക്ഷണത്തിലാണ്. അല്ലാഹുവിന്റെയും റസൂലിന്റെയും ഇസ്‌ലാം ദീനിന്റെയും സംരക്ഷണം ഇനി മുതല്‍ (കരാറിന്റെ കാലവധി അവസാനിക്കുവോളം) അവര്‍ക്കുണ്ട്.

ഇനി ആരെങ്കിലും അവരുടെ മേല്‍ എന്തെങ്കിലും മോശം വാക്കുകളാലോ, പരദൂഷണം പറഞ്ഞു കൊണ്ടോ, അവരുടെ അഭിമാനത്തെ വ്രണപ്പെടുത്തിയോ, മറ്റെന്തെങ്കിലും ഉപദ്രവങ്ങള്‍ ചെയ്തു കൊണ്ടോ അനീതി പ്രവര്‍ത്തിച്ചാല്‍ അവന്‍ അല്ലാഹുവിന്റെയും റസൂലിന്റെയും ഇസ്‌ലാം ദീനിന്റെയും സംരക്ഷണം ഇല്ലാതാക്കിയിരിക്കുന്നു. ഒരു നാട്ടില്‍ നമ്മുടെ (ഇസ്‌ലാമിന്റെയും മുസ്‌ലിമീങ്ങളുടെയും) ഭരണം നിലനില്‍ക്കെ അവിടെയുള്ള കരാറിലേര്‍പ്പെട്ട മുശ്രിക്കുകളെ അക്രമിക്കണമെന്ന ഉദ്ദേശത്തില്‍ ആരെങ്കിലും യുദ്ധത്തിന് വന്നാല്‍; -കരാറിലേര്‍പ്പെട്ട മുശ്രിക്കുകളെ സഹായിക്കുന്നതിനായി- അവര്‍ക്കെതിരെ യുദ്ധത്തിന് പുറപ്പെടേണ്ടത് നമ്മുടെ മേല്‍ ബാധ്യതയാണ്.

അല്ലാഹുവിന്റെയും റസൂലിന്റെയും ഇസ്‌ലാം ദീനിന്റെയും സംരക്ഷണത്തിന് കീഴില്‍ ജീവിക്കുന്നവര്‍ക്ക് വേണ്ടി നാം മരണം വരിക്കേണ്ടി വന്നാല്‍ അതിനും തയ്യാറാകണം. അവരെ ഉപദ്രവിക്കാന്‍ വന്ന ശത്രുക്കളുടെ കൈകളിലേക്ക് -ഒരെതിര്‍പ്പും കൂടാതെ- അവരെ വിട്ടു കൊടുക്കുക എന്നത് കരാറിനെ അവഗണിക്കലാണ്. ഇക്കാര്യത്തില്‍ ഇജ്മാഉള്ളതായി (മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ ഏകാഭിപ്രായം) ഇബ്‌നു ഹസ്മ് പറഞ്ഞിരിക്കുന്നു.

മുസ്‌ലിംകളുടെ ജീവനും സമ്പാദ്യവും ചിലപ്പോള്‍ ഈ കരാര്‍ പാലിക്കുന്നതിനായി -നമ്മോട് കരാറിലേര്‍പ്പെട്ട മുശ്രിക്കുകളെ സംരക്ഷിക്കുന്നതിനായി- നഷ്ടപ്പെടുത്തേണ്ടി വന്നേക്കാം; കാരണം ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം കരാര്‍ പാലനമെന്നത് വളരെ ഗൗരവമുള്ള കാര്യമാണ്.

കരാര്‍ പാലിക്കുക എന്നതും, കരാറിലേര്‍പ്പെട്ടവരോട് നല്ല രീതിയില്‍ വര്‍ത്തിക്കുക എന്നതുമെല്ലാം ഇത്ര മാത്രം പ്രാധാന്യമുള്ളതാണെങ്കിലും; മറ്റൊരു കാര്യം കൂടി ഇതോടൊപ്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പറഞ്ഞ കരാര്‍ പാലനവും മറ്റുമൊന്നും തന്നെ അവരോട് -കാഫിറുകളോട്- ഹൃദയത്തില്‍ വേരൂന്നിയ സ്നേഹത്തിലേക്കോ, കുഫ്റിന്റെ അടയാളങ്ങളെ ആദരിക്കുന്നതിലേക്കോ നമ്മെ നയിക്കരുത്. അത്തരം അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ടെങ്കില്‍ അത് നിഷിദ്ധമാണ്. ഖുര്‍ആനിലെ ആയത്തുകളിലും മറ്റും വിലക്കപ്പെട്ട പരിധിയില്‍ അത് ഉള്‍പ്പെടുകയും ചെയ്യും.

ഉദാഹരണത്തിന്; അവര്‍ വരുമ്പോള്‍ അവര്‍ക്ക് വേണ്ടി ഇരിപ്പിടം ഒഴിഞ്ഞു കൊടുത്തും എഴുന്നേറ്റ് നിന്നും ബഹുമാനം കാണിക്കുക, മഹത്വവും ബഹുമാനവും ദ്യോതിപ്പിക്കുന്ന പേരുകളില്‍ അവരെ വിളിക്കുക എന്നതു പോലുള്ള കാര്യങ്ങള്‍. ഇതെല്ലാം നിഷിദ്ധമാണ്. വഴിയിലെ വിശാലമായ സ്ഥലം അവര്‍ക്ക് വേണ്ടി ഒഴിച്ചിട്ടു നല്‍കലും, അവര്‍ക്ക് ഏറ്റവും സൗകര്യപ്രദവും എളുപ്പവുമുള്ള മാര്‍ഗങ്ങള്‍ ഒരുക്കി നല്‍കുക എന്നതും, പ്രയാസമുള്ളതും ബുദ്ധിമുട്ടുള്ളതും ഇടുങ്ങിയതുമായ വഴികള്‍ നാം സ്വീകരിക്കലുമെല്ലാം മേല്‍ പറഞ്ഞതു പോലെ തന്നെ നിഷിദ്ധമാണ്.  [1]

പൊതുവെ, രാജാക്കന്മാരോട് പ്രജകളും, പിതാവിനോട് മക്കളുമൊക്കെ ചെയ്യുന്നതു പോലെയുള്ള ആദരവാണിത്. ഈ ആദരവും ബഹുമാനവുമൊന്നും അവര്‍ക്ക് നല്‍കരുത്; കാരണം അത് ശിര്‍ക്കിന്റെയും കുഫ്റിന്റെയും അടയാളങ്ങളെ ആദരിക്കലും അല്ലാഹുവിന്റെയും അവന്റെ ദീനിന്റെയും അതിന്റെ വക്താക്കളുടെയും അടയാളങ്ങളെ അനാദരിക്കലുമാണ്. അധികാരസ്ഥാനങ്ങളില്‍ അവര്‍ക്ക് പദവി നല്‍കലും, മുസ്‌ലിമീങ്ങളുടെ മേല്‍ അധികാരം നല്‍കുന്ന സ്ഥാനങ്ങള്‍ അവര്‍ക്ക് നല്‍കലും, അവര്‍ക്ക് ഔന്നത്യവും അധികാരവും പ്രകടിപ്പിക്കാന്‍ സാധിക്കുന്ന ജോലികള്‍ നല്‍കലുമെല്ലാം ഈ പറഞ്ഞതില്‍ തന്നെയാണ് ഉള്‍പ്പെടുക. അവയെല്ലാം നിഷിദ്ധമാണ്.

(ഈ പറഞ്ഞ പദവികളെല്ലാം) വളരെ വിനിയത്തോടും അവധാനതയോടുമാണ് അവര്‍ കൈകാര്യം ചെയ്യുന്നതെങ്കിലും അവര്‍ക്കത് നല്‍കാന്‍ പാടില്ല; കാരണം അധികാരപദവിയിലിരിക്കുന്നവര്‍ അത്തരം നല്ല സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുക എന്നത് നേതൃഗുണവും രാഷ്ട്രീയ മേന്മയുമാണ് പ്രകടമാക്കുന്നത്. (ക്രമേണ മുസ്‌ലിംകളില്‍ സ്വാധീനം ചെലുത്താന്‍ അത് കാരണമാകും; മാത്രമല്ല,) അതെല്ലാം അവര്‍ക്ക് ഉന്നതമായ സ്ഥാനങ്ങള്‍ ലഭിക്കാനാണ് കാരണമാവുക.

അങ്ങനെ അവര്‍ക്ക് പദവി ലഭിക്കാന്‍ നമ്മള്‍ കാരണക്കാരായി കൂട. അതിന്റെ പേരില്‍ അവര്‍ പിന്നീട് സമൂഹത്തില്‍ ആദരിക്കപ്പെടാനും മറ്റും സാധ്യതയുമുണ്ട്. ഇതെല്ലാം നിരോധിക്കപ്പെട്ടതാണ്. ഇതേ പോലെ തന്നെയാണ് ഒരു മുസ്‌ലിം അവരുടെ കീഴില്‍ വേലക്കാരനോ കേട്ടതെല്ലാം അനുസരിക്കാന്‍ ബാധ്യതസ്ഥയുള്ള ജോലിക്കാരനോ ആയി നില്‍ക്കുന്നതും പാടില്ല. എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ അത് പരിഹരിക്കുന്നതിന് തന്റെ വകീലായി ഒരു അമുസ്‌ലിമിനെ നിയോഗിക്കുക എന്നതും ശരിയല്ല. ഇതെല്ലാം മുസ്‌ലിമിന്റെ മേല്‍ അവര്‍ക്ക് -കാഫിറുകള്‍ക്ക്- അധികാരം നല്‍കുന്നതാണ്.

എന്നാല്‍ -ഹൃദയത്തില്‍ സ്നേഹം വെച്ചു പുലര്‍ത്താതെ- അവരോട് നന്മ കാണിക്കണമെന്ന് പറഞ്ഞതിന്റെ ഉദ്ദേശമാകട്ടെ; അവരിലെ ദരിദ്രരെ സഹായിക്കലും, വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കലും, വേണ്ടവര്‍ക്ക് വസ്ത്രവും മറ്റും നല്‍കലും, അവരോട് നല്ല രൂപത്തില്‍ സംസാരിക്കലുമെല്ലാമാണ്. ഇതെല്ലാം അവരോടുള്ള നമ്മുടെ കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഭാഗമായി ചെയ്യുന്നതാണ്; അവരെ ഭയന്നു കൊണ്ടോ അപമാനിതരായോ ചെയ്യേണ്ടതല്ല.

അവര്‍ക്ക് ഹിദായതിന് വേണ്ടി പ്രാര്‍ഥിക്കുക എന്നതും, അവരുടെ ദീനിന്റെയും ദുനിയാവിന്റെയും കാര്യത്തില്‍ അവരെ ഗുണകാംക്ഷിക്കലുമെല്ലാം അനുവദനീയമാണ്. അവരുടെ അഭാവത്തില്‍ അവരുടെ കുടുംബത്തെയോ സമ്പാദ്യത്തെയോ അഭിമാനത്തെയോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് നാം അവര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യണം.

അവരുടെ എല്ലാ അവകാശങ്ങളും വകവെച്ചു നല്‍കുകയും, അവരോട് ആരെങ്കിലും അതിക്രമം ചെയ്യുന്നെങ്കില്‍ അതില്‍ നിന്ന് തടയുകയും വേണം. ചുരുക്കത്തില്‍, ഔന്നത്യമുള്ളവര്‍ തനിക്ക് കീഴിലുള്ളവരോട് ചെയ്യുന്ന എല്ലാ നന്മയും അവരുടെ കാര്യത്തിലും അനുവദനീയമാണ്. ഒരു ശത്രുവിനോട് ഇടപഴുകുമ്പോള്‍ അനുവദിക്കപ്പെട്ട എല്ലാ മര്യാദകളും അവരോടും പാലിക്കണം. അതെല്ലാം മാന്യമായ സ്വഭാവഗുണങ്ങളില്‍ പെട്ടതാണ്. അവരോട് നാം ചെയ്യുന്ന എല്ലാ നന്മകളും ഉപകാരങ്ങളും ഈ ഗണത്തില്‍ പെടുന്നതാണ്. അല്ലാതെ, അവരെ ആദരിച്ചു കൊണ്ടോ അവര്‍ക്ക് പ്രമാദിത്വം കല്‍പ്പിച്ചു കൊണ്ടോ അല്ല. അവര്‍ക്ക് നാം ചെയ്തു കൊടുക്കുന്ന നന്മകള്‍ ഒന്നും തന്നെ നാം സ്വയം തരംതാഴുന്നതിന് കാരണമാകാന്‍ പാടില്ല.

അവര്‍ നമ്മോടും നമ്മുടെ ദീനിനോടും അതിന്റെ വിധിവിലക്കുകളോടും ശത്രുത വെച്ചു പുലര്‍ത്തുന്നവരാണെന്നും, നമ്മുടെ റസൂലിനെ കളവാക്കുന്നവരാണെന്നതും നീ ഒരിക്കലും മറക്കരുത്. സാധ്യമായാല്‍ നമ്മെ വേരോടെ പിഴുതുകളയാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും, നമ്മുടെ രക്തവും സമ്പാദ്യവും ആഗ്രഹിക്കുന്നവരാണ് അവരെന്നുമുള്ള കാര്യവും നീ ഓര്‍ക്കാതെ പോകരുത്. നമ്മുടെ റബ്ബിനോട് അങ്ങേയറ്റത്തെ ധിക്കാരം കാണിച്ചവരാണ് അവരെന്നതും നമ്മുടെ മനസ്സിലുണ്ടാകട്ടെ. ഈ പറഞ്ഞ മ്ലേഛതകളെല്ലാം അവരിലുണ്ടായിട്ടും അവരോട് നാം നല്ല രൂപത്തില്‍ പെരുമാറുന്നത് നമ്മുടെ റബ്ബിന്റെ കല്‍പ്പന പാലിക്കുന്നത് കൊണ്ടു മാത്രമാണ്. അവരോടുള്ള ഇഷ്ടവും ബഹുമാനവും കാരണത്താലല്ല.

നമ്മുടെ മനസ്സില്‍ നാം മറക്കാതെ സൂക്ഷിക്കുന്ന അവരോടുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അടയാളങ്ങള്‍ നാം പുറത്തു കാണിക്കില്ലെന്ന് മാത്രം. കാരണം അവരുമായി കരാറിലേര്‍പ്പെട്ടു എന്നത് നമ്മെ അതില്‍ നിന്നെല്ലാം തടയുന്നു. നമ്മുടെ മനസ്സുകളില്‍ അവരോടുള്ള സ്നേഹം കടന്നു വരാതിരിക്കുന്നതിനായി അവരുടെ അങ്ങേയറ്റം മ്ലേഛത നിറഞ്ഞ തിന്മകളും, അല്ലാഹുവിനോടുള്ള ധിക്കാരവും നാം ഓര്‍ക്കുക.

ശൈഖ് അബൂ വലീദ് അത്വുര്‍ത്വൂശി -رَحِمَهُ اللَّهُ- യുടെ ജീവിതത്തിലെ ഒരു സംഭവം നോക്കൂ! ഒരിക്കല്‍ അദ്ദേഹം മിസ്വ്റിലെ ഖലീഫയെ സന്ദര്‍ശിക്കാനായി ചെന്നു. ഖലീഫയുടെ അടുക്കല്‍ പരിഗണനീയമായ സ്ഥാനമുള്ളവരായിരുന്നു ത്വുര്‍തൂഷി -رَحِمَهُ اللَّهُ-. ആ സമയം നസ്വ്റാനികളിലെ ഒരു പുരോഹിതനെ തന്റെ മന്ത്രിയായി ഖലീഫ നിശ്ചയിച്ചിരുന്നു. മുസ്‌ലിംകളുടെ മേല്‍ നടപ്പാക്കേണ്ട തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അയാളോട് ഖലീഫ കൂടിയാലോചിക്കുമായിരുന്നു. ഇയാളാകട്ടെ തന്റെ വിഷം പുരണ്ട ചിന്തകള്‍ ഖലീഫയുടെ മനസ്സില്‍ കുത്തിവെച്ചു കൊണ്ടിരിക്കുകയും ചെയ്യും.

ത്വുര്‍തൂഷി പ്രവേശിച്ചപ്പോള്‍ ഖലീഫ ഈ നസ്വ്റാനിയോടൊപ്പം ഇരിക്കുകയാണ്. അയാളുടെ സാന്നിധ്യത്തിലുള്ള ദേഷ്യം മുഖത്ത് പ്രകടമാക്കി കൊണ്ടാണ് ശൈഖ് അവിടേക്ക് കടന്നു ചെന്നത്. രാജാവിന്റെ മുന്നില്‍ അദ്ദേഹം ഒരു കവിത പാടി. അതിന്റെ സാരം ഇപ്രകാരമാണ്: ‘അല്ലയോ രാജാവേ! താങ്കള്‍ക്ക് ശ്രേഷ്ഠതയുണ്ടാവാന്‍ കാരണക്കാരായ അല്ലാഹുവിന്റെ റസൂല്‍; അവിടുന്ന് കള്ളനാണെന്നാണ് ഇയാള്‍ പറയുന്നത്.’

അല്ലാഹുവിന്റെ റസൂലിനെ -അവിടുന്ന് കാരണത്താലാണ് ഈ ഉമ്മത്തിനും അവരുടെ ഭരണാധികാരിയായ രാജാവിനും ശ്രേഷ്ഠതയും ആദരവും ലഭിച്ചത്-; അവിടുത്തെ കളവാക്കുന്നവനാണ് ഈ നസ്വ്റാനി പുരോഹിതന്‍ എന്ന് ഖലീഫയെ ഓര്‍മ്മിപ്പിക്കാനാണ് ശൈഖ് ഉദ്ദേശിച്ചത്. ഇത് കേട്ടതോടെ ഖലീഫയുടെ ദേഷ്യം ശക്തമായി. ഇയാളുടെ അരികില്‍ ഇരിക്കുന്നതും, സ്നേഹം പ്രകടിപ്പിക്കുന്നതും ശരിയല്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി. അദ്ദേഹം ഈ പുരോഹിതന് ശിക്ഷ നല്‍കാന്‍ കല്‍പ്പിച്ചു… ത്വുര്‍തൂഷിയെ ഖലീഫ ആദരവോടെ സ്വീകരിക്കുകയും അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു.

ഉമര്‍ -ِرَضِيَ اللَّهُ عَنْهُ- പറയാറുണ്ടായിരുന്നു: “നിങ്ങള്‍ കരാറിലേര്‍പ്പെട്ട കാഫിറുകളെ തരംതാഴ്ത്തുക; എന്നാല്‍ അവരോട് അതിക്രമം ചെയ്യരുത്.”

ഒരിക്കല്‍ അബൂ മൂസല്‍ അശ്അരി -ِرَضِيَ اللَّهُ عَنْهُ- ഉമര്‍-ِرَضِيَ اللَّهُ عَنْهُ-വിന് ഒരെഴുത്തയച്ചു. അതില്‍ അദ്ദേഹം ബസ്വ്റയിലുള്ള ഒരു നസ്വ്റാനിയെ കുറിച്ച് സൂചിപ്പിച്ചു. ജനങ്ങളില്‍ നിന്ന് പിരിക്കുന്ന ജിസ്യ പോലുള്ളവ പിരിക്കാന്‍ ഒരാള്‍ക്കും അറിവില്ലെന്നും, ഇയാള്‍ക്കാണ് അതിന് നന്നായി കഴിയുക എന്നും അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു. മറ്റൊരാളും ഇല്ലാത്തത് കൊണ്ട് ഇയാളെ ആ സ്ഥാനത്ത് നിശ്ചയിച്ചു കൂടെ എന്ന അന്വേഷണവും കത്തിലുണ്ടായിരുന്നു. എന്നാല്‍ അപ്രകാരം ചെയ്യുന്നത് വിലക്കി കൊണ്ട് ഉമര്‍ -ِرَضِيَ اللَّهُ عَنْهُ- അദ്ദേഹത്തിന് തിരിച്ചു കത്തെഴുതി. “ആ നസ്വ്റാനിയെങ്ങാനും മരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യുമായിരുന്നുവെന്ന് ആലോചിക്കുക.” – ഉമര്‍ കത്തില്‍ പറഞ്ഞു.

ചുരുക്കത്തില്‍; അവരോട് നന്മ കാണിക്കണമെന്ന് അല്ലാഹു കല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ അവരോട് സ്നേഹബന്ധം വെച്ചു പുലര്‍ത്തുക എന്നതും, അവരെ ഉറ്റസുഹൃത്തുക്കളാക്കുക എന്നതും വിലക്കപ്പെട്ടിരിക്കുന്നു. ഇവ രണ്ടും പ്രാധാന്യമുള്ള രണ്ട് അടിസ്ഥാനങ്ങളാണ്. ഒന്ന് നിഷിദ്ധവും മറ്റൊന്ന് കല്‍പ്പിക്കപ്പെട്ടതും. ഉദാഹരണങ്ങളോടെ വിശദമായി അക്കാര്യം നാം വിശദീകരിച്ചു കഴിഞ്ഞു. ഇനി നീ കൂടുതല്‍ ചിന്തിക്കുക.”

ഖറാഫിയുടെ വാക്ക് ഇവിടെ അവസാനിക്കുന്നു.

അടിക്കുറിപ്പുകള്‍:

[1] ഈ പറഞ്ഞ നിയമങ്ങളില്‍ ചിലത് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും പ്രതാപവും ശക്തിയുമുള്ള ഇസ്‌ലാമിക രാജ്യങ്ങളില്‍ പാലിക്കപ്പെടേണ്ടവയാണ് എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാം ദുര്‍ബലമായിരിക്കുന്ന നാടുകളില്‍ ഇത്തരം കര്‍മ്മശാസ്ത്ര വിധികള്‍ പാലിക്കുന്നത് ചിലപ്പോള്‍ കൂടുതല്‍ പ്രയാസങ്ങള്‍ കൊണ്ടു വന്നേക്കാമെന്നതിനാല്‍ ഒഴിവാക്കപ്പെടുകയാണ് വേണ്ടത്. പക്ഷേ ഓരോന്നും അതിന്റെ തോതനുസരിച്ച് മനസ്സിലാക്കേണ്ടതുണ്ട്. നിയമങ്ങളില്‍ തീര്‍ത്തും അലസത കാണിക്കുകയെന്നതോ കടുത്ത കാഠിന്യം വെച്ചു പുലര്‍ത്തുകയെന്നതോ ആശ്വാസ്യമല്ല.

وَالحَمْدُ لِلَّهِ أَوَّلاً وَآخِراً، وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى رَسُولِنَا المُصْطَفَى، وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ.

كَتَبَهُ : أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيد

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment