സൂര്യൻ ഉദിച്ചോ എന്ന് സംശയമുള്ള വേളയിൽ ഭക്ഷണം കഴിച്ചാൽ നോമ്പ് മുറിയുമോ ഇല്ലേ എന്നതിൽ പണ്ഡിതന്മാർക്ക് രണ്ട് അഭിപ്രായങ്ങളുണ്ട്. അവ താഴെ പറയാം:
ഒന്ന്: ആദ്യത്തെ അഭിപ്രായത്തിന് വിരുദ്ധമായി ഇത്തരത്തിൽ ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്തവർ നോമ്പ് പിന്നീട് നോറ്റുവീട്ടണം. കാരണം സംശയമുള്ള സന്ദർഭത്തിൽ അയാൾ ഭക്ഷണം കഴിക്കാതിരിക്കുകയാണ് വേണ്ടത്. നോമ്പ് അയാളുടെ മേൽ ബാധ്യതയുണ്ട് എന്ന് അറിയുന്ന വേളയിൽ ഉറപ്പില്ലാതെ ഭക്ഷണം കഴിക്കരുതെന്നാണ് ഈ അഭിപ്രായക്കാരുടെ ന്യായം.
രണ്ട്: സൂര്യൻ ഉദിച്ചോ എന്ന സംശയത്തിൽ ഭക്ഷണം കഴിച്ചാൽ അയാളുടെ നോമ്പ് മുറിഞ്ഞിട്ടില്ല. അതിനാൽ അയാൾ ഈ നോമ്പ് പിന്നീട് നോറ്റുവീട്ടേണ്ടതുമില്ല. സ്വഹാബിയായ ഇബ്നു അബ്ബാസ്, സലഫുകളിൽ പെട്ട ഔസാഈ, ഇമാം ശാഫിഈ, ഇമാം അഹ്മദ് തുടങ്ങിയവരുടെ അഭിപ്രായം ഇപ്രകാരമാണ്. നോമ്പിന്റെ സമയം വിശദീകരിക്കുന്ന ഖുർആനിലെ ആയത്താണ് ഇവർ തങ്ങളുടെ അഭിപ്രായത്തിനുള്ള തെളിവായി സ്വീകരിച്ചത്. അല്ലാഹു പറയുന്നു:
وَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ ۖ
“നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. ” (ബഖറ: 187)
ഈ പറഞ്ഞ അഭിപ്രായമാണ് ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, ശൈഖ് ഇബ്നു ബാസ്, ഇബ്നു ഉസൈമീൻ തുടങ്ങിയവരുടെയെല്ലാം അഭിപ്രായം. ഇതാണ് ശരിയായ അഭിപ്രായമായി മനസ്സിലാകുന്നതും. വല്ലാഹു അഅ്ലം.