റമദാനിന്റെ പകലിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ ഏറ്റവും കടുത്ത കഫാറത് (പ്രായശ്ചിത്തം) നൽകേണ്ടതുണ്ട്. ഒരു അടിമയെ മോചിപ്പിക്കുകയോ, അതിന് സാധിക്കില്ലെങ്കിൽ രണ്ട് മാസം തുടർച്ചയായി നോമ്പ് അനുഷ്ഠിക്കുകയോ, അതിനും സാധിക്കില്ലെങ്കിൽ 60 ദരിദ്രർക്ക് ഭക്ഷണം നൽകുകയോ ചെയ്യുക എന്നതാണ് ഈ കഫാറത്. ഈ പറഞ്ഞത് ഭർത്താവ് നിർവ്വഹിക്കണമെന്ന കാര്യത്തിൽ സംശയമില്ല.

ഭർത്താവ് നിർബന്ധിച്ചപ്പോൾ, യാതൊരു നിർവ്വാഹവുമില്ലാതെ ലൈംഗികബന്ധത്തിന് നിർബന്ധിക്കപ്പെടുകയാണ് ഉണ്ടായതെങ്കിൽ ഭാര്യ കഫാറത് നൽകേണ്ടതില്ല. നബി -ﷺ- യുടെ ഹദീഥിൽ അക്കാര്യം വ്യക്തമായി സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്.

عَنْ أَبِي ذَرٍّ الغِفَارِيِّ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِنَّ اللَّهَ قَدْ تَجَاوَزَ عَنْ أُمَّتِي الخَطَأَ، وَالنِّسْيَانَ، وَمَا اسْتُكْرِهُوا عَلَيْهِ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “തീർച്ചയായും അല്ലാഹു എനിക്കായി എന്റെ സമുദായത്തിന് അബദ്ധത്തിലും മറന്നു കൊണ്ടും സംഭവിക്കുന്ന കാര്യങ്ങളും, നിർബന്ധിതരായി ചെയ്യേണ്ടി വരുന്ന കാര്യങ്ങളും വിട്ടുപൊറുത്തു തന്നിരിക്കുന്നു.” (ഇബ്‌നു മാജ: 2044)

എന്നാൽ ഭാര്യയും അംഗീകരിച്ചു കൊണ്ടും, അവളുടെ സ്വേഛപ്രകാരവുമാണ് റമദാനിന്റെ പകലിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെങ്കിൽ മേൽ പറയപ്പെട്ട കഫാറത് ഭാര്യ നിർവ്വഹിക്കേണ്ടതുണ്ടോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം ഭാര്യയുടെ മേൽ ഈ കഫാറത് നിർബന്ധമില്ല എന്നതാണ്. റമദാനിന്റെ പകലിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട സ്വഹാബിയോട് അദ്ദേഹത്തിന്റെ ഭാര്യ കൂടി ഈ കഫാറത് നൽകണമെന്ന് നബി -ﷺ- ആവശ്യപ്പെട്ടിട്ടില്ല എന്നതാണ് അതിനുള്ള തെളിവായി അവർ എടുത്തു കാട്ടിയത്.

എന്നാൽ -വല്ലാഹു അഅ്ലം- ഭാര്യയും താൽപ്പര്യപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെങ്കിൽ അവളും മേൽ പറഞ്ഞ കഫാറത് നൽകണമെന്നതാണ് ശരിയായ അഭിപ്രായമായി മനസ്സിലാകുന്നത്. കാരണം ഇസ്‌ലാമിലെ എല്ലാ നിയമങ്ങളും പുരുഷന്മാർക്ക് ബാധകമാകുന്നത് പോലെ സ്ത്രീകൾക്കും ബാധകമാകുന്നു; പുരുഷന്മാർക്ക് മാത്രം ബാധകമാണെന്നോ സ്ത്രീകൾക്ക് പ്രത്യേകമാണെന്നോ വ്യക്തമായ തെളിവ് വേറെ വരാത്തിടത്തോളം ഈ അടിസ്ഥാനം എല്ലാ വിഷയങ്ങളിലും ബാധകമാകുന്നു. ഇമാം ശാഫിഇയുടെ രണ്ടാമത്തെ അഭിപ്രായവും, ഇമാം അഹ്മദിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു അഭിപ്രായവും ഇതാകുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment