‘ഞങ്ങൾ വിശ്വസിക്കുന്നത് വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്നാണ്.’ – ഒരു ചാനൽ ചർച്ചക്കിടയിൽ മുസ്‌ലിം യൂത്ത് ലീഗ് നേതാവ് ഫിറോസ് സാഹിബ് നടത്തിയ ഒരു പ്രസ്താവനയാണിത്. വിശുദ്ധ ഖുർആനിനെ കുറിച്ചുള്ള പ്രാഥമികവും വളരെ ഗൗരവതരവുമായ ഒരു വിശ്വാസപാഠത്തിന് കടകവിരുദ്ധമാണ് ഈ പ്രസ്താവന എന്ന് ഗൗരവത്തോടെ ഉണർത്താതെ വയ്യ.

ഖുർആൻ നമ്മുടെ റബ്ബായ അല്ലാഹുവിന്റെ സംസാരമാണ്. അവൻ ഈ ഗ്രന്ഥത്തിലെ ഓരോ വാക്കുകളും സംസാരിക്കുകയും, ജിബ്രീൽ -عَلَيْهِ السَّلَامُ- അത് അല്ലാഹുവിൽ നിന്ന് കേൾക്കുകയും, കേട്ടതു പോലെ അത് നമ്മുടെ റസൂലായ മുഹമ്മദ് നബി -ﷺ- ക്ക് എത്തിച്ചു നൽകുകയുമാണ് ചെയ്തത്. ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറയിൽ പെട്ടതാണ് ഇക്കാര്യം.

അല്ലാഹു പറയുന്നത് നോക്കൂ:

وَإِنْ أَحَدٌ مِّنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَامَ اللَّـهِ

“ബഹുദൈവാരാധകരിൽ പെട്ട ആരെങ്കിലും താങ്കളുടെ അടുക്കല്‍ അഭയം തേടി വന്നാല്‍ അല്ലാഹുവിന്റെ സംസാരം അയാൾ കേട്ടു ഗ്രഹിക്കാന്‍ വേണ്ടി അയാൾക്ക് അഭയം നല്‍കുക.” (തൗബ: 6)

قَالَ أَبُو جَعْفَرٍ الطَّبْرِيُّ: «لِيَسْمَعَ كَلَامَ اللَّهِ مِنْكَ -وَهُوَ القُرْآنُ الذِّي أَنْزَلَهُ اللَّهُ عَلَيْهِ»

ഹി 310 ൽ മരണപ്പെട്ട, ഖുർആൻ വ്യാഖ്യാതാക്കളിൽ പ്രമുഖനായ ഇമാം അബൂ ജഅ്ഫർ അത്വബരി -رَحِمَهُ اللَّهُ- പറയുന്നു: “അല്ലാഹുവിന്റെ സംസാരം എന്നത് കൊണ്ട് ഉദ്ദേശം അല്ലാഹു താങ്കൾക്ക് മേൽ ഇറക്കിയ വിശുദ്ധ ഖുർആനാണ്.” (തഫ്സീറുത്വബരി: 14/138)

قَالَ عَمْرُو بْنُ دِينَارٍ: «أَدْرَكْتُ أَصْحَابَ النَّبِيِّ -ﷺ- فَمَنْ دُونَهُمْ مُنْذُ سَبْعِينَ سَنَةً، يَقُولُونَ: اللَّهُ الخَالِقُ، وَمَا سِوَاهُ مَخْلُوقٌ، وَالقُرْآنُ كَلَامُ اللَّهِ، مِنْهُ خَرَجَ وَإِلَيْهِ يَعُودُ»

അനേകം സ്വഹാബികളിൽ നിന്ന് ദീൻ പഠിച്ച, താബിഇയായ അംറു ബ്നു ദീനാർ -رَحِمَهُ اللَّهُ- പറയുന്നു: “നബി -ﷺ- യുടെ സ്വഹാബികളും, അവർക്ക് ശേഷമുള്ളവരുമായി പലരെയും ഞാൻ നീണ്ട എഴുപതു വർഷങ്ങളിലായി കണ്ടിട്ടുണ്ട്. അവരെല്ലാം പറഞ്ഞിരുന്നത് ഇപ്രകാരമായിരുന്നു: അല്ലാഹുവാണ് സ്രഷ്ടാവ്, അവന് പുറമെയുള്ളതെല്ലാം സൃഷ്ടിയാണ്. ഖുർആൻ അല്ലാഹുവിന്റെ സംസാരമാണ്. അത് അവനിൽ നിന്ന് ആരംഭിച്ചിരിക്കുന്നു. അവനിലേക്ക് തന്നെ മടങ്ങുന്നതുമാണ്.” (അ-റദ്ദു അലൽ ജഹ്മിയ്യ / ദാരിമീ: നം 344)

ഇമാം ബുഖാരിയുടെ ശൈഖായിരുന്ന ഇസ്‌ഹാഖു ബ്നു റാഹ്‌വയ്ഹി -رَحِمَهُ اللَّهُ- പറയുന്നു: “(മേലെ പരാമർശിക്കപ്പെട്ട) അംറു ബ്നു ദീനാർ നബി -ﷺ- യുടെ സ്വഹാബിമാരിൽ പെട്ട പ്രമുഖന്മാരുമായി സന്ധിച്ച വ്യക്തിയാണ്. ബദ്‌രീങ്ങളും, മുഹാജിറുകളും അൻസ്വാറുകളുമായ അനേകം പേരെ അദ്ദേഹം കണ്ടിട്ടുണ്ട്. ജാബിർ ബ്നു അബ്ദില്ലാഹ്, അബൂ സഈദ് അൽ ഖുദ്‌രി, അബ്ദുല്ലാഹി ബ്നു ഉമർ, അബ്ദുല്ലാഹി ബ്നു അബ്ബാസ്, അബ്ദുല്ലാഹി ബ്നു സുബൈർ എന്നിവർ അവരിൽ ചിലർ മാത്രം. താബിഈങ്ങളിലെ പ്രമുഖരെയും അദ്ദേഹം കണ്ടിട്ടുണ്ട്. ഈ ഉമ്മതിന്റെ ആദ്യകാലക്കാർ മുഴുവൻ ഈ വിശ്വാസം വെച്ചുപുലർത്തിയിരുന്നവർ ആയിരുന്നു.” (സുനനുൽ ബയ്ഹഖി: 10/205)

ഖുർആൻ അല്ലാഹുവിന്റെ സംസാരമാണ്; അതവന്റെ സൃഷ്ടിയല്ല എന്ന കാര്യത്തിൽ നാല് മദ്‌ഹബിന്റെ ഇമാമീങ്ങളും ഏകോപിച്ചിട്ടുണ്ട്.

قَالَ الإِمَامُ الطَّحَاوِيُّ: «وَإِنَّ القُرْآنَ كَلَامُ اللَّهِ، مِنْهُ بَدَأَ بِلَا كَيْفِيَّةٍ قَوْلًا، وَأَنْزَلَهُ عَلَى رَسُولِهِ وَحْيًا، وَصَدَّقَهُ المُؤْمِنُونَ عَلَى ذَلِكَ حَقًّا، وَأَيْقَنُوا أَنَّهُ كَلَامُ اللَّهِ تَعَالَى بِالحَقِيقَةِ، لَيْسَ بِمَخْلُوقٍ كَكَلَامِ البَرِيَّةِ»

ഇമാം അബൂഹനീഫഃയുടെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെയും വിശ്വാസം ക്രോഡീകരിക്കപ്പെട്ട പ്രസിദ്ധ ഗ്രന്ഥമായ ഇമാം ത്വഹാവിയുടെ അഖീദയിൽ ഇപ്രകാരം വായിക്കാം: “തീർച്ചയായും ഖുർആൻ അല്ലാഹുവിന്റെ സംസാരമാകുന്നു. അവനിൽ നിന്ന് സംസാരമായിട്ടാകുന്നു അത് ആരംഭിച്ചത്; അതിന്റെ രൂപം നമുക്കറിയില്ല.

അല്ലാഹുവിന്റെ റസൂലിന്റെ മേൽ സന്ദേശമായി അത് ഇറങ്ങുകയും, വിശ്വാസികൾ അക്കാര്യം സത്യമായി അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. അത് അല്ലാഹുവിന്റെ സംസാരമാണെന്ന് അവർ ദൃഢബോധ്യത്തോടെ വിശ്വസിക്കുന്നു. സൃഷ്ടികളുടെ സംസാരം പോലെ ഖുർആൻ സൃഷ്ടിയല്ല.” (അഖീദതുത്വഹാവിയ്യഃ: 52)

وَقَالَ مَالِكُ بْنُ أَنَسٍ: «القُرْآنُ كَلَامُ اللَّهِ، وَكَلَامُ اللَّهِ مِنَ اللَّهِ، وَلَيْسَ مِنَ اللَّهِ شَيْءٌ مَخْلُوقٌ»

അഹ്ലുസ്സുന്നതിന്റെ അടിസ്ഥാന വിശ്വാസങ്ങൾ പ്രതിപാദിക്കുന്ന, ഹി 471 ൽ മരണപ്പെട്ട ഹസൻ ബ്നു അഹ്മദ് അൽ ബന്നായുടെ ഗ്രന്ഥത്തിൽ ഇമാം മാലികിന്റെ വാക്ക് ഇപ്രകാരം കാണാം: “ഖുർആൻ അല്ലാഹുവിന്റെ സംസാരമാണ്. അല്ലാഹുവിന്റെ സംസാരം അല്ലാഹുവിൽ നിന്നുള്ളതാണ്. അല്ലാഹുവിൽ നിന്നുള്ള ഒന്നും സൃഷ്ടിയല്ല.” (അൽ മുഖ്താർ ഫീ ഉസ്വൂലിസ്സുന്ന: 64)

قَالَ الرَّبِيعُ بْنُ سُلَيْمَانَ: « … فَأَقَامَ الشَّافِعِيُّ الحُجَّةَ عَلَيْهِ بِأَنَّ القُرْآنَ كَلَامُ اللَّهِ، وَكَفَّرَ حَفْصًا الفَرْدَ، قَالَ الرَّبِيعُ: فَلَقِيتُ حَفْصًا الفَرْدَ فِي المَجْلِسِ بَعْدَهُ، فَقَالَ: أَرَادَ الشَّافِعِيُّ قَتْلِي»

ഇമാം ശാഫിഈ -رَحِمَهُ اللَّهُ- യുടെ പ്രമുഖ ശിഷ്യനായ റബീഅ് ബ്നു സുലൈമാൻ ഇമാമവർകളും, ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് വാദിക്കുന്ന ഹഫ്സ്വുൽ ഫർദുമായി നടന്ന ഒരു വൈജ്ഞാനിക തർക്കത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം പറഞ്ഞു: “ഈ വിഷയത്തിലുള്ള തർക്കം ധാരാളം നീണ്ടുപോയി. ‘ഖുർആൻ അല്ലാഹുവിന്റെ സംസാരമാണെന്നും, അവന്റെ സൃഷ്ടിയല്ലെന്നും’ ഇമാം ശാഫിഈ തെളിവുകളോടെ സ്ഥാപിച്ചു. ഹഫ്സ്വ് കാഫിറാണെന്നാണ് ഇമാം ശാഫിഈ വിധിച്ചത്.”

റബീഅ് ബ്നു സുലൈമാൻ തുടരുന്നു: “പിന്നീട് ഞാൻ ഹഫ്സ്വിനെ കണ്ടുമുട്ടി. അയാൾ എന്നോട് പറഞ്ഞു: “അന്ന് ശാഫിഈ എന്നെ വധിച്ചു കളയാൻ ഉദ്ദേശിച്ചതു പോലുണ്ടായിരുന്നു.” (ആദാബുശ്ശാഫിഈ: 194-195)

ഖുർആൻ അല്ലാഹുവിന്റെ സംസാരമാണെന്ന് സ്ഥാപിക്കുന്ന ഇമാം അഹ്മദിന്റെ വാക്കുകൾ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്രയുണ്ട്. ഖുർആൻ അല്ലാഹുവിന്റെ സംസാരമാണെന്ന വിശ്വാസത്തിൽ ഉറച്ചു നിന്നതിന്റെ പേരിൽ അബ്ബാസീ ഖലീഫമാരുടെ കഠിനമായ പീഢനങ്ങളും പരീക്ഷണങ്ങളും അദ്ദേഹം നേരിട്ടിട്ടുണ്ട്. ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന പിഴച്ച വിശ്വാസം പ്രചരിപ്പിച്ച മുഅ്തസലീ ചിന്തയുടെ സ്വാധീനം ബാധിച്ചവരായിരുന്നു അക്കാലഘട്ടത്തിലെ അബ്ബാസീ ഖലീഫമാർ.

قَالَ الإِمَامُ أَحْمَدُ بْنُ حَنْبَلٍ: «وَقَدْ رُوِيَ عَنْ غَيْرِ وَاحِدٍ مِمَّنْ مَضَى مِنْ سَلَفِنَا رَحِمَهُمُ اللَّهُ أَنَّهُمْ كَانُوا يَقُولُونَ: القُرْآنُ كَلَامُ اللَّهِ عَزَّ وَجَلَّ، وَلَيْسَ بِمَخْلُوقٍ، وَهُوَ الذِّي أَذْهَبُ إِلَيْهِ»

ഇമാം അഹ്മദ് -رَحِمَهُ اللَّهُ- പറയുന്നു: “ഖുർആൻ അല്ലാഹുവിന്റെ സംസാരമാണെന്നും, അതവന്റെ സൃഷ്ടിയല്ലെന്നും നമ്മുടെ സച്ചരിതരായ മുൻഗാമികളിൽ അനേകം പേർ പറഞ്ഞത് സ്ഥിരപ്പെട്ടിട്ടുണ്ട്. അത് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്.” (അസ്സുന്നഃ / അബ്ദുല്ലാഹ്: നം 108)

قَالَ الإِمَامُ أَحْمَدُ بْنُ حَنْبَلٍ: «القُرْآنُ كَلَامُ اللَّهِ عَزَّ وَجَلَّ غَيْرُ مَخْلُوقٍ، وَعَلَى كُلِّ جِهَةٍ وَلَا يُوصَفُ اللَّهُ بِشَيْءٍ أَكْثَرَ مِمَّا وَصَفَ بِهِ نَفْسَهُ عَزَّ وَجَلَّ»

അദ്ദേഹം തന്നെ പറഞ്ഞു: “ഖുർആൻ അല്ലാഹുവിന്റെ സംസാരമാകുന്നു. അത് സൃഷ്ടിയല്ല. ഏതു വിഷയത്തിലാകട്ടെ, അല്ലാഹുവിനെ കുറിച്ച് അവൻ വിശേഷിപ്പിച്ചതിന് അപ്പുറം വിശേഷിപ്പിക്കുക എന്നത് പാടില്ല.” (മിഹ്നഃ / ഹമ്പൽ: 68)

വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്നോ അവന്റെ സംസാരമാണെന്നോ പറയുന്നതിൽ പ്രത്യേകിച്ചൊരു പ്രശ്നമോ കുഴപ്പമോ ഇല്ലെന്ന് ധരിച്ചേക്കാവുന്ന ചിലരെങ്കിലും ഉണ്ടായേക്കാം. അവർക്കായി പറയട്ടെ: ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് വാദിക്കുന്നതോടെ അപകടകരമായ ചില വാദങ്ങൾക്ക് അത് വഴിതുറക്കുന്നതാണ്.

(1) അല്ലാഹു സംസാരിക്കുന്നവനല്ല എന്ന വാദത്തിൽ നിന്നാണ് ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന വാദം ഉടലെടുത്തിരിക്കുന്നത്. ആകാശഭൂമികളുടെ സ്രഷ്ടാവും, ആരാധനകൾക്ക് അർഹനുമായ റബ്ബ് സംസാരിക്കാൻ കഴിവില്ലാത്തവനാണെന്ന് ആരോപിക്കൽ കടുത്ത അപരാധം തന്നെയാണ്. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളുടെ ന്യൂനതയായി പലയിടത്തും അല്ലാഹു എടുത്തു പറഞ്ഞ കാര്യങ്ങളിലൊന്ന് അവക്ക് സംസാരിക്കാൻ കഴിയില്ല എന്നതാണ്. ഈ വിഗ്രഹങ്ങളുടെ മേലുള്ള അതേ ന്യൂനത അല്ലാഹുവിലേക്കും ചേർത്തു പറയുക എന്ന ഗുരുതരമായ പിഴവാണ് ഇതിലൂടെ സംഭവിക്കുക.

(2) ഖുർആനാകുന്നു ഇസ്‌ലാമിക മതനിയമങ്ങൾക്ക് അവലംബമാക്കപ്പെടുന്ന ഒന്നാമത്തെ പ്രമാണം. അല്ലാഹുവിന്റെ കൽപ്പനകളും വിലക്കുകളും അടങ്ങുന്ന സംസാരമാണത് എന്നതിനാലാണ് വിശുദ്ധ ഖുർആൻ മുസ്‌ലിമീങ്ങളുടെ പ്രമാണവും തെളിവുമാകുന്നത്. എന്നാൽ ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണ് -അവൻ സംസാരിച്ചതല്ല- എന്ന് പറയുന്നതോടെ ഈ പരിഗണനയും പ്രാധാന്യവും ഖുർആനിന് ഇല്ല എന്ന് വരുന്നു. മുസ്‌ലിമീങ്ങളെ ഖുർആനിൽ നിന്ന് അകറ്റുക എന്ന ലക്ഷ്യത്തോടെ പിഴച്ച കക്ഷിയായ ജഹ്മിയ്യാക്കൾ വഴി യഹൂദർ മുസ്‌ലിമീങ്ങളിലേക്ക് കടത്തിവിടാൻ ശ്രമിച്ച വാദമാണിത് എന്ന് പണ്ഡിതന്മാരിൽ പലരും അഭിപ്രായപ്പെട്ടത് ഇക്കാരണത്താലാണ്.

(3) ഖുർആൻ അല്ലാഹുവിന്റെ സംസാരമല്ല എന്ന് വാദിക്കുന്നതോടെ അല്ലാഹുവിന്റെ സംസാരത്തെ മുഴുവൻ ഒരാൾ നിഷേധിക്കേണ്ടി വരുന്നു. ഖുർആൻ പോലും സംസാരമല്ലെങ്കിൽ അല്ലാഹുവിന്റെ സംസാരമായി മറ്റൊന്നും തന്നെ ഉണ്ടാവുകയില്ലല്ലോ?! ഇതോടെ അല്ലാഹു സംസാരിച്ചു എന്നറിയിക്കുന്ന അനേകം ഹദീഥുകളെ നിഷേധിക്കേണ്ടി വരും. ‘അല്ലാഹു പറയുന്നു’ എന്നറിയിച്ചു കൊണ്ട് നബി -ﷺ- അറിയിച്ച ഖുദ്‌സിയ്യായ ഹദീഥുകളും, അല്ലാഹു മൂസാ -عَلَيْهِ السَّلَامُ- യോടും, നമ്മുടെ റസൂലായ മുഹമ്മദ് നബി -ﷺ- യോടും സംസാരിച്ചു എന്നറിയിക്കുന്ന സംഭവങ്ങളുമെല്ലാം ഇതിന്റെ ഭാഗമായി നിഷേധിക്കേണ്ടി വരും.

ചുരുക്കത്തിൽ ഇസ്‌ലാമിക സമൂഹത്തിലെ പരിഗണനീയവരായ സർവ്വരും ഏകോപിച്ച കാര്യങ്ങളിലൊന്നാണ് ഖുർആൻ അല്ലാഹുവിന്റെ സംസാരമാണ് എന്ന വിശ്വാസം. എന്നാൽ ഇസ്‌ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു പാഠം ഫിറോസ് സാഹിബിനെ പോലൊരു മുസ്‌ലിം രാഷ്ടീയ നേതാവിന് അറിയാതെ പോകുന്നത് ഏറെ ഖേദകരം തന്നെ. ഇസ്‌ലാമിക വിജ്ഞാനങ്ങൾ -അതിൽ തന്നെ ഇസ്‌ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട പാഠങ്ങൾ- മുസ്‌ലിം സമുദായത്തെ പഠിപ്പിക്കുന്നതിൽ നാം വരുത്തുന്ന കുറവിന്റെ പ്രകടമായ അടയാളമാണിത്.

അവസാനമായി -ഓരോ മുസ്‌ലിം നേതാക്കന്മാരെയും അണികളെയും ഓർമ്മപ്പെടുത്തട്ടെ-! നമ്മുടെ വിശ്വാസവും, നമ്മുടെ ദീനും അവഗണിച്ചു കൊണ്ട് നാം നേടുന്ന ഏതൊരു രാഷ്ട്രീയ നേട്ടവും യഥാർത്ഥത്തിൽ നഷ്ടം മാത്രമാണ്. നമ്മുടെ റബ്ബിന്റെ സംസാരമായ ഖുർആനിനെ കുറിച്ചും, നമ്മുടെ റസൂലായ മുഹമ്മദ് നബി -ﷺ- യുടെ ചര്യയെ കുറിച്ചും അജ്ഞരായിക്കൊണ്ട് നാം മുന്നോട്ടു വെക്കുന്ന ഓരോ കാൽവെപ്പുകളും പിന്നോട്ടു മാത്രമാണ് നമ്മെ ചലിപ്പിക്കുന്നത്.

-അതിനാൽ-, ഇത്രയും എഴുതിയത് ഒരു ഗുണകാംക്ഷയുടെ ഭാഗമാണ്. നമ്മുടെ ദീൻ തന്നെ ഗുണകാംക്ഷയാണല്ലോ?

നാം നമ്മുടെ ദീനിനെ കുറിച്ച് പഠിക്കുന്നതിൽ അലംഭാവം വെച്ചുപുലർത്താതിരിക്കുക. ഒന്നോ രണ്ടോ ആഴ്ച്ചകൾ നീണ്ടുനിൽക്കുന്ന രാഷ്ട്രീയ ചർച്ചകളുടെ അരികും വരയും തലനാരിഴ കീറി പരിശോധിക്കാൻ വേണ്ടി വരുന്ന പരിശ്രമത്തിന്റെ പകുതി പോലും നമ്മുടെ ദീനിന്റെ അടിസ്ഥാനങ്ങൾ പഠിക്കാനും മനസ്സിലാക്കാനും വേണ്ടതില്ല. എത്രയെല്ലാം നാം ഓടിയാലും ശക്തമായി പരിശ്രമിച്ചാലും ആറടി മണ്ണിലെ ഖബറിലല്ലാതെ നമ്മിലൊരാളും അവസാനിക്കാൻ പോകുന്നില്ല എന്ന ബോധ്യം മനസ്സിലുറച്ചാൽ ദീൻ പഠിക്കുക എന്നത് ഒരു പ്രയാസകരമായ കാര്യമായേ അനുഭവപ്പെടുകയില്ല. അല്ലാഹു നമ്മെ ആ മാർഗത്തിൽ സഹായിക്കട്ടെ (ആമീൻ).

അല്ലാഹുവിന്റെ ദീനിന്റെ കാര്യത്തിൽ അറിവില്ലാതെ സംസാരിച്ചു പോകുന്നതിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്ന, നബി -ﷺ- യുടെ സ്വഹാബിമാരിൽ ഒന്നാം സ്ഥാനമുള്ള അബൂബക്‌ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- വിന്റെ ഒരു വാക്ക് മാത്രം ഇവിടെ നൽകിക്കൊണ്ട് അവസാനിപ്പിക്കട്ടെ.

عَنْ إِبْرَاهِيمَ التَّيْمِي أَنَّ أَبَا بَكْرٍ الصَّدِيقَ سُئِلَ عَنْ قَوْلِهِ: «وَفَاكِهَةً وَأَبًّا» [عَبَسَ: 31] ، فَقَالَ: أَيُّ سَمَاءٍ تُظِلُّنِي، وَأَيُّ أَرْضٍ تُقِلُّنِي؟ إِذَا أَنَا قُلْتُ فِي كِتَابِ اللَّهِ مَا لَا أَعْلَمُ.

സൂറ. അബസയിൽ പരാമർശിക്കപ്പെട്ട ‘അബ്ബ്’ എന്ന പദത്തെ കുറിച്ച് ചോദിച്ചപ്പോൾ അബൂബക്‌ർ -رَضِيَ اللَّهُ عَنْهُ- ഇപ്രകാരമാണ് മറുപടി പറഞ്ഞത്: “അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുർആനിന്റെ കാര്യത്തിൽ അറിവില്ലാതെ സംസാരിച്ചാൽ ഏതാകാശമാണ് എനിക്ക് തണൽ വിരിക്കുക?! ഏത് ഭൂമിയാണ് എന്നെ താങ്ങിനിർത്തുക?!” (മുസ്വന്നഫു ഇബ്നി അബീ ശൈബഃ: 10/513)

ഖുർആനിന്റെ ഒരു ആയതിനെ കുറിച്ച് അബദ്ധം പറഞ്ഞു പോകുന്നതിൽ അബൂബക്‌ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- ന്റെ ഭയം ഇത്രമാത്രമാണെങ്കിൽ, ഖുർആനിനെ കുറിച്ചു തന്നെ അബദ്ധം പറഞ്ഞു പോകുന്നത് എത്ര ഗുരുതരമായിരിക്കും?! ഫിറോസ് സാഹിബ് തിരുത്തുമെന്ന ആത്മാർത്ഥമായ പ്രതീക്ഷയോടെ നിർത്തട്ടെ…

എഡിറ്റ്: ഖുർആൻ അല്ലാഹുവിന്റെ സംസാരമാണ് എന്ന് തിരുത്തി പറയുന്ന ഫിറോസ് സാഹിബിന്റെ വീഡിയോ ചിലർ അയച്ചു തരികയുണ്ടായി. അദ്ദേഹം തെറ്റ് തിരുത്തി എന്ന് മനസ്സിലാക്കിയതിൽ വളരെ സന്തോഷം. വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ചു കൊണ്ടും, അതുമായി ബന്ധപ്പെട്ട ചില പ്രധാന ഉദ്ധരണികൾ ഉൾക്കൊള്ളുന്നതിനാലും ലേഖനം വെബ്സൈറ്റിൽ നിലനിർത്തുന്നു.

അബ്ദുൽ മുഹ്സിൻ ഐദീദ് -وَفَّقَهُ اللَّهُ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: