പ്രിയ്യപ്പെട്ട മുസ്‌ലിം സഹോദരങ്ങളേ!

നമ്മെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവനായ, ആകാശഭൂമികളുടെ റബ്ബായ അല്ലാഹു അങ്ങേയറ്റം നീതിയുള്ളവനാണ്. ഒരു ഉറുമ്പിന്റെ കാലടിപ്പാടിനോളം പോലും അല്ലാഹു അനീതി പ്രവർത്തിക്കുകയില്ല എന്ന് ധാരാളം തവണ അവൻ നമ്മെ ഓർമ്മിപ്പിച്ചിട്ടുണ്ട്.

إِنَّ اللَّـهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۖ

“തീർച്ചയായും അല്ലാഹു ഒരു അണുമണി തൂക്കം പോലും അനീതി ചെയ്യുകയില്ല.” (നിസാഅ്: 40)

إِنَّ اللَّـهَ لَا يَظْلِمُ النَّاسَ شَيْئًا وَلَـٰكِنَّ النَّاسَ أَنفُسَهُمْ يَظْلِمُونَ ﴿٤٤﴾

“തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഒട്ടും അനീതി കാണിക്കുന്നില്ല. എങ്കിലും മനുഷ്യര്‍ അവരവരോട് തന്നെയാണ് അനീതി കാണിക്കുന്നത്.” (യൂനുസ്: 44)

وَلَا يَظْلِمُ رَبُّكَ أَحَدًا ﴿٤٩﴾

“നിന്റെ റബ്ബ് ഒരാളോടും അനീതി പ്രവർത്തിക്കുകയില്ല.” (കഹ്ഫ്: 49)

عَنْ أَبِي ذَرٍّ عَنِ النَّبِيِّ -ﷺ- فِيمَا رَوَى عَنِ اللَّهِ تَبَارَكَ وَتَعَالَى أَنَّهُ قَالَ: «يَا عِبَادِي إِنِّي حَرَّمْتُ الظُّلْمَ عَلَى نَفْسِي، وَجَعَلْتُهُ بَيْنَكُمْ مُحَرَّمًا، فَلَا تَظَالَمُوا»

അല്ലാഹു പറഞ്ഞതായി നബി -ﷺ- അറിയിക്കുന്നു: “എന്റെ ദാസന്മാരേ! അനീതിയിൽ നിന്ന് ഞാൻ പരിശുദ്ധനായിരിക്കുന്നു. നിങ്ങൾക്കിടയിൽ ഞാനത് നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ (എന്റെ ദാസന്മാരേ!) നിങ്ങൾ പരസ്പരം അനീതി പ്രവർത്തിക്കരുത്!” (മുസ്‌ലിം: 2577)

നീതി പാലിക്കുന്നവരെയാണ് നമ്മുടെ റബ്ബ് ഇഷ്ടപ്പെടുന്നത്. അനീതി പ്രവർത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. നമ്മുടെ റബ്ബിന്റെ ഇഷ്ടവും തൃപ്തിയും നേടുക എന്നത് എത്ര സന്തോഷകരമായ കാര്യമാണ്?!

إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ ﴿٨﴾

“തീർച്ചയായും നീതി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.” (മുംതഹനഃ: 8)

നീതിയുള്ളവരാകൂ എന്നത് മുസ്‌ലിംകളോടുള്ള അല്ലാഹുവിന്റെ ആവർത്തിച്ചുള്ള കൽപ്പനയാണ്. അതിക്രമം ചെയ്തവരോട് തിരിച്ച് പ്രതികരിക്കുമ്പോൾ പോലും അതിരു കവിയരുതെന്നും, അനീതി പ്രവർത്തിക്കരുതെന്നും ആവർത്തിച്ച് ഓർമ്മപ്പെടുത്തുന്നുണ്ട് ഇസ്‌ലാമിക വിധിവിലക്കുകൾ.

يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّـهِ وَلَوْ عَلَىٰ أَنفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ ۚ 

“(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങള്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അല്ലാഹുവിന് വേണ്ടി സാക്ഷ്യം പറയുന്നവരായിരിക്കണം. അത് (സാക്ഷ്യം) നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി.” (നിസാഅ്: 135)

قُلْ أَمَرَ رَبِّي بِالْقِسْطِ ۖ

“(നബിയേ!) പറയുക: എന്റെ റബ്ബ് നീതിപാലിക്കാനാണ് കല്‍പിച്ചിട്ടുള്ളത്‌. ” (അഅ്റാഫ്: 29)

 إِنَّ اللَّـهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ

“തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്മ ചെയ്യുവാനുമാണ്.” (നഹ്ൽ: 90)

തങ്ങളോട് അതിക്രമം പ്രവർത്തിക്കുകയും നാട്ടിൽ നിന്ന് തങ്ങളെ പുറത്താക്കുകയും ചെയ്തവരോട് പോലും എതിരെ പ്രതികരിക്കുമ്പോൾ നീതി പാലിക്കണമെന്നാണ് അല്ലാഹു ഓർമ്മപ്പെടുത്തിയത്.

يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّـهِ شُهَدَاءَ بِالْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ خَبِيرٌ بِمَا تَعْمَلُونَ ﴿٨﴾

“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.” (മാഇദ: 8)

ഇസ്‌ലാമിന്റെ കൊടിയ ശത്രുക്കളായിരുന്ന യഹൂദർക്കിടയിൽ വിധിക്കേണ്ടി വന്നാൽ നീതിപൂർവ്വം വിധിക്കണമെന്ന് നബി -ﷺ- യെ അല്ലാഹു ഓർമ്മപ്പെടുത്തി.

وَإِنْ حَكَمْتَ فَاحْكُم بَيْنَهُم بِالْقِسْطِ ۚ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ ﴿٤٢﴾

“എന്നാല്‍ നീ തീര്‍പ്പു കല്‍പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വ്വം തീര്‍പ്പുകല്‍പിക്കുക. നീതിപാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.” (മാഇദ: 42)

പ്രിയ്യപ്പെട്ട മുസ്‌ലിം സഹോദരങ്ങളേ!

ആര് തന്നെ നമ്മോട് അനീതിയും അതിക്രമവും പ്രവർത്തിച്ചാലും അതിനെതിരെ പ്രതികരിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുമ്പോൾ അത് നീതിപൂർവ്വകമല്ലേ എന്ന് ആവർത്തിച്ച് നാം പരിശോധന നടത്തേണ്ടതുണ്ട്. ഭരണകർത്താക്കളോ നേതാക്കന്മാരോ ചെയ്ത അനീതിക്കെതിരെ പ്രതികരിക്കുന്നുവെന്ന പേരിൽ പൊതുമുതൽ നശിപ്പിക്കുകയും, ജനങ്ങളുടെ സമ്പത്ത് തച്ചുതകർക്കുകയും ചെയ്യുന്നവർ സ്വയം ചോദിക്കട്ടെ; ഒരണുമണിത്തൂക്കം പോലും അനീതി പ്രവർത്തിക്കാത്തവനായ നമ്മുടെ റബ്ബ് ഇത് ഇഷ്ടപ്പെടുമോ?! അവന് ഇത് തൃപ്തികരമായിരിക്കുമോ?!

ഹർത്താലുകൾ, ബന്ദുകൾ എന്ന പേരിൽ നാട്ടിൽ പലരും കൊണ്ടാടുന്ന നീതിനിഷേധത്തിന്റെ വഴികൾ ഒരു മുസ്‌ലിമിന് യോജിക്കാവുന്ന കാര്യമേയല്ല. നിന്നോട് അനീതി പ്രവർത്തിച്ച ചിലരോടുള്ള പ്രതിഷേധമായി അതിൽ യാതൊരു പങ്കുമില്ലാത്ത ആയിരങ്ങളുടെ -അല്ല! ലക്ഷങ്ങളുടെ- യാത്രകളും കച്ചവടവും ജീവിതവ്യവഹാരങ്ങളും നീ എങ്ങനെയാണ് മുടക്കുക?! എത്രയോ രോഗികളുടെയും വൃദ്ധരുടെയും ജീവിതം എങ്ങനെയാണ് നീ പ്രയാസത്തിലാക്കുക?! പ്രസവവും മരണവും പോലെ അപ്രതീക്ഷിതമായ കാര്യങ്ങളിൽ പെട്ടുഴലുന്ന മനുഷ്യരെ എങ്ങനെയാണ് ബുദ്ധിമുട്ടിലാക്കുക?! എത്രയോ പേരുടെ മനസ്സിൽ അകാരണമായ ഭയവും ഭീതിയും സൃഷ്ടിക്കുക?!

പ്രിയ്യപ്പെട്ട മുസ്‌ലിം സഹോദരങ്ങളേ! നബി -ﷺ- നമ്മെ അറിയിച്ച ഒരു കഥ കേൾക്കുക. അവിടുന്ന് പറഞ്ഞു:

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «نَزَلَ نَبِيٌّ مِنَ الأَنْبِيَاءِ تَحْتَ شَجَرَةٍ، فَلَدَغَتْهُ نَمْلَةٌ، فَأَمَرَ بِجَهَازِهِ فَأُخْرِجَ مِنْ تَحْتِهَا، ثُمَّ أَمَرَ بِبَيْتِهَا فَأُحْرِقَ بِالنَّارِ، فَأَوْحَى اللَّهُ إِلَيْهِ: فَهَلَّا نَمْلَةً وَاحِدَةً»

“അമ്പിയാക്കന്മാരിൽ പെട്ട ഒരു നബി ഒരു മരത്തിന് കീഴെ തമ്പടിച്ചു. അപ്പോൾ അദ്ദേഹത്തെ ഒരു ഉറുമ്പ് കടിച്ചു. അദ്ദേഹം തന്റെ യാത്രാ വിഭവങ്ങൾ ആ മരത്തിന് കീഴിൽ നിന്ന് പുറത്തെടുക്കാൻ കൽപ്പിക്കുകയും, ആ ഉറുമ്പിന്റെ കൂട് കത്തിച്ചു കളയാൻ കൽപ്പിക്കുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിന് സന്ദേശം നൽകി: “(നിന്നെ കടിച്ച) ഒരു ഉറുമ്പിനെ മാത്രം നശിപ്പിച്ചാൽ പോരായിരുന്നില്ലേ?!” (ബുഖാരി: 3319, മുസ്‌ലിം: 2241)

ആകാശഭൂമികളുടെ രക്ഷിതാവും, മഹാസിംഹാസനത്തിന്റെ ഉടമസ്ഥനും, സർവ്വതിന്റെയും സ്രഷ്ടാവുമായ അല്ലാഹു അവന്റെ ദൂതന്മാരിൽ പെട്ട ഒരാളോട് -നാമെല്ലാം വളരെ നിസ്സാരമായി കാണുന്ന ജീവികളിൽ പെട്ട- ഒരു ഉറുമ്പിൻ കൂട്ടത്തിന്റെ കാര്യത്തിൽ അദ്ദേഹത്തെ ചോദ്യം ചെയ്തതു നോക്കൂ! നിസ്സാരമായി ഗണിക്കപ്പെടുന്ന ഒരു ഉറുമ്പിന്റെ കാര്യം ഇപ്രകാരമാണെങ്കിൽ അല്ലാഹു ആദരവ് നൽകിയ മനുഷ്യരുടെ രക്തത്തിന്റെയും സമ്പത്തിന്റെയും കാര്യം എത്ര ഗുരുതരമായിരിക്കും?!

പ്രിയ്യപ്പെട്ട മുസ്‌ലിം സഹോദരങ്ങളേ!

പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ സ്വത്തും സൗകര്യങ്ങളും നഷ്ടത്തിലാക്കുകയും, അവർക്ക് പ്രയോജനപ്രദമായ കാര്യങ്ങൾ നശിപ്പിക്കുകയും തകർക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ഗുരുതരമായ പാപമാണ്. നബി -ﷺ- പറഞ്ഞത് നോക്കൂ:

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «اتَّقُوا اللَّعَّانَيْنِ» قَالُوا: وَمَا اللَّعَّانَانِ يَا رَسُولَ اللهِ؟ قَالَ: «الَّذِي يَتَخَلَّى فِي طَرِيقِ النَّاسِ، أَوْ فِي ظِلِّهِمْ»

“(ജനങ്ങളുടെ ശാപം വരുത്തി വെക്കുന്ന) ശാപാർഹമായ രണ്ട് കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക.” സ്വഹാബികൾ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! ഏതാണ് അവ?” അവിടുന്ന് പറഞ്ഞു: “ജനങ്ങളുടെ വഴിയിലോ, (ഉപകാരപ്രദമായ) അവരുടെ തണലുകളിലോ മലമൂത്ര വിസർജ്ജനം നടത്തുന്നവർ.” (മുസ്‌ലിം: 269)

വഴികളിലോ, തണൽ കൊള്ളാനിരിക്കുന്ന ഇടങ്ങളിലോ മലമൂത്ര വിസർജ്ജനം നടത്തിയാൽ അവിടെ വന്നെത്തുന്നവർ അതിൽ പ്രയാസപ്പെടാനും, ഇത് ചെയ്തുവെച്ചയാളെ ശപിക്കാനും കാരണമാകും എന്നതിനാൽ നബി -ﷺ- മുസ്‌ലിംകളോട് ഈ രണ്ട് കാര്യങ്ങളും വിലക്കുന്നു. ഈ രണ്ട് പ്രയാസങ്ങളും ഒരു ചെറിയ കാലത്തേക്ക് മാത്രമേ നിലനിൽക്കൂ; വിസർജ്യങ്ങൾ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഉണങ്ങുകയോ മണ്ണിൽ അലിഞ്ഞു ചേരുകയോ ചെയ്തേക്കാം. എന്നിട്ടും നബി -ﷺ- വളരെ ശക്തമായ ഭാഷയിൽ അവ രണ്ടും വിലക്കി.

എന്നാൽ കാലങ്ങൾ കഴിഞ്ഞാലും തോരാത്ത കണ്ണുനീരും സങ്കടവും ബാക്കി നിർത്തുന്ന എന്തെല്ലാം അതിക്രമങ്ങളാണ് ഹർത്താലുകളിലും ബന്ദുകളിലൂടെയും സംഭവിച്ചിട്ടുള്ളത്?! എത്രയോ പേർ ആശുപത്രിയിലേക്കുള്ള വഴിയിൽ തടസ്സം നേരിട്ടു മരണപ്പെട്ടു. എത്രയധികം പേരുടെ വാഹനങ്ങളും കടകളും തച്ചുതകർക്കപ്പെട്ടു. അനേകം പേർ ശാരീരികവും മാനസികവുമായ പ്രയാസങ്ങളിൽ ഇപ്പോഴും കഴിഞ്ഞു കൂടുന്നു; അവരോട് ചേർന്നു നിൽക്കുന്ന കുടുംബം അതിന്റെ പ്രയാസങ്ങൾ സഹിക്കുന്നു. ജനങ്ങളിൽ എത്രയോ പേർക്ക് ഉപകാരപ്പെട്ടേക്കാമായിരുന്ന പൊതുസ്വത്തുകൾ നശിപ്പിക്കപ്പെടുന്നു.

പ്രത്യേകം എടുത്തു പറയേണ്ടതില്ലാത്ത വിധം എണ്ണമില്ലാത്ത പ്രയാസങ്ങളും ദുരിതങ്ങളും സമ്മാനിക്കുന്ന ഇത്തരം ഹർത്താലുകൾ ആരെല്ലാം പ്രഖ്യാപിച്ചാലും അതിനോട് സഹകരിക്കുക എന്നത് ഒരു മുസ്‌ലിമിന്റെ ദീനിന് യോജിച്ചതല്ല. പരലോകം വരാനുണ്ട്; അല്ലാഹുവിന്റെ മുൻപിൽ മറുപടി പറയേണ്ടതുണ്ട് എന്ന് ആലോചിക്കുന്ന ഒരാൾക്കും ഇത്തരം നശീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ സാധിക്കുകയില്ല. അല്ലാഹുവിന്റെ ഖുർആനിലെ മഹത്തരമായ ഒരു ആയത്ത് ഞാനും നിങ്ങളും ഓർക്കുക:

فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ ﴿٧﴾ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ ﴿٨﴾

“ആരെങ്കിലും ഒരു ഉറുമ്പിന്റെ കാലടിപ്പാടിനോളം നന്മ ചെയ്താൽ അവനത് കാണുന്നതാണ്. ആരെങ്കിലും ഒരു ഉറുമ്പിന്റെ കാലടിപ്പാടിനോളം തിന്മ ചെയ്താൽ അവൻ അത് കാണുന്നതാണ്.” (സൽസല: 7-8)

അല്ലാഹു മുസ്‌ലിമീങ്ങളെ സഹായിക്കുകയും, അവന്റെ ദീനിന് മഹത്തായ പ്രതാപം നൽകുകയും ചെയ്യട്ടെ. നമ്മുടെ മുസ്‌ലിം സഹോദരങ്ങളെ ബാധിച്ചിരിക്കുന്ന എല്ലാ പ്രയാസങ്ങളിൽ നിന്നും അല്ലാഹു അവരെ കരകയറ്റട്ടെ. അല്ലാഹു ഇസ്‌ലാമിനും മുസ്‌ലിമീങ്ങൾക്കും പ്രതാപം നൽകട്ടെ! (ആമീൻ)

അബ്ദുൽ മുഹ്സിൻ ഐദീദ്, പൊന്നാനി.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment