ആരാണ് സലഫുകൾ?

قَالَ البَيْجُورِيُّ : «وَالمُرَادُ بِمَنْ سَلَفَ مَنْ تَقَدَّمَ مِنَ الأَنْبِيَاءِ وَالصَّحَابَةِ وَالتَّابِعِينَ وَتَابِعِيهِمْ»

ശാഫിഈ പണ്ഡിതന്മാരിൽ പ്രമുഖനായ ബയ്ജൂരി -رَحِمَهُ اللَّهُ- പറയുന്നു: “സലഫുകൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കഴിഞ്ഞു പോയ നബിമാരും സ്വഹാബികളും താബിഈങ്ങളും അവരെ പിൻപറ്റിയവരുമാണ്.”

[ ശർഹു ജൗഹറതിത്തൗഹീദ്: 111 ]

ആരാണ് അഹ്ലുസ്സുന്ന?

ഇബ്‌നു കഥീർ -رَحِمَهُ اللَّهُ- പറഞ്ഞു: “അഹ്‌ലുസ്സുന്നത്തി വൽ ജമാഅഃ എന്നാൽ അല്ലാഹുവിന്റെ ഖുർആനും, നബി -ﷺ- യുടെ സുന്നത്തും, സ്വഹാബികളുടെയും താബിഈങ്ങളുടെയും മുൻഗാമികളും പിൽക്കാലക്കാരുമായ മുസ്‌ലിമീങ്ങളിലെ ഇമാമുമാരുടെയും മാർഗവും മുറുകെ പിടിക്കുന്നവരാണ്.” (ഇബ്‌നു കഥീർ: 6/285)

ഒറ്റക്കാണെങ്കിലും -സത്യം നിന്നോടൊപ്പമെങ്കിൽ- സന്തോഷിക്കുക!

സത്യത്തിന് മേൽ ഉറച്ചു നിലകൊള്ളുമ്പോൾ ചുറ്റുമുള്ളവരെല്ലാം എതിർക്കുകയും, ‘നിന്നോടൊപ്പം ആരുണ്ട്?’ എന്ന് പരിഹസിക്കുകയും ചെയ്യുമ്പോൾ നബി -ﷺ- യുടെയും സ്വഹാബത്തിന്റെയും ദീനിൽ താൻ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് അവൻ പരിശോധിക്കട്ടെ. ആ മാർഗത്തിൽ തന്നെയാണ് താനുള്ളതെങ്കിൽ ധൈര്യമായി അവൻ അതിൽ ഉറച്ചു നിൽക്കട്ടെ.

عَنْ ابْنِ مَسْعُودٍ قَالَ: «الجَمَاعَةُ مَا وَافَقَ الحَقَّ وَإِنْ كُنْتَ وَحْدَكَ»

ഇബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞ മനോഹരമായ വാക്ക് ഈ സന്ദർഭത്തിൽ എന്തു കൊണ്ടും സ്മരണീയമാണ്. അദ്ദേഹം പറഞ്ഞു: “അൽ-ജമാഅതെന്നാൽ സത്യത്തോട് യോജിച്ചതാണ്; അത് നീ ഒറ്റക്കാണ് എങ്കിലും.”

അൽ-ജമാഅഃ എന്നാൽ കേവലം മുസ്‌ലിംകളിൽ പെട്ട ഒരു സംഘമോ ഏതെങ്കിലും കക്ഷിയോ സംഘടനയോ ജനങ്ങളിലെ ഏറ്റവും വലിയ കൂട്ടമോ ഏതെങ്കിലുമൊരു പ്രത്യേക മദ്‌ഹബ് പിന്തുടർന്നവർ മാത്രമോ ഒന്നുമല്ല എന്ന് ഇതിൽ നിന്നെല്ലാം മനസ്സിലാക്കാവുന്നതാണ്. ഏതെങ്കിലും വ്യക്തിയുടെ പേരിൽ ഒത്തുചേർന്ന സംഘങ്ങൾക്കുള്ളിലോ, ആരെങ്കിലും പടച്ചുണ്ടാക്കിയ സംഘടനാ ചട്ടക്കൂടുകൾക്ക് ഉള്ളിലോ ഒതുങ്ങി നിൽക്കുന്നതുമല്ല അത്. ആൾക്കൂട്ടത്തിന്റെ എണ്ണക്കൂടുതലോ കുറവോ ഒന്നും അഹ്‌ലുസ്സുന്ന വൽ ജമാഅഃ എന്ന വാക്കിന്റെ ചേർച്ചക്കോ ചേർച്ചയില്ലായ്മക്കോ കാരണമാകുന്നില്ല.

സ്വഹാബത്തിനെ പിൻപറ്റുക

قَالَ عَبْدُ اللَّهِ بْنُ مَسْعُودٍ -رَضِيَ اللَّهُ عَنْهُ-: «اتَّبِعُوا وَلَا تَبْتَدِعُوا»

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നിങ്ങള്‍ പിന്‍പറ്റുക; പുതിയ കാര്യങ്ങള്‍ (ബിദ്അതുകള്‍) ഉണ്ടാക്കരുത്.” (ദാരിമി: 1/66)

قَالَ حُذَيْفَةُ بْنُ اليَمَانِ -رَضِيَ اللَّهُ عَنْهُ-: «كُلُّ عِبَادَةٍ لَمْ تَفْعَلْهَا الصَّحَابَةُ فَلَا تَفْعَلُوهَا»

ഹുദൈഫ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “സ്വഹാബികള്‍ പ്രവര്‍ത്തിക്കാത്ത ഒരു ഇബാദതും നിങ്ങള്‍ പ്രവര്‍ത്തിക്കരുത്.”

قَالَ ابْنُ سِيرِينَ -رَحِمَهُ اللَّهُ-: «كَانُوا يَرَوْنَ أَنَّهُ عَلَى الطَّرِيقِ مَا كَانَ عَلَى الأَثَرِ»

താബിഈങ്ങളിലെ പ്രമുഖ പണ്ഡിതനായ ഇബ്‌നു സീരീന്‍ -رَحِمَهُ اللَّهُ- പറഞ്ഞു: “സ്വഹാബികളുടെ കാല്‍പ്പാടുകള്‍ പിന്തുടരുന്നിടത്തോളം ഒരാള്‍ സന്മാര്‍ഗത്തില്‍ തന്നെയാണെന്ന് അവര്‍ -സ്വഹാബികളും താബിഈങ്ങളും- മനസ്സിലാക്കാറുണ്ടായിരുന്നു.” (ദാരിമി: 1/66)

قَالَ الإِمَامُ مَالِكٌ -رَحِمَهُ اللَّهُ-: «وَلَنْ يَأْتِيَ آخِرُ هَذِهِ الأُمَّةِ بِأَهْدَى مِمَّا كَانَ عَلَيْهِ أَوَّلُهَا»

ഇമാം മാലിക് -رَحِمَهُ اللَّهُ- പറഞ്ഞു: “ഈ ഉമ്മത്തിലെ അവസാന കാലക്കാര്‍ക്ക് അവരിലെ ആദ്യകാലക്കാരെക്കാള്‍ സന്മാര്‍ഗത്തോട് അടുത്ത ഒന്നും തന്നെ കൊണ്ടു വരാന്‍ കഴിയില്ല.” (അത്താജു വല്‍ ഇക്ലീല്‍)

قَالَ الإِمَامُ أَحْمَدُ: «أُصُولُ السُّنَّةِ عِنْدَنَا التَّمَسُّكُ بِمَا كَانَ عَلَيْهِ أَصْحَابُ رَسُولِ اللَّهِ -ﷺ- وَالاقْتِدَاءُ بِهِمْ»

ഇമാം അഹ്മദ് -رَحِمَهُ اللَّهُ- അഹ്ലുസ്സുന്നതിന്റെ വിശ്വാസം വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ ഉസ്വൂലുസ്സുന്നയുടെ ആരംഭത്തിൽ പറയുന്നു: “നബി -ﷺ- യുടെ സ്വഹാബികൾ എന്തൊന്നിലായിരുന്നോ, അതിനെ മുറുകെ പിടിക്കലും, അത് മാതൃകയാക്കലും നമ്മുടെ അടുക്കൽ അഹ്ലുസ്സുന്നത്തിന്റെ അടിത്തറകളാണ്.”

[ ഉസ്വൂലുസ്സുന്നഃ ]

ഏറ്റവും ഉത്തമ തലമുറ!

عَنْ عِمْرَانَ بْنِ حُصَيْنٍ قَالَ: قَالَ النَّبِيُّ -ﷺ-: «خَيْرُكُمْ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ» قَالَ عِمْرَانُ: لاَ أَددْرِي أَذَكَرَ النَّبِيُّ -ﷺ- بَعْدُ قَرْنَيْنِ أَوْ ثَلاَثَةً -قَالَ النَّبِيُّ -ﷺ-: «إِنَّ بَعْدَكُمْ قَوْمًا يَخُونُونَ وَلاَ يُؤْتَمَنُونَ، وَيَشْهَدُونَ وَلاَ يُسْتَشْهَدُونَ، وَيَنْذِرُونَ وَلاَ يَفُونَ، وَيَظْهَرُ فِيهِمُ السِّمَنُ»

ഇംറാൻ ബിൻ ഹുസ്വൈൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങളിൽ ഏറ്റവും ഉത്തമർ എന്റെ തലമുറയാകുന്നു. ശേഷം അവരെ തുടർന്നു വരുന്നവർ. ശേഷം അവരെ തുടർന്നു വരുന്നവർ.” ഇംറാൻ പറയുന്നു: “നബി -ﷺ- രണ്ട് തലമുറകളെയാണോ മൂന്ന് തലമുറകളെയാണോ (അവിടുത്തേക്ക്) ശേഷം പറഞ്ഞത് എന്നെനിക്ക് അറിയില്ല.”

നബി -ﷺ- പറഞ്ഞു: “തീർച്ചയായും നിങ്ങൾക്ക് ശേഷം ഒരു ജനതയുണ്ട്; അവർ വഞ്ചിക്കുന്നതാണ്; വിശ്വസിക്കപ്പെടുന്നതല്ല. സാക്ഷ്യം വഹിക്കുന്നതാണ്; സാക്ഷ്യം വഹിക്കാൻ (അവരോട് ആരും) ആവശ്യപ്പെടുന്നതല്ല. നേർച്ച നേരുന്നതാണ്; അത് പൂർത്തീകരിക്കുന്നതല്ല. അവരിൽ (അമിതമായി ഭക്ഷണം കഴിക്കുന്നതിനാൽ) പൊണ്ണത്തടി പ്രത്യക്ഷപ്പെടും.”

[ ബുഖാരി: 2651, മുസ്‌ലിം: 2535 ]

ആർക്കാണ് നബി -ﷺ- യുടെ അന്തിമ വസ്വിയ്യത് അറിയേണ്ടത്?!

ഒരു മനുഷ്യൻ ജീവിതത്തിൽ പറയുന്ന വാക്കുകളിൽ ഏറ്റവും പ്രാധാന്യമുള്ള വാക്കുകളായിരിക്കും മരണത്തിന് മുൻപുള്ള അദ്ദേഹത്തിന്റെ വസ്വിയ്യത്തുകൾ (അന്തിമോപദേശങ്ങൾ). ജീവിതാനുഭവങ്ങളും വിജ്ഞാനവും വർദ്ധിക്കുന്നതിന് അനുസരിച്ച് അത്തരം വസ്വിയ്യത്തുകളുടെ കനവും പ്രാധാന്യവും വർദ്ധിക്കും. തന്റെ അവസാന വാക്കുകൾ കേൾക്കുന്നവരോടുള്ള സ്നേഹത്തിന്റെയും അനുകമ്പയുടെയും വർദ്ധനവ് അനുസരിച്ച് അതിൽ ഗുണകാംക്ഷയുടെ സ്വരം കനക്കും.

അങ്ങനെ നോക്കിയാൽ നബി -ﷺ- യുടെ വസ്വിയ്യതിനെക്കാൾ മഹത്തരമായ മറ്റൊരു വസ്വിയ്യത് ഇല്ലതന്നെ. അവിടുത്തേക്കാൾ അറിവുള്ള മറ്റൊരു മനുഷ്യനും ഉണ്ടായിട്ടില്ല; ഇനിയൊട്ട് ഉണ്ടാവുകയുമില്ല. അവിടുത്തേക്കാൾ മഹത്തരമായ ജീവിതം നയിച്ച മറ്റൊരു വ്യക്തിയുമില്ല. അവിടുത്തേക്കാൾ തന്റെ അനുയായികളെ സ്നേഹിച്ച മറ്റാരുമില്ല. ഇതാ നബി -ﷺ- നമുക്ക് നൽകിയ വസ്വിയ്യത്ത്!

عَنِ العِرْبَاضِ : صَلَّى بِنَا رَسُولُ اللَّهِ -ﷺ- ذَاتَ يَوْمٍ ثُمَّ أَقْبَلَ عَلَيْنَا فَوَعَظَنَا مَوْعِظَةً بَلِيغَةً ذَرَفَتْ مِنْهَا الْعُيُونُ وَوَجِلَتْ مِنْهَا الْقُلُوبُ فَقَالَ قَائِلٌ يَا رَسُولَ اللَّهِ كَأَنَّ هَذِهِ مَوْعِظَةُ مُوَدِّعٍ فَمَاذَا تَعْهَدُ إِلَيْنَا فَقَالَ «أُوصِيكُمْ بِتَقْوَى اللَّهِ وَالسَّمْعِ وَالطَّاعَةِ وَإِنْ عَبْدًا حَبْشِيًّا فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِى فَسَيَرَى اخْتِلاَفًا كَثِيرًا فَعَلَيْكُمْ بِسُنَّتِى وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ »

ഇര്‍ബാളുബ്നു സാരിയ നിവേദനം: നബി -ﷺ- ഞങ്ങള്‍ക്ക് ഇമാമായി നിന്ന് കൊണ്ട് ഒരു ദിവസം നമസ്കരിച്ചു. ശേഷം ഞങ്ങളുടെ നേര്‍ക്ക് തിരിഞ്ഞു നിന്ന് അദ്ദേഹം മനസ്സുകളെ ആഴത്തില്‍ സ്വാധീനിക്കുന്ന ഒരു പ്രഭാഷണം നടത്തി. (അത് കേട്ടപ്പോള്‍) ഹൃദയങ്ങള്‍ കിടുങ്ങിവിറച്ചു. കണ്ണുകള്‍ ഈറനണിഞ്ഞു.

ഒരാള്‍ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ! ഒരു യാത്രപറച്ചില്‍ പോലെ ഞങ്ങള്‍ക്ക് ഇത് അനുഭവപ്പെടുന്നല്ലോ? അതിനാല്‍ ഞങ്ങള്‍ക്ക് വസ്വിയ്യത്ത് നല്‍കുക.”

നബി -ﷺ- പറഞ്ഞു: “അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് ഞാന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു.

നിങ്ങളുടെ ഭരണാധികാരി അബ്സീനിയക്കാരനായ അടിമയാണെങ്കിലും കേള്‍ക്കുക; അനുസരിക്കുക.

എനിക്കു ശേഷം ജീവിക്കുന്നവര്‍ തീര്‍ച്ചയായും ധാരാളക്കണക്കിന് അഭിപ്രായവ്യത്യാസങ്ങള്‍ കാണുക തന്നെ ചെയ്യും. അപ്പോള്‍ നിങ്ങള്‍ എന്റെ സുന്നത്തും (നബിചര്യ) ഖുലഫാഉറാഷിദുകളുടെ ചര്യയും സ്വീകരിക്കുക. നിങ്ങള്‍ അതിനെ മുറുകെ പിടിക്കുക. അണപ്പല്ലുകള്‍ കൊണ്ടവ കടിച്ചു പിടിച്ചു കൊള്ളുക.

പുതിയ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക. അവയെല്ലാം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.” (അബൂ ദാവൂദ്: 4607, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

ഇതാ! നബി -ﷺ- യുടെ വസ്വിയ്യത്ത് നിങ്ങൾ വായിച്ചു കഴിഞ്ഞു. ഇനി നിങ്ങളുടെ ഊഴമാണ്. നാമിത് പിൻപറ്റിയോ എന്ന് ആത്മാർത്ഥമായി ചിന്തിക്കുക!

ബിദ്അതുകൾ; ഇതല്ലാതെ മറ്റൊന്നും നിങ്ങൾക്ക് പറയാനില്ലേ?!

ഇസ്‌ലാം ദീനിൽ പുതുതായി കടത്തി കൂട്ടപ്പെടുന്ന ബിദ്അത്തുകളെ കുറിച്ച് ആവർത്തിച്ചു താക്കീത് ചെയ്യുമ്പോൾ ചിലർ അനിഷ്ടം പ്രകടിപ്പിക്കാറുണ്ട്. എപ്പോഴും ഇത് തന്നെയാണോ നിങ്ങൾക്ക് പറയാനുള്ളതെന്നാണ് അവരുടെ പരാതി. നബി -ﷺ- യെ നോക്കൂ!

عَنْ جَابِرِ بْنِ عَبْدِ اللَّهِ قَالَ كَانَ رَسُولُ اللَّهِ -ﷺ- إِذَا خَطَبَ احْمَرَّتْ عَيْنَاهُ وَعَلاَ صَوْتُهُ وَاشْتَدَّ غَضَبُهُ حَتَّى كَأَنَّهُ مُنْذِرُ جَيْشٍ يَقُولُ «أَمَّا بَعْدُ؛ فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلاَلَةٌ »

ജാബിര്‍ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ചുവക്കും, ശബ്ദം ഉയരും, രോഷം പ്രകടമാകും – ഒരു സേനാനായകനെ പോലെ. അവിടുന്ന് പറയാറുണ്ട്: “നിശ്ചയം! ഏറ്റവും നല്ല സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദ്-ﷺ-യുടെ മാര്‍ഗമാണ്. കാര്യങ്ങളില്‍ ഏറ്റവും മോശം പുതുതായി ഉണ്ടാക്കപ്പെട്ടതാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.” (മുസ്‌ലിം)

അവിടുന്ന് എല്ലാ വെള്ളിയാഴ്ച്ച ജുമുഅഃകളിലും -ദീനിൽ ഏറ്റവും വിവരമുണ്ടായിരുന്ന സ്വഹാബികളെ- ആവർത്തിച്ചാവർത്തിച്ച് ബിദ്അത്തുകളിൽ നിന്ന് താക്കീത് നൽകുന്നു. എല്ലാ ആഴ്ച്ചയും നബി -ﷺ- അവരെ ഇക്കാര്യം ഓർമ്മപ്പെടുത്തിയെങ്കിൽ നാം ഇത് എത്ര മാത്രം പരസ്പരം ഓർമ്മപ്പെടുത്തി കൊണ്ടേയിരിക്കണം?!

ബിദ്അതുകാരുടെ മരണത്തിൽ സന്തോഷിക്കാമോ?!

ഇബ്‌നു അബീ ദാഊദ് എന്ന ബിദ്അതുകാരന്റെ അനുയായികള്‍ക്ക് പ്രയാസമുണ്ടായാല്‍ സന്തോഷിക്കാമോ എന്ന് ഇമാം അഹ്മദിനോട് ചിലര്‍ ചോദിച്ചു.

ഇമാം അഹ്മദിന്റെ മറുപടി: “ആരാണ് അതിന്റെ പേരില്‍ സന്തോഷിക്കാത്തത്?!”

(ഖല്ലാലിന്റെ അസ്സുന്ന: 5/121)

നീ തൗബ തടയപ്പെട്ടവനാണോ?!

നിന്റെ ജീവിതത്തിൽ നീ ചെയ്തു പോയ തിന്മകളെല്ലാം അല്ലാഹു പൊറുത്തു നൽകാൻ ഒരു വഴിയുണ്ട്. അല്ലാഹുവിനോട് ആത്മാർത്ഥമായി പശ്ചാത്തപിക്കുക -തൗബ ചെയ്യുക- എന്നതാണത്. എന്നാൽ നിന്റെ തൗബ അല്ലാഹു തടുത്തു വെച്ചിട്ടുണ്ടെങ്കിൽ -അവൻ അത് സ്വീകരിക്കാതെ മാറ്റിവെക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ- എന്തായിരിക്കും നിന്റെ സ്ഥിതി?! എത്ര കഷ്ടമാണ് നിന്റെ അവസ്ഥ?!

തൗബ അല്ലാഹു സ്വീകരിക്കാതിരിക്കാൻ ഒരു കാരണമുണ്ട്. നബി -ﷺ- യുടെ ഹദീഥിൽ അവിടുന്ന് അക്കാര്യം വിശദീകരിച്ചു തന്നിട്ടുണ്ട്.

عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ -ﷺ- «إِنَّ اللَّهَ حَجَبَ التَّوْبَةَ عَنْ كُلِّ صَاحِبِ بِدْعَةٍ حَتَّى يَدَعَ بِدْعَتَهُ»

അനസുബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “എല്ലാ ബിദ്അത്തിന്റെ ആളുകളുടെയും പശ്ചാത്താപം (തൗബ) അല്ലാഹു തടഞ്ഞു വെച്ചിരിക്കുന്നു; അവന്‍ തന്റെ ബിദ്അത്ത് ഒഴിവാക്കുന്നതു വരെ.” (ത്വബ്റാനി, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

നീ ഒരു ബിദ്അതുകാരനാണോ?! നബി -ﷺ- ക്ക് പരിചയമില്ലാത്തത് ദീനായി പ്രവർത്തിക്കുന്ന ഒരു ബിദ്അതുകാരൻ?! ചിന്തിക്കുക.

ബിദ്അതുകൾ ദീനിലെ ഒഴിക്കാവാനാത്ത സുന്നത്തുകളായി മാറുമ്പോൾ..!

കാലം നീങ്ങുന്നതിന് അനുസരിച്ച് ഇസ്‌ലാമിന്റെ അടിത്തറകൾക്ക് വിരുദ്ധമായ പുത്തൻ ചിന്തകളും വിശ്വാസങ്ങളും ആചാരങ്ങളും പടുത്തുയർത്തുന്നവർ പലപ്പോഴും തങ്ങളുടെ പുതുനിർമ്മിതികളെ -ബിദ്അതുകളെ- ദീനിൽ ഒഴിച്ചു കൂടാൻ കഴിയാത്ത അടിസ്ഥാനങ്ങളായാണ് വിശേഷിപ്പിക്കാറുള്ളത്. നബി -ﷺ- യും സ്വഹാബത്തും ചെയ്തതിനെ മുറുകെ പിടിക്കുന്നവർ പലപ്പോഴും ജനങ്ങളുടെ കണ്ണിൽ ദീനിന്റെ എതിരാളികളും, ദീനിൽ പുതിയത് നിർമ്മിച്ചുണ്ടാക്കുന്നവർ ഇസ്‌ലാമിന്റെ ശരിയായ വക്താക്കളുമായി ചിത്രീകരിക്കപ്പെടുന്ന കാലം!

عَنْ حُذَيْفَةَ أَنَّهُ أَخَذَ حَجَرَيْنِ، فَوَضَعَ أَحَدَهُمَا عَلَى الْآخَرِ، ثُمَّ قَالَ لِأَصْحَابِهِ: «هَلْ تَرَوْنَ مَا بَيْنَ هَذَيْنِ الْحَجَرَيْنِ مِنَ النُّورِ» قَالُوا: يَا أَبَا عَبْدِ اللَّهِ، مَا نَرَى بَيْنَهُمَا مِنَ النُّورِ إِلَّا قَلِيلًا. قَالَ: « وَالَّذِي نَفْسِي بِيَدِهِ; لَتَظْهَرَنَّ الْبِدَعُ حَتَّى لَا يُرَى مِنَ الْحَقِّ إِلَّا قَدْرُ مَا بَيْنَ هَذَيْنِ الْحَجَرَيْنِ مِنَ النُّورِ، وَاللَّهِ لَتَفْشُوَنَّ الْبِدَعُ حَتَّى إِذَا تُرِكَ مِنْهَا شَيْءٌ; قَالُوا: تُرِكَتِ السُّنَّةُ»

ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കല്‍ അദ്ദേഹം രണ്ട് കല്ലുകള്‍ എടുക്കുകയും, ഒന്ന് മറ്റൊന്നിനോട് ചേര്‍ത്തു വെക്കുകയും ചെയ്തു. ശേഷം തന്റെ ശിഷ്യന്മാരോട് ചോദിച്ചു: “ഈ രണ്ട് കല്ലുകള്‍ക്കിടയില്‍ നിങ്ങള്‍ വല്ല വെളിച്ചവും കാണുന്നുണ്ടോ?” അവര്‍ പറഞ്ഞു: “അബൂ അബ്ദില്ലാഹ്! അവ രണ്ടിനുമിടയില്‍ വളരെ കുറച്ച് പ്രകാശമല്ലാതെ ഞങ്ങള്‍ കാണുന്നില്ല.”

ഹുദൈഫ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കൈകളിലാണോ അവന്‍ തന്നെ സത്യം! ബിദ്അത്തുകള്‍ പ്രകടമാവുകയും, ഈ കല്ലുകള്‍ക്കിടയില്‍ കാണുന്ന പ്രകാശത്തോളം മാത്രം സത്യം കാണപ്പെടുകയും ചെയ്യുന്ന (അവസ്ഥ) ഉണ്ടാകും.

അല്ലാഹു തന്നെ സത്യം! ബിദ്അത്തുകള്‍ സര്‍വ്വപ്രചാരം നേടുകയും, അതില്‍ നിന്നെന്തെങ്കിലും ഒഴിവാക്കപ്പെട്ടാല്‍ ‘സുന്നത്ത് ഒഴിവാക്കപ്പെട്ടിരിക്കുന്നു’ എന്ന് ജനങ്ങള്‍ പറയുകയും ചെയ്യും.” (ഇഅതിസാം – ശ്വാതിബി: 1/78)

സഹോദരാ! നാം സുന്നത്തായി കരുതുന്നത് ദീനിൽ പെട്ടതാണോ എന്ന് ഉറപ്പു വരുത്തുക. നാം എതിർത്തു കൊണ്ടിരിക്കുന്നവ യഥാർഥ ഇസ്‌ലാമിൽ ഉൾപ്പെട്ടതാണോ എന്ന് അന്വേഷിക്കുക!

പഠിക്കുക; അന്വേഷിക്കുക; സ്വർഗം പണിയെടുക്കുന്നവർക്കുള്ളതാണ്.

ഉറപ്പു വരുത്തുക! നമ്മുടെ കയ്യിലുള്ള ദീൻ നബി -ﷺ- യുടെ ഇസ്‌ലാം തന്നെയാണോ?

عَنْ أَبِي الدَّرْدَاءِ أَنَّهُ قَالَ: «لَوْ خَرَجَ رَسُولُ اللَّهِ -ﷺ- عَلَيْكُمْ مَا عَرَفَ شَيْئًا مِمَّا كَانَ عَلَيْهِ هُوَ وَأَصْحَابُهُ إِلَّا الصَّلَاةَ» قَالَ الْأَوْزَاعِيُّ : «فَكَيْفَ لَوْ كَانَ الْيَوْمَ؟» قَالَ عِيسَى بْنُ يُونُسَ: «فَكَيْفَ لَوْ أَدْرَكَ الْأَوْزَاعِيُّ هَذَا الزَّمَانَ؟»

അബുദ്ദര്‍ദാഅ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: “നബി-ﷺ-യെങ്ങാനും നിങ്ങളുടെ അടുക്കലേക്ക് വന്നാല്‍ അവിടുന്നും, സ്വഹാബത്തും നിലകൊണ്ടിരുന്ന മതത്തില്‍ നിന്നൊന്നും തന്നെ കണ്ടെത്തില്ല; ഈ നിസ്കാരമല്ലാതെ.”

(കാലങ്ങള്‍ക്ക് ശേഷം) ഇമാം ഔസാഈ -رَحِمَهُ اللَّهُ- (ഹി 157) പറയുന്നു: “(നബി -ﷺ- ഇക്കാലത്തെങ്ങാനുമായിരുന്നു വന്നിരുന്നതെങ്കില്‍ (അവസ്ഥ എന്താകുമായിരുന്നു?)” ഈസബ്നു യൂനുസ് -رَحِمَهُ اللَّهُ- (ഹി 187) പറയുന്നു: “ഔസാഇയെങ്ങാനും ഇക്കാലം കണ്ടിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?”

നാമീ കാലഘട്ടത്തിൽ സ്വയം ചോദിക്കുക: ദീനായി നാം കൊണ്ടു നടക്കുന്ന പലതും ഇസ്‌ലാമിൽ പെട്ടത് തന്നെയാണോ?! നബി -ﷺ- യും സ്വഹാബത്തും നമ്മെ ഏൽപ്പിച്ച ഇസ്‌ലാം തന്നെയാണോ, അതല്ല പിൽക്കാലത്തുള്ളവർ പലതും കൂട്ടിച്ചേർത്ത പുതുനിർമ്മിതികളാണോ നമ്മുടെ ദീൻ?!

വിഭാഗീയതയുടെ ഒരിക്കലും മാറാത്ത മുദ്രാവാക്യം ...!

“വിഭാഗീയതയുടെ ചരിത്രത്തിലെ ആദ്യം ദിനം മുതല്‍ അതിന്റെ പ്രഖ്യാപനം ഇപ്രകാരമാണ്. ഞങ്ങളുടെ വാക്കുകളെല്ലാം ശരി; യാതൊരു അബദ്ധങ്ങള്‍ക്കും അതില്‍ സാധ്യതയില്ല. ഞങ്ങളുടെ എതിരാളികളുടെ വാക്കുകളെല്ലാം അബദ്ധം; ചിലപ്പോള്‍ വല്ല ശരിയും അതില്‍ കണ്ടേക്കാം. ” – ശൈഖ് ബക്‌ർ അബൂ സൈദ്‌ – ഹുക്മുല്‍ ഇന്‍തിമാ’

സ്വഹാബികളെ ആക്ഷേപിക്കുന്നവര്‍ നിരീശ്വരവാദികള്‍ ...!

قَالَ الإمَامُ أبُو زُرَعَةَ رَحِمَهُ اللَّهُ : «إذا رَأَيْتَ الرَّجُلَ يَنْتَقِصُ أحَدًا مِنْ أصْحَابِ رَسُوْلِ اللَّهِ -ﷺ- فاعْلَمْ أنَّهُ زِنْدِيْقٌ، وذَلِكَ أنَّ الرَّسُوْلَ -ﷺ- عِنْدَنَا حَقٌّ، والقُرْآنَ حَقٌ، وإنَّمَا أدَّى إلَيْنَا هذا القُرْآنَ والسُّنَنَ أصْحَابُ رَسُوْلِ اللَّهِ -ﷺ-، وإنَّمَا يُرِيْدُونَ أنْ يَجْرَحُوا شُهُوْدَنا لِيُبْطِلُوا الكَتَابَ والسُّنَّةَ، والجَرْحُ بِهِم أوْلى وَهُم زَنَادِقَةٌ»

ഇമാം അബൂ സുര്‍അ പറയുന്നു: “നബി-ﷺ-യുടെ സ്വഹാബികളില്‍ ഒരാളെ ആരെങ്കിലും ആക്ഷേപിക്കുന്നത് കണ്ടാല്‍ മനസ്സിലാക്കുക; അവന്‍ നിരീശ്വരവാദിയാണ്. കാരണം നബി -ﷺ- സത്യപ്രവാചകനാണെന്നും, ഖുര്‍ആന്‍ സത്യമാണെന്നുമാണ് നാം സാക്ഷ്യം വഹിക്കുന്നത്.

വിശുദ്ധ ഖുര്‍ആനും, നബി-ﷺ-യുടെ ചര്യകളും നമുക്ക്‌ എത്തിച്ചു തന്നവര്‍ സ്വഹാബികള്‍ മാത്രമാണ്. ഖുര്‍ആനും സുന്നത്തും സത്യമാണെന്ന നമ്മുടെ സാക്ഷ്യത്തെ ഇല്ലാതാക്കാനും, അതിലൂടെ ഖുര്‍ആനിനെയും സുന്നത്തിനെയും തകര്‍ക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്. ആക്ഷേപം ഏറ്റവും അര്‍ഹമായിട്ടുള്ളത് അവര്‍ക്ക്‌ തന്നെയാണ്.” (ഖത്തീബ് അല്‍ ബഗ്ദാദിയുടെ അല്‍ കിഫായ : 97)

പ്രവര്‍ത്തനങ്ങളില്‍ ബിദ്അത്തുകളുടെ സാന്നിധ്യമുണ്ടെങ്കില്‍..!

عَنِ الْحَسَنِ البَصَرِيِّ قَالَ: «صَاحِبُ الْبِدْعَةِ لَا يَزْدَادُ اجْتِهَادًا – صِيَامًا وَصَلَاةً – إِلَّا ازْدَادَ مِنَ اللَّهِ بُعْدًا»

ഹസനുല്‍ ബസ്വ്-രി -رَحِمَهُ اللَّهُ- പറഞ്ഞു : “നോമ്പും നമസ്കാരവുമായി ബിദ്അത്തുകാരന്‍ കൂടുതല്‍ പരിശ്രമിക്കുന്നതനുസരിച്ച് അല്ലാഹുവില്‍ നിന്ന് കൂടുതല്‍ അകലാതിരിക്കില്ല.”

അല്ലാഹുവിന്റെ ദീനിന് കടകവിരുദ്ധമായി നിലകൊള്ളുന്ന ബിദ്അത്തുകള്‍ നിര്‍മ്മിക്കുന്നതിലും, നിലനിര്‍ത്തുന്നതിലും വിയര്‍പ്പൊഴുക്കുന്നതിനേക്കാള്‍ എന്ത് കൊണ്ടും ഒരാള്‍ക്ക് നന്നായിട്ടുള്ളത് കുറച്ചാണെങ്കിലും സുന്നത്തുകളില്‍ ഒതുങ്ങി നില്‍ക്കുകയും, അതില്‍ പ്രതിഫലം കാംക്ഷിക്കുകയും ചെയ്യലാണ്.

عَنْ ابْنِ مَسْعُودٍ: «الْقَصْدُ فِي السُّنَّةِ خَيْرٌ مِنَ الاجْتِهَادِ فِي البِدْعَةِ»

ഇബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “സുന്നത്ത് പ്രവർത്തിക്കുന്നതിൽ മിതത്വം പുലർത്തുന്നതാണ്, ബിദ്അത്തിലുള്ള പരിശ്രമത്തെക്കാള്‍ ഉത്തമം.”

സ്വഹാബികളെ ആക്ഷേപിക്കുന്നവര്‍ ചിന്തിക്കട്ടെ...!

ഇമാം അശ്ശഅബി -رَحِمَهُ اللَّهُ تَعَالَى- പറഞ്ഞു: “യഹൂദ-ക്രൈസ്തവര്‍ (ഷിയാ കക്ഷികളില്‍ പെട്ട) റാഫിദികളെക്കാള്‍ ഒരു വിഷയത്തില്‍ നന്മയില്‍ മുന്‍കടന്നിരിക്കുന്നു. നിങ്ങളുടെ സമൂഹത്തില്‍ ഏറ്റവും നല്ല തലമുറ ആരാണെന്ന് ചോദിച്ചാല്‍ അവര്‍ പറയും: മൂസ -عَلَيْهِ الصَّلَاةُ وَالسَّلَامُ- യോടൊപ്പം ഉണ്ടായിരുന്നവരാണ് എന്ന്. ക്രൈസ്തവരോട് ചോദിച്ചാല്‍ അവര്‍ പറയും: ഈസ -عَلَيْهِ الصَّلَاةُ وَالسَّلَامُ- യോടൊപ്പം ഉണ്ടായിരുന്ന ഹവാരിയ്യുകളാണെന്ന്. എന്നാല്‍ നിങ്ങളുടെ സമൂഹത്തിലെ ഏറ്റവും മോശം തലമുറ ആരുടെതാണെന്ന് ചോദിച്ചാല്‍ റാഫിദികള്‍ പറയും: മുഹമ്മദ്‌ നബി -ﷺ- യുടെ ഒപ്പമുണ്ടായിരുന്ന സ്വഹാബികള്‍ ആണെന്ന്.” (തഫ്സീര്‍ അല്‍ ബഗവി : 7/54)

ഓരോ മുസ്‌ലിമിന്റെയും വിശ്വാസം

ഇമാം ശാഫിഈ -റഹിമഹുല്ലാഹ്- പറഞ്ഞു:

” ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു.

അവന്‍ പറഞ്ഞവയില്‍ വിശ്വസിച്ചിരിക്കുന്നു.

അവന്‍ ഉദ്ദേശിച്ച രൂപത്തില്‍ വിശ്വസിച്ചിരിക്കുന്നു.

ഞാന്‍ നബി -സല്ലല്ലാഹു അലൈഹിവസല്ലമയില്‍ വിശ്വസിച്ചിരിക്കുന്നു.

അവിടുന്ന് പറഞ്ഞവയില്‍ വിശ്വസിച്ചിരിക്കുന്നു.

അവിടുന്ന് ഉദ്ദേശിച്ച രൂപത്തില്‍ വിശ്വസിച്ചിരിക്കുന്നു.”

പ്രഖ്യാപിക്കുക! ഇതാണ് നമ്മുടെയും വിശ്വാസമെന്ന്..!

ദഅ് വ വളരെ ലളിതം...!

ശൈഖ് അല്‍ബാനി -റഹിമഹുല്ലാഹ്- പറഞ്ഞു: “എല്ലാ കൂട്ടായ്മകളുടെയും വിഭാഗമായി മാറുന്നതിന്റെയും അടിസ്ഥാനം സച്ചരിതരായ മുന്‍ഗാമികളുടെ മാര്‍ഗത്തില്‍ ഒരുമിക്കുക എന്നതായിരിക്കണം. ഈ അടിസ്ഥാനമില്ലാതെ ജനങ്ങളെ സംഘടിപ്പിക്കുന്നവര്‍ തങ്ങളുടെ ദഅവ എന്തായിരുന്നു എന്നത് മറന്ന് പിന്നീട് ആളെ സംഘടിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിനക്ക് കാണാന്‍ സാധിക്കും.

കേവലം ജനങ്ങളെ സംഘടിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയപ്പോള്‍ സലഫി ദഅവയില്‍ ശരിയായ രൂപത്തില്‍ ഉറച്ചു നിന്നിരുന്ന പലരിലും ഈ പ്രശ്നം ഉണ്ടായി വന്നത് (തങ്ങളുടെ ദഅവ എന്തായിരുന്നു എന്നത് മറക്കല്‍) നാം കണ്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് രാഷ്ട്രീയമാണ്. രാഷ്ട്രീയവും തൌഹീദീ ദഅവത്തും ഒരുമിച്ചു കൊണ്ടു പോവുക എന്നത് ഒരിക്കലും സാധിക്കുകയില്ല. അത് തീര്‍ത്തും അസാധ്യമാണ്.

ദഅവയാണ് ഇവരുടെ ഉദ്ദേശമെങ്കില്‍ അതെന്തു മാത്രം എളുപ്പമാണ്; ഇത്തരം ആളെക്കൂട്ടലിൽ നിന്ന് അത് എന്തു മാത്രം ധന്യമാണ്…!” (അല്‍ ആസ്ഇലത്തുശാമിയ്യ: ശൈഖ് അല്‍ബാനി: 26-27)

നമ്മേക്കാൾ ഈ ആദർശത്തെ നാം സ്നേഹിക്കുന്നു!

ശൈഖ് മുഖ്ബില്‍ ബ്നു ഹാദി അല്‍ വാദിഈ പറഞ്ഞു:

قَالَ الشَّيْخُ مُقْبِلُ بْنُ هَادِي الوَادِعِيُّ -رَحِمَهُ اللَّهُ-: (( دَعْوَتُنَا وَعَقِيدَتُنَا أَحَبُّ إِلَيْنَا مِنْ أَنْفُسِنَا وَأَمْوَالِنَا وَأَبْنَائِنَا، فَلَسْنَا مُسْتَعِدِّينَ أَنْ نَبِيعَهَا بِالذَّهَبِ وَالوَرِقِ، نَقُولُ هَذَا حَتَّى لَا يَطْمَعَ فِي الدَّعْوَةِ طَامِعٌ، وَيَظُنَّ أَنَّهُ يَسْتَطِيعُ أَنْ يَسْتَمِيلَنَا بِالدِّرْهَمِ وَالدِّينَارِ، عَلَى أَنَّ ذَوِي السِّيَاسَةِ يَعْلَمُونَ عَنَّا هَذَا، مِنْ أَجْلِ هَذَا فَهُمْ آيِسُونَ مِنْ أَنْ يَطْمَعُونَا بِمَنَاصِبَ أَوْ بِمَالٍ ))

“നമ്മുടെ അഖീദയെയും (ആദര്‍ശം) നമ്മുടെ ഈ പ്രബോധനത്തെയും സ്വന്തം ശരീരങ്ങളെക്കാളും, സമ്പത്തിനെക്കാളും, സന്താനങ്ങളെക്കാളും ഞങ്ങള്‍ സ്നേഹിക്കുന്നു. സ്വര്‍ണത്തിനും വെള്ളിക്കും പകരമായി അത് വിറ്റുകളയുന്നവരല്ല ഞങ്ങള്‍. ഞങ്ങളുടെ ഈ പ്രബോധനത്തെ (വില കൊടുത്തു വാങ്ങാമെന്ന്) ഒരുത്തനും ആഗ്രഹിക്കാതിരിക്കുന്നതിന് വേണ്ടിയാണ് ഇത് പറയുന്നത്.

ദിര്‍ഹമുകളും ദീനാറുകളും ഞങ്ങളുടെ വഴി തെറ്റിക്കുമെന്ന് ആരും കരുതേണ്ടതില്ല. രാഷ്ട്രീയ നേതാക്കള്‍ക്ക് ഞങ്ങളെ കുറിച്ച് അത് മനസ്സിലായിട്ടുണ്ട്. അധികാരവും സമ്പത്തും കൊണ്ട് ഞങ്ങളെ വരുതിയിലാക്കാമെന്ന ആശ അവര്‍ക്ക്‌ നശിച്ചു പോയിരിക്കുന്നു.”

( ഹാദിഹി ദഅവതുനാ വ അഖീദതുനാ )

രാഷ്ട്രീയക്കാരുടെ ഓരോ പ്രശംസാവാചകങ്ങളും കെട്ട് കോരിത്തരിക്കുന്ന നേതാക്കന്മാരും; അവരില്ലെങ്കില്‍ ദഅവത്ത്‌ മുടങ്ങുമെന്ന് വിലാപം പറയുന്ന സംഘാടകരും; അവര്‍ക്ക്‌ വേണ്ടി കസേര ഒഴിഞ്ഞു കൊടുക്കുന്ന പണ്ഡിതന്മാരും നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ എന്തു കൊണ്ടും ശൈഖ് മുഖ്ബിലിന്റെ വാക്കുകള്‍ പ്രസക്തമാണ്.

ഒരുമയാണ് വേണ്ടത്; ഭിന്നിപ്പല്ല...

അല്ലാഹുവിന്റെ പാശത്തില്‍ ഒരുമിച്ച് മുറുകെ പിടിക്കുക എന്നതും, മുസ്‌ലിംകളുടെ വാക്കുകളിലും പ്രവൃത്തികളിലും ഒരുമയുണ്ടാകുകയെന്നതും, സാധ്യമായ വഴികളെല്ലാം ഇതിനായി മാറ്റിവെക്കുക എന്നതും അല്ലാഹുവിന്റെ ദീനിലെ അതിമഹത്തരമായ കല്‍പ്പനകളില്‍ ഒന്നാണ്. അല്ലാഹു -تَعَالَى- പറയുന്നു:

«يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ * وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا»

“മുഅ്മിനീങ്ങളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്. നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. ” (ആലു ഇംറാന്‍: 102)

ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ഖുര്‍തുബി -رَحِمَهُ اللَّهُ- പറഞ്ഞു: “യഹൂദ നസ്വാറാക്കള്‍ തങ്ങളുടെ ദീനിന്റെ കാര്യത്തില്‍ ഭിന്നിച്ചതു പോലെ നിങ്ങളും ഭിന്നിക്കരുതെന്നാണ് ഈ ആയത്തിന്റെ ഉദ്ദേശമെന്ന് ഇബ്‌നു മസ്ഊദില്‍ നിന്നും മറ്റും വന്നിട്ടുണ്ട്. ദേഹേഛകളുടെയും വ്യത്യസ്തങ്ങളായ ലക്ഷ്യങ്ങളുടെയും പേരില്‍ നിങ്ങള്‍ ഭിന്നിക്കരുതെന്നും, അല്ലാഹുവിന്റെ ദീനില്‍ പരസ്പര സഹോദരങ്ങളെ പോലെ നിങ്ങള്‍ നിലകൊള്ളണമെന്നുമാകാം ഉദ്ദേശം… ശാഖാപരമായ വിഷയങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പോലും ദീനില്‍ അനുവദനീയമല്ലെന്നല്ല ഈ ആയത്തിന്റെ ഉദ്ദേശം. കാരണം അത്തരം വിഷയങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ യഥാര്‍ഥ അഭിപ്രായവ്യത്യാസമേയല്ല. സ്വഹാബികള്‍ എത്ര വിഷയങ്ങളിലാണ് പരസ്പരം അഭിപ്രായവ്യത്യാസത്തിലായിരുന്നത്; അതോടൊപ്പം അവര്‍ യോജിപ്പിലും ഐക്യത്തിലും നിലകൊള്ളുകയും ചെയ്തു… ശരിയായ അഭിപ്രായവ്യത്യാസം യോജിപ്പും ഐക്യവും ഇല്ലാതെയാക്കുന്ന തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ്.” (തഫ്സീറുല്‍ ഖുര്‍തുബി: 4/159)

ഒരുമയാണനുഗ്രഹം; -മുസ്‌ലിംകളേ- നാമത് മറന്നു കഴിഞ്ഞോ?!

ജാഹിലിയ്യത്തില്‍ ഭിന്നിപ്പും അകല്‍ച്ചയും നിലനിന്നിരുന്ന അവസ്ഥയില്‍ നിന്ന് ഒരുമയിലേക്കും ഐക്യത്തിലേക്കും സ്വഹാബികളെ നയിച്ചു എന്നത് അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് അവന്‍ പലയിടത്തും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ഒരുമിച്ചു നില്‍ക്കാന്‍ കഴിയുക എന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ ഏറ്റവും വലുതാണ്. ഭൂമി മുഴുവന്‍ പകരമായി നല്‍കിയാലും അതിന് പകരമാവില്ല. അല്ലാഹു -تَعَالَى- പറയുന്നു:

«وَأَلَّفَ بَيْنَ قُلُوبِهِمْ لَوْ أَنْفَقْتَ مَا فِي الْأَرْضِ جَمِيعًا مَا أَلَّفْتَ بَيْنَ قُلُوبِهِمْ وَلَكِنَّ اللَّهَ أَلَّفَ بَيْنَهُمْ إِنَّهُ عَزِيزٌ حَكِيمٌ»

“അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിചേര്‍ക്കാന്‍ നിനക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിചേര്‍ത്തിരിക്കുന്നു. തീര്‍ച്ചയായും അവന്‍ അസീസും (പ്രതാപി) ഹകീമും (യുക്തമായത് ചെയ്യുന്നവന്‍) ആകുന്നു.” (അന്‍ഫാല്‍: 63)

അല്ലാഹുവിന്റെ ദീനിലേക്ക് ഹിദായത്ത് ലഭിക്കുക എന്ന അതിമഹത്തരമായ അനുഗ്രഹം ഒഴിച്ചു നിര്‍ത്തിയാല്‍ ഏറ്റവും വലിയ അനുഗ്രഹം മുസ്‌ലിംകള്‍ക്കിടയില്‍ പരസ്പരം ഐക്യമുണ്ടാവലാണ്. നബി-ﷺ-പറയുന്നത് നോക്കൂ!

«يَا مَعْشَرَ الأَنْصَارِ، أَلَمْ أَجِدْكُمْ ضُلَّالًا فَهَدَاكُمُ اللَّهُ بِي، وَكُنْتُمْ مُتَفَرِّقِينَ فَأَلَّفَكُمُ اللَّهُ بِي، وَعَالَةً فَأَغْنَاكُمُ اللَّهُ بِي»

“ഹേ അന്‍സ്വാരീ സമൂഹമേ! വഴിതെറ്റിയവരായല്ലേ ഞാന്‍ നിങ്ങളെ കണ്ടെത്തിയത്; അല്ലാഹു എന്നെ കൊണ്ട് നിങ്ങള്‍ക്ക് ഹിദായത് (സന്മാര്‍ഗം) കാണിച്ചു തന്നില്ലേ?! ഭിന്നിച്ചു നിന്നവരായിരുന്നില്ലേ (നിങ്ങള്‍)? അല്ലാഹു എന്നെ കൊണ്ട് നിങ്ങളെ ഒരുമിപ്പിച്ചില്ലേ?! ദരിദ്രരായിരുന്നില്ലേ (നിങ്ങള്‍)? അല്ലാഹു എന്നെ കൊണ്ട് നിങ്ങള്‍ക്ക് ധന്യത നല്‍കിയില്ലേ?!” (ബുഖാരി: 3985, മുസ്‌ലിം: 1758)

ഹാഫിദ് ഇബ്‌നു ഹജര്‍ -رَحِمَهُ اللَّهُ- പറഞ്ഞു: “അന്‍സ്വാരികള്‍ക്ക് തന്നെ കൊണ്ടുണ്ടായ അനുഗ്രഹങ്ങള്‍ വളരെ മനോഹരമായാണ് നബി -ﷺ- ഈ ഹദീഥില്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. ദുനിയാവിലെ എല്ലാ അനുഗ്രഹങ്ങളെക്കാളും മഹത്തരമായ ഈമാന്‍ -ഇസ്‌ലാമിലേക്ക് വഴികാണിച്ചു എന്നത്- അവിടുന്ന് ആദ്യം ഓര്‍മ്മപ്പെടുത്തി. രണ്ടാമത് നബി -ﷺ- ഒരുമയെ കുറിച്ചാണ് പറഞ്ഞത്. സമ്പത്തിനെക്കാളും മറ്റുമെല്ലാം മഹത്തരമായ അനുഗ്രഹം ഒരുമയാണ്. നബി -ﷺ- മദീനയിലേക്ക് ഹിജ്റ (പാലായനം) ചെയ്തു വരുന്നതിന് മുന്‍പ് അന്‍സ്വാരികള്‍ അങ്ങേയറ്റത്തെ അകല്‍ച്ചയിലായിരുന്നു. ബുആഥ് യുദ്ധം പോലുള്ളവ അതിന് ഉദാഹരണമാണ്.” (ഫത്ഹുല്‍ ബാരി: 8/50)

അല്ലാഹുവാണ് ഒരുമ നൽകുന്നവൻ; പണമോ പെരുമയോ അല്ല...!

മുസ്‌ലിം ഉമ്മത്തിനിടയില്‍ ഐക്യമുണ്ടാകാന്‍ അല്ലാഹുവിന്റെ അപാരമായ തൗഫീഖ് അനിവാര്യമാണ്. ഐഹികമായ നേട്ടങ്ങളോ സൗകര്യങ്ങളോ അല്ല അവരെ ഒരുമിപ്പിക്കുക; മറിച്ച് അല്ലാഹുവിന്റെ അനുഗ്രഹം മാത്രമാണ്. അല്ലാഹു ഒരുമിപ്പിച്ചവയെ അകറ്റാന്‍ ആര്‍ക്കും കഴിയില്ല; അവന്‍ അകറ്റിയവരെ ഒരുമിപ്പിക്കാന്‍ ഒന്നിനും സാധിക്കില്ല.

«وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنْتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُمْ بِنِعْمَتِهِ إِخْوَانًا وَكُنْتُمْ عَلَى شَفَا حُفْرَةٍ مِنَ النَّارِ فَأَنْقَذَكُمْ مِنْهَا كَذَلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ»

“നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ നരകത്തിന്റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.” (ആലു ഇംറാന്‍: 103)

عَنْ ابْنِ عَبَّاسٍ قَالَ: «إِنَّ الرَّحِمَ لَتُقْطَعُ، وَإِنَّ النِّعْمَةَ لَتُكْفَرُ، وَإِنَّ اللَّهَ إِذَا قَارَبَ بَيْنَ القُلُوبِ لَمْ يُزَحْزِحْهَا شَيْءٌ»

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “കുടുംബബന്ധങ്ങള്‍ മുറിഞ്ഞേക്കാം. അനുഗ്രഹങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്തേക്കാം. എന്നാല്‍ അല്ലാഹു ഹൃദയങ്ങളെ അടുപ്പിച്ചാല്‍ അതിനെ ഇളക്കാന്‍ ഒന്നിനും സാധിക്കില്ല.” (ഇബ്‌നു കഥീര്‍: 4/85)

നമ്മിലേക്ക് തിരിഞ്ഞു നോക്കുക; സ്വഹാബികളുടെ അവസ്ഥയാണോ നിങ്ങൾ കാണുന്നത്?

നബി -ﷺ- സ്വഹാബികളെ ഒരുമയിലാണ് വളര്‍ത്തിയത്. ഭിന്നിപ്പും ചിദ്രതയും കക്ഷിത്വവും കക്ഷികളുമൊന്നും അവര്‍ക്കിടയിലുണ്ടായിരുന്നില്ല. അല്ലാഹു പറയുന്നു:

«مُحَمَّدٌ رَسُولُ اللَّهِ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ»

“മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ കാഫിറുകളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു.” (ഫത്ഹ്: 29)

ഇബ്‌നു കഥീര്‍ -رَحِمَهُ اللَّهُ- പറഞ്ഞു: “ഇത് മുഅ്മിനീങ്ങളുടെ വിശേഷണമാണ്. അവര്‍ കാഫിറുകളോട് കഠിനരും പരുഷതയുള്ളവരുമായിരിക്കും. എന്നാല്‍ മുഅ്മിനീങ്ങളോട് കാരുണ്യത്തോടും നന്മയോടും കൂടിയേ വര്‍ത്തിക്കുകയുള്ളൂ. കാഫിറിനെ കാണുമ്പോള്‍ അവരുടെ മുഖം ചുളിയുകയും ദേഷ്യം പ്രകടമാവുകയും ചെയ്യും. എന്നാല്‍ മുഅ്മിനിനെ സ്വീകരിക്കുക പുഞ്ചിരിച്ചും വിശാലതയോടുമായിരിക്കും.” (ഇബ്‌നു കഥീര്‍: 7/360)

എന്നാല്‍ ഇന്ന് മുസ്‌ലിമീങ്ങള്‍ ഇതിന് നേര്‍വിപരീതമായിരിക്കുന്നു. അല്ലാഹുവിനെയും റസൂലിനെയും നിഷേധിച്ച കാഫിറിനെ ബഹുമാനിക്കുവാനും ആദരിച്ചിരുത്തുവാനും അവര്‍ മത്സരിക്കുന്നു; അവരുടെ പ്രശംസകളും പ്രോത്സാഹനങ്ങളും അവരെ കോള്‍മയിര്‍ കൊള്ളിക്കുന്നു. എന്നാല്‍ മുഅ്മിനീങ്ങളോടാകട്ടെ; പരുഷതയും വെറുപ്പും കാണിക്കുന്നവരായി അവര്‍ മാറിയിരിക്കുന്നു! അല്ലാഹുവോടല്ലാതെ മറ്റാരോടാണ് നാം ആവലാതി ബോധിപ്പിക്കുക!

നമുഅ്മിനീങ്ങളുടെ അടയാളം നമ്മിലുണ്ടോ?

മുഅ്മിനീങ്ങളുടെ അടയാളം വളരെ മനോഹരമായി നബി -ﷺ- വിശദീകരിച്ചതു നോക്കൂ!

عَنِ النُّعْمَانِ بْنِ بَشِيرٍ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ، وَتَرَاحُمِهِمْ، وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى»

അവിടുന്ന് പറഞ്ഞു: “പരസ്പരമുള്ള സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അടുപ്പത്തിന്റെയും കാര്യത്തില്‍ മുഅ്മിനീങ്ങള്‍ ഒരു ശരീരം പോലെയാണ്. അതില്‍ ഏതെങ്കിലും ഒരു അവയവത്തിന് അസുഖം ബാധിച്ചാല്‍ ശരീരം മുഴുവന്‍ ഉറക്കമിളിച്ചും പനിച്ചും പരസ്പരം അതില്‍ പങ്കുചേരുകയും, (പ്രയാസപ്പെടുകയും ചെയ്യും).” (മുസ്‌ലിം: 2586)

ശൈഖ് ഉഥൈമീന്‍ -رَحِمَهُ اللَّهُ- പറഞ്ഞു: “നിന്റെ ശരീരത്തിലെ അവയവങ്ങളില്‍ ഏതെങ്കിലുമൊന്നിന് വേദന അനുഭവപ്പെട്ടാല്‍ അത് നിന്റെ ശരീരത്തില്‍ മുഴുവന്‍ പടരുന്നതായി കാണാം. ഇത് പോലെയായിരിക്കണം മുസ്‌ലിമീങ്ങള്‍. അവരിലൊരാള്‍ക്ക് വേദന വന്നാല്‍ അത് നിനക്ക് കൂടി ബാധകമായത് പോലെയാണ്.” (ശര്‍ഹുരിയാദിസ്സ്വാലിഹീന്‍: 2/398)

അല്ലാഹുവിന്റെ പേരിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം

മുസ്‌ലിം സഹോദരങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കുന്ന ഗീബതിനെയും (പരദൂഷണം) നമീമതിനെയും (ഏഷണി) ചതിയെയും അസൂയയെയുമെല്ലാം വിരോധിച്ചു കൊണ്ട് നബി -ﷺ- പറഞ്ഞു.

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «لَا تَحَاسَدُوا، وَلَا تَنَاجَشُوا، وَلَا تَبَاغَضُوا، وَلَا تَدَابَرُوا، وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ، وَكُونُوا عِبَادَ اللَّهِ إِخْوَانًا الْمُسْلِمُ أَخُو الْمُسْلِمِ، لَا يَظْلِمُهُ وَلَا يَخْذُلُهُ، وَلَا يَحْقِرُهُ»

അവിടുന്ന് പറഞ്ഞു: “നിങ്ങള്‍ പരസ്പരം അസൂയ വെക്കരുത്. നിങ്ങള്‍ കച്ചവടച്ചരക്കിന് വില കൂട്ടിപ്പറയരുത്. പരസ്പരം വെറുക്കരുത്. പിന്തിരിഞ്ഞു കളയരുത്. നിങ്ങളില്‍ ചിലര്‍ മറ്റു ചിലരുടെ കച്ചവടത്തിന് മേല്‍ കച്ചവടം ചെയ്യരുത്. അല്ലാഹുവിന്റെ അടിമകളായി, പരസ്പര സഹോദരങ്ങളാവുക നിങ്ങള്‍. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവന്‍ (തന്റെ സഹോദരനെ) വഞ്ചിക്കുകയോ, ചതിക്കുകയോ, കളവാക്കുകയോ ഇല്ല.” (ബുഖാരി: 4648, മുസ്‌ലിം: 4650)

ശൈഖ് ഉഥൈമീന്‍ -رَحِمَهُ اللَّهُ- പറഞ്ഞു: “ഈ ഹദീഥില്‍ പരാമര്‍ശിക്കപ്പെട്ട സാഹോദര്യം ബന്ധങ്ങളില്‍ ഏറ്റവും ശക്തമായതാണ്. രക്തബന്ധത്തെക്കാള്‍ ഉറച്ചതാണത്. കാരണം നിന്റെ കുടുംബബന്ധത്തിലുള്ളവര്‍ ചിലപ്പോള്‍ നിന്നെ വെറുക്കുകയും നിന്റെ ശത്രുവായി മാറുകയും ചെയ്തേക്കാം. ദുനിയാവിലും ആഖിറത്തിലും അതിന് സാധ്യതയുണ്ട്. അല്ലാഹു -تَعَالَى- പറഞ്ഞിരിക്കുന്നു:

«الْأَخِلَّاءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ»

“സുഹൃത്തുക്കള്‍ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ.” (സുഖ്റുഫ്: 67)

എന്നാല്‍ മതപരമായ സാഹോദര്യബന്ധമാകട്ടെ; അത് ദുനിയാവിലും ആഖിറത്തിലും കൂടുതല്‍ വേരുറക്കുന്നതാണ്. അതവന് ഇവിടെയും നാളെ പരലോകത്തും സഹായകമാകും.” (ശര്‍ഹുരിയാദിസ്സ്വാലിഹീന്‍: 2/566)

ഒരുമ; ഉള്ളിലും പുറത്തുമുണ്ടാകട്ടെ!

ഇസ്‌ലാമിലെ അനേകം ഇബാദതുകള്‍ കൂട്ടമായി -ഒരുമിച്ച്- നിര്‍വ്വഹിക്കണമെന്ന് അല്ലാഹുവും റസൂലും നമ്മോട് കല്‍പ്പിച്ചിരിക്കുന്നു. നിസ്കാരവും ഹജ്ജും ജുമുഅകളും പെരുന്നാള്‍ നിസ്കാരങ്ങളും ജിഹാദും മറ്റുമെല്ലാം ഒരുമിച്ചാണ് നിര്‍വ്വഹിക്കപ്പെടേണ്ടത് എന്നതില്‍ നിന്ന് മുസ്‌ലിം ഉമ്മത്തിനിടയില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഐക്യത്തിന്റെയും യോജിപ്പിന്റെയും പ്രാധാന്യം മനസ്സിലാക്കാം.

ആരാധനകളിൽ പുറമേക്ക് ഭിന്നിപ്പിന്റെ സാധ്യത നൽകിയേക്കാവുന്ന വളരെ ചെറിയ അടയാളങ്ങളെ പോലും നബി -ﷺ- ദീനില്‍ വെച്ചു പൊറുപ്പിച്ചില്ല. നിസ്കാരത്തിന് നില്‍ക്കുമ്പോള്‍ സ്വഫ്ഫുകള്‍ക്കിടയില്‍ വിടവുണ്ടാവുക എന്നത് പുറമേക്ക് അകല്‍ച്ച തോന്നിപ്പിക്കുന്നു എന്നതിനാല്‍ അവിടുന്ന് അതിനെ ഗൗരവത്തില്‍ കണ്ടു. ഹൃദയങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ അത് കാരണമാകുമെന്ന് അവിടുന്ന് താക്കീത് ചെയ്തു.

عَنِ النُّعْمَانَ بْنَ بَشِيرٍ يَقُولُ أَقْبَلَ رَسُولُ اللَّهِ -ﷺ- عَلَى النَّاسِ بِوَجْهِهِ فَقَالَ «أَقِيمُوا صُفُوفَكُمْ» ثَلاَثًا «وَاللَّهِ لَتُقِيمُنَّ صُفُوفَكُمْ أَوْ لَيُخَالِفَنَّ اللَّهُ بَيْنَ قُلُوبِكُمْ»

നിസ്കാരത്തിന് നിന്നാല്‍ നബി -ﷺ- ജനങ്ങളുടെ നേര്‍ക്ക് തിരിഞ്ഞു നിന്നു കൊണ്ട് -“നിങ്ങളുടെ സ്വഫ്ഫുകള്‍ ശരിയാക്കുക”- എന്ന് മൂന്ന് തവണ പറയുമായിരുന്നു. ശേഷം അവിടുന്ന് പറയും: “അല്ലാഹു സത്യം! നിങ്ങളുടെ സ്വഫുകള്‍ നിങ്ങള്‍ ശരിയാക്കുക തന്നെ വേണം. ഇല്ലെങ്കില്‍ അല്ലാഹു നിങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കിയേക്കാം.” (ബുഖാരി: 717, മുസ്‌ലിം: 436)

ഖേദകരമെന്ന് പറയട്ടെ; ഇന്ന് നിസ്കാരത്തിൽ -തന്റെ സഹോദരനായ മുസ്‌ലിം- അടുത്തേക്ക് നിൽക്കുന്നതിലാണ് പലർക്കും ദേഷ്യവും കോപവും നുരഞ്ഞു പൊങ്ങുന്നത്. അവന്റെ ശരീരം അടുത്തേക്ക് നിൽക്കുമ്പോഴേക്ക് ഇതെല്ലാം മതകാര്യങ്ങളിലെ കടുപ്പവും കാഠിന്യവുമായാണ് അവരിൽ ചിലരെങ്കിലും മനസ്സിലാക്കുന്നത്. അഞ്ചോ പത്തോ മിനിട്ടു പോലും അടുത്തു നിൽക്കാൻ കഴിയാത്തത്ര ഭിന്നിപ്പും കക്ഷിത്വവും മതവിഷയങ്ങളിലുള്ള അജ്ഞതയും നമ്മെ അകറ്റിയിരിക്കുന്നു. അല്ലാഹുവിനോടല്ലാതെ മറ്റാരോടാണ് നാം ആവലാതി ബോധിപ്പിക്കുക?!

അല്ലാഹുവിങ്കൽ ഉന്നതമായ സ്ഥാനമാണോ നീ ആഗ്രഹിക്കുന്നത്!

മുസ്‌ലിംകള്‍ക്കിടയില്‍ ഒരുമയും ഐക്യവും ഉണ്ടാക്കുന്നതിന് വലിയ പ്രതിഫലമാണ് നബി -ﷺ- വാഗ്ദാനം ചെയ്തിട്ടുള്ളത്. അവിടുന്ന് പറഞ്ഞു:

عَنْ أَبِي الدَّرْدَاءِ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «أَلَا أُخْبِرُكُمْ بِأَفْضَلَ مِنْ دَرَجَةِ الصِّيَامِ وَالصَّلَاةِ وَالصَّدَقَةِ»، قَالُوا: بَلَى، قَالَ: «صَلَاحُ ذَاتِ البَيْنِ، فَإِنَّ فَسَادَ ذَاتِ البَيْنِ هِيَ الحَالِقَةُ، لَا أَقُولُ تَحْلِقُ الشَّعَرَ، وَلَكِنْ تَحْلِقُ الدِّينَ»

“നോമ്പിനും നിസ്കാരത്തിനും, ദാനധര്‍മ്മത്തിനുമുള്ള പദവിയെക്കാള്‍ ശ്രേഷ്ഠമായ കാര്യം നിങ്ങള്‍ക്ക് അറിയിച്ചു തരട്ടയോ?” സ്വഹാബികള്‍ പറഞ്ഞു: അതെ, അല്ലാഹുവിന്റെ റസൂലേ!” നബി -ﷺ- പറഞ്ഞു: “(അകല്‍ച്ചയുള്ള) രണ്ടു പേര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കലാണ്. രണ്ടു പേര്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാകുക എന്നത് മുണ്ഡനം ചെയ്യുന്നതാണ്. മുടി മുണ്ഡനം ചെയ്യുമെന്നല്ല ഞാന്‍ പറയുന്നത്; മറിച്ച് ദീനിനെ ഇല്ലാതെയാക്കുമെന്നാണ്.” (തിര്‍മിദി: 2434)

“അകല്‍ച്ച നിലനില്‍ക്കുന്നവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കാന്‍ ശ്രമിക്കണമെന്ന ശക്തമായ പ്രോത്സാഹനമാണ് ഈ ഹദീഥിലുള്ളത്. കാരണം അല്ലാഹുവിന്റെ പാശത്തില്‍ മുറുകെ പിടിക്കുന്നതിനും, മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകാതിരിക്കുന്നതിനും കാരണമാകുന്നതാണത്. മുസ്‌ലിംകള്‍ക്കിടയിലെ ഭിന്നിപ്പുകള്‍ ദീനിലുണ്ടാകുന്ന വിള്ളലുകളാണ്. സ്വന്തത്തിന് വേണ്ടി നിസ്കാരത്തിലും നോമ്പിലും മുഴുകിയിരിക്കുന്ന വ്യക്തിയെക്കാള്‍ പ്രതിഫലം രണ്ടു പേര്‍ക്കിടയില്‍ ഐക്യമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ലഭിക്കുന്നതും ഇത് കൊണ്ടാണ്.” (തുഹ്ഫതുല്‍ അഹ്വദി: 7/179)

സലാമിലൂടെ സ്നേഹം കൈമാറാം!

ഇസ്‌ലാമിക സമൂഹത്തില്‍ ഐക്യം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി തരുന്ന ഹദീഥുകളില്‍ പെട്ടതാണ് പരസ്പരം സലാം പറയേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് നബി -ﷺ- അറിയിച്ച ഹദീഥുകള്‍.

«لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا، أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلَامَ بَيْنَكُمْ»

“അല്ലാഹു സത്യം! നിങ്ങള്‍ മുഅ്മിനീങ്ങളാകുന്നത് വരെ നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നത് വരെ നിങ്ങള്‍ മുഅ്മിനുകളുമാകില്ല. നിങ്ങള്‍ക്ക് ഞാന്‍ ഒരു പ്രവര്‍ത്തനം അറിയിച്ചു തരട്ടെയോ; അത് ചെയ്താല്‍ നിങ്ങള്‍ പരസ്പരം സ്നേഹിക്കും. നിങ്ങള്‍ക്കിടയില്‍ സലാം വര്‍ദ്ധിപ്പിക്കുക.” (മുസ്‌ലിം: 54)

ശൈഖ് ഉഥൈമീന്‍ -رَحِمَهُ اللَّهُ- പറഞ്ഞു: “നബി -ﷺ- പറഞ്ഞതെത്ര സത്യമാണ്! സലാം പ്രചരിപ്പിക്കുക എന്നത് പരസ്പരം സ്നേഹമുണ്ടാക്കുമെന്നതില്‍ സംശയമില്ല. ഒരാള്‍ നിന്നെ കണ്ടുമുട്ടിയിട്ടും നിന്നോട് സലാം പറയുന്നില്ലെങ്കില്‍ നിന്റെ മനസ്സില്‍ അയാളോട് വെറുപ്പുണ്ടാകുന്നു; അയാള്‍ സലാം പറഞ്ഞാലാകട്ടെ നിനക്ക് ഇഷ്ടവും ഉണ്ടാകുന്നു.” (ശര്‍ഹുരിയാദിസ്സ്വാലിഹീന്‍: 4/382)

ഭിന്നിപ്പും കക്ഷിത്വവും ഉപേക്ഷിക്കുക!

ഭിന്നിപ്പും കക്ഷിത്വവും മുസ്‌ലിം ഉമ്മത്തിന്റെ നാശത്തിനും പരാജയത്തിനുമാണ് കാരണമാവുക.

അല്ലാഹു -تَعَالَى- പറഞ്ഞു:

«وَأَطِيعُوا اللَّهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ وَاصْبِرُوا إِنَّ اللَّهَ مَعَ الصَّابِرِينَ»

“അല്ലാഹുവെയും അവന്റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത്. എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം (നശിച്ചു) പോകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു.” (അന്‍ഫാല്‍: 46)

മുന്‍കാലക്കാരെ പോലെ ഭിന്നിക്കരുതെന്ന് അല്ലാഹു മുസ്‌ലിമീങ്ങളെ താക്കീത് ചെയ്തിരിക്കുന്നു.

അല്ലാഹു -تَعَالَى- പറഞ്ഞു:

«وَلَا تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا مِنْ بَعْدِ مَا جَاءَهُمُ الْبَيِّنَاتُ وَأُولَئِكَ لَهُمْ عَذَابٌ عَظِيمٌ»

“വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്. അവര്‍ക്കാണ് കനത്ത ശിക്ഷയുള്ളത്.” (ആലു ഇംറാന്‍: 105)

ദീനിനെ കക്ഷികളാക്കി തീര്‍ക്കുകയും, പാര്‍ട്ടികളായി മാറുകയും ചെയ്തത് മുശ്രിക്കുകളാണ്; അവരോടൊരിക്കലും മുസ്‌ലിമിന് സാദൃശ്യമുണ്ടായി കൂട. ഭിന്നിപ്പും കക്ഷിത്വവും ഹൃദയങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും മുസ്‌ലിംകളുടെ അടയാളമല്ല; മുനാഫിഖുകളുടേതാണ്.

അല്ലാഹു -تَعَالَى- പറഞ്ഞു:

«بَأْسُهُمْ بَيْنَهُمْ شَدِيدٌ تَحْسَبُهُمْ جَمِيعًا وَقُلُوبُهُمْ شَتَّى ذَلِكَ بِأَنَّهُمْ قَوْمٌ لَا يَعْقِلُونَ»

“അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന് നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത് കൊണ്ടത്രെ അത്.” (ഹഷ്ര്‍: 14)

മുനാഫിഖുകളുടെ അടയാളമാണ് പരസ്പരമുള്ള ഭിന്നിപ്പും മനസ്സുകള്‍ തമ്മിലുള്ള അകല്‍ച്ചയുമെന്നും ഓര്‍മ്മപ്പെടുത്തിയപ്പോള്‍ തന്നെ അല്ലാഹു -تَعَالَى- അതിന്റെ കാരണം കൂടി വ്യക്തമാക്കിയത് നോക്കൂ: “അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത് കൊണ്ടത്രെ അത്.” ചിന്തിക്കുകയും കാര്യങ്ങളെ വേണ്ടവിധം പരിഗണിക്കുകയും ചെയ്യാത്തവരാണ് ഭിന്നിപ്പില്‍ അകപ്പെടുക എന്നതിന് ഈ ആയത്തില്‍ സൂചനയുണ്ട്. കാരണം “അവര്‍ക്ക് ബുദ്ധിയുണ്ടായിരുന്നെങ്കില്‍ ശ്രേഷ്ഠമായതിനെ ഒഴിവാക്കി തരംതാഴ്ന്ന അവസ്ഥയെ അവര്‍ സ്വീകരിക്കില്ലായിരുന്നു. രണ്ടു വഴികളില്‍ ഏറ്റവും മ്ലേഛമായത് അവര്‍ തിരഞ്ഞെടുക്കില്ലായിരുന്നു. (അവര്‍ക്ക് ബുദ്ധിയുണ്ടായിരുന്നെങ്കില്‍) അവരുടെ മനസ്സുകള്‍ യോജിച്ചു നില്‍ക്കുകയും, അവരുടെ വാക്കുകള്‍ ഏകമാവുകയും ചെയ്യുമായിരുന്നു.” (തഫ്സീറുസ്സഅ്ദി: 852)

നാം ബഹുദൈവാരാധകരോട് -മുശ്രിക്കുകളോട്- സദൃശ്യരാകാതിരിക്കുക!

അല്ലാഹു -تَعَالَى- പറയുന്നു:

«وَلَا تَكُونُوا مِنَ الْمُشْرِكِينَ * مِنَ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ»

“നിങ്ങള്‍ മുശ്രിക്കുകളുടെ കൂട്ടത്തിലായിപ്പോകരുത്. അതായത്, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും, പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നവരത്രെ.” (റൂം: 31-32)

ഈ ആയത്തിന്റെ വിശദീകരണത്തില്‍ ശൈഖ് നാസ്വിര്‍ അസ്സഅ്ദി -رَحِمَهُ اللَّهُ- തന്റെ തഫ്സീറില്‍ (പേ: 640) പറഞ്ഞു: “മുസ്‌ലിംകള്‍ ചിന്നഭിന്നമായി തീരുകയും, കക്ഷികളായി മാറി ഓരോ കക്ഷികളും തങ്ങളുടെ പക്കലുള്ള സത്യത്തിന്റെയും അസത്യത്തിന്റെയും പേരില്‍ വിഭാഗീയതയുണ്ടാക്കുകയും ചെയ്യുന്നതില്‍ നിന്നുള്ള ശക്തമായ താക്കീതാണ് ഈ ആയത്തില്‍ ഉള്ളത്. അപ്രകാരം സംഭവിച്ചാല്‍ മുശ്രിക്കുകളോടാണ് അവര്‍ക്ക് സാദൃശ്യമുണ്ടായിരിക്കുന്നത്. ദീന്‍ ഒന്നു മാത്രമാണ്. നമ്മുടെ റസൂലും ഒന്നു തന്നെ. നമ്മുടെ ഇലാഹും റബ്ബും ഒരുവന്‍ തന്നെ. ദീനിലെ ബഹുഭൂരിപക്ഷം വിഷയങ്ങളും പണ്ഡിതന്മാര്‍ക്കും ഇമാമീങ്ങള്‍ക്കും ഇടയില്‍ യോജിപ്പുള്ളവയാണ്. ഈമാനികമായ സാഹോദര്യമാകട്ടെ, മുസ്‌ലിംകള്‍ക്കിടയില്‍ അല്ലാഹു ശക്തമായി ഉറപ്പിക്കുകയും ചെയ്തിരിക്കുന്നു. 

എന്നാല്‍ ഇതെല്ലാമുണ്ടായിട്ടും; ഈ പറഞ്ഞതെല്ലാം തിരസ്കരിക്കുകയും, ഭിന്നിപ്പും ചിദ്രതയും മുസ്‌ലിംകള്‍ക്കിടയില്‍ പടുത്തുയര്‍ത്തുകയും ചെയ്യുക എന്നത് എന്തു മാത്രം ഗൗരവമുള്ളതാണ്?! അതാകട്ടെ, വളരെ അവ്യക്തമായ മസ്അലകളുടെയും, അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന ശാഖാപരമായ വിഷയങ്ങളുടെയും പേരിലും! എന്നിട്ട് ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ വഴിപിഴച്ചവര്‍ എന്നു വിശേഷിപ്പിക്കുകയും, അവരില്‍ ചിലര്‍ മറ്റു ചിലരില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുന്നു! പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ ഏറ്റവും വലുതും, അവന്റെ തന്ത്രങ്ങളില്‍ ഏറ്റവും ഗൗരവമുള്ളതും ഇതല്ലാതെ മറ്റെന്താണ്?!”

അല്ലാഹു ശൈഖ് നാസ്വിര്‍ അസ്സഅ്ദിയുടെ മേല്‍ കാരുണ്യം ചൊരിയട്ടെ! ഈ മഹത്തായ വാക്കുകളുടെ പേരില്‍ അല്ലാഹു അദ്ദേഹത്തെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ! എത്ര വലിയ സത്യമാണ് അദ്ദേഹം പറഞ്ഞത്?! എന്തു മാത്രം മനസ്സിന് ആശ്വാസമാണ് അദ്ദേഹത്തിന്റെ വാക്കുകളിലുള്ളത്?! എന്നാല്‍ കേള്‍ക്കുന്നവരും -പിന്‍പറ്റുന്നവരും- ആരെങ്കിലുമുണ്ടോ?!

ഭിന്നിപ്പും കക്ഷിത്വവും തുടരാൻ ഉദ്ദേശിക്കുന്നവരോട് -അവസാനമായി-...!

തങ്ങളുടെ കക്ഷിത്വത്തിലും ഭിന്നിപ്പിലും തന്നെ തുടരാനും, മുസ്‌ലിം സമൂഹത്തിന്റെ ഒരുമയുടെ വഴികളില്‍ -വാക്കുകളായും എഴുത്തായും ഷെയറും കമന്‍റുമായും- മുള്ളുകള്‍ വാരിവിതറാനുമാണവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ -!-; അല്ലാഹുവിന്റെ വാക്കുകള്‍ അവര്‍ കേള്‍ക്കട്ടെ:

«إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَسْتَ مِنْهُمْ فِي شَيْءٍ إِنَّمَا أَمْرُهُمْ إِلَى اللَّهِ ثُمَّ يُنَبِّئُهُمْ بِمَا كَانُوا يَفْعَلُونَ»

“തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക് തന്നെയാണ് (മടക്കപ്പെടുന്നത്.) അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ച് കൊള്ളും.” (അന്‍ആം: 159)

ഇബ്‌നു കഥീര്‍ -رَحِمَهُ اللَّهُ- പറഞ്ഞു: “അല്ലാഹുവിന്റെ ദീനില്‍ നിന്ന് അകന്നു പോവുകയും, അതിനോട് എതിരാവുകയും ചെയ്ത എല്ലാവര്‍ക്കും ഈ ആയത്ത് ബാധകമാണ്. തീര്‍ച്ചയായും അല്ലാഹു -تَعَالَى- അവന്റെ റസൂലിനെ സന്മാര്‍ഗവും സത്യമതവുമായി പറഞ്ഞയച്ചത് മറ്റെല്ലാ മതങ്ങളുടെയും മീതെ അതിന് വിജയമുണ്ടാകുന്നതിനാണ്. അല്ലാഹുവിന്റെ ദീനാകട്ടെ; അത് ഒന്നു മാത്രമാണ്. അതില്‍ അഭിപ്രായവ്യത്യാസങ്ങളോ ഭിന്നതകളോ ഇല്ല. ആരെങ്കില്‍ അതില്‍ അഭിപ്രായഭിന്നതയിലാവുകയും, കക്ഷികളായിത്തീരുകയും ചെയ്താല്‍; അവരില്‍ നിന്ന് നബി-ﷺ-യെ അല്ലാഹു മുക്തനാക്കിയിരിക്കുന്നു… അതിനാല്‍ -ഇതാ!- ഇതാകുന്നു സ്വിറാതുല്‍ മുസ്തഖീം (നേരായ മാര്‍ഗം). അല്ലാഹുവിന് മാത്രം ഇബാദത് നല്‍കുകയും, അന്തിമ നബിയുടെ മാര്‍ഗം മുറുകെപിടിക്കലുമാണത്. അതിനോട് വിരുദ്ധമായതെല്ലാം വഴികേടുകളും അജ്ഞതയും കേവലാഭിപ്രായങ്ങളും ദേഹേഛകളും മാത്രമാണ്. അല്ലാഹുവിന്റെ നബിമാര്‍ അതില്‍ നിന്നെല്ലാം ഒഴിവാണ്.” (തഫ്സീറു ഇബ്നി കഥീര്‍: 3/377)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment