ലൈലതുല്‍ ഖദറിനെ ജീവിപ്പിക്കാന്‍ ഏറ്റവും യോജ്യമായ ഇബാദത് നിസ്കാരമാണ്. എന്നാല്‍ നിസ്കാരം മാത്രമല്ല ലൈലതുല്‍ ഖദറില്‍ ചെയ്യാന്‍ കഴിയുന്ന ഇബാദതുകള്‍. മറിച്ച് അല്ലാഹുവിന് ഇഷ്ടമായ മറ്റെന്ത് ഇബാദതുകളും ലൈലതുല്‍ ഖദറില്‍ അധികരിപ്പിക്കാവുന്നതാണ്.
എന്നാല്‍ ഒരു സ്ത്രീ ആര്‍ത്തവകാരിയാണ് എങ്കില്‍ അവള്‍ക്ക് നിസ്കരിക്കാന്‍ കഴിയില്ല. നോമ്പ് നോല്‍ക്കാനോ, കഅബ ത്വവാഫ് ചെയ്യാനോ മസ്ജിദില്‍ ഇഅതികാഫ് ഇരിക്കാനോ സാധിക്കില്ല. അപ്പോള്‍ അവള്‍ എന്തു ചെയ്യും?
ഈ ചോദ്യത്തിനു ഉത്തരമായി ആദ്യം പറയട്ടെ: ഇത്തരം ശ്രേഷ്ഠമായ ദിനങ്ങളില്‍ ആര്‍ത്തവമോ മറ്റോ കാരണത്താല്‍ ഇബാദത് ചെയ്യാന്‍ കഴിയാതെ പോകുന്ന സ്ത്രീകള്‍ വിഷമിക്കേണ്ടതില്ല. കാരണം അവള്‍ക്ക് ആ ഇബാദത് ചെയ്യാന്‍ സാധിക്കാതെ വന്നത് അല്ലാഹുവിന്റെ ഒഴിച്ചു കൂടാനാകാത്ത വിധിയാണ്. അന്നേ ദിവസം അവള്‍ നിസ്കാരം പോലുള്ള ചില ഇബാദതുകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് അല്ലാഹുവിന് വേണ്ടിയാണ്.
ആരെങ്കിലും അല്ലാഹുവിന് വേണ്ടി എന്തെങ്കിലും ഒഴിവാക്കിയാല്‍ അല്ലാഹു അവള്‍ക്ക് അതിനേക്കാള്‍ നല്ലത് നല്‍കാതിരിക്കില്ല. ആര്‍ത്തവകാരികള്‍ നിസ്കരിക്കരുത് എന്ന അല്ലാഹുവിന്റെ കല്‍പ്പന നിറവേറ്റുന്നതിന് വേണ്ടി അവള്‍ അന്നേ ദിവസം നിസ്കരിക്കാതിരുന്നാല്‍ അതിനേക്കാള്‍ നല്ല പ്രതിഫലം അവള്‍ക്ക് അല്ലാഹു നല്‍കുക തന്നെ ചെയ്യും. അല്ലാഹു അങ്ങേയറ്റം പൊറുത്തു നല്‍കുന്ന ഗഫൂറും ചെറിയ നന്മകള്‍ക്ക് പോലും ധാരാളമായി പ്രതിഫലം നല്‍കുന്ന ശകൂറുമാണ്,
അതോടൊപ്പം അല്ലാഹുവിന്റെ വിധിയില്‍ അവള്‍ ക്ഷമിക്കുകയും, തന്റെ ക്ഷമക്ക് പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്‌താല്‍ അതും മഹത്തരമായ പ്രതിഫലത്തിന് കാരണമായി തീരും. ക്ഷമിക്കുന്നവര്‍ക്ക് അല്ലാഹു കണക്ക് നോക്കാതെ പ്രതിഫലം നല്‍കുന്നവനാണ്.
ഇതിനെല്ലാം പുറമെ സാധാരണയായി ലൈലതുല്‍ ഖദറില്‍ നിന്നു നിസ്കരിക്കുന്നവളാണ് അവള്‍ എങ്കില്‍ ആര്‍ത്തവം കാരണത്താല്‍ നിസ്കരിക്കാതിരിക്കുന്നതിനും അവള്‍ക്ക് പ്രതിഫലമുണ്ടായിരിക്കും. കാരണം ഒരാള്‍ സാധാരണയായി ചെയ്യാറുള്ള സുന്നത്തുകള്‍ രോഗിയായത് കൊണ്ട് ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ ആരോഗ്യ കാലത്ത് അയാള്‍ ചെയ്തിരുന്ന പ്രവര്‍ത്തനങ്ങള്‍ കൂടി അയാള്‍ക്ക് രേഖപ്പെടുത്തപ്പെടും എന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്.
അവസാനമായി പറയട്ടെ: ആര്‍ത്തവകാരിക്ക് ലൈലതുല്‍ ഖദറില്‍ ചെയ്യാവുന്ന മറ്റനേകം സല്‍കര്‍മ്മങ്ങള്‍ വേറെയുമുണ്ട്. അതില്‍ ഖുര്‍ആന്‍ പാരായണം വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്നു. അതോടൊപ്പം അല്ലാഹുവിനുള്ള ദിക്റുകള്‍ അവള്‍ക്ക് വര്‍ദ്ധിപ്പിക്കാം. ഇസ്തിഗ്ഫാറും ദുആകളും ധാരാളമാക്കാം. സദഖകള്‍ നല്‍കാം. ഇതു കൊണ്ടെല്ലാം അവള്‍ക്ക് ലൈലതുല്‍ ഖദറിന്റെ രാത്രി ജീവിപ്പിക്കാം.
അല്ലാഹു നമുക്കേവര്‍ക്കും തൗഫീഖ് നല്‍കട്ടെ.