أَوَلَمَّا أَصَابَتْكُم مُّصِيبَةٌ قَدْ أَصَبْتُم مِّثْلَيْهَا قُلْتُمْ أَنَّىٰ هَـٰذَا ۖ قُلْ هُوَ مِنْ عِندِ أَنفُسِكُمْ ۗ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١٦٥﴾
“നിങ്ങള്‍ക്ക് ഒരു വിപത്ത് നേരിട്ടു. അതിന്റെ ഇരട്ടി നിങ്ങള്‍ ശത്രുക്കള്‍ക്ക് വരുത്തിവെച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും നിങ്ങള്‍ പറയുകയാണോ; ഇതെങ്ങനെയാണ് സംഭവിച്ചത് എന്ന്? (നബിയേ,) പറയുക: അത് നിങ്ങളുടെ പക്കല്‍ നിന്ന് തന്നെ ഉണ്ടായതാകുന്നു.” (ആലു ഇംറാൻ: 165)
ഉഹ്ദ് യുദ്ധത്തിന് ശേഷമാണ് ഈ ആയത്ത് അവതരിക്കുന്നത്. മുശ്രിക്കുകളിൽ നിന്നും എഴുപത് പേർ ഉഹ്ദിൽ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ നബി -ﷺ- യുടെ സ്വഹാബികളിൽ നിന്നും അത്രയും പേർ അന്ന് കൊല്ലപ്പെട്ടിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരിൽ പലർക്കും ഗുരുതരമായ പരുക്കുകൾ ബാധിച്ചിട്ടുണ്ട്. അവർ ജീവനെക്കാൾ സ്നേഹിക്കുന്ന നബി -ﷺ- യുടെ ശരീരത്തിലും ധാരാളം മുറിവുകൾ ബാധിച്ചു. അപ്രതീക്ഷിതമായിരുന്നു ഉഹ്ദ് യുദ്ധ ഫലം.
ഉറച്ച വിജയം പ്രതീക്ഷിച്ച് യുദ്ധത്തിലേക്ക് ഇറങ്ങിത്തിരിച്ച തങ്ങൾക്ക് എന്താണീ ബാധിച്ചത് എന്ന് അത്ഭുതം കൂറി നിന്നവർക്കുള്ള മറുപടിയാണ് മേലെ നൽകിയ ഈ ആയത്ത്. ചിന്തിക്കാൻ ഏറെ പാഠങ്ങളുണ്ട് ഉഹ്ദിന്റെ ചരിത്രത്തിലും, അതിന് ശേഷം ഇറങ്ങിയ ഈ ആയത്തിലും.
ആലോചിച്ചു നോക്കൂ! നബി -ﷺ- യോടൊപ്പമായിരുന്നു അവരുടെ യുദ്ധം. അവരുടെ പരിശ്രമം അല്ലാഹുവിന്റെ മാർഗത്തിലായിരുന്നു എന്നതിൽ യാതൊരു സംശയവുമില്ല. ഇസ്‌ലാമിന്റെ പക്ഷത്ത് നിരന്നവരെല്ലാം മുസ്‌ലിംകളിലെ തന്നെ നേതാക്കന്മാർ -ഔലിയാക്കന്മാരിലെ ഒന്നാമന്മാർ-. അവരുടെ നേതാവാകട്ടെ, നബിമാരുടെ നേതാവ് നബി -ﷺ- യും. യുദ്ധം നടക്കുന്നതാകട്ടെ, ഇസ്‌ലാമിന്റെ നാടായ മദീനയിലും.
കഴിഞ്ഞ വർഷം ബദ്റിൽ ഇരട്ടിയിലധികം വരുന്ന സൈന്യത്തെ പരാജയപ്പെടുത്തിയ യുദ്ധഭടന്മാരാണ് സംഘത്തിലുള്ളത്. ആയുധങ്ങൾ ബദ്റിലേക്കാൾ മൂർച്ചയുള്ളതാണ്. സന്നാഹങ്ങളും മുൻപുള്ളതിനെക്കാൾ മെച്ചപ്പെട്ടിരിക്കുന്നു. ആൾബലവും യുദ്ധക്കോപ്പുകളും വർദ്ധിച്ചിട്ടുണ്ട്.
ശത്രുപക്ഷത്താകട്ടെ, നബി -ﷺ- യെ കഠിനമായി ഉപദ്രവിച്ച, ധിക്കാരികളായ മുശ്‌രിക്കുകൾ. അല്ലാഹുവിന്റെ ശത്രുക്കൾ. ജനിച്ച നാടായ മക്കയിൽ നിന്ന് നബി -ﷺ- യെ പുറത്തിറക്കിയവർ. ഈ ഉമ്മത്തിലെ ഏറ്റവും വലിയ ധിക്കാരികൾ, തെമ്മാടികൾ! അതിനെല്ലാം പുറമെ യുദ്ധത്തിന് വന്നവരിൽ പലർക്കും തൊട്ടുമുൻപുള്ള വർഷം ബദ്റിൽ നേരിട്ട പരാജയത്തിന്റെ ഓർമ്മകൾ സമ്മാനിക്കുന്ന ഭീതിയുമുണ്ട്.
സഹോദരാ! ചിന്തിക്കൂ. നമ്മുടെ കണക്കുകൂട്ടലുകൾ പ്രകാരം ആരാണിവിടെ -ഒരു പ്രയാസവുമില്ലാതെ- വിജയിച്ചു കയറേണ്ടത്?! സംശയമില്ല. നബി -ﷺ- യും സ്വഹാബത്തും അടങ്ങുന്ന മുസ്‌ലിംകളുടെ സൈന്യം തന്നെ.
ഉഹ്ദിന്റെ തുടക്കം അങ്ങനെ തന്നെയായിരുന്നു. മുസ്‌ലിംകൾ വിജയത്തിലേക്ക് കുതിച്ചു. മുശ്രിക്കുകൾ പരാജയത്തിലേക്ക് കൂപ്പുകുത്തുന്നു എന്ന് കണ്ടപ്പോൾ, സ്വഹാബികളിൽ ചിലർ നബി -ﷺ- നിശ്ചയിച്ചു നൽകിയ സ്ഥലങ്ങളിൽ നിന്ന് മാറിപ്പോയി. തന്റെ കൽപ്പന വരുന്നത് വരെ അവിടെ നിന്ന് മാറിപ്പോകരുതെന്ന് നബി -ﷺ- അവർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഒരു ചെറിയ സമയത്തേക്ക് അവർ ആ നിർദേശം ലംഘിച്ചു.
ഫലമോ! യുദ്ധത്തിന്റെ കാറ്റ് തിരിഞ്ഞു വീശി. മുശ്‌രിക്കുകൾ സന്ദർഭം മുതലെടുത്തു. തിരിച്ചടിക്കുകയും യുദ്ധഗതി തങ്ങൾക്ക് അനുകൂലമാക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ ആശയക്കുഴപ്പത്തിൽ സ്വഹാബികളിൽ ചിലർ പിന്തിരിഞ്ഞോടി. നബി -ﷺ- യുടെ ശരീരത്തിൽ മുറിവുകളുണ്ടായി; ചോര വാർന്നൊഴുകി. സ്വഹാബികളിൽ പലർക്കും ഗുരുതരമായ പരുക്കുകൾ ബാധിച്ചു. യുദ്ധം അവസാനിച്ചു. എഴുപതോളം സ്വഹാബികളാണ് അന്ന് മരണപ്പെട്ടത്. നബി -ﷺ- യുടെ പിതൃവ്യൻ ഹംസ -رَضِيَ اللَّهُ عَنْهُ- വുണ്ട് അക്കൂട്ടത്തിൽ. മദീനയിലേക്ക് ഇസ്‌ലാമിന്റെ പ്രകാശവുമായി വന്ന മുസ്വ്അബ് -رَضِيَ اللَّهُ عَنْهُ- വുണ്ട്. സ്വഹാബികളിലെ നേതാക്കന്മാരായ പലരുമുണ്ട്.
-നബി -ﷺ- തങ്ങൾക്കിടയിൽ ഉണ്ടായിരിക്കെ, ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ച മുസ്‌ലിംകളായിരിക്കെ, ഞങ്ങളുടെ ശത്രുക്കൾ നബി -ﷺ- യെ ഉപദ്രവിച്ച മുശ്രിക്കുകളായിരിക്കെ-; എങ്ങനെ നമുക്ക് ഈ പ്രയാസം ബാധിച്ചുവെന്ന സംശയവുമായി നിൽക്കുന്ന സ്വഹാബികൾക്കിടയിലേക്കാണ് മേലെ നൽകിയ ഖുർആൻ ആയത്ത് അവതരിക്കുന്നത്. അല്ലാഹു അവരോട് പറഞ്ഞു:
“അത് നിങ്ങളുടെ പക്കല്‍ നിന്ന് തന്നെ സംഭവിച്ചതാകുന്നു.“
നബി -ﷺ- യുടെ യുദ്ധസന്ദർഭത്തിലെ ഒരു കൽപ്പന ലംഘിച്ചു എന്നതാണ് സ്വഹാബികളിലെ എഴുപത് പേർ മരിച്ചു വീഴാനുള്ള കാരണമായി അല്ലാഹു എടുത്തു പറയുന്നത്. ഒരു കൽപ്പന; ഒരൊറ്റ കൽപ്പന! അത് ലംഘിച്ചു എന്നതാണ് പരാജയത്തിന്റെ കാരണം! നിങ്ങളെ ബാധിച്ച പ്രയാസത്തിന്റെ കാരണം നിങ്ങളുടെ പ്രവൃത്തി തന്നെ എന്ന് അല്ലാഹു ആക്ഷേപം പറഞ്ഞത് ഇസ്‌ലാമിന്റെ മാർഗത്തിൽ പരീക്ഷണങ്ങൾ ഏറെ ഏറ്റുവാങ്ങിയ സ്വഹാബത്തിനോടാണ്. ദീനിലേക്ക് ആദ്യം കടന്നു വന്ന -ഇസ്‌ലാമിന് വേണ്ടും നാടും വീടും ഉപേക്ഷിച്ച മുഹാജിറുകളും, പാലായനം ചെയ്തവർക്ക് തങ്ങളുടെ ഹൃദയങ്ങളും ഭവനങ്ങളും തുറന്നു നൽകിയ അൻസ്വാറുകളും അടങ്ങുന്ന- സ്വഹാബികൾ!
സഹോദരങ്ങളേ! ഇനി നമുക്ക് നമ്മിലേക്കൊന്ന് തിരിഞ്ഞു നോക്കാം. പരീക്ഷണങ്ങൾ പടിവാതിൽക്കലെത്തി നിൽക്കുന്ന, പലരും ഭീതി നിറഞ്ഞ മനസ്സോടെ നിലകൊള്ളുന്ന ഈ സന്ദർഭത്തിൽ നമ്മളിലേക്കൊന്ന് നോക്കൂ. എന്താണ് നമ്മുടെ സ്ഥിതി?! അല്ലാഹുവിന്റെ കൽപ്പനകളോട് എന്താണ് നമ്മുടെ നിലപാട്?! നബി -ﷺ- യുടെ വാക്കുകളോടുള്ള നമ്മുടെ പ്രതികരണം എങ്ങനെയാണ്?!
അല്ലാഹു വിലക്കിയ തിന്മകളിൽ ഏറ്റവും ഗുരുതരമായ ശിർക് അതിന്റെ വ്യത്യസ്ത രൂപങ്ങളോടെ മുസ്‌ലിം പേരുള്ളവർക്കിടയിൽ വ്യാപിച്ചിരിക്കുന്നു. നബി -ﷺ- അവിടുത്തെ അന്തിമവസ്വിയ്യത്തുകളിൽ ആവർത്തിച്ചോർമ്മപ്പെടുത്തിയ ഖബറുകളെ മസ്ജിദുകളാക്കിയവരാണ് ഇസ്‌ലാം പേരുള്ളവരിലെ ഒരു വലിയ വിഭാഗം. കല്ലുകളെയും മരങ്ങളെയും വരെ ആരാധിക്കുന്നവരും അത് പ്രശ്നമായി കാണാത്തവരും നമുക്കിടയിൽ വ്യാപിച്ചിരിക്കുന്നു.
അല്ലാഹു പൂർത്തീകരിച്ചു തന്ന ദീനിൽ പുത്തനാചാരങ്ങൾ നിർമ്മിക്കുക എന്നത് ജനങ്ങൾ ഒരു പ്രശ്നമായേ കാണുന്നില്ല. നബിയോ സ്വഹാബത്തോ ജീവിതത്തിൽ ഒരിക്കൽ പോലും ചെയ്തിട്ടില്ലാത്ത എത്രയോ കാര്യങ്ങൾ ഇസ്‌ലാമിന്റെ അടയാളമായി ആചരിക്കുന്ന അനേകം പേർ! ഹറാമുകൾ എതിർക്കപ്പെടാതെ ചെയ്തു കൊണ്ടിരിക്കുന്നവർ. അതിനെ പ്രോത്സാഹിപ്പിക്കുന്നവർ. അത് അനുവദിച്ചു നൽകുന്ന ധിക്കാരികളായ പണ്ഡിതവേഷധാരികൾ.
സഹോദരാ! ഇതാണ് നമ്മുടെ സ്ഥിതിയെന്നിരിക്കെ എന്തു വിജയമാണ് നാം പ്രതീക്ഷിക്കേണ്ടത്?! നബി -ﷺ- മുൻനിരയിൽ നിലകൊണ്ടിരിക്കെ യുദ്ധത്തിനിറങ്ങി പുറപ്പെട്ട സ്വഹാബത്തിന് ഒരു വേള തടയപ്പെട്ട വിജയം എങ്ങനെ അല്ലാഹു നമുക്കായി നിശ്ചയിക്കുമെന്നാണ് നീ കരുതുന്നത്?! ആകാശഭൂമികളുടെ റബ്ബായ അല്ലാഹു നമ്മെ എങ്ങനെ സഹായിക്കുമെന്നാണ് നീ പ്രതീക്ഷിക്കുന്നത്?!
നമ്മെ ബാധിച്ച പ്രയാസങ്ങളുടെ കാരണങ്ങൾ മറ്റുള്ളവരിൽ ചികയുന്നതിന് മുൻപ്, -ഭരണാധികാരികളിലേക്കും നേതാക്കന്മാരിലേക്കും- ചേർത്തി പറയുന്നതിന് മുൻപ്, സ്വന്തത്തിലേക്കൊന്ന് നോക്കുക. നീയും നിന്റെ റബ്ബുമായുള്ള ബന്ധത്തെ കുറിച്ച് ആലോചിക്കുക. നബി -ﷺ- യുടെ വാക്കുകളെ നീ അനുസരിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. നമ്മെ ബാധിച്ച ഈ പരീക്ഷണങ്ങളിൽ നമ്മുടെ പങ്ക് എത്രത്തോളമുണ്ടെന്ന് വിലയിരുത്തുക.
وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ ﴿٣٠﴾
“നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.” (ശൂറാ: 30)
അബ്ദുൽ മുഹ്സിൻ ഐദീദ്, പൊന്നാനി.
Join alaswala.com/SOCIAL