ഒരു റമദാനിൽ നഷ്ടപ്പെട്ട നോമ്പ് -പ്രത്യേകിച്ച് ഒഴിവുകഴിവുകൾ ഇല്ലാതെ- അടുത്ത റമദാനിന് ശേഷത്തേക്ക് നോറ്റു വീട്ടാൻ ഉദ്ദേശിക്കുന്നതും, അതു വരെ വൈകിപ്പിക്കുന്നതും അനുവദനീയമല്ല. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം അതാണ്. നാല് മദ്‌ഹബിന്റെ ഇമാമുമാരും ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ രോഗമോ ഒഴിവാക്കാൻ സാധിക്കാത്ത തുടർച്ചയായ യാത്രകളോ ഗർഭധാരണം, പ്രസവം പോലുള്ള അവസ്ഥകളോ കാരണത്താൽ ആർക്കെങ്കിലും ഒരു റമദാനിൽ നഷ്ടപ്പെട്ട നോമ്പുകൾ അടുത്ത റമദാനിന് മുൻപ് നോറ്റുവീട്ടാൻ കഴിഞ്ഞില്ലെങ്കിൽ അതിൽ തെറ്റില്ല. കാരണം റമദാനിൽ പോലും നോമ്പ് ഒഴിവാക്കാൻ അനുവാദം നൽകപ്പെട്ട കാരണങ്ങൾ റമദാൻ അല്ലാത്ത മാസത്തിൽ ഉണ്ടായാൽ അത് നോമ്പ് എടുക്കാതിരിക്കാനുള്ള മതിയായ ഒഴിവുകഴിവാണ്. ആയിശ -رَضِيَ اللَّهُ عَنْهَا- യുടെ വാക്ക് ഈ പറഞ്ഞതിനുള്ള തെളിവാണ്.
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا تَقُولُ: «كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ، فَمَا أَسْتَطِيعُ أَنْ أَقْضِيَ إِلَّا فِي شَعْبَانَ»، قَالَ يَحْيَى: الشُّغْلُ مِنَ النَّبِيِّ أَوْ بِالنَّبِيِّ -ﷺ-.
ആയിശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: “റമദാനിലെ നഷ്ടപ്പെട്ട നോമ്പുകൾ എന്റെ മേൽ ബാധ്യതയായി നിൽക്കാറുണ്ട്. ശഅ്ബാനിലല്ലാതെ എനിക്കത് നോറ്റുവീട്ടാൻ സാധിക്കാറില്ലായിരുന്നു.” ഹദീഥിന്റെ നിവേദകരിൽ പെട്ട യഹ്‌യ പറയുന്നു: നബി -ﷺ- യുടെ കാര്യങ്ങളിൽ വ്യാപൃതയാകുന്നതിനാലായിരുന്നു അത്. (ബുഖാരി: 1950, മുസ്‌ലിം: 1146)
അടുത്ത റമദാൻ വരെ നോറ്റുവീട്ടാൻ കഴിയാറില്ലായിരുന്നു എന്ന് ആയിശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞതിൽ നിന്ന് അതിൽ കൂടുതൽ വൈകിക്കുന്നത് അനുവദനീയമല്ല എന്ന് മനസ്സിലാക്കാം. എന്നാൽ സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ; രോഗികളുടെയും യാത്രക്കാരുടെയും ഗർഭിണികളുടെയും മുലയൂട്ടുന്ന സ്ത്രീകളുടെയും വിധികളുടെ കൂടുതൽ വിശദാംശങ്ങൾ അവർ മനസ്സിലാക്കുകയും, ഈ പറഞ്ഞ ഇളവുകൾക്ക് തങ്ങൾ അർഹരാണോ എന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടതുണ്ട്. വല്ലാഹു അഅ്ലം.