ശിർക്കിനെ തകർക്കുന്ന ആയത്ത്

പണ്ഡിതന്മാർ ശിർകിനെ തകർക്കുന്ന ആയത്ത് എന്ന് വിശേഷിപ്പിച്ച ആയത്താണ് സൂറ സബഇലെ 22 ാം ആയത്ത്.

ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “മുശ്രിക്കുകള്‍ തങ്ങളുടെ ശിര്‍ക്കില്‍ കടിച്ചു തൂങ്ങാന്‍ ഉന്നയിക്കാറുള്ള എല്ലാ ന്യായങ്ങളുടെയും അടിവേര് ഈ ആയത്തിലൂടെ അല്ലാഹു മുറിച്ചു കളഞ്ഞിരിക്കുന്നു. ഈ ആയത്തിനെ കുറിച്ച് ചിന്തിക്കുകയും, അത് മനസ്സിലാക്കുകയും ചെയ്തവര്‍ക്ക് അല്ലാഹുവിന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവരുടെ ഉപമ (ദുർബലമായ) എട്ടുകാലി വല പോലെയാണെന്ന് ബോധ്യപ്പെടും.”

ശൈഖ് സുലൈമാന്‍ ബ്നു അബ്ദില്ലാഹ് -رَحِمَهُ اللَّهُ- പറഞ്ഞു: “ഇത് മുശ്രികിന്റെ മനസ്സില്‍ അള്ളിപ്പിടിച്ചിട്ടുള്ള ശിര്‍ക്കാകുന്ന വൃക്ഷത്തിന്റെ അടിവേരുകള്‍ ഹൃദയത്തില്‍ നിന്ന് അറുത്തു കളയുന്ന ആയത്താണ്.” (തയ്സീറുല്‍ അസീസില്‍ ഹമീദ്: 245)

ശൈഖ് നാസ്വിര്‍ അസ്സഅ്ദി -رَحِمَهُ اللَّهُ- പറഞ്ഞു: “ഇത് മുശ്രിക്കിന്റെ ശിര്‍ക്കുമായുള്ള എല്ലാ ബന്ധങ്ങളെയും മുറിച്ചു കളഞ്ഞിരിക്കുന്നു. അവയുടെയെല്ലാം നിരര്‍ഥകത ബോധ്യപ്പെടുത്തുകയും, അതിന്റെ അടിവേരുകള്‍ പിഴുതെറിയുകയും ചെയ്തിരിക്കുന്നു.” (തഫ്സീറുസ്സഅ്ദി: 678)

ഈ ആയത്തിന്റെ വിശദീകരണം വായിക്കാം.

നബിമാരുടെ ശഫാഅത് ലഭിക്കണമെങ്കിൽ...

അല്ലാഹുവിന്റെ അടുക്കൽ ശുപാർശ (ശഫാഅത്) സ്വീകരിക്കപ്പെടണമെങ്കിൽ തൗഹീദ് പാലിക്കുന്നവരും ശിര്‍ക്കില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരുമായിരിക്കണം. ശിര്‍ക്കിലും കുഫ്റിലുമായി മരണപ്പെട്ടാല്‍ -അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുമായി എത്ര അടുത്ത ബന്ധമുള്ളവരാണെങ്കിലും അവര്‍ക്ക്- ശുപാര്‍ശക്ക് അര്‍ഹതയുണ്ടാകില്ല.

ഇബ്രാഹീം നബി-عَلَيْهِ الصَّلَاةُ وَالسَّلَامُ-യുടെ സംഭവം തന്നെ നോക്കൂ! ആരായിരുന്നു അദ്ദേഹം?! അല്ലാഹുവിന്റെ ഖലീല്‍ എന്ന വിശേഷണം ലഭിച്ച, ഹനീഫായ ഇബ്രാഹീം –عَلَيْهِ الصَّلَاةُ وَالسَّلَامُ-. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവോ?! മുശ്രിക്കുകളില്‍ പെട്ടവനായിരുന്നു അദ്ദേഹം. പരലോകത്ത് ഈ രണ്ടു പേരുടെയും അവസ്ഥ എന്തായിരിക്കുമെന്ന് നബി -ﷺ- അറിയിച്ചിരിക്കുന്നു.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ -ﷺ- قَالَ: «يَلْقَى إِبْرَاهِيمُ أَبَاهُ آزَرَ يَوْمَ القِيَامَةِ، وَعَلَى وَجْهِ آزَرَ قَتَرَةٌ وَغَبَرَةٌ، فَيَقُولُ لَهُ إِبْرَاهِيمُ: أَلَمْ أَقُلْ لَكَ لاَ تَعْصِنِي، فَيَقُولُ أَبُوهُ: فَاليَوْمَ لاَ أَعْصِيكَ، فَيَقُولُ إِبْرَاهِيمُ: يَا رَبِّ إِنَّكَ وَعَدْتَنِي أَنْ لاَ تُخْزِيَنِي يَوْمَ يُبْعَثُونَ، فَأَيُّ خِزْيٍ أَخْزَى مِنْ أَبِي الأَبْعَدِ؟ فَيَقُولُ اللَّهُ تَعَالَى: «إِنِّي حَرَّمْتُ الجَنَّةَ عَلَى الكَافِرِينَ، ثُمَّ يُقَالُ: يَا إِبْرَاهِيمُ، مَا تَحْتَ رِجْلَيْكَ؟ فَيَنْظُرُ، فَإِذَا هُوَ بِذِيخٍ مُلْتَطِخٍ، فَيُؤْخَذُ بِقَوَائِمِهِ فَيُلْقَى فِي النَّارِ»

അബൂ ഹുറൈറ –رَضِيَ اللَّهُ عَنْهُ– നിവേദനം: നബി -ﷺ- പറഞ്ഞു: “ഖിയാമതു നാളില്‍ ഇബ്രാഹീം തന്റെ പിതാവ് ആസറിനെ കണ്ടുമുട്ടും. അയാളുടെ മുഖം കാളിമ നിറഞ്ഞതും, പൊടി പുരണ്ടതുമായിരിക്കും. അപ്പോള്‍ ഇബ്രാഹീം അയാളോട് പറയും: “എന്നെ ധിക്കരിക്കരുതെന്ന് ഞാന്‍ താങ്കളോട് പറഞ്ഞതല്ലയോ?”

ഇബ്രാഹീമിന്റെ പിതാവ് പറയും: “ഇന്ന് ഞാന്‍ നിന്നെ ധിക്കരിക്കുകയില്ല.” അപ്പോള്‍ ഇബ്രാഹീം പറയും: “റബ്ബേ! മനുഷ്യര്‍ ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസം എന്നെ അപമാനിക്കില്ലെന്ന് നീ എനിക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്. (നിന്റെ കാരുണ്യത്തില്‍ നിന്ന്) അകറ്റപ്പെട്ട എന്റെ പിതാവിനെക്കാള്‍ വലിയ മറ്റെന്ത് അപമാനമാണുള്ളത്?”

അല്ലാഹു -تَعَالَى- പറയും: “ഞാന്‍ കാഫിറുകള്‍ക്ക് മേല്‍ സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു.” ശേഷം ഇപ്രകാരം പറയപ്പെടും: “ഹേ ഇബ്രാഹീം! നിന്റെ കാലുകള്‍ക്ക് അടിയില്‍ എന്താണ്?” അദ്ദേഹം നോക്കിയാല്‍ തന്റെ പിതാവിനെ രക്തം പുരണ്ട ഒരു കഴുതപ്പുലിയുടെ രൂപത്തില്‍ കാണും. കാലുകളില്‍ പിടിച്ച് അത് നരകത്തിലേക്ക് വലിച്ചെറിയപ്പെടും.” (ബുഖാരി: 3350)

ഇബ്രാഹീം നബി-عَلَيْهِ الصَّلَاةُ وَالسَّلَامُ-ക്ക് തന്റെ പിതാവിനെ പോലും സഹായിക്കാന്‍ കഴിഞ്ഞില്ല. പിന്നെങ്ങനെയാണ് അദ്ദേഹത്തോടും, അദ്ദേഹത്തെ പോലുള്ളവരോടും ഈ പറഞ്ഞ ബന്ധമൊന്നുമില്ലാത്ത നിനക്ക് അവരുടെ ശഫാഅത്ത് ഉപകാരപ്പെടുക; നീ ശിര്‍ക്ക് ചെയ്തവനാണെങ്കില്‍?!

നബി -ﷺ- യുടെ ഈ പ്രവചനം പുലർന്നുവോ?

عَنْ أَبِي سَعِيدٍ الخُدْرِيِّ، عَنِ النَّبِيِّ -ﷺ-، قَالَ: «لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ، شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ»، قُلْنَا: يَا رَسُولَ اللَّهِ، اليَهُودُ وَالنَّصَارَى؟ قَالَ: «فَمَنْ»

അബൂ സഈദ് അല്‍-ഖുദ്രി നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ക്ക് മുന്‍പുള്ളവരുടെ ചര്യ നിങ്ങള്‍ പിന്‍പറ്റുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. അവര്‍ ഒരു ഉടുമ്പിന്‍ മാളത്തില്‍ പ്രവേശിച്ചാല്‍ നിങ്ങള്‍ അവരെ അതിലും പിന്‍പറ്റും.” ഞങ്ങള്‍ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! യഹൂദ-നസ്വ്റാനികളെയോ?” അവിടുന്ന് പറഞ്ഞു: “മറ്റാരാണു പിന്നെ?” (ബുഖാരി: 7320, മുസ്‌ലിം: 2669)

عَنْ ثَوْبَانَ قَالَ قَالَ رَسُولُ اللَّهِ -ﷺ- «وَلاَ تَقُومُ السَّاعَةُ حَتَّى تَلْحَقَ قَبَائِلُ مِنْ أُمَّتِى بِالْمُشْرِكِينَ وَحَتَّى تَعْبُدَ قَبَائِلُ مِنْ أُمَّتِى الأَوْثَانَ»

ഥൗബാന്‍ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “എന്റെ സമുദായത്തില്‍ പെട്ട ചില ഗോത്രക്കാര്‍ മുശ്രിക്കുകളുമായി കൂടിച്ചേരുന്നത് വരെ; എന്റെ സമുദായത്തില്‍ പെട്ട ചിലര്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നത് വരെ; അന്ത്യനാള്‍ സംഭവിക്കുകയില്ല.” (അബൂദാവൂദ്: 4254)

നബി-ﷺ-യുടെ പ്രവചനം പുലര്‍ന്നിരിക്കുന്നു. ഇന്നെന്തിനെയെല്ലാമാണ് മുസ്‌ലിംകള്‍ എന്ന് അവകാശപ്പെടുന്നവര്‍ ആരാധിക്കുന്നത്?

അവരില്‍ ചിലര്‍ മരിച്ചു പോയ ഔലിയാക്കന്മാരെ വിളിച്ചു തേടിക്കൊണ്ടിരിക്കുന്നു; അമ്പിയാക്കളുടെയും ബദ്രീങ്ങളുടെയും സ്വാലിഹീങ്ങളുടെയും ഖബറിടങ്ങള്‍ക്ക് മുന്‍പിലും മറ്റും ആരാധനകള്‍ സമര്‍പ്പിക്കുന്നു. വേറെ ചിലര്‍ ജാറങ്ങള്‍ക്ക് മുന്നില്‍ സുജൂദും റുകൂഉമായി കൂടി അവയെ ആരാധിക്കുന്നു. ഇനിയും ചിലര്‍ കല്ലിനെയും മരങ്ങളെയും വരെ ആരാധിക്കുകയും, അതില്‍ നിന്ന് അനുഗ്രഹങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. കുറച്ചു പേര്‍ വിഗ്രഹങ്ങള്‍ക്ക് മുന്‍പില്‍ തന്നെ സാഷ്ടാംഘം നമിച്ചും, ശയനപ്രതിക്ഷിണം നടത്തിയും ഇസ്‌ലാമിന്റെ വേലി തകര്‍ത്തു പുറത്തു പോയിരിക്കുന്നു. ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍!

ഈ ഉമ്മത്തിനെ ബാധിച്ചിരിക്കുന്ന വിപത്തുകള്‍ എന്തു കഠിനം!

വായിക്കുക: ശിര്‍ക്കിനെ സൂക്ഷിക്കുക!

ഗര്‍ഭപാത്രത്തില്‍ വളര്‍ന്നവര്‍ എങ്ങനെ ദൈവമാകും...?

ലോകങ്ങളുടെ സൃഷ്ടാവായ അല്ലാഹു പറഞ്ഞു:

هُوَ الَّذِي يُصَوِّرُكُمْ فِي الْأَرْحَامِ كَيْفَ يَشَاءُ ۚ لَا إِلَـٰهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ ﴿٦﴾

“അല്ലാഹുവാകുന്നു അവന്‍ ഉദ്ദേശിക്കുന്നത് പ്രകാരം നിങ്ങളെ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുത്തുന്നത്. അവനല്ലാതെ ആരാധനക്ക് അര്‍ഹന്‍ മറ്റാരുമില്ല.” (സൂറ ആല് ഇംറാന്‍ : 6)

വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഇബ്‌നു കഥീര്‍ പറയുന്നു:

“മറ്റെല്ലാ സൃഷ്ടികളെയും പോലെ മര്‍യമിന്റെ പുത്രനായ ഈസയും അല്ലാഹുവിന്റെ സൃഷ്ടിയും അടിമയുമാണെന്ന് ഈ വചനം വ്യക്തമാക്കുന്നു. കാരണം അദ്ദേഹത്തെയും അല്ലാഹു ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുത്തുകയും, സൃഷ്ടിക്കുകയുമാണ് ഉണ്ടായത്‌ .

കാര്യം ഇപ്രകാരമെങ്കില്‍; ക്രൈസ്തവര്‍ ജല്‍പ്പിച്ചത് പോലെ എങ്ങനെയാണ് അദ്ദേഹം ദൈവമാവുക? (ഈ വാദം കാരണത്താല്‍) അല്ലാഹുവിന്റെ ശാപം അവരുടെ മേല്‍ ഭവിക്കട്ടെ!

മര്‍യമിന്റെ ശരീരത്തിനുള്ളില്‍ മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും, ഒരു അവസ്ഥയില്‍ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് മാറ്റപ്പെടുകയും ചെയ്തയാള്‍ എങ്ങനെ ദൈവമാകും…?”

(ഇബ്‌നു കഥീര്‍: 2/6)

ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ…!

എന്താണ് ഇഖ്ലാസ്...?

“ജനങ്ങള്‍ കാണുന്നുണ്ടെന്നതിനാല്‍ (തിന്മകള്‍) പ്രവര്‍ത്തിക്കാതിരിക്കല്‍ രിയാഅ (ലോകമാന്യം) ആണ്. ജനങ്ങളെ കാണിക്കാന്‍ വേണ്ടി (നന്മകള്‍) പ്രവര്‍ത്തിക്കല്‍ ശിര്‍ക്ക് (അല്ലാഹുവില്‍ പങ്ക് ചേര്‍ക്കല്‍) ആണ്. ഇഖ്ലാസ് എന്നാല്‍ അല്ലാഹു ഈ രണ്ടില്‍ നിന്നും നിന്നെ രക്ഷിക്കലാണ്.” – ഫുദൈല്‍ ഇബ്‌നു ഇയാദ്.

ഞാന്‍ അഭിമാനിക്കുന്നു ...!

ഒരു കവി പാടി:

“അല്ലാഹുവേ… നീ എന്റെ റബ്ബാണെന്നത് മതി എനിക്ക് അഭിമാനിക്കാന്‍;

ഞാന്‍ നിന്റെ അടിമയാണെന്നത് മതി എനിക്ക് അഹങ്കാരമായി.”

ശാഫിഈ പണ്ഡിതനായ ബുജയ്റമി പറഞ്ഞു: ” അല്ലാഹുവിന്റെ അടിമയാണെന്നതിനെക്കാള്‍ പരിപൂര്‍ണവും ശ്രേഷ്ടവുമായ മറ്റൊരു വിശേഷണവും ഒരു അടിമക്ക് ലഭിക്കാനില്ല… കാരണം താഴ്മയുടെ ഏറ്റവും ഉയര്‍ന്ന പടിയാണ് അത്.”

യഥാര്‍ത്ഥ സ്വാതന്ത്ര്യം!

ശരിയായ സ്വാതന്ത്ര്യവും എന്നെന്നും നിലനിൽക്കുന്ന ശാന്തിയും അല്ലാഹുവിന്റെ അടിമയാകുന്നതിലൂടെ മാത്രമേ മനുഷ്യർക്ക് ലഭിക്കുകയുള്ളൂ എന്നതാണ് സത്യം.

എന്നെ സൃഷ്ടിച്ചവനായ രക്ഷിതാവിന്റെ കൽപ്പനകൾ മാത്രമേ ഞാൻ ആത്യന്തികമായി അനുസരിക്കുകയുള്ളൂ എന്നും, അവന്റെ കൽപ്പനകൾക്ക് വിരുദ്ധമായ ഏതൊരു നിർദേശവും അനുസരിക്കാൻ ഞാൻ ബാധ്യസ്ഥനല്ല എന്നും പ്രഖ്യാപിക്കുന്ന ഓരോ മുസ്‌ലിമിന്റെയും ഹൃദയത്തിൽ അവൻ അനുഭവിക്കുന്ന ആനന്തം അതിമഹത്തരമാണ്.

ഖാദിസിയ്യ യുദ്ധവേളയിൽ സ്വഹാബിയായ റിബ്ഇയ്യു ബ്നു ആമിർ -رَضِيَ اللَّهُ عَنْهُ- പേർഷ്യക്കാരുടെ സേനാനായകനായ റുസ്തമിനോട് പറഞ്ഞ വാക്കുകളിൽ സ്വാതന്ത്ര്യത്തിന്റെ ഈ ഉജ്വലമായ പ്രഖ്യാപനം കാണാൻ കഴിയും. ‘എന്തിനാണ് നിങ്ങൾ ഞങ്ങളുമായി യുദ്ധത്തിലേർപ്പെടുന്നത്? എന്ന റുസ്തമിന്റെ ചോദ്യത്തിന് മറുപടിയായി കൊണ്ട് അദ്ദേഹം പറഞ്ഞു:

«اللَّهُ ابْتَعَثْنَا لِنُخْرِجَ مَنْ شَاءَ مِنْ عِبَادَةِ الْعِبَادِ إِلَى عِبَادَةِ اللَّهِ، وَمِنْ ضِيقِ الدُّنْيَا إِلَى سِعَتِهَا، وَمِنْ جَوْرِ الْأَدْيَانِ إِلَى عَدْلِ الْإِسْلَامِ»

“അടിമകളെ ആരാധിക്കുന്നതിൽ നിന്ന് അടിമകളുടെ സ്രഷ്ടാവായ അല്ലാഹുവിനെ ആരാധിക്കുന്നതിലേക്കും, ഇഹലോകത്തിന്റെ ഇടുക്കത്തിൽ നിന്ന് പരലോകത്തിന്റെ വിശാലതയിലേക്കും, നാനാജാതി മതങ്ങളുടെ വഞ്ചനകളിൽ നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്കും ജനങ്ങളെ കൊണ്ടുവരുന്നതിനായി അല്ലാഹുവാണ് ഞങ്ങളെ നിയോഗിച്ചത്.” (അൽ ബിദായ വന്നിഹായ: 7/39)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment