സ്വഹാബത്തിന്റെ മാർഗം പിൻപറ്റണമെന്ന് വ്യക്തമായും പരോക്ഷമായും അറിയിക്കുന്ന ആയത്തുകൾ ഖുർആനിൽ ധാരാളമുണ്ട്. മുഅ്മിനീങ്ങളെയും മുസ്‌ലിമീങ്ങളെയും പുകഴ്ത്തുന്ന എല്ലാ ആയത്തുകളിലും ആദ്യം ഉൾപ്പെടുക സ്വഹാബികളാണ് എന്ന കാര്യം പരിഗണിച്ചാൽ തന്നെയും അത്തരം ആയത്തുകളുടെ വൈവിധ്യവും വിശാലതയും ബോധ്യപ്പെടും.

ഖുർആൻ അവതരിപ്പിക്കപ്പെടുന്ന കാലത്തുള്ള മുസ്‌ലിംകൾ സ്വഹാബികളാണ്; മുസ്‌ലിംകളെ പുകഴ്ത്തുന്ന, അല്ലാഹുവിൽ വിശ്വസിച്ചവരെ പ്രശംസിക്കുന്ന ആയത്തുകളിൽ അവ അവതരിച്ച കാലഘട്ടത്തിലെ മുസ്‌ലിംകൾ -അതായത് സ്വഹാബികൾ- ഉൾപ്പെട്ടില്ലെങ്കിൽ പിന്നെ മറ്റാരാണ് ഉൾപ്പെടുക?! അല്ലാഹുവിന്റെ പ്രശംസ ലഭിച്ച വിഭാഗമാണ് സ്വഹാബികളെങ്കിൽ ആ പ്രശംസക്ക് അർഹരാകാൻ അവരെ പോലെയാവുകയാണ് വേണ്ടത് എന്ന് മനസ്സിലാക്കാൻ കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ല.

സ്വഹാബത്തിന്റെ മാർഗം പിൻപറ്റണമെന്ന് അനുശാസിക്കുന്ന ഖുര്‍ആനില്‍ നിന്നുള്ള തെളിവുകള്‍ താഴെ നല്‍കാം.

തെളിവ് ഒന്ന്:

അല്ലാഹു പറഞ്ഞിരിക്കുന്നു:

وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ ﴿١٠٠﴾

“ആദ്യമായി (ഇസ്‌ലാം സ്വീകരിക്കാൻ) മുന്നോട്ട് വന്ന മുഹാജിറുകളും അന്‍സാറുകളും, അവരെ ഏറ്റവും നല്ല രൂപത്തിൽ പിന്തുടര്‍ന്നവരും; അവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.” (തൗബ: 100)

സ്വഹാബത്തിനെ പിൻപറ്റൽ നിർബന്ധമാണ് എന്നതിന് ഇമാം മാലിക് -رَحِمَهُ اللَّهُ- ഈ ആയത്ത് തെളിവാക്കിയിട്ടുണ്ട്. ഏതു വിഷയത്തിലും -ശരി എന്താണ് എന്ന് വ്യക്തമാവുകയോ, അത് അന്വേഷിച്ചു കണ്ടെത്തുകയോ ചെയ്യുന്നതിന് മുൻപ് തന്നെ- സ്വഹാബികൾ സ്വീകരിച്ച മാർഗം ‘കണ്ണടച്ച് സ്വീകരിച്ചു കൊള്ളണം’ എന്നാണ് ഈ ആയത്തിൽ നിന്ന് മനസ്സിലാവുക എന്ന് ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللَّهُ- വിശദീകരിച്ചിട്ടുണ്ട്.

അദ്ദേഹം പറയുന്നു: “(സ്വഹാബികളെ) പിൻപറ്റിയവരെ അല്ലാഹു ഈ ആയത്തിൽ പുകഴ്ത്തിയിരിക്കുന്നു. സ്വഹാബികൾ ഒരു അഭിപ്രായം പറയുകയും, -ആ വിഷയത്തിലെ ശരി അറിയുന്നതിന് മുൻപ് തന്നെ- അതിൽ ആരെങ്കിലും അവരെ പിൻപറ്റുകയും ചെയ്താൽ അയാൾ സ്വഹാബികളെ പിൻപറ്റിയവനായി. അതോടെ അക്കാര്യത്തിൽ അവൻ അല്ലാഹുവിന്റെ പ്രശംസക്കും തൃപ്തിക്കും അർഹനായി തീർന്നിരിക്കുന്നു. ഇതിൽ നിന്ന് സ്വഹാബികളെ പിൻപറ്റൽ നിർബന്ധമാണ് എന്ന് മനസ്സിലാക്കാം.” (ഇഅ്ലാമുൽ മുവഖിഈൻ: 5/556)

സ്വഹാബികളെ ഇഹ്സാനോടെ പിൻപറ്റണം എന്ന വാക്ക് വിശദീകരിച്ചു കൊണ്ട് ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറയുന്നു: “(സ്വഹാബികൾ അഭിപ്രായം പ്രകടിപ്പിച്ച ഓരോ വിഷയത്തിലും) അന്വേഷണം നടത്തുകയാണെങ്കിൽ അത് ഇഹ്സാനോടെ പിൻപറ്റുക എന്നതിൽ പെടില്ല. അങ്ങനെ അന്വേഷണം നടത്തി സ്വഹാബികളുടെ അഭിപ്രായത്തോട് യോജിക്കട്ടെ, യോജിക്കാതിരിക്കട്ടെ (അത് സ്വഹാബികളെ പിൻപറ്റലല്ല). കാരണം സ്വാഹാബികളുടെ അഭിപ്രായത്തോട് ഏതെങ്കിലും ഒരു വിഷയത്തിൽ എതിരായാൽ അയാൾ സ്വഹാബികളെ പിൻപറ്റുക തന്നെ ചെയ്തിട്ടില്ല; അപ്പോൾ പിന്നെ ഇഹ്സാനോടെ പിൻപറ്റുക എന്നത് തീർത്തും ഉണ്ടാവുകയില്ല.” (ഇഅ്ലാമുൽ മുവഖിഈൻ: 5/560)

ഇബ്‌നുൽ ഖയ്യിം പറഞ്ഞത് ചുരുക്കിയാൽ അതിന്റെ ആകത്തുക ഇപ്രകാരമാണ്. അല്ലാഹു സ്വഹാബികളെ തൃപ്തിപ്പെട്ടിരിക്കുന്നു. അവർക്ക് ശേഷമുള്ളവരെ തൃപ്തിപ്പെടണമെങ്കിൽ സ്വഹാബികളെ അവർ ഇഹ്സാനോടെ പിൻപറ്റണം എന്നതാണ് നിബന്ധന. ആ നിബന്ധന പൂർത്തീകരിക്കണമെങ്കിൽ എല്ലാ വിഷയത്തിലും സ്വഹാബികളെ കണ്ണടച്ച് പിൻപറ്റണം. സ്വഹാബികൾ തെളിവിനോട് യോജിച്ചിട്ടുണ്ടോ എന്ന അന്വേഷണം നടത്തുക തന്നെ വേണ്ടതില്ല. കാരണം അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു എന്ന് അവന്റെ ഖുർആനിൽ അറിയിച്ചു കഴിഞ്ഞിരിക്കുന്നു. അതായത് അവരുടെ നിലപാടുകളെല്ലാം ശരിയാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. ഇനി അത് പിൻപറ്റുക എന്നത് മാത്രമേ പിൽക്കാലക്കാർ ചെയ്യേണ്ടതുള്ളൂ.

ചുരുക്കത്തിൽ വിശ്വാസ കാര്യങ്ങളിലാകട്ടെ, കർമ്മ വിഷയങ്ങളിലും സ്വഭാവസംസ്കാര മേഖലകളിലാകട്ടെ; എല്ലായിടത്തും സ്വഹാബത്തിന്റെ മാർഗം രണ്ടാമതൊരു ചിന്തയില്ലാതെ പിൻപറ്റുമ്പോഴാണ് ഒരാൾ സലഫിയാകുന്നത്. മൻഹജുസ്സലഫ് പിൻപറ്റിയവനാകുന്നത്. സ്വഹാബികൾ ഒരു വിഷയത്തിൽ അഭിപ്രായം പറഞ്ഞു കഴിഞ്ഞത് അറിഞ്ഞതിന് ശേഷവും -തെളിവുകൾ അന്വേഷിക്കുന്നു എന്ന പേരിലോ, ബുദ്ധിപരമായ ന്യായങ്ങളുടെ കാരണം പറഞ്ഞോ, സാഹചര്യങ്ങളുടെ ഒഴിവുകഴിവുകൾ എടുത്തു കാണിച്ചോ- അതിന് എതിരാകുന്നവൻ സലഫിയല്ല. മേലെ നൽകിയ ആയത്തിൽ അല്ലാഹു പുകഴ്ത്തി പറഞ്ഞതിൽ ഉൾപ്പെടാൻ അവൻ അർഹനുമല്ല.

തെളിവ് രണ്ട്:

സൂറതുല്‍ ഫാതിഹയില്‍ അല്ലാഹു പറഞ്ഞിരിക്കുന്നു:

اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾

“ഞങ്ങളെ നീ സ്വിറാത്വുൽ മുസ്തഖീമിലേക്ക് (നേരായ മാർഗത്തിലേക്ക്) നയിക്കേണമേ! നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.” (ഫാതിഹ: 6-7)

മുസ്‌ലിംകൾ നിത്യവും പാരായണം ചെയ്യുന്ന സൂറതുൽ ഫാതിഹ സ്വഹാബത്തിന്റെ മാർഗത്തെ കുറിച്ച് ഓർമ്മപ്പെടുത്തുകയും, അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നുണ്ടെന്നത് സലഫി മൻഹജിന്റെ പ്രാധാന്യവും ഗൗരവവും വ്യക്തമാക്കുന്നു. ‘സ്വിറാത്വുൽ മുസ്തഖീമിലേക്ക് ഞങ്ങളെ നയിക്കേണമേ’ എന്ന പ്രാർത്ഥനക്ക് തൊട്ടുശേഷം തന്നെ ഏതാണ് ആ സ്വിറാത്വുൽ മുസ്തഖീം എന്ന് അല്ലാഹു വിശദീകരിക്കുന്നു: അല്ലാഹു അനുഗ്രഹിച്ചവരുടെ വഴിയാണത്. ആരെയാണ് അല്ലാഹു അനുഗ്രഹിച്ചിട്ടുള്ളത്?! അല്ലാഹു പറയുന്നു:

وَمَن يُطِعِ اللَّـهَ وَالرَّسُولَ فَأُولَـٰئِكَ مَعَ الَّذِينَ أَنْعَمَ اللَّـهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ۚ وَحَسُنَ أُولَـٰئِكَ رَفِيقًا ﴿٦٩﴾

“ആര്‍ അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ നബിമാർ, സിദ്ധീഖുകൾ (നബിമാരെ പരിപൂർണ്ണമായി സത്യപ്പെടുത്തിയവർ), ശുഹദാക്കൾ (അല്ലാഹുവിന്റെ മാർഗത്തിൽ രക്തസാക്ഷികളായവർ), സ്വാലിഹീങ്ങൾ (സൽകർമ്മികൾ) എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!” (നിസാഅ്: 69)

നാല് വിഭാഗക്കാരെ അല്ലാഹു അനുഗ്രഹിച്ചതായി ഇവിടെ എടുത്തു പറഞ്ഞു. നബിമാർ, സിദ്ദീഖുകൾ, ശുഹദാക്കൾ, സ്വാലിഹീങ്ങൾ എന്നിവരാണവർ. ഈ പറയപ്പെട്ടവരിൽ നബിമാർ എന്നതൊഴിച്ചു നിർത്തിയാൽ മറ്റുള്ളവയിൽ ആദ്യം ഉൾപ്പെടുക സ്വഹാബികളല്ലാതെ മറ്റാരാണ്?! സിദ്ധീഖുകളുടെ നേതാവ് അബൂബക്‌റും, ശുഹദാക്കളുടെ നേതാവ് ഹംസയും സ്വാലിഹീങ്ങളായ സ്വഹാബികളും അതിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ പിന്നെ ആരാണ് ഈ പറയപ്പെട്ട വാക്കിന് അർഹരായിട്ടുള്ളത്?!

അപ്പോൾ സ്വിറാത്വുൽ മുസ്തഖീം എന്നാൽ സ്വഹാബികളുടെ മാർഗമാണ്. സ്വഹാബികൾ പ്രവേശിച്ച ഈ സ്വിറാത്വുൽ മുസ്തഖീമിൽ പ്രവേശിക്കുക എന്നതാകട്ടെ; ഒഴിച്ചു കൂടാൻ പാടില്ലാത്ത നിർബന്ധബാധ്യതയാണ്. അല്ലാഹു പറയുന്നു:

وَأَنَّ هَـٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ ﴿١٥٣﴾

“ഇതാകുന്നു എന്റെ സ്വിറാത്വുൽ മുസ്തഖീം (നേരായ മാർഗം). നിങ്ങള്‍ അത് പിന്തുടരുക. മറ്റു (പുതിയ) മാർഗങ്ങൾ നീ പിന്‍പറ്റരുത്‌. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്‌.” (അൻആം: 153)

സ്വിറാത്വുൽ മുസ്തഖീം എന്നത് നബി -ﷺ- യും സ്വഹാബികളും ചരിച്ച മാർഗമാണെന്ന് മനസ്സിലായി. അത് പിൻപറ്റൂ എന്ന് അല്ലാഹു ഇവിടെ നമ്മോടെല്ലാം കൽപ്പിച്ചിരിക്കുന്നു. അല്ലാഹു ഒരു കാര്യം കൽപ്പിച്ചാൽ അത് നിർബന്ധമാണ് എന്നതാണ് അടിസ്ഥാനം. അതിൽ നിന്ന് സ്വഹാബത്തിന്റെ മാർഗം പിൻപറ്റൽ നിർബന്ധമാണെന്ന് വ്യക്തമായി. മാത്രവുമല്ല, സ്വഹാബത്തിന് പരിചിതമല്ലാത്ത പുത്തൻ മാർഗങ്ങൾ പിൻപറ്റരുതെന്ന് അല്ലാഹു വിലക്കുകയും ചെയ്തിരിക്കുന്നു. അതിൽ നിന്ന് സ്വഹാബത്തിന്റേതല്ലാത്ത ഏതു മാർഗവും പിൻപറ്റുന്നത് അല്ലാഹു വിലക്കിയിരിക്കുന്നെന്നും, ആ മാർഗങ്ങൾ സ്വിറാത്വുൽ മുസ്തഖീം അല്ല എന്നും മനസ്സിലാക്കാം.

തെളിവ് മൂന്ന്:

അല്ലാഹു പറഞ്ഞിരിക്കുന്നു:

قُلْ هَـٰذِهِ سَبِيلِي أَدْعُو إِلَى اللَّـهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ۖ وَسُبْحَانَ اللَّـهِ وَمَا أَنَا مِنَ الْمُشْرِكِينَ ﴿١٠٨﴾

“(നബിയേ,) പറയുക: ഇതാണ് എന്റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ (അവനോട്‌) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ.” (യൂസുഫ്: 108)

നബി -ﷺ- യും അവിടുത്തെ പിൻപറ്റിയവരും അല്ലാഹുവിന്റെ മാർഗത്തിലേക്കാണ് ക്ഷണിക്കുന്നതെന്ന് പ്രഖ്യാപിക്കുവാൻ അല്ലാഹു കൽപ്പിക്കുന്നു. ‘എന്നെ പിൻപറ്റിയവർ’ എന്ന് പറഞ്ഞതിൽ നബി -ﷺ- യെ അവിടുത്തെ ജീവിതകാലഘട്ടത്തിൽ പിൻപറ്റിയവർ ഉൾപ്പെടില്ലെങ്കിൽ പിന്നെയാരാണ് ഉൾപ്പെടുക?! സ്വഹാബികൾ ആ പറഞ്ഞതിൽ ഒന്നാമത് വിവക്ഷിക്കപ്പെടുന്നവരാണ്. ഈ ആയത്ത് സ്വഹാബികളുടെ മൂന്ന് ഗുണവിശേഷണങ്ങൾ അറിയിക്കുന്നു. അവ മൂന്നും സ്വഹാബത്തിനെ പിൻപറ്റണം എന്ന് അറിയിക്കുന്നവയുമാണ്.

ഒന്ന്: സ്വഹാബികൾ നബി -ﷺ- യെ പിൻപറ്റിയിരിക്കുന്നു. നബി -ﷺ- യെ പിൻപറ്റിയവരുടെ മാർഗം പിൻപറ്റുക എന്നത് നിർബന്ധമാണ്.

രണ്ട്: സ്വഹാബികൾ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരാണ്. അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരെ പിൻപറ്റുക എന്നതാകട്ടെ നിർബന്ധമാണ്. ജിന്നുകൾ തങ്ങളുടെ സമൂഹത്തോട് പറഞ്ഞതായി അല്ലാഹു അറിയിക്കുന്നു:

يَا قَوْمَنَا أَجِيبُوا دَاعِيَ اللَّـهِ

“ഞങ്ങളുടെ സമൂഹമേ! അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവനെ നിങ്ങൾ പിൻപറ്റുക.” (അഹ്ഖാഫ്: 31)

മൂന്ന്: സ്വഹാബികൾ ദീനിന്റെ കാര്യത്തിൽ ഏറ്റവും ഉൾക്കാഴ്ച്ചയുള്ളവരാണ്. അവർക്കാണ് അല്ലാഹുവിന്റെ ദീനിൽ ഏറ്റവും അറിവും വ്യക്തതയുമുള്ളത് എന്ന് അതിൽ നിന്ന് മനസ്സിലാക്കാം. ഏത് വിഷയത്തിലും ഏറ്റവും അറിവുള്ളവരെ പിൻപറ്റുക എന്നതാണ് സാമാന്യബുദ്ധി. അതിനാൽ ദീനിന്റെ കാര്യത്തിൽ സ്വഹാബികളെ പിൻപറ്റുക എന്നതാണ് നിർബന്ധമായും വേണ്ടത്.

തെളിവ് നാല്:

അല്ലാഹു പറഞ്ഞിരിക്കുന്നു:

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَكُونُوا مَعَ الصَّادِقِينَ ﴿١١٩﴾

“(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക.” (തൗബ: 119)

ഈ ആയത്തിൽ പരാമർശിക്കപ്പെട്ട സത്യവാന്മാർ സ്വഹാബികളാണ് എന്ന് ധാരാളം സലഫുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം നാഫിഅ് -رَحِمَهُ اللَّهُ- പറഞ്ഞു: “നബി -ﷺ- യോടും സ്വഹാബത്തിനോടും ഒപ്പമാവുക എന്നാണ് ഉദ്ദേശം.” ദ്വഹ്ഹാക് -رَحِمَهُ اللَّهُ- പറഞ്ഞു: “അബൂ ബക്‌റും ഉമറും അവരോടൊപ്പമുള്ളവരുമാണ് ഉദ്ദേശം.” ഇബ്‌നു ജുറൈജ് -رَحِمَهُ اللَّهُ- പറഞ്ഞു: “സത്യസന്ധരായ മുഹാജിറുകളോടൊപ്പമാവുക എന്നതാണ് ഉദ്ദേശം.” (തഫ്സീറുത്വബരി: 14/559)

സത്യവാന്മാരോടൊപ്പം നിലകൊള്ളുക എന്ന അല്ലാഹുവിന്റെ കൽപ്പന പ്രാവർത്തികമാക്കാൻ കഴിയണമെങ്കിൽ എല്ലാ കാര്യത്തിലും സ്വഹാബത്തിനോടൊപ്പം നിലകൊള്ളണം. ഒരു കാര്യത്തിലും അവരോട് എതിരാവാൻ പാടില്ല.

ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “സത്യസന്ധന്മാരുടെ നേതാക്കന്മാരാണ് സ്വഹാബികൾ എന്നതിൽ ഒരു സംശയവുമില്ല. അവർക്ക് ശേഷമുള്ളവരെല്ലാം സത്യസന്ധതയിൽ സ്വഹാബത്തിനെയാണ് മാതൃകയാക്കിയിട്ടുള്ളത്. അല്ല! അവന്റെ സത്യസന്ധത വ്യക്തമാകുന്നത് സ്വഹാബത്തിനെ പിൻപറ്റുകയും, അവരോടൊപ്പം ആവുകയും ചെയ്യുമ്പോഴാണ്. ഒരാൾ മറ്റു പലതിലും സ്വഹാബത്തിനോട് യോജിച്ചെങ്കിലും ഏതെങ്കിലും ഒരു കാര്യത്തിൽ സ്വഹാബത്തിനോട് എതിരായാൽ ആ വിഷയത്തിൽ അവൻ സ്വഹാബത്തിനോടൊപ്പമല്ല എന്ന് പറയേണ്ടി വരും.” (ഇഅ്ലാമുൽ മുവഖിഈൻ: 5/569)

തെളിവ് അഞ്ച്:

അല്ലാഹു പറഞ്ഞിരിക്കുന്നു:

وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا ﴿١١٥﴾

“തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും അല്ലാഹുവിന്റെ റസൂലുമായി എതിര്‍ത്ത് നില്‍ക്കുകയും, മുഅ്മിനീങ്ങളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം!” (നിസാഅ്: 115)

അല്ലാഹു ഒരാളെ വഴികേടിലാക്കാനും, നരകത്തിൽ പ്രവേശിപ്പിക്കാനും രണ്ട് പ്രധാനകാരണങ്ങൾ ഈ ആയത്തിൽ എടുത്തു പറഞ്ഞിരിക്കുന്നു. ഒന്ന്: നബി -ﷺ- യോട് എതിരാവുക. രണ്ട്: മുഅ്മിനീങ്ങളുടെ മാർഗത്തോട് എതിരാവുക. ഈ രണ്ട് കാര്യങ്ങളും പരസ്പരപൂരകങ്ങളാണ്.

ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “അല്ലാഹുവിന്റെ റസൂലിനെ ധിക്കരിച്ചവൻ മുഅ്മിനീങ്ങളുടെ മാർഗത്തോട് എതിരായവനായിരിക്കും. മുഅ്മിനീങ്ങളുടെ മാർഗം ഉപേക്ഷിച്ചവൻ അല്ലാഹുവിന്റെ റസൂലിനെ ധിക്കരിച്ചവനുമായിരിക്കും.”  (മജ്മൂഉൽ ഫതാവ: 7/39) ഈ ആയത്തിൽ പരാമർശിക്കപ്പെട്ട മുഅ്മിനീങ്ങളിൽ സ്വഹാബികൾ ഉൾപ്പെടുമെന്നതിൽ യാതൊരു സംശയവുമില്ല. അല്ല! അവരാണ് ഈ പദത്തിൽ മറ്റാരെക്കാളും മുൻപ് ഉൾപ്പെടുക. കാരണം ഖുർആൻ അവതരിപ്പിക്കപ്പെടുന്ന കാലഘട്ടത്തിൽ മുഅ്മിനീങ്ങൾ എന്ന് പറയുന്നത് കൊണ്ട് അവരെയെല്ലാതെ മറ്റാരെയാണ് ഉദ്ദേശിക്കുക?!

സ്വഹാബത്തിന്റെ മാർഗം പിൻപറ്റൽ നിർബന്ധമാണെന്നും, അല്ലാത്ത മാർഗങ്ങളെല്ലാം നബി -ﷺ- യുടെ കൽപ്പനക്ക് എതിരാണെന്നും, അല്ലാഹു അവതരിപ്പിച്ച വഴിയല്ലെന്നും ബോധ്യപ്പെടുത്തുന്ന സുവ്യക്തമായ ആയത്താണ് ഇത്. സ്വഹാബത്തിന്റെ വഴി ബോധപൂർവ്വം ഒരാൾ ഉപേക്ഷിച്ചാൽ അല്ലാഹു അവനെ വഴികേടിലാക്കുമെന്നും, നരകത്തിൽ പ്രവേശിപ്പിക്കുമെന്നുമുള്ള കടുത്ത താക്കീതും ഈ ആയത്ത് ഉൾക്കൊള്ളുന്നു.

തെളിവ് ആറ്:

അല്ലാഹു പറഞ്ഞിരിക്കുന്നു:

وَاتَّبِعْ سَبِيلَ مَنْ أَنَابَ إِلَيَّ ۚ

“(തെറ്റുകളിൽ നിന്ന് പശ്ചാത്തപിക്കുകയും, നന്മകൾ പ്രവർത്തിക്കുകയും ചെയ്തു കൊണ്ട്) എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക.” (ലുഖ്മാൻ: 15)

അല്ലാഹുവിനെ ഇബാദത് ചെയ്തു കൊണ്ട് അവനിലേക്ക് ഖേദിച്ചു മടങ്ങിയവരെ പിൻപറ്റാനാണ് അല്ലാഹു നമ്മോട് ഈ ആയത്തിൽ കൽപ്പിക്കുന്നത്. ആ പറയപ്പെട്ടവരിൽ അല്ലാഹുവിന്റെ റസൂലിന്റെ സ്വഹാബികൾ ഉൾപ്പെടുമെന്നതിൽ യാതൊരു സംശയവുമില്ല.

മുഫസ്സിറുകളിൽ ചിലർ ഇവിടെ അല്ലാഹുവിലേക്ക് മടങ്ങിയവർ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെട്ടത് അബൂ ബക്‌ർ അസ്സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- വാണെന്ന് പറഞ്ഞിട്ടുണ്ട്. അല്ലാത്ത സ്വഹാബികളാണെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. (തഫ്സീറുൽ ഖുർത്വുബി: 14/66) സ്വഹാബികളാണ് ഈ ആയത്തിലെ പ്രഥമ ഉദ്ദേശം എന്ന് അതിൽ നിന്ന് മനസ്സിലാക്കാം.

ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “സ്വഹാബികളെല്ലാവരും അല്ലാഹുവിലേക്ക് മടങ്ങിയവരാകുന്നു. അതിനാൽ അവരുടെ മാർഗം പിൻപറ്റൽ നിർബന്ധമാണ്. അവരുടെ മാർഗത്തിൽ ഏറ്റവും വലുത് അവരുടെ വാക്കുകളും വിശ്വാസങ്ങളുമായിരുന്നു.” (ഇഅ്ലാമുൽ മുവഖിഈൻ: 5/567)

തെളിവ് ഏഴ്:

അല്ലാഹു പറഞ്ഞിരിക്കുന്നു:

وَجَعَلْنَا مِنْهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا ۖ وَكَانُوا بِآيَاتِنَا يُوقِنُونَ ﴿٢٤﴾

“അവര്‍ ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢമായി വിശ്വസിക്കുന്നവരാകുകയും ചെയ്തപ്പോള്‍ അവരില്‍ നിന്ന് നമ്മുടെ കല്‍പന അനുസരിച്ച് മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളെ (ഇമാമുമാരെ) നാം ഉണ്ടാക്കുകയും ചെയ്തു.” (സജ്ദ: 24)

മൂസ നബി -عَلَيْهِ السَّلَامُ- യുടെ സമൂഹത്തിൽ നിന്ന് ക്ഷമയും ദൃഢവിശ്വാസവും പുലർത്തിയവരെ പിൽക്കാലക്കാർക്ക് പിൻപറ്റാനുള്ള ഇമാമുമാർ (മാതൃകയാക്കാവുന്ന നേതാക്കന്മാർ) ആക്കിയെന്ന് അല്ലാഹു അറിയിക്കുന്നു. മൂസ -عَلَيْهِ السَّلَامُ- യുടെ സമൂഹത്തിലുള്ളവർക്ക് ഈ രണ്ട് മേന്മകൾ -ക്ഷമയും ദൃഢവിശ്വാസവും- കാരണത്താൽ ദീനിലെ പിൻപറ്റപ്പെടാവുന്ന നേതൃസ്ഥാനം ലഭിച്ചെങ്കിൽ നബി -ﷺ- യോടൊപ്പം പ്രയാസങ്ങളിലും ദുരിതങ്ങളിലും ക്ഷമയോടെ നിലകൊണ്ട സ്വഹാബികളും അതിന് അർഹരാണ്.

അല്ല! മൂസയുടെ കൂടയുണ്ടായിരുന്നവരെക്കാൾ ക്ഷമയും ദൃഢവിശ്വാസവും പുലർത്തിയത് നബി -ﷺ- യോടൊപ്പമുള്ള സ്വഹാബികളാണ്. അതിനാൽ അവരെക്കാൾ ഇവർ അതിന് അർഹരാണ്. മുസ്‌ലിം സമൂഹത്തിലെ പിൽക്കാലക്കാർക്ക് സ്വഹാബികൾ മാതൃകയാണ് എന്ന് ഈ പറഞ്ഞതിൽ നിന്ന് ഉറപ്പായും ഗ്രഹിക്കാവുന്നതാണ്.

ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “മൂസ നബി -عَلَيْهِ السَّلَامُ- യുടെ അനുചരന്മാരെക്കാൾ നബി -ﷺ- യുടെ സ്വഹാബികൾ ഈ ആയത്തിലെ വിശേഷണത്തിന് അർഹരാണെന്നത് വ്യക്തമാണ്. എല്ലാ ജനസമൂഹങ്ങളെക്കാളും പരിപൂർണ്ണമായ ദൃഢവിശ്വാസവും വലിയ ക്ഷമയും പുലർത്തിയവർ സ്വഹാബികളാണ്. മതത്തിലെ നേതൃത്വമെന്ന ഈ പദവിക്ക് അവരാണ് ഏറ്റവും അർഹർ.” (ഇഅ്ലാം: 5/573-574)

സ്വഹാബത്തിനെ സർവ്വ വിഷയത്തിലും പിൻപറ്റൽ നിർബന്ധമാണ് എന്ന് വ്യക്തമാക്കുന്ന ഖുർആനിലെ ആയത്തുകൾ ധാരാളം ഇനിയുമുണ്ട്. ഖുർആനും സുന്നത്തും മനസ്സിലാക്കുന്നതിലും, ദീനിന്റെ അടിസ്ഥാനങ്ങളിലും മാത്രമല്ല; സർവ്വ കാര്യങ്ങളിലും -അടിസ്ഥാനപരമോ ശാഖാപരമോ ആകട്ടെ; അവയിലെല്ലാം- സ്വഹാബത്തിനെ പിൻപറ്റൽ നിർബന്ധമാണ് എന്ന് ഈ ആയത്തുകളിൽ നിന്ന് മനസ്സിലാക്കാം. ഇമാം ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللَّهُ- ഇഅ്ലാമുൽ മുവഖിഈൻ എന്ന തന്റെ ഗ്രന്ഥത്തിൽ മേലെ നാം വായിച്ചതുൾപ്പടെ പതിമൂന്നോളം ആയത്തുകൾ ഈ പറഞ്ഞതിനുള്ള തെളിവായി നൽകിയിട്ടുണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment