പകൽ ആയിട്ടില്ലെന്ന ധാരണയിൽ ഭക്ഷണം കഴിച്ചവൻ നോമ്പ് നോറ്റുവീട്ടേണ്ടതുണ്ടോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ രണ്ട് അഭിപ്രായങ്ങളുണ്ട്. അവ താഴെ പറയാം:

ഒന്ന്: പകൽ ആയിട്ടില്ലെന്ന ധാരണയിൽ ഭക്ഷണം കഴിച്ചു പോവുകയും, പിന്നീട് പകൽ ആയിട്ടുണ്ടായിരുന്നു എന്ന് ബോധ്യപ്പെടുകയും ചെയ്തവർ നോമ്പ് നോറ്റുവീട്ടുക എന്നത് നിർബന്ധമാണ്. സൂര്യൻ അസ്തമിച്ചു എന്ന ധാരണയിൽ ഭക്ഷണം കഴിക്കുകയും, പിന്നീട് സൂര്യൻ അസ്തമിച്ചിട്ടില്ലായിരുന്നു എന്നു ബോധ്യപ്പെടുകയും ചെയ്തവരുടെ വിധിയും ഈ പറഞ്ഞത് തന്നെ. (അൽ-മുഖ്നിഅ്: 7/439) കാരണം നോമ്പ് പൂർത്തീകരിക്കണമെന്ന അല്ലാഹുവിന്റെ കൽപ്പന -അബദ്ധത്തിലാണെങ്കിലും- അവൻ പൂർത്തീകരിച്ചിട്ടില്ല. അതിനാൽ പൂർത്തീകരിക്കാത്ത ഈ നോമ്പ് നഷ്ടപ്പെട്ട നോമ്പായി അവൻ പരിഗണിക്കുകയും അത് പിന്നീട് നോറ്റുവീട്ടുകയും ചെയ്യണം. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇതാണ്. ശൈഖ് ഇബ്‌നു ബാസ് -رَحِمَهُ اللَّهُ- ഈ അഭിപ്രായമായിരുന്നു സ്വീകരിച്ചിരുന്നത്. ലജ്നതുദ്ദാഇമയുടെ ഫത്‌വയും ഈ അഭിപ്രായത്തോട് യോജിച്ചു കൊണ്ടാണ്.

عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ الصِّدِّيقِ قَالَتْ: «أَفْطَرْنَا عَلَى عَهْدِ النَّبِيِّ -ﷺ- يَوْمَ غَيْمٍ، ثُمَّ طَلَعَتِ الشَّمْسُ» قِيلَ لِهِشَامٍ: فَأُمِرُوا بِالقَضَاءِ؟ قَالَ: «لاَ بُدَّ مِنْ قَضَاءٍ»

അസ്മാഅ് ബിന്ത് അബീ ബക്‌ർ -رَضِيَ اللَّهُ عَنْهَا- പറയുന്നു: “മേഘംമൂടിയ ഒരു ദിവസം ഞങ്ങൾ (സൂര്യൻ അസ്തമിച്ചു എന്ന ധാരണയിൽ) നോമ്പ് തുറന്നു. പിന്നീട് സൂര്യൻ ഉദിക്കുകയും ചെയ്തു.” (ഹദീഥിന്റെ നിവേദകരിൽ പെട്ട, താബിഇയായ) ഹിശാമിനോട് ചിലർ ചോദിച്ചു: അവരോട് നോമ്പ് നോറ്റുവീട്ടാൻ കൽപ്പിക്കുകയുണ്ടായോ? അദ്ദേഹം പറഞ്ഞു: “നിർബന്ധമായും നോറ്റുവീട്ടാൻ (കൽപ്പിക്കപ്പെട്ടു).” (ബുഖാരി: 1959)

രണ്ട്: പകൽ പ്രവേശിച്ചുവെന്ന ധാരണയിലോ, സൂര്യൻ അസ്തമിച്ചുവെന്ന ധാരണയിലോ നോമ്പ് ഒഴിവാക്കിയവർ അത് നോറ്റുവീട്ടേണ്ടതില്ല. കാരണം അവന് സംഭവിച്ചത് അബദ്ധമാണ്. ബോധപൂർവ്വം നോമ്പ് ഉപേക്ഷിക്കണമെന്ന് ഉദ്ദേശിച്ചു കൊണ്ടല്ല അവൻ അപ്രകാരം ചെയ്തത്. അബദ്ധത്തിൽ സംഭവിക്കുന്ന തെറ്റുകൾ അല്ലാഹു പൊറുത്തു നൽകുമെന്ന് ഖുർആനിലും ഹദീഥിലും പലയിടത്തും സ്ഥിരപ്പെട്ടിട്ടുമുണ്ട്.

عَنْ عَدِيِّ بْنِ حَاتِمٍ قَالَ: لَمَّا نَزَلَتْ: «حَتَّى يَتَبَيَّنَ لَكُمُ الخَيْطُ الأَبْيَضُ مِنَ الخَيْطِ الأَسْوَدِ» عَمَدْتُ إِلَى عِقَالٍ أَسْوَدَ، وَإِلَى عِقَالٍ أَبْيَضَ، فَجَعَلْتُهُمَا تَحْتَ وِسَادَتِي، فَجَعَلْتُ أَنْظُرُ فِي اللَّيْلِ، فَلاَ يَسْتَبِينُ لِي، فَغَدَوْتُ عَلَى رَسُولِ اللَّهِ -ﷺ- فَذَكَرْتُ لَهُ ذَلِكَ فَقَالَ: «إِنَّمَا ذَلِكَ سَوَادُ اللَّيْلِ وَبَيَاضُ النَّهَارِ»

അദിയ്യുബ്നു ഹാതിം എന്ന സ്വഹാബി ‘രാത്രിയുടെ കറുത്ത ഇഴയിൽ നിന്ന് പകലിന്റെ വെളുത്ത ഇഴ വ്യക്തമാകുന്നത് വരെ’ എന്ന ആശയത്തിലുള്ള സൂറതുൽ ബഖറയിലെ ആയത്ത് തെറ്റായി മനസ്സിലാക്കുകയും, രണ്ട് നൂലിഴകൾ അടുത്തു വെച്ചു കൊണ്ട് അത് വേറിട്ടു കാണുന്നത് വരെ കാത്തുനിൽക്കുകയും, അങ്ങനെ പകലിൽ ഭക്ഷണം കഴിക്കുകയും, നബി -ﷺ- യുടെ അടുക്കൽ കാര്യം ബോധിപ്പിക്കുകയും ചെയ്ത ഹദീഥാണ് ഈ അഭിപ്രായം സ്വീകരിച്ചവർ തെളിവായി എടുത്തു കാട്ടിയത്. പ്രസ്തുത ഹദീഥിൽ പകലിൽ ഭക്ഷണം കഴിച്ച സ്വഹാബിയോട് നബി -ﷺ- നോമ്പ് പിന്നീട് നോറ്റുവീട്ടാൻ കൽപ്പിച്ചിട്ടില്ല എന്നതിൽ നിന്ന് ഇതിന് സമാനമായ സാഹചര്യങ്ങളിൽ നോമ്പ് നോറ്റുവീട്ടേണ്ടതില്ലെന്ന് മനസ്സിലാക്കാം എന്നവർ പറഞ്ഞു.

عَنْ زَيْدِ بْنِ وَهَبٍ قَالَ : بَيْنَمَا نَحْنُ جُلُوسٌ فِي مَسْجِدِ المَدِينَةِ فِي رَمَضَانَ وَالسَّمَاءُ مُتَغَيِّمَةٌ فَرَأَيْنَا أَنَّ الشَّمْسَ قَدْ غَابَتْ وَأَنَّا قَدْ أَمْسَيْنَا … فَشَرِبَ عُمَرُ وَشَرِبْنَا فَلَمْ نَلْبَثْ أَنْ ذَهَبَ السَّحَابُ وَبَدَتِ الشَّمْسُ فَجَعَلَ بَعْضُنَا يَقُولُ لِبَعْضٍ: نَقْضِي يَوْمَنَا هَذَا، فَسَمِعَ ذَلِكَ عُمَرُ فَقَالَ: وَاللَّهِ! لَا نَقْضِيهِ! وَمَا تَجَانَفْنَا لِإِثْمٍ.

ഉമർ ബിൻ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വിന്റെ കാലത്ത് ചോദ്യത്തിൽ പരാമർശിക്കപ്പെട്ടതിന് സമാനമായ സംഭവം ഉണ്ടായപ്പോൾ അദ്ദേഹം ‘നാം ഈ നോമ്പ് നോറ്റുവീട്ടുകയില്ല. കാരണം നാമൊരു തിന്മക്ക് തന്ത്രം മെനഞ്ഞതല്ല’ എന്നു പറഞ്ഞതും അവർ തെളിവായി സ്വീകരിച്ചിട്ടുണ്ട്.

ഈ പറഞ്ഞ രണ്ടാമത്തെ അഭിപ്രായമാണ് ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ശൈഖ് ഇബ്‌നു ഉസൈമീൻ തുടങ്ങിയവർ സ്വീകരിച്ചിട്ടുള്ളത്. സൂക്ഷ്മതക്ക് വേണ്ടി ആരെങ്കിലും ഇത്തരത്തിൽ നഷ്ടപ്പെട്ട നോമ്പ് നോറ്റുവീട്ടുന്നുണ്ടെങ്കിൽ അതാണ് കൂടുതൽ നല്ലത്. വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment