ഒരു ഇല്മിന്റെ സദസ്സിലേക്ക് പുറപ്പെടുമ്പോൾ മനസ്സിൽ കരുതാവുന്ന ചില നിയ്യത്തുകൾ:

1- ഇല്മിന്റെ (അല്ലാഹുവിന്റെ ദീൻ പഠിപ്പിക്കുന്ന) സദസ്സുകളിൽ സന്നിഹിതനാകുന്നതിന്റെ പ്രതിഫലം നിയ്യത് കരുതുക. ഖുർആൻ പഠിക്കാൻ വേണ്ടി അല്ലാഹുവിന്റെ ഭവനങ്ങളിൽ ഏതെങ്കിലും ഒരിടത്ത് ഒരുമിക്കുന്നവർക്ക് മേൽ സമാധാനം വന്നിറങ്ങുകയും, കാരുണ്യം അവരെ പൊതിയുകയും, മലക്കുകൾ അവരെ വലയം ചെയ്യുകയും, അല്ലാഹു അവരെ തന്റെ സദസ്സിൽ സ്മരിക്കുകയും ചെയ്യുമെന്ന് ഹദീഥിൽ വന്നിട്ടുണ്ട്.

2- ആ സദസ്സിൽ നിന്ന് തിരിച്ചു വരുമ്പോൾ തിന്മകൾ പൊറുക്കപ്പെട്ടവനായി തിരിച്ചു വരണമെന്ന നിയ്യത്ത് കരുതുക.

3- മുസ്‌ലിംകൾ എന്ന നിലക്ക് ദീനിന് വേണ്ടി കൂടിയിരിക്കുന്നതിന്റെ പ്രതിഫലം നിയ്യത്ത് വെക്കുക.

4- മുസ്‌ലിംകളായ, ദീൻ പാലിക്കുന്ന സഹോദരങ്ങളെ കണ്ടുമുട്ടണമെന്ന നിയ്യത്ത് കരുതുക.

5- മസ്ജിദിൽ കഴിഞ്ഞു കൂടുന്ന നേരമത്രയും ഇഅ്തികാഫിന്റെ നിയ്യത്ത് കരുതാം. (കുറച്ച് നേരത്തേക്കായി ഇഅ്തികാഫ് ഇരിക്കാമോ എന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമുണ്ട്. അത് അനുവദനീയമാണെന്ന് കരുതുന്നവരുടെ കാര്യമാണ് പറഞ്ഞത്).

6- ദീൻ പഠിക്കാൻ വേണ്ടി യാത്ര പോകുന്ന മസ്ജിദിലേക്കുള്ള കാൽവെപ്പുകൾക്ക് ഓരോന്നിനും പ്രതിഫലമുണ്ടെന്ന് ഓർക്കുക.

7- നിസ്കാര സമയങ്ങൾക്ക് ഇടയിലാണ് ദർസുകൾ നിശ്ചയിച്ചിട്ടുള്ളതെങ്കിൽ അടുത്ത നിസ്കാരം കാത്തിരിക്കുന്നു എന്ന നിയ്യത്ത് കരുതുക. കാരണം നിസ്കാരം കാത്തിരിക്കുന്നവൻ നിസ്കാരത്തിലാണ് എന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്.

8- ദീൻ പഠിപ്പിക്കുന്ന സദസ്സിലേക്ക് ഒപ്പം ഒരാളെ കൂടെ കൂട്ടുന്നെങ്കിൽ അയാൾക്ക് എന്നിലൂടെ ഹിദായത് ലഭിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും, അതിനായി പ്രാർത്ഥിക്കുകയും ചെയ്യുക.

✍️ അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Join alaswala.com/SOCIAL

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment