അത്താഴം കഴിക്കല്‍ പ്രബലമായ സുന്നത്ത് ആണ്. ധാരാളം ഹദീഥുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നതായി വന്നിട്ടുണ്ടെന്നതോടൊപ്പം ഈ വിഷയത്തില്‍ ഇജ്മാഅ് ഉള്ളതായി ഇബ്‌നു ഹജര്‍ -رَحِمَهُ اللَّهُ- വ്യക്തമാക്കിയിട്ടുണ്ട്. (ഫത്ഹുല്‍ ബാരി: 4/139)

അത്താഴത്തിന്റെ ശ്രേഷ്ഠത ബോധ്യപ്പെടുത്തുന്ന ചില ഹദീസുകള്‍ താഴെ നല്‍കാം.

عَنْ عَمْرِو بْنِ العَاصِ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «فَصْلُ مَا بَيْنَ صِيَامِنَا وَصِيَامِ أَهْلِ الكِتَابِ أَكْلَةُ السَّحَر»

അംറ്ബ്നുല്‍ ആസ്വ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: “വേദക്കാരുടെയും നമ്മുടെയും വ്രതം തമ്മിലുള്ള വ്യത്യാസം അത്താഴം കഴിക്കലാകുന്നു.” (മുസ്‌ലിം:1096)

عَنْ أَنَسِ بْنِ مَالِكٍ، قَالَ: قَالَ النَّبِيُّ -ﷺ-: «تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَةٌ»

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ അത്താഴം കഴിക്കുക. തീര്‍ച്ചയായും അത്താഴത്തില്‍ ബറകത് (അനുഗ്രഹം) ഉണ്ട്.” (ബുഖാരി:1923, മുസ്‌ലിം:1095)

عَنْ عَبْدِ اللَّهِ بْنِ الحَارِثِ عَنْ رَجُلٍ مِنْ أَصْحَابِ النَّبِيِّ -ﷺ-، قَالَ: دَخَلْتُ عَلَى النَّبِيِّ -ﷺ-، وَهُوَ يَتَسَحَّرُ، فَقَالَ: « إِنَّهَا بَرَكَةٌ أَعْطَاكُمُ اللَّهُ إِيَّاهَا فَلَا تَدَعُوهُ »

അബ്ദുല്ലാഹിബ്നു ഹാരിസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: സ്വഹാബികളില്‍ പെട്ട ഒരു വ്യക്തി എന്നോട് പറഞ്ഞു: “നബി -ﷺ- അത്താഴം കഴിച്ചു കൊണ്ടിരിക്കെ ഞാന്‍ അവിടുത്തെ അരികില്‍ ചെന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: “നിങ്ങള്‍ക്ക് മാത്രമായി അല്ലാഹു നല്‍കിയ അനുഗ്രഹമാകുന്നു ഇത്. അതിനാല്‍ അത് നിങ്ങള്‍ ഉപേക്ഷിക്കാതിരിക്കുക.” (നസാഈ:2162, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

عَنِ العِرْبَاضِ بْنِ سَارِيَةَ قَالَ: دَعَانِي رَسُولُ اللَّهِ -ﷺ- إِلَى السَّحُورِ فِي رَمَضَانَ فَقَالَ: « هَلُمَّ إِلَى الغَدَاءِ المُبَارَكِ »

ഇര്‍ബാദ് ഇബ്‌നു സാരിയ -رَضِيَ اللَّهُ عَنْهُ- പറയുന്നു: റമദാനില്‍ എന്നെ അത്താഴത്തിന് ക്ഷണിച്ചപ്പോള്‍ നബി -ﷺ- പറഞ്ഞു: “അനുഗ്രഹീതമായ പ്രഭാതഭക്ഷണത്തിലേക്ക് സ്വാഗതം.” (അബൂദാവൂദ്:2344, നസാഈ:2162, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

عَنِ المِقْدَامِ بْنِ مَعْدِيَكرِبَ عَنِ النَّبِيِّ -ﷺ-، قَالَ: « عَلَيْكُمْ بِغَدَاءِ السَّحُورِ؛ فَإِنَّهُ هُوَ الغَدَاءُ المُبَارَكُ »

മിഖ്ദാം ഇബ്‌നു മഅ്ദീകരിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ അത്താഴം കഴിക്കുക. തീര്‍ച്ചയായും അതാകുന്നു അനുഗ്രഹീതമായ പ്രഭാതഭക്ഷണം.” (നസാഈ:2163, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

عَنْ أَبِي سَعِيدٍ الخُدْرِيِّ قَالَ:قَالَ رَسُولُ اللَّهِ -ﷺ- : « … إِنَّ اللَّهَ -عز وجل- وَمَلَائِكَتَهُ يُصَلُّونَ عَلَى المُتَسَحِّرِينَ»

അബൂ സഈദ് അല്‍-ഖുദ്രിയ്യ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “…അല്ലാഹുവും മലക്കുകളും അത്താഴം കഴിക്കുന്നവരുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു.” (അഹ്മദ്:3/12, അല്‍ബാനി ഹസനുന്‍ ലി ഗയ്രിഹി എന്ന് വിലയിരുത്തി)

അബുല്‍ ആലിയ പറഞ്ഞു: “അല്ലാഹുവിന്റെ സ്വലാത്ത് എന്നാല്‍ മലക്കുകളുടെ അരികില്‍ പ്രശംസിക്കലും, മലക്കുകളുടെ സ്വലാത്ത് എന്നാല്‍ പ്രാര്‍ത്ഥനയുമാണ്.” (ബുഖാരി)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment